

കുട്ടികൾക്ക് കഴിവ് പ്രകാശിപ്പിക്കാൻ, മത്സരിക്കാൻ, ഒരുപാട് അവസരങ്ങൾ ഉണ്ട്, ശരിയാണ്. പക്ഷേ അവരെ മൂല്യങ്ങൾ പരിശീലിപ്പിക്കുന്ന വേദികൾ എത്രയെണ്ണം നമുക്ക് ചൂണ്ടിക്കാട്ടാനാവും?
വർണ്ണങ്ങളും രൂപങ്ങളും ശബ്ദങ്ങളും വാക്കുകളും ഉപയോഗിച്ച് സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്ന എല്ലാ കലാകാരന്മാർക്കും സഭ നന്ദി പറയുന്നതായി 1999-ൽ ‘കലാകാരന്മാർക്കുള്ള കത്തിൽ’ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഴുതിയിട്ടുണ്ട്. ലോകം നിലനിൽക്കുന്നത് സൗന്ദര്യത്തിലാണ്, സൗന്ദര്യം മനുഷ്യന്റെ ഉള്ളിൽ പ്രത്യാശ ജനിപ്പിക്കുന്നു എന്നും പാപ്പ എഴുതി.
ചരിത്രത്തിലുടനീളം സഭ സകല കലകളെയും പ്രോത്സാഹിപ്പിച്ചു. തദ്ഫലമായ സൃഷ്ടികൾ ചിത്രങ്ങളായും ശില്പങ്ങളായും സാഹിത്യമായും സംഗീതമായും കലാരൂപങ്ങളായും നിലനിൽക്കുന്നു. തിരികെ, സുവിശേഷസത്യങ്ങളും മാനവികമൂല്യങ്ങളും ആഴത്തിൽ ആവിഷ്കരിക്കാൻ കല സഭയെയും സഹായിച്ചു. കലയെ കൈവിടാൻ സഭയ്ക്കു സാധിക്കില്ല. കലാപ്രതിഭകളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക സഭയുടെ സ്വാഭാവികമായ ദൗത്യമാണ്. കാരണം, പോൾ ആറാമൻ പാപ്പ എഴുതിയതുപോലെ, “സൗന്ദര്യം ഇല്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല. അത് മനുഷ്യന്റെ ഹൃദയത്തിൽ പ്രത്യാശയും ആനന്ദവും നിറയ്ക്കുന്നു. സൗന്ദര്യത്തിന്റെ സങ്കേതവും സംരക്ഷകരുമായിരിക്കാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നു.”
കേരള കത്തോലിക്കാസഭയിൽ യുവാക്കൾക്കായി ബൈബിൾ കലോത്സവങ്ങൾ നടക്കുന്ന സമയമാണിത്. കേരളത്തിലെ മിക്കവാറും എല്ലാ രൂപതകളിൽ, ഫൊറോന തലത്തിലും രൂപത തലത്തിലും നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ പി ഒ സി യിൽ സംസ്ഥാന കലോത്സവവും അരങ്ങേറും. കലോത്സവങ്ങളുടെ മത്സരസ്വഭാവം പരിധിവിടുന്നതും ഫലപ്രഖ്യാപനങ്ങൾ വഴക്കുകൾക്കും ഭിന്നിപ്പുകൾക്കും കാരണമാകുന്നതും അങ്ങിങ്ങായി കേൾക്കാം.
ഒന്നിനെയും സാമാന്യവൽക്കരിക്കുന്നില്ല. എന്നാൽ, ട്രോഫികൾക്കും പോയിന്റുകൾക്കും വേണ്ടി മാത്രമാണോ ബൈബിൾ കലോത്സവങ്ങൾ? മത്സരത്തിനപ്പുറത്തേക്ക് ഒരർത്ഥം കണ്ടെത്തി നൽകാൻ സംഘാടകർക്കും കുട്ടികളെയും യുവാക്കളെയും ഒരുക്കുന്ന ഇടവകകൾക്കും സാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തായിരിക്കണം അത്? ഇങ്ങനെ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.
പുതിയ തലമുറയ്ക്കു പ്രതിഭ തെളിയിക്കാൻ സ്കൂളുകളും കോളേജുകളും സമൂഹമാധ്യമങ്ങളും ധാരാളം അവസരങ്ങൾ നൽകുന്നു. അതിനിടയിൽ, ബൈബിൾ കലോത്സവങ്ങൾ കൂടി സജ്ജമാക്കുന്നുണ്ടെങ്കിൽ എന്തായിരിക്കണം അതിന്റെ മൗലികത? ക്രിസ്തുസന്ദേശം കലകളിലൂടെ ആവിഷ്കരിക്കാനുള്ള അവസരവും വിശ്വാസപരിശീലനത്തിന്റെ ഒരു മാധ്യമവും ആകുമ്പോഴാണ് കലോത്സവങ്ങൾ അർത്ഥവത്താവുന്നത്.
സുവിശേഷമൂല്യങ്ങളെ കലയിലേക്ക് പരിഭാഷപ്പെടുത്തുവാൻ തക്ക ശേഷിയുള്ളവരെ അന്വേഷിക്കുന്ന, അവരുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന, അതിനായി സഭയുടെ ഒരു വിഹിതം മാറ്റിവയ്ക്കുന്ന, ഇടവും കാലവും ആയിരിക്കണം ബൈബിൾ കലോത്സവങ്ങൾ. കലോത്സവങ്ങൾക്കായി ഇടവകയുടെ പല തട്ടുകളിൽ നിന്നായി ഒന്നിച്ചുകൂടുന്ന യുവാക്കൾക്കിടയിലെ കൂട്ടായ്മയും സ്നേഹവും ഇടവകയുടെ ദീർഘകാല സ്വത്തായി മാറുകയും വേണം.
കുട്ടികൾക്ക് കഴിവ് പ്രകാശിപ്പിക്കാൻ, മത്സരിക്കാൻ, ഒരുപാട് അവസരങ്ങൾ ഉണ്ട്, ശരിയാണ്. പക്ഷേ അവരെ മൂല്യങ്ങൾ പരിശീലിപ്പിക്കുന്ന വേദികൾ എത്രയെണ്ണം നമുക്ക് ചൂണ്ടിക്കാട്ടാനാവും? പൊതുസമൂഹത്തിൽ ഉള്ളവയെല്ലാം മത്സരങ്ങളുടെയും സമ്മാന പെരുക്കങ്ങളുടെയും ഗ്രേഡുകളുടെയും അതിസമ്മർദ്ദങ്ങളുടെയും പണക്കൊഴുപ്പിന്റെയും വേദികൾ അല്ലേ? അതിൽ നിന്ന് വ്യത്യസ്തമായി, തോൽവികളെ നേരിടുവാൻ, മത്സരിച്ച് വിജയിക്കുന്നവരെ ആദരിക്കുവാൻ, വിജയങ്ങളിൽ മതിമറക്കാതിരിക്കാൻ, വിധികർത്താക്കളോട് മാന്യമായി പ്രതികരിക്കാൻ, തിരുത്തലിനുള്ള സാധ്യതകൾ പക്വതയോടെ ചോദിക്കുവാൻ, അച്ചടക്കമാർന്ന കൂട്ടായ്മ ശീലിക്കുവാൻ ഒക്കെ പരിശീലിപ്പിക്കപ്പെടേണ്ട ഇടങ്ങളും കൂടെ ആയിരിക്കണം ബൈബിൾ കലോത്സവങ്ങൾ. അത്തരം ഒരു പൊതുബോധം സഭയിൽ കൂടുതലായി വളർത്തിയെടുക്കേണ്ടതുണ്ട്.
ചിട്ടയോടെ അധ്വാനിച്ച് ഒരുങ്ങിവരുന്ന യുവാക്കളെ ശ്രദ്ധാപൂർവ്വം വീക്ഷിക്കാനും വിധിനിർണയം നടത്താനും മത്സരഫലങ്ങളിൽ വ്യക്തത ചോദിക്കുന്നവർക്ക് അത് യുക്തിയുക്തം നൽകാനും ശേഷിയുള്ള വിധികർത്താക്കളുടെ സാന്നിധ്യം ഇത്തരം മേളകളെ കൂടുതൽ ക്രിയാത്മകമാക്കും. മത്സരഫലങ്ങളെ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുന്ന അജപാലകരുടെയും വിശ്വാസ പരിശീലകരുടെയും സാന്നിധ്യവും ബൈബിൾ കലോത്സവങ്ങളെ അഴകാർന്ന സുവിശേഷവേദികളാക്കും.
കലോത്സവങ്ങൾക്ക് അര നൂറ്റാണ്ടു പ്രായമാകുമ്പോൾ, ചില ആത്മപരിശോധനകളും അർഥപൂർണമായിരിക്കും. എന്താണ് ഇതിന്റെ ബാക്കിപത്രം? ഈ കലോത്സവങ്ങൾ കണ്ടെത്തി വളർത്തിയ പ്രതിഭകൾ എവിടെ? പൊതുമണ്ഡലത്തിൽ സ്വീകാര്യത നേടിയ ക്രിസ്ത്യൻ കലാരൂപങ്ങൾ ഏതൊക്കെ? സുവിശേഷമൂല്യമുള്ള നാടകങ്ങളും തെരുവ് നാടകങ്ങളും കഥാപ്രസംഗങ്ങളും നവകാല തരംഗങ്ങൾക്കൊപ്പം മാറുകയും വളരുകയും ചെയ്യുന്നുണ്ടോ? കലോത്സവയിനങ്ങൾ പള്ളിപ്പെരു ന്നാളുകളിലൂടെയെങ്കിലും പൊതുജനമധ്യത്തിലേക്കെ ത്തുന്നുണ്ടോ? വൈറൽ പാട്ടുകൾക്കും പോപ്പുലർ ഡാൻസുകൾക്കുമപ്പുറം സുവിശേഷമൂല്യങ്ങളെ സമൂഹമാധ്യമങ്ങളിൽ ജനപ്രിയമായി സന്നിവേശിപ്പിക്കാൻ കലാകാരന്മാർ ശ്രമിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളിൽ എല്ലാത്തിനും നിഷേധാത്മകമല്ല ഉത്തരങ്ങൾ എന്നതു നേട്ടം തന്നെയാണ്. എങ്കിലും ആത്മപരിശോധന തുടരുകയും വേണം.