ടോം കെ. ജോസ്
അധ്യായം : ഇരുപത്തിനാല്
സിനിയെ കണ്ട് മടങ്ങുമ്പോഴാണ് ഒരു വലിയ വിദേശ വാഹനം അയാളുടെ തൊട്ടരികിൽ വന്ന് ബ്രേക്കിട്ടത്. എയർകണ്ടീഷണറിന്റെ തണുപ്പിൽ നിന്ന് ഇറങ്ങിവന്ന ആളെ അയാൾക്ക് പെട്ടെന്ന് തിരിച്ചറിയാനായില്ല.
“അച്ചാ. സുഖമാണോ? എന്നെ മറന്നു കാണുമല്ലേ?”
കൂളിംഗ് ഗ്ലാസ്സ് എടുത്തുമാറ്റിക്കൊണ്ട് അയാൾ ചോദിച്ചപ്പോഴാണ് അയാൾ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയത്. ഓർമ്മകൾ പിടിതരാതെ പിണങ്ങി നിൽക്കുന്നു.
“അച്ചാ ഞാൻ ഷാജിയാ. സണ്ണീടെ അളിയൻ.”
“കണ്ടിട്ട് കുറച്ചായില്ലേ. അതാ.” അയാൾ ജാള്യതയോടെ ചിരിച്ചു. ഓർമ്മകളുടെ ചരടുകൾ അയാളെ പുറകിലേക്ക് വലിച്ചു.
“അച്ചൻ പള്ളിയിലേക്കല്ലേ? ഞാൻ അച്ചനെ കാണാനിറങ്ങിയതാ.” ഷാജി മുൻവശത്തെ വാതിൽ തുറന്നു കൊണ്ടു പറഞ്ഞു. വണ്ടി പള്ളിമുറ്റത്തേക്ക് തിരിഞ്ഞു.
“ഈ വഴിക്ക് പറ്റിയ വണ്ടിയാണോ ഇത്.” ഷാജി വാഹനം നിയന്ത്രിക്കാൻ പാടുപെടുന്നതുകണ്ട് അയാൾ ചോദിച്ചു.
“നമ്മടെ റോഡ് ഓഫ് റോഡ് ഡ്രൈവിന് ബെസ്റ്റാ.” ഷാജി പറഞ്ഞു.
യാത്രയ്ക്കിടയിലെ സമയം ഷാജി ഒട്ടും പാഴാക്കിയില്ല. പള്ളിക്ക് പുതിയ സ്വർണ്ണക്കുരിശും വെള്ളിക്കുരിശും വാങ്ങുന്ന കാര്യത്തിൽ സണ്ണിയുടെ കുടുംബത്തോടൊപ്പം താനും പങ്കുചേരുന്ന വിവരവും മക്കളുടെ ആദ്യകുർബാന ആഘോഷമാക്കി നടത്തിയതും ഷാജി വിവരിച്ചു.
“അവളും പിള്ളേരും അച്ചന്റെ കാര്യം എപ്പോം പറയും.”
അയാൾ ആ പ്രസ്താവന കേൾക്കാത്ത മട്ടിൽ പുറത്തേക്ക് കണ്ണോടിച്ചു. പുഴയ്ക്ക് മുകളിലൂടെ വെള്ളക്കൊക്കുകളുടെ ഒരു കൂട്ടം പരിഭ്രാന്തിയോടെ പറക്കുന്നു. “ആരോ തോട്ടയിട്ടിട്ടുണ്ട്...” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
“അച്ചൻ ശെരിക്കും ഫ്രീ ആണല്ലോ അല്ലേ.” പള്ളിമുറ്റത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ ഷാജി സംശയത്തോടെ ചോദിച്ചു.
“കേറി വാ ഷാജീ.” അയാൾ വാതിൽ തുറന്നുകൊണ്ട് ക്ഷണിച്ചു.
“ഞാൻ വന്നതേ... അച്ചനെ ഒരു പരിപാടിക്ക് ക്ഷണിക്കാനാ ഞാൻ വന്നത്.” മേശപ്പുറത്ത് ഒരു പ്ലാസ്റ്റിക് കവർ വച്ചുകൊണ്ട് ഷാജി പറഞ്ഞു.
“ഒരു പെർഫ്യൂമും കുറച്ച് പിസ്തയുമാ.” അയാൾ കവറിലേക്ക് നോക്കുന്നതുകണ്ട് ഷാജി വിശദീകരിച്ചു.
“ഷാജി പരിപാടി എന്താണെന്ന് പറഞ്ഞില്ല.”
“അതേ. ഞാൻ ടൗണിലൊരു വർക്ക് ഷോപ്പിടുവാ. അച്ചൻ വന്ന് അത് വെഞ്ചിരിച്ചുതരണം.”
“വർക്ക്ഷോപ്പോ...” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.
“അച്ചാ, ഈ നാട്ടിൽ ഇനി രണ്ട് ബിസിനസ്സുകളെ പച്ചപിടിക്കാൻ സാധ്യതയുള്ളൂ. ഒന്ന് ആശുപത്രി, രണ്ടാമത്തേത് വർക്ക്ഷോപ്പ്. രോഗവും ആക്സിഡന്റും നമ്മുടെ നാട്ടിൽ പതിവാണല്ലോ.”
അയാളുടെ പുഞ്ചിരി ഷാജിക്ക് പ്രോത്സാഹനമായി. ഷാജി പതുക്കെ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു, “ഞാൻ ടൗണിൽ ഇച്ചിരെ വെല്ല്യ വർക്ക്ഷോപ്പാ തുടങ്ങുന്നേ. ചെറുതായിട്ട് തുടങ്ങിയാ ആളെ കിട്ടാൻ പാടാകും. വാട്ടർ സർവ്വീസ് മുതൽ എൻജിൻ പണിവരെ എടുക്കണം. കപ്പൂട്ടറൈസ്ഡ് സിസ്റ്റം അടുത്തെങ്ങുമില്ല.”
അതിന് വലിയ മുതൽമുടക്കാകില്ലേ.
“ചെലവ് കുറയ്ക്കാൻ ചെറിയൊരു സൂത്രപ്പണി ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിലെ പൂട്ടിപ്പോയ ഒരു വലിയ വർക്ക്ഷോപ്പ് ഞാനിങ്ങുമേടിച്ചു. അതെല്ലാം ‘സ്ക്രാപ്പ്’ ലേബലിൽ നാട്ടിലെത്തിക്കാം. അങ്ങനെയാകുമ്പോൾ ചെലവ് മൂന്നിലൊന്നുപോലും വരില്ല. നികുതിയും മറ്റ് നിയമപ്രശ്നങ്ങളും വലിയ തോതിൽ ഒഴിവാക്കാം. ഇവിടെ എത്തിച്ച് റീ-അസംബിൾ ചെയ്താൽ സംഗതി ഉഷാറാകും. സിംസ്റ്റം മാത്രം ഫ്രഷ് മതി.”
അയാൾ അത് കേട്ടു പുഞ്ചിരിച്ചതേയുള്ളു. ഒരു ഉപദേശം ഷാജി പ്രതീക്ഷിച്ചതുപോലെ അയാൾക്ക് തോന്നി.
ഒരു വൈദികൻ ഏറ്റവും അകലം പാലിക്കേണ്ട ദുഃശീലം ഉപദേശമാണെന്ന് അയാൾക്ക് നന്നായി അറിയുമായിരുന്നു. ഇന്നുവരെ എത്ര ഉപദേശങ്ങൾ കേട്ടു. കൊടുത്തു. മൈനർ സെമിനാരി മുതൽ തുടങ്ങിയതാണ് എല്ലാ മാസത്തിലും ധ്യാനം. പ്രത്യേക ആത്മശോധന. ആഴ്ചയിലൊരിക്കൽ കുമ്പസാരം. എല്ലാ വർഷവും അഞ്ചു ദിവസം നീളുന്ന വാർഷികധ്യാനം. എന്ത് ഫലമുണ്ടായി.
അയാൾക്ക് ഉള്ളിൽ ചിരിപൊട്ടി. അതുമറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“വെഞ്ചിരിപ്പ് ഞാൻ നടത്തിക്കോളാം. പകരം എനിക്ക് ഒരു കാര്യം വേണം.”
ഷാജി അമ്പരപ്പോടെ അയാളെ നോക്കി.
“അച്ചനെന്നാ വേണ്ടേ. പൊന്നിൻകുരിശും വെള്ളിക്കുരിശും ഞങ്ങൾ ഏറ്റെന്നു പറഞ്ഞാരുന്നല്ലോ...”
“എനിക്ക്. ഷാജിയുടെ വർക്ക്ഷോപ്പിൽ ഒരു ജോലി വേണം.”
അയാളുടെ ചോദ്യം കേട്ട് ഷാജി ഒരു നിമിഷം അമ്പരന്നുപോയി. പിന്നെ അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു: “അച്ചനെന്താ ഈ പറയുന്നത്? ഇതിലും വലിയൊരു ജോലി വേറെ എവിടെ കിട്ടാനാണ്? ദൈവത്തിന്റെ പണിയല്ലേ അച്ചൻ ചെയ്യുന്നത്, അത് പോരേ?”
അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “എനിക്കല്ല ഷാജി ഈ ജോലി. ഞാൻ ചെയ്യുന്ന ഈ ജോലി ശുശ്രൂഷ ഞാൻ പരമാവധി ആസ്വദിക്കുന്നുണ്ട്... ജോലി വേണ്ടത് മറ്റൊരാൾക്ക് വേണ്ടിയാണ്.”
ഷാജി ഒരു നിമിഷം മൗനത്തിലാണ്ടു. അവന്റെ മനസ്സിലേക്ക് സ്വന്തം ഭൂതകാലം ഒരു മിന്നൽപോലെ കടന്നുവന്നു. അവന്റെ കണ്ണ് പതുക്കെ നിറഞ്ഞു.
“ഷാജിക്ക് ബുദ്ധിമുട്ടാണേ വേണ്ട കേട്ടോ ചെറിയ എന്തേലും പണി ഉണ്ടോന്ന് ഞാൻ ചുമ്മാ ചോദിച്ചൂന്ന് മാത്രം.” അയാൾ മടിച്ചു മടിച്ചു പറഞ്ഞു.
അവൻ പള്ളിമുറിയുടെ ജനലിലൂടെ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “അച്ചാ. ഒരു ജോലിയുടെ വലിപ്പവും വിലയും എനിക്ക് നല്ല പോലെ അറിയാം. അല്ലേൽ എന്നേക്കാളും ആർക്കും അറിയില്ലെന്നും പറയാം. അച്ചൻ കേക്കണം. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടും കാരണം പള്ളിക്കൂടത്തിൽ പോകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആരും ഗുണദോഷിച്ചുമില്ല. ചുമ്മാ തെണ്ടിയായി നടന്നു സമയം കളഞ്ഞു. വിശപ്പടക്കാൻ വേണ്ടി അയൽവക്കക്കാരുടെ പറമ്പിൽ നിന്ന് പലതും മോഷ്ടിച്ച് തിന്നിട്ടുണ്ട് അച്ചാ. പലവട്ടം കൈയോടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. അതിന്റെയൊക്കെ നാണക്കേടും അപമാനവും കാരണം പള്ളിക്കൂടത്തിലും വേദപാഠത്തിനും പോകാൻ നാണമായിരുന്നു. അങ്ങനെ നടന്ന എനിക്ക് ഒരു വഴി കാട്ടിത്തന്നത് കവലയിലെ കുട്ടപ്പൻ ചേട്ടന്റെ ആ പഴയ വർക്ക്ഷോപ്പാണ്. അവിടെ വണ്ടി കഴുകിയും ഗ്രീസടിച്ചും ചെറിയ ചെറിയ പണികൾക്ക് സഹായിയായി കൂടിയുമാണ് ഞാനീ പണി പഠിച്ചത്. ഈ പണി പഠിച്ചതിന്റെ ത്രിൽ ഇതുവരെ മാറിയിട്ടില്ലച്ചോ. ഒരു വണ്ടി അഴിച്ചുപണിത്, അതിന്റെ കേടുപാടുകൾ തീർത്ത് സ്റ്റാർട്ടാക്കുമ്പോൾ, ലോകം കീഴടക്കിയ സന്തോഷമാണ്.” ഷാജി തന്റെ മനസ്സുതുറക്കുക യായിരുന്നു. “കുട്ടപ്പൻ ചേട്ടന്റെ കൈയ്യിൽ നിന്നും കിട്ടിയ അറിവും കൊണ്ടാ ഞാൻ ഗൾഫിലേക്ക് വണ്ടി കയറിയത്. അവിടെയുള്ള കൊടുംചൂടിൽ വെന്തുരുകി പണിയെടുത്താണ് ഞാൻ ഈ സമ്പാദ്യമുണ്ടാക്കിയത്. പണ്ട് ചെരുപ്പില്ലാതെയും കീറിയ തുണിയുടുത്തും നടന്ന ഈ നാട്ടിൽ കൂടെ എനിക്കിനി അഭിമാനത്തോടെ നടക്കണം. ഒന്നുമില്ലാതെ തെണ്ടിനടന്ന എനിക്ക് ഈ പണി പഠിപ്പിച്ചുതരാൻ കുട്ടപ്പൻ ചേട്ടൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. ദൈവം സഹായിച്ച് നല്ല ഒരു അറബിയെ കൂട്ടിനു കിട്ടി. അങ്ങനെയാ അച്ചോ എനിക്കൊരു ജീവിതമുണ്ടായത്.
അതുകൊണ്ട് മറ്റുള്ളവർക്കും തൊഴിൽ കൊടുക്കണം, അവരെയും അഭിമാനത്തോടെ ജീവിക്കാൻ സഹായിക്കണം എന്ന വലിയൊരു ആഗ്രഹം കൂടി എനിക്കീ ബിസിനസ്സിലുണ്ട് അച്ചാ.”
ഷാജിയുടെ മുഖം തിളങ്ങി.
അയാളുടെ ഹൃദയവും ആർദ്രമായി. “നമ്മൾ തകർന്ന യന്ത്രങ്ങളെ നന്നാക്കുന്ന കൂടെ തകർന്ന മനുഷ്യജീവിതങ്ങളെക്കൂടി നന്നാക്കാൻ നോക്കണം. ഈ ഇടവകയിൽ എനിക്കൊരു കുഞ്ഞനുജനുണ്ട്. ചാക്കോച്ചി.”
“ഞാൻ കേട്ടിട്ടുണ്ട്. അവനെ ജോലിക്ക് കേറ്റിയാ വള്ളിയാകുവോന്നാ എന്റെ സംശയം.” ഷാജി സംശയം മറച്ചു വച്ചില്ല.
“ആ വള്ളിയെ ചുറ്റഴിച്ചുവിടാനാ ഞാനീ ശ്രമിക്കുന്നത്.”
“ഇപ്പോളവൻ സ്വന്തം ജീവിതത്തെ ‘ആക്രി’ പോലെയാണ് കൊണ്ടു നടക്കുന്നത്. അവന് സ്ഥിരമായ ഒരു ജോലിയും വരുമാനവും ഉത്തരവാദിത്വവും കൊടുത്താൽ അവൻ നന്നാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
“അച്ചൻ പറഞ്ഞാൽ പിന്നെ വേറൊന്നും ആലോചിക്കാനില്ല. എന്ത് പണികൊടുക്കുംന്നാ...” ഷാജി ആലോചനയിലാണ്ടു.
അയാളും ആലോചനയിലാണ്ടു. ആഗ്രഹിച്ചത് കിട്ടിക്കഴിയുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നത് ആദ്യമായിട്ടല്ല.
“വാട്ടർ സർവ്വീസിങ്ങിന് കേറ്റിയാലോ. അതാണേ ഒത്തിരി എക്സ്പീരിയൻസ് വേണ്ട.” ഷാജി ചോദിച്ചു.
“അതൊക്കെ ചാക്കോച്ചി പഠിച്ചെടുത്തോളും. ഇപ്പോൾത്തന്നെ സർവ്വകലാവല്ലഭനാ.” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
“അതിന്റെകൂടെ സെക്യൂരിറ്റി പണിയും കൂടി ഏല്പിക്കണം. പുറത്തിറങ്ങിയാ ആള് കൈവിട്ടുപോകും.”
ഇത്തവണ ചാക്കോച്ചി ലോക്കായതുതന്നെ. ഷാജി ഉറപ്പിച്ചു.
(തുടരും)