ടോം കെ. ജോസ്
അധ്യായം : എട്ട്
കോളിംഗ് ബെല്ലു കേട്ടാണ് അയാൾ കതക് തുറന്നത്... പോർച്ചിൽ കൈക്കുഞ്ഞുമായി ഒരു യുവതി.
“അച്ചനില്ലേ...”
“അച്ചൻ ഞാൻ തന്നെയാ...” അയാൾ പുഞ്ചിരിയോടെ പറഞ്ഞു
“കേറി വന്നോട്ടെ...”
അയാൾ വാതിൽ പ്പാളികൾ തുറന്നിട്ടു.
“കേറി വാ... ഇരിക്ക്.”
“അച്ചാ ഞാൻ പ്രകാശന്റെ പെങ്ങളാ...ബിന്ദു...”
“പ്രകാശൻ...” അയാൾ ആലോചനയിലാണ്ടു.
“നമ്മടെ ഓലിക്ക ക്കാരുടെ അപ്രത്ത് താമസിക്കുന്ന...”
“ഓ നമ്മുടെ പ്രകാശൻ... ഇപ്പോ പിടികിട്ടി.”
ഇടവകയിൽ ചാർജ്ജെടുത്ത ഉടനെ പള്ളിയിൽ സ്ഥിരമായി വരാത്തവരുടെ ഒരു ലിസ്റ്റ് എടുത്തിരുന്നു. ലിസ്റ്റിൽ പ്രകാശനെന്ന പേര് കണ്ടപ്പോൾ കൗതുകം തോന്നി. ഭവന സന്ദർശനം നടത്തിയപ്പോൾ പേരിനെക്കുറിച്ച് ചോദിച്ചു.
“എന്ത് ചെയ്യാനാ അച്ചോ... കാർന്നോമ്മാര് അറിഞ്ഞോണ്ട് തന്ന പണിയാ.”
“അതെന്താ. നല്ല പേരല്ലേ... പ്രകാശിപ്പിക്കുന്നവൻ എന്നല്ലേ അർത്ഥം... പരിശുദ്ധാത്മാവിനെ സ്വീകരിച്ചവൻ...”
“ഇതൊക്കെ അച്ചൻമാർക്ക് തിരിയും. പറഞ്ഞാൽ നാട്ടുകാർക്ക് മനസ്സിലാകുമോ?”
“പേര് അവിടെ നിൽക്കട്ടെ. നിങ്ങളെ രണ്ടു പേരേയും പള്ളിയിൽ കാണുന്നില്ലല്ലോ...”
“അത്... പിന്നെ...” പ്രകാശൻ തല ചൊറിഞ്ഞു.
“ഞങ്ങള് സ്ഥിരം വന്നോണ്ടിരുന്നതാ...” കാപ്പിയുമായി വന്ന ലിസി പറഞ്ഞു.
“പിന്നെന്താ നിർത്തിയേ...”
“നാട്ടുകാരോട് സമാധാനം പറഞ്ഞ് മടുത്തച്ചോ...”
“എന്തിന്...”
പ്രകാശൻ ലിസിയെ നോക്കി... അവൾ അടുക്കളയിലേക്ക് മടങ്ങി...
പ്രകാശൻ അയാൾക്കരികിലേക്കടുത്തു. സ്വരം താഴ്ന്നു.
“കല്യാണം കഴിഞ്ഞിട്ട് കൊല്ലം അഞ്ചു കഴിഞ്ഞു. ഇതുവരെ ഒരു കുഞ്ഞിനെ ദൈവം തന്നില്ല. തലവെട്ടം കണ്ടാമതി കൊച്ചു പിച്ചടക്കം ചോദ്യം തുടങ്ങും. വിശേഷമായില്ലേന്ന്. ആദ്യമൊക്കെ ഒരു വിധം പിടിച്ചുനിന്നു. കൊഴപ്പം ആർക്കാന്ന് ചോദിക്കാൻ തുടങ്ങിയപ്പോ പുറത്തിറങ്ങൽ നിർത്തി.അതാ വരാത്തേ...”
“കുഞ്ഞുണ്ടാകാൻ ചികിത്സ തേടുന്നത് പാപമാണോ?” ലിസിയുടെ ചോദ്യത്തിന് നല്ല മൂർച്ച.
“ആരു പറഞ്ഞു പാപമാണെന്ന്?”
“ഇന്നാള് വന്ന ധ്യാനഗുരു. എല്ലാവരും എന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. അന്നു മുതലാ ഞാൻ പള്ളിപ്പോക്ക് നിർത്തിയേ.”
“നിങ്ങള് ഒരുക്ക കോഴ്സ് കൂടാതെയാണോ വിവാഹം കഴിച്ചത്?”
“അത് ശരിക്ക് മനസ്സിലാക്കിയിട്ടാ ചികിത്സിക്കാൻ പോയേ. ഞങ്ങൾ പാവപ്പെട്ടവരായി പോയി.ധ്യാന ഗുരുക്കന്മാരും നാട്ടുകാരും വെറുതേ വിടുവോ...”
അകത്തേ മുറിയിൽ നിന്നും മെല്ലിച്ച ഒരു രൂപം ഇറങ്ങി വന്നപ്പോൾ ലിസി നിർത്തി.
അയാൾ ആശ്വാസത്തോടെ ആ മാലാഖയെ നോക്കി. ഇങ്ങനെ എത്രയോ ഗെത് സമനികളിൽ, പത്മവ്യൂഹങ്ങളിൽ ദൈവം മാലാഖമാരെ അയച്ചിരിക്കുന്നു.
“ചിറ്റപ്പനാ. ചാച്ചന്റെ അനിയൻ. ജന്മനാ മിണ്ടൂല. ഇച്ചിരി ബുദ്ധീം കുറവുണ്ട്.”
മാലാഖ രണ്ട് ബിസ്ക്കറ്റെടുത്ത് ആകാശത്തേക്ക് മടങ്ങി.
“ആകപ്പാടെ ശോകമാ അച്ചോ... ചിറ്റപ്പനിങ്ങനെ... ഞങ്ങടെ കാര്യം പറഞ്ഞല്ലോ... ഒരു പെങ്ങളുണ്ടാരുന്നത് എറങ്ങിപ്പോയി... അതും ഒരു ഹിന്ദുവിന്റെ കൂടെ...
എന്റെ സ്ഥിതി ശരിക്കറിഞ്ഞിട്ടും ഇവള് കൂടെ വന്നു.
അച്ചൻ ഞങ്ങൾക്ക് വേണ്ടി ശരിക്കൊന്ന് പ്രാർത്ഥിക്കണം...” പ്രകാശൻ യാചനപോലെ പറഞ്ഞു.
ലിസി മുഖമുയർത്താതെ നിൽക്കുകയാണ്.
* * * * *
“എന്താ ബിന്ദു വന്നേ...”
മേശപ്പുറത്തെ പേപ്പർവെയ്റ്റ് എടുക്കാൻ ശ്രമിക്കുന്ന കുഞ്ഞിനെ തടയാൻ പാടുപെടുകയാണ് ബിന്ദു.
“എടുത്തോ...” അയാൾ പേപ്പർ വെയ്റ്റ് കുഞ്ഞിനരികിലേക്ക് നീക്കി വച്ചു... കുഞ്ഞിന്റെ മുഖം പ്രസന്നമായി.
“ഞാനൊരു സങ്കടം പറയാൻ വന്നതാ...”
അയാൾ ചോദ്യഭാവത്തിൽ നോക്കി.
“അച്ചാ... എനിക്കും കുഞ്ഞിനും ആരുമില്ല...” ബിന്ദുവിന്റെ സ്വരമിടറി.
“ബിന്ദു ഒരാളെ സ്നേഹിച്ച് കൂടെപ്പോയതല്ലേ...”
“വേറെ നിവൃത്തിയില്ലാന്ന് വന്നപ്പോ പോയതാ അച്ചോ... ആങ്ങള കൂടെയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എല്ലാടത്തൂന്നും ശല്യമാ. അപ്പനെക്കൊണ്ട് കെട്ടിച്ചുവിടാനൊന്നും പറ്റൂലാരുന്നു...”
“എന്നിട്ട്...”
“പുള്ളിക്കാരന് എന്നെ വല്യകാര്യമായിരുന്നു...ഞങ്ങളെ പൊന്നുപോലെ നോക്കി... രണ്ട് മാസം മുമ്പ് ആളങ്ങ് പോയി...മഞ്ഞപ്പിത്തമാരുന്നു... അറിഞ്ഞില്ലാരുന്നു...” ബിന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കുഞ്ഞ് കളി നിർത്തി അമ്മയെ നോക്കി നിൽക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ അയാളിരുന്നു...
“വാടകവീട്ടിലാരുന്നു താമസം... ഉണ്ടാരുന്ന മിന്നും കമ്മലും വിറ്റ് വാടകതിർത്തു... നാല് സെന്റ് സ്ഥലം വാങ്ങിയാ ലൈഫീന്ന് വീട് വെച്ചുതരാന്ന് മെമ്പർ പറഞ്ഞു.
അച്ചൻ എങ്ങനേലും പ്രകാശനേക്കൊണ്ട് എന്റെ വീതം തരീപ്പിക്കണം... എന്റെ ഫോൺ അവനെടുക്കുകേല...”
ബിന്ദു ഇറങ്ങിയ പുറകേ പാപ്പൻ കേറി വന്നു... പ്രകാശനാണ് വിഷയമെന്നറിഞ്ഞതേ പറഞ്ഞു...
“ഒരു ഗതികെട്ടവനാ... കുഴിമടിയൻ...”
“സാമ്പത്തികം?”
“കൊറേ ഉണ്ട്...” പാപ്പൻ പരിഹാസ ഭാവത്തിൽ പറഞ്ഞു.
“കൊറച്ച് കപ്പിലാവുണ്ട്... കൊറച്ച് അടയ്ക്കേം... പെരയ്ക്ക് പൊറത്തിറങ്ങുകേ ഇല്ല...പെമ്പറന്നോത്തിടെ ട്യൂഷനാ ഏക വരുമാനം...” ഒന്നും ചോദിക്കണ്ടാരുന്നെന്ന് അയാൾക്ക് തോന്നി...
“അതെങ്ങനാ പള്ളിലേക്ക് തിരിഞ്ഞു പോലും നോക്കുകേല. പിന്നെ എങ്ങനെ ഗതി പിടിക്കാനാ...” പാപ്പന്റെ കലിയടങ്ങുന്നില്ല.
പാപ്പൻ പോയ ഉടനേ പ്രകാശനെ വിളിച്ചു. ലിസിയാണ് എടുത്തത്.
“കൊടുക്കാം...” സ്വരത്തിന് നല്ല ഘനം.
“ഞാൻ അച്ചന്റെ വിളി കാത്തിരിക്കുവാരുന്നു.. നേരിട്ട് വരുമെന്നാ കരുതിയേ...” പരിഹാസഭാവത്തിലാണ്. ബിന്ദു വന്ന കാര്യം എങ്ങനെയോ അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു... ഇനി പാപ്പൻ?
“അവളിവിടെ വന്നിട്ടാ അച്ചന്റെയടുത്തോട്ട് പോന്നേ...” പ്രകാശൻ സംശയം തീർത്തുതന്നു.
“ബിന്ദുവിന്റെ അവസ്ഥ...”
അതൊക്കെ നേരത്തേ ഓർക്കണാരുന്നു അച്ചോ... വേലി ചാടുന്ന പശു. കോലുകൊണ്ട് ചാകും...” പ്രകാശൻ ഇടയ്ക്ക് കയറി.
“പത്തു പൈസാ തരുകേലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... വീടും കുടീം ഇട്ടേച്ച് ഇറങ്ങിപ്പോയപ്പോ ഒന്നും ഓർത്തില്ലല്ലോ... അപ്പോ ഒന്നും വേണ്ടാരുന്നല്ലോ...” പ്രകാശന്റെ സ്വരമുയർന്നു.
“പിന്നെ എന്നാ എടുത്ത് കൊടുക്കാനാ അച്ചോ... ചാച്ചന്റെയും ചിറ്റപ്പന്റെയും പേരിലാ ഉള്ള സ്ഥലം... അത് എന്റെ പേരിലാക്കാൻ പോലും വല്ല്യ തുകയാകും... അപ്ലാ വീതം വയ്ക്കുന്ന കാര്യം...”
“പ്രകാശാ... നിന്റെ കൂടെപ്പിറപ്പാണ് കൈക്കുഞ്ഞുമായി പെരുവഴിയിൽ നിൽക്കുന്നത്...”
“അച്ചനൊന്നും തോന്നരുത്... വേറെ വഴി കാണാത്തോണ്ടാ...” പ്രകാശൻ കൈ കഴുകുകയാണ്.
“ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ വഴികൾ തനിയെ തുറന്നുവരും...”
“അച്ചൻ വെറുതേ സമയം കളയണ്ട.. ഇതിക്കൂടുതൽ ഒന്നും എനിക്ക് പറയാനില്ല...അച്ചന് വേറെ പണിയില്ലേ...”
“എന്റെ പണി ഇതായിപ്പോയി പ്രകാശാ... എന്താ ഇതിന് പരിഹാരമെന്ന് ഞാൻ ദൈവത്തോട് ചോദിക്കട്ടെ...”
അയാൾ അറിയാതെ പറഞ്ഞു പോയി...അപ്പുറത്ത് ഫോൺ കട്ടായി...
അഞ്ചുമണി കഴിഞ്ഞപ്പോൾ മാവിൻ ചോട്ടിൽ പ്രകാശൻ പ്രത്യക്ഷപ്പെട്ടു.
“അവള് വീട്ടിലിരുത്തുവേല... അച്ചനെകണ്ട് കാര്യങ്ങൾ ഒന്നുകൂടി ബോധ്യപ്പെടുത്താൻ പറഞ്ഞ്...”
“ഞാൻ വീട്ടിലേക്ക് വരാം... നമുക്കൊരുമിച്ച് ചിന്തിക്കാം...”
“അതേ... തീരുമാനത്തിന് മാറ്റമൊന്നുമില്ല. കേട്ടോ...പിന്നെ എന്റെ അവസ്ഥ ഒന്നു ക്ലിയറാക്കാൻ വന്നതാ...”
പ്രകാശൻ പിന്നിൽ നിന്നു പറഞ്ഞത് കേൾക്കാത്തതുപോലെ അയാൾ മുറിയിലേക്ക് കടന്നു...
“ഉടുപ്പിട്ട് പുറത്തിറങ്ങിയപ്പോൾ പ്രകാശൻ ചോദിച്ചു...അച്ചൻ ഞാൻ പറഞ്ഞത് കേട്ടാരുന്നോ...”
അയാൾ ഒരു പുഞ്ചിരിയോടെ മുറ്റത്തേക്കിറങ്ങി...
ഒരുൾവിളിയിൽ അയാൾ പള്ളിയകത്തേക്ക് കയറി. അൾത്താരയ്ക്ക് മുമ്പിൽ മുട്ടുകുത്തി.
മാതാവിന്റെ മുഖത്ത് ബിന്ദുവിന്റെ മുഖം തെളിഞ്ഞു.എഴുന്നേൽക്കാൻ കുറച്ച് സമയമെടുത്തു. കുമ്പിട്ട് തിരിഞ്ഞപ്പോൾ പ്രകാശനും മുട്ടുകുത്തി നിൽക്കുന്നു.
അയാൾ മോണ്ടളത്തിലിറങ്ങി പ്രകാശൻ ഇറങ്ങിവരാൻ കാത്തുനിന്നു.
പള്ളിയിൽ നിന്ന് ഇറങ്ങി വന്ന പ്രകാശന്റെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു. അടുത്തുവന്നതേ പറഞ്ഞു... “അച്ചാ ഞാൻ പറഞ്ഞതൊക്കെ ക്ഷമിക്കണം... ഞാൻ എങ്ങനേം കൊടുത്തോളാം...”
“പണമൊക്കെ നമുക്ക് ശരിയാക്കാം...” മനസ്സിൽ അപ്പച്ചൻമാഷിന്റെ മകന്റെ മുഖം തെളിഞ്ഞു.
“അച്ചനിനി വീട്ടിലേക്ക് വന്ന് ബുദ്ധിമുട്ടണ്ട...” പ്രകാശൻ അപേക്ഷ പോലെ പറഞ്ഞു.
“ഞാനേതായാലും വരും... ഇന്നത്തെ കട്ടൻ കാപ്പി പ്രകാശത്തിന്റെ വീട്ടിന്നാകട്ടെ...”
പ്രകാശൻ ഉത്സാഹത്തോടെ മുമ്പിൽ നടന്നു...
(തുടരും)