ടോം കെ. ജോസ്
അധ്യായം : അഞ്ച്
“അച്ചനു വേറെ പണിയില്ലേ കണ്ട പണിയൻമാരുടെ അടക്കിന് പോകാൻ. പോരാത്തേന് ആത്മഹത്യേം...”
ചെള്ളൻ പാപ്പന് ദേഷ്യമടക്കാനാവുന്നില്ല.
“പാപ്പന് സമയമില്ലേ വരണ്ട. എന്തായാലും എനിക്ക് പോകണം.”
“ഇവിടെ പണ്ട് പണിക്ക് വന്നൂന്ന് പറഞ്ഞതൊക്കെ നേരാ. അടുപ്പിക്കാൻ കൊള്ളാത്ത വർഗമാ.” അയാൾ അയയുന്നില്ലെന്ന് കണ്ട് പാപ്പൻ പറഞ്ഞു.
പള്ളിയുടെ കപ്യാരാണ് പാപ്പൻ. ഇടവക തുടങ്ങിയ അന്നുമുതലുള്ള ജോലിയാണ്. ആരെല്ലാം മാറിയാലും പാപ്പൻ മാറില്ല. ഇടവകയുടെ നടക്കുന്ന ചരിത്രം. തുള്ളിത്തുള്ളി നടക്കുന്നതുകൊണ്ട് കിട്ടിയ പേരാണ് ചെള്ളൻ പാപ്പനെന്ന്. ചെള്ളനാണോ തുള്ളനാണോ ശരിയെന്ന് ഒരു തർക്കവും നാട്ടിൽ പാപ്പനെപ്പോലെ തുള്ളിച്ചാടി നടക്കുന്നുണ്ട്. പാപ്പന്റെ നാക്കിനെ പേടിച്ചാരും സംശയം തീർക്കാൻ പോകാറില്ല.
ഇടവകയുടെ ഏറ്റവും അതിരിൽ ഫോറസ്റ്റിന്റെ അരികിലാണ് പാപ്പന്റെ വീട്. കാട്ടാനകൾ പുഴമുറിച്ചു കയറുന്നത് പാപ്പന്റെ കടവിലേക്കാണ്. മിക്കപ്പോഴും കാട്ടാനകളാണ് കണി. എന്നെ എന്റെ പുണ്യാളൻ നോക്കിക്കോളും. ആനയൊക്കെ വന്ന വഴിക്ക് പൊക്കോളും. പാപ്പൻ ഉറച്ചവിശ്വാസത്തോടെ പറയും. നാട്ടിൽ പലർക്കും അദ്ഭുതമാണ് പാപ്പൻ. ഒരു അതിജീവനമാതൃക.
അപ്പച്ചൻസാറാണ് വിളിച്ചു പറഞ്ഞത് പള്ളിയിൽ സ്ഥിരം പണിക്ക് വന്നിരുന്ന വെളുത്ത തൂങ്ങിമരിച്ചെന്ന്. ഇവിടെ വന്നതിനുശേഷമുള്ള ആദ്യ ആത്മഹത്യാവാർത്തയാണ്.
“അറിയിച്ചെന്നേ ഉള്ളൂ.” നിർബന്ധിക്കാത്ത മട്ടിൽ അപ്പച്ചൻസാർ പറഞ്ഞു.
എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ഒരു ധാരണയില്ലാത്തതിനാൽ പ്രത്യേകിച്ച് ഒന്നും പറയാതെ അയാൾ ഫോൺ വച്ചു.
കുർബാന കഴിഞ്ഞ് സങ്കീർത്തിയിൽ തിരുവസ്ത്രങ്ങൾ അഴിച്ചു വയ്ക്കുമ്പോഴാണ് പാപ്പനോട് വെളുത്തയുടെ സംസ്കാരത്തെക്കുറിച്ച് ചോദിച്ചത്. അതിന്റെ മറുപടിയാണ് കേട്ടത്.
“പാപ്പന് താത്പര്യമില്ലേ വരണ്ട. വഴി പറഞ്ഞു തന്നാൽ മതി. ഞാൻ തനിച്ച് പൊക്കോളാം.” അയാൾ പറഞ്ഞു.
“അങ്ങനെ കൂട്ടില്ലാതെ തന്നെ പോകാൻ പറ്റുന്ന വഴിയല്ല. കാട്ടിക്കൂടെ വേണം പോകാൻ..വേലായുധൻ പാറേടവിടന്ന് തിരിയണം. കുടുംമ്പ് കുറേ ഉള്ളിലാ.”
“ഞാൻ വേറെ ആരേയെങ്കിലും...”
“ഞാൻ തന്നെ വരാം.” പാപ്പൻ ഇടയ്ക്ക് കയറി. അതൊരു പതിവാണ്.മുഴുവൻ പറയാൻ ആരേം സമ്മതിക്കില്ല.
“ഉച്ചകഴിഞ്ഞ് പോയാപ്പോരേ. പോസ്റ്റ്മോർട്ടമൊക്കെ കഴിഞ്ഞ് സാധനം വിട്ടുകിട്ടണ്ടെ...”
“ധാരാളം മതി.” അയാൾ പുറത്തേക്ക് നടന്നു.
“രണ്ട് മണിക്ക് ഞാൻ കരോട്ട് കലുങ്കിനടുത്ത് കണ്ടേക്കാം. വേറെ ആരേലും കൂട്ടണോ.”
“വേണ്ട. നമ്മൾ മതി.”
കലുങ്കിനടുത്ത് പാപ്പൻ വിയർത്തുകുളിച്ച് നിൽപ്പുണ്ടായിരുന്നു.
“കൊരങ്ങൻമാരുടെ ഒരു പടയാ വന്നേ. ഓടിച്ച് മനുഷ്യന്റെ ഊപ്പാടിളകി.”
“എന്നിട്ട് എല്ലാം പോയോ?”
“ഞാൻ രണ്ടെണ്ണം പൊട്ടിച്ചപ്പോ എല്ലാം പറ പറന്നു. ഇനി കുറച്ചു ദിവസത്തേക്ക് വരില്ല.”
“എന്നാ പോകാം.” പാപ്പൻ തുള്ളൽ ആരംഭിച്ചു.
“നിറയെ പുഴു കാണും. നോക്കിക്കോണേ.
നോക്കിയിട്ട് വല്ല്യ പ്രയോജനമൊന്നുമില്ല. എത്ര നോക്കിയാലും അഞ്ചാറെണ്ണം ശരീരത്തിൽ കയറിപ്പറ്റും.”
“കേട്ടോ അച്ചാ...ആത്മഹത്യ ചെയ്യുന്നോരെ തിരിഞ്ഞ് നോക്കരുത്.അച്ചൻമാര് ഇതിനൊക്കെ പോയാ ഇവൻമാർക്ക് പ്രോത്സാഹനമാകും.”
“പാപ്പന്റെ ബന്ധത്തിൽ ആരേലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?”
“ഇല്ല. അച്ചന്റെയോ...”പാപ്പൻ നിന്നുകൊണ്ട് തിരിച്ചു ചോദിച്ചു.
“നമ്മളെല്ലാം ഒറ്റക്കുടുംബമല്ലേ പാപ്പാ..”
“പിന്നെ കഞ്ചാവടിച്ച് കെട്ടിത്തൂങ്ങുന്നോനല്ലേ കുടുംബം. ഇപ്പോ തെമ്മാടിക്കുഴീം നിർത്തിയല്ലോ... എല്ലാം തൂങ്ങട്ടെ...” പാപ്പൻ പിറുപിറുത്തു.
തെമ്മാടിക്കുഴി. മനസ്സിലൊരു കൊള്ളിയാൻ മിന്നി.
ആ വെള്ളിവെളിച്ച ത്തിൽ ഒരു ദൃശ്യം തെളിഞ്ഞു.
സകല മരിച്ചവരുടെയും തിരുനാളാണ്. അലങ്കരിച്ച, തിരികളെരിയുന്ന കല്ലറകൾക്കിടയിലൂടെ തിരുവസ്ത്രം ധരിച്ച് വികാരിയച്ചൻ നടന്ന് ഹന്നാൻ വെള്ളം തളിക്കുന്നു. കാപ്പ ഉയർത്തിപ്പിടിച്ച് താനാണ് അച്ചന്റെ പുറകിൽ. സെമിത്തേരി മതിലിനു പുറത്ത് ഏതാനും മൺകൂനകൾ. നനവ് വിടാത്ത പച്ച മണ്ണിൽ കത്തുന്ന മെഴുകുതിരികൾ. അച്ചൻ നീട്ടിത്തെളിച്ച ഹന്നാൻ വെള്ളം വീണിട്ടും തലയുയർത്താതെ നിൽക്കുന്നവർ...
അന്ന് നീക്കി വച്ചതാണ് അവർക്ക് മനസ്സിന്റെ ഒരു കോണ്.
മനസ്സ് അതിവേഗം കൊച്ചച്ചൻ നാളുകളിലേക്ക് പറന്നു.
* * * * *
വല്ല്യച്ചൻ ഓർമ്മകളുടെ വാതിലിൽ മുട്ടുന്നു.
ഉച്ചകഴിഞ്ഞ് ഒരു ശവസംസ്ക്കാരം കഴിഞ്ഞ് കിടന്നതാണ്. ആത്മഹത്യ ആയതുകൊണ്ട് ആളുകൾ കുറവായിരുന്നു. കുരിശും കുടയും എടുക്കണ്ടെന്നു പറഞ്ഞ വല്യച്ചൻ വീട്ടിലെ കർമ്മങ്ങൾക്കും വന്നു.വീട്ടിൽ പോയി ബോഡി കൊണ്ടുവരൽ സാധാരണ കൊച്ചച്ചന്റെ പണിയാണ്. എല്ലാം കഴിഞ്ഞപ്പോൾ ഇനി നമുക്ക് കുറച്ചു വിശ്രമിക്കാമെന്ന് പറഞ്ഞിട്ട് പോയ വല്യച്ചനാണ്
സമയമെന്തായോ.
അയാൾ ചാടിയെണീറ്റ് വിളി കേട്ടു.
“കൊച്ചച്ചാ. വേഗം ഒരു ഓട്ടോ വിളിച്ചേ. നമുക്കൊരു സ്ഥലം വരെ പോകാം.”
സമയം ഏഴു മണിയായി ട്ടുണ്ട്. ഇനിയെങ്ങോട്ടാ പോക്കെന്ന് ചിന്തിച്ചു കൊണ്ട് ഹണിബേക്കറിയി ലേക്ക് വിളിച്ചു. ഓട്ടോക്കാരെ വിളിച്ചാൽ എപ്പോഴും കിട്ടണമെന്നില്ല. ഓട്ടോസ്റ്റാൻഡ് ബേക്കറിയുടെ നേരെ മുമ്പിലാണ്. സാലു ആരെയെങ്കിലും പറഞ്ഞുവിട്ടോളും.
“അച്ചാ വണ്ടി വന്നു.” പോർച്ചിൽ ഓട്ടോയുടെ സ്വരം കേട്ടപ്പോൾ അയാൾ വല്യച്ചന്റെ മുറിയുടെ നേർക്ക് വിളിച്ചു പറഞ്ഞു.
“അച്ചൻ ഉടുപ്പിടുന്നില്ലേ.” മുറി തുറന്ന് പുറത്തേക്ക് വന്നവഴി അയാളെ നോക്കി വല്ല്യച്ചൻ ചോദിച്ചു.
“അതിനെങ്ങോട്ടാ പോകുന്നേന്ന് പറഞ്ഞില്ലല്ലോ.” അയാൾ തെല്ല് കുസൃതിയോടെ തിരിച്ചടിച്ചു.
“അതേ എവിടെ പോയാലും ഉടുപ്പിട്ടോണ്ട് പോണം." വല്യച്ചനും വിട്ടില്ല.
അയാൾ വേഗം ളോഹ ധരിച്ചിറങ്ങി. ളോഹ ബട്ടണുകൾ പൂർണ്ണമായും ഇട്ടതിനുശേഷമാണിറങ്ങി യത്. സെമിനാരിക്കാലത്ത് നടന്നുകൊണ്ടാണ് പകുതി ഇട്ടിരുന്നത്.
വല്യച്ചന്റെ ആദ്യതിരുത്തൽ അതായിരുന്നു.
“അതേ. മുറിക്കകത്ത് തീ വല്ലോം പിടിച്ചോ.”
അയാൾക്കൊന്നും മനസ്സിലായില്ല.
“എന്താ ഉദ്ദേശിച്ചേന്ന്.”
“അല്ലാ തുണിയെല്ലാം വാരിപ്പിടിച്ചോണ്ടു പോന്നതു കണ്ട് ചോദിച്ചതാ.” അച്ചൻ തമാശരൂപേണ പറഞ്ഞു.
വല്യച്ചൻ എല്ലാവരോടും അങ്ങനെയാണ്. എല്ലാം തമാശ ചേർത്തേ പറയൂ.
“എന്നാ അച്ചൻ കേറ്.” വല്യച്ചൻ ഓട്ടോയിലേക്ക് കയറാൻ വഴി ഒഴിഞ്ഞു തന്നുകൊണ്ട് പറഞ്ഞു.
ടൗണിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു.
“ഞാൻ ഇപ്പം വരാം...” വല്യച്ചൻ സായാഹ്ന സംഭാഷണങ്ങളിൽ മുഴുകിയിരുന്ന ആളുകൾക്കിടയിൽ മറഞ്ഞു.
തിരിച്ചുവന്നപ്പോൾ കൈയ്യിൽ രണ്ടു മൂന്ന് സഞ്ചികളുണ്ട്. അയാൾ കൈകൾ നീട്ടിയെങ്കിലും സഞ്ചികൾ അച്ചൻ തന്നെ പിടിച്ചു.
മെയിൻ റോഡിൽ നിന്ന് ഇടവഴിയിലേക്ക് ഓട്ടോ തിരിക്കാൻ പറഞ്ഞപ്പോൾ മനസ്സിലായി പോക്ക് മരണം നടന്ന വീട്ടിലേക്കാണ്.
വീടെത്താറായപ്പോൾ വഴിയരികിൽ ഓട്ടോ നിർത്താൻ പറഞ്ഞു.
“ഞങ്ങൾ കുറച്ച് താമസിക്കും.” ഓട്ടോക്കാരന്റെ മറുപടി കാക്കാതെ അച്ചൻ നടന്നു കഴിഞ്ഞു.
ഒന്നു തിരിഞ്ഞു നോക്കിയിട്ട് അയാളും പുറകേ വച്ചുപിടിച്ചു.
വീട് ഇരുളിൽ കുളിച്ചു നിൽക്കുന്നു. മുറ്റത്ത് കെട്ടിയ ടാർപോളിൻ ഇരുളിന്റെ കനം കൂട്ടിയിട്ടുണ്ട്.
ഒന്നു രണ്ടുപേർ വരാന്തയിൽ ഇരിപ്പുണ്ട്.
“അയ്യോ അച്ചൻ...” അവർ ചാടിയെണീറ്റു.
“ഇതെന്താ സന്ധ്യ യായിട്ടും ലൈറ്റിടാത്തെ...” അച്ചന്റെ ചോദ്യം എമ്പാടും വെളിച്ചം പരത്തി.
അഞ്ചാറു പേർ മുറികളിൽ നിന്നും ഇറങ്ങിവന്നു.കരഞ്ഞു കലങ്ങിയ കണ്ണുകൾ. എല്ലാ മുഖങ്ങളിലും ഒരേ അപമാനഭാരം. തന്റെ കൺകോണുകൾ എരിഞ്ഞു തുടങ്ങുന്നത് അയാളറിഞ്ഞു.
“നിങ്ങളൊന്നും കഴിച്ചില്ലല്ലോ... ഞാൻ കാപ്പിയിടാം.” അച്ചൻ അടുക്കളയിലേക്ക് നടന്നു.
“വേണ്ടച്ചാ... ഞാനിട്ടോളാം...” ഒരു സ്ത്രീ അച്ചനെ തള്ളി മാറ്റി.
എല്ലാവരും ഇപ്പോൾ അടുക്കളയിലുണ്ട്. തീ നാളങ്ങളുടെ സ്വരം അമർത്തിയ ഗദ്ഗദം പോലെ അയാൾക്ക് തോന്നി.
“കൊച്ചച്ചൻ ആ പഴമെടുത്ത് എല്ലാവർക്കും കൊടുത്തേ.” കൊണ്ടു വന്ന സഞ്ചികളെ ചൂണ്ടി അച്ചൻ പറഞ്ഞു.
“വേണ്ട ഞാൻ തന്നെ തരാം.” അച്ചൻ സഞ്ചികൾ ഏറ്റുവാങ്ങി.
കണ്ണീരുപ്പുകലർന്ന ആ വിരുന്നിന് നെടുവീർപ്പുകൾ താളം പകർന്നു.
“ഇനി നമുക്കൊരു കൊന്ത ചൊല്ലാം...” അച്ചൻ പറഞ്ഞു.
പുറത്ത് വിടർന്ന നിശാഗന്ധിപ്പൂക്കളുടെ ഗന്ധം മുറിയിലേക്ക് ഒരു കുളിർക്കാറ്റിനൊപ്പം അരിച്ചെത്തി.
കൊന്ത കഴിഞ്ഞ് ആരുടെയും മറുപടിക്ക് കാക്കാതെ അച്ചൻ ഇറങ്ങി. അപമാനത്തിൽ നിന്നും തലയുയർത്തിത്തുടങ്ങിയ ആ മുഖങ്ങളിലേക്ക് നോക്കാതെ അയാളും പതിയെ ഇറങ്ങി.
“നമ്മളിപ്പോ വന്നില്ലാരുന്നേ അവരൊന്നും കഴിക്കത്തുമില്ല. രാവിലെ പള്ളീ വരത്തുമില്ല.”
വീടിന്റെ പടി കടന്ന പ്പോൾ വല്യച്ചൻ ശബ്‌ദം താഴ്ത്തിപ്പറഞ്ഞു. അച്ചന്റെ നടപ്പിന് മാലാഖമാരുടെ അകമ്പടിയുണ്ടെന്ന് അയാൾക്ക് തോന്നി.
* * * * *
“ആ കാണുന്ന ഇറക്കമിറങ്ങി ഒരു വളവ് കഴിഞ്ഞാ കുടുമ്പെത്തി.” കാട്ടുചെടികൾക്കിടയിൽ നിന്ന് അശരീരി പോലെ പാപ്പൻ വിളിച്ചു പറഞ്ഞു.നാട്ടുവഴി നടപ്പു വഴിക്കും നടപ്പുവഴി കാടിനും ഇതിനോടകം വഴി മാറിക്കൊടുത്തിരുന്നു.ചീവീടുകളുടെ സ്വരത്തിന് മൂർച്ച കൂടിത്തുടങ്ങിയി രുന്നു. ഇടതൂർന്ന മരങ്ങൾക്കിടയിൽ ചെറിയ ഓലക്കുടിലുകൾ കാണായി. പുഴയുടെ ഇരമ്പൽ കേൾക്കാം.
“ആന മറിച്ചിട്ടിട്ടതാ. എടയ്ക്ക് ഇവൻമാരേം തട്ടും.” വീണു കിടക്കുന്ന തെങ്ങുകൾ ചൂണ്ടി പാപ്പൻ പറഞ്ഞു.
“വെളുത്തേടെ കുടുമ്പേതാ.” അവരെക്കണ്ട് മുറ്റത്തേക്കിറങ്ങി വന്നയാളോട് പാപ്പൻ ചോദിച്ചു.
“കുയ്ച്ചിടില് കയ്ഞ്ഞ്ന്...” അയാൾ തല ചൊറിഞ്ഞു.
മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് അയാൾ അവർക്ക് മുമ്പേ നടന്നു. ഏതാനും കുട്ടികളും അവരുടെ കൂടെക്കൂടി. അയാൾ അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും ആ നിർവ്വികാരമുഖങ്ങൾ മറുപടി കൊടുത്തില്ല.
കുറച്ചുപേർ കൂടിനിൽക്കുന്ന കുടിലിനരികിലേക്ക് അവരെത്തി. കറുപ്പുപുതച്ച ഒരു വൃദ്ധരൂപം മുമ്പിലത്തി കൈകൂപ്പി.
“മൂപ്പൻ...” പാപ്പൻ പതുക്കെ പറഞ്ഞു.
അയാൾ തിരിച്ചും കൈകൂപ്പി... വണങ്ങി.മുപ്പന്റെ മുഖം വിടർന്നു..
“ബാ... ഈടെ ഇരിക്കാം...” ആരോ കൊണ്ടുവന്ന നിറം മങ്ങിയ ഫൈബർ കസേര ചൂണ്ടി മൂപ്പൻ ക്ഷണിച്ചു.
“വേണ്ട...” അയാൾ സ്നേഹപൂർവം അത് നിരസിച്ചു.
ചെമ്പി വെളുത്തേടെ ഓളാ.. കുടിലിൽ നിന്ന് ഇറങ്ങിവന്ന മെല്ലിച്ച രൂപത്തെ ചൂണ്ടി പാപ്പൻ പറഞ്ഞു.
അവരും അയാൾക്ക് നേരെ കൈകൂപ്പി.
അയാൾ ആ കൈകളിൽ പതിയെ പിടിച്ചു. കൈയ്യിൽ കരുതിയ പണം ആരും കാണാതെ ആ കൈകളിൽ പിടിപ്പിച്ചു.
ചാഞ്ഞുവീണ വെയിൽ ആ പരിസരത്തിന് സ്വർണ്ണ നിറം പകർന്നു...
(തുടരും)