കുഴലൂത്തുകാര്‍ക്ക് കണ്ണ് കാണാതാകുമ്പോള്‍ കാത്തിരിക്കുന്നത് കോൺഗ്രസ് മുക്തകേരളം

കുഴലൂത്തുകാര്‍ക്ക് കണ്ണ് കാണാതാകുമ്പോള്‍ കാത്തിരിക്കുന്നത് കോൺഗ്രസ് മുക്തകേരളം
Published on

ഫാ. ഡോ. സാൽവിൻ കണ്ണമ്പള്ളി

തിരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ പൊട്ടന് ലോട്ടറിയടിച്ച പോലെ (sorry for political incorrectness) ജയിച്ച ജനപ്രതിനിധികള്‍ തങ്ങളെ തിരഞ്ഞെടുത്തവരെ പുച്ഛിച്ചു കൊണ്ട് തുടങ്ങിവച്ച അധികാര ആക്രാന്ത തര്‍ക്കം എല്ലാ മര്യാദകളും ലംഘിച്ച് കൊണ്ട് തുടരുകയാണ്. ഈ തര്‍ക്കം കൊണ്ടുണ്ടായ ഒരേയൊരു ഗുണം ആദര്‍ശ രാഷ്ട്രീയത്തിന്റെ കട്ടി കണ്ണട വെച്ചും മാന്യതയുടെ പുട്ടിയടിച്ചും കേരളരാഷ്ട്രീയത്തില്‍ അല്പം മേല്‍വിലാസമുണ്ടാക്കിയ പലരുടെയും തനിസ്വരൂപം പുറത്തുവന്നു എന്നതാണ്. ഒരു വോട്ടര്‍ എന്ന നിലയില്‍ ഈ ലാഭകച്ചവടക്കാരോടും അവരുടെ പെട്ടി താങ്ങികളോടും പറയാനുള്ളത് പാര്‍ട്ടിയും അതിന്റെ പരിവാരങ്ങളും ജനത്തിന് മുകളിലാണെന്നും തിരഞ്ഞെടുപ്പില്‍ ജയിച്ച് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാം എന്നും വിശ്വസിച്ച ഒരു ഭരണാധികാരിയോടും പാര്‍ട്ടിയോടുമുള്ള കേരളജനതയുടെ ശക്തമായ പ്രതിക്ഷേധത്തിന്റ ഫലമാണ് നിങ്ങളുടെ വിജയം എന്നതാണ്. അടുത്ത അഞ്ച് കൊല്ലത്തേക്ക് നിങ്ങളുടെ തോന്ന്യവാസം കണ്ട് നില്ക്കാനാണ് ഞങ്ങളുടെ വിധിയെന്ന് നിങ്ങള്‍ കരുതരുത്.

ഈ ആമുഖത്തിനുശേഷം ഇനി കാര്യത്തിലേക്ക് വന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും താത്പര്യം എന്താണെന്ന് തിരഞ്ഞെടുപ്പ് ഫലം തന്നെ വ്യക്തമാക്കുന്നുണ്ട്. രണ്ട് തവണ അധികാരത്തില്‍ നിന്നും മാറ്റി നിറുത്തപ്പെട്ട വലതുപക്ഷ ജനാധിപത്യമുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തീരുമാനിച്ച നേതാവാണ് വി.ഡി. സതീശന്‍. ഭരണപക്ഷത്തിന്റെ വീഴ്ചകളും പോരായ്മകളും അഴിമതിയും ചൂണ്ടികാണിക്കുക മാത്രമല്ല, ക്രിയാത്മകമായി കേരളത്തെ വികസനവഴിയിലേക്ക് എങ്ങനെ നയിക്കാം എന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശദമാക്കപ്പെട്ടു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും ഇത്രയും തെളിമയോടെയുള്ള കാഴ്ചപ്പാട് ഈയടുത്തകാലത്തൊന്നും ഒരു രാഷ്ട്രീയനേതാവിലും ഞങ്ങള്‍ കണ്ടിട്ടില്ല. തിരഞ്ഞടുപ്പു രാഷ്ട്രീയത്തിന്റ തന്ത്രങ്ങളിലും തന്റെ പ്രാവീണ്യം തെളിയിക്കുക മാത്രമല്ല തെരഞ്ഞെടുപ്പുഫലം പോലും കൃത്യമായി പ്രവചിച്ച് തന്റെ ആത്മവിശ്വാസവും കാര്യശേഷിയും അദ്ദേഹം വ്യക്തമാക്കി.

"തിരഞ്ഞെടുപ്പില്‍ ജയിച്ച് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാം എന്നും വിശ്വസിച്ച ഒരു ഭരണാധികാരിയോടും പാര്‍ട്ടിയോടുമുള്ള കേരളജനതയുടെ ശക്തമായ പ്രതിക്ഷേധത്തിന്റ ഫലമാണ് നിങ്ങളുടെ വിജയം എന്നതാണ്. അടുത്ത അഞ്ച് കൊല്ലത്തേക്ക് നിങ്ങളുടെ തോന്ന്യവാസം കണ്ട് നില്ക്കാനാണ് ഞങ്ങളുടെ വിധിയെന്ന് നിങ്ങള്‍ കരുതരുത്."

സാഹചര്യങ്ങള്‍ക്കനുസരിച്ച് ചാഞ്ചാടി ട്രപ്പീസ് കളിക്കാരനെപോലെ ബാലന്‍സ് ചെയ്യാന്‍ കഴിയുന്നവരായാണ് പൊതുവെ കോൺഗ്രസ് നേതാക്കളെ ഞങ്ങള്‍ കാണാറുള്ളത്. സ്വന്തം ബോധ്യങ്ങളെ കൃത്യമായി ആശയവിനിമയം ചെയ്യാനും അത് ജനലക്ഷങ്ങളിലേക്ക് എത്തിക്കാനും അവരെ നയിക്കാനും ശേഷിയുള്ള നേതാക്കളെ അപൂര്‍വ്വമായേ കിട്ടാറുള്ളൂ. അങ്ങനെയൊരു നേതാവ് തന്റെ പാര്‍ട്ടിയെയും മുന്നണിയെയും ഉജ്വലവിജയത്തിലേക്ക് നയിച്ച് നില്ക്കുമ്പോള്‍ (തോറ്റിട്ടാണെങ്കില്‍ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ അദ്ദേഹത്തെ മാറ്റാവുന്നതാണ്) നേരിട്ട് മത്സരരംഗത്തില്ലാതിരുന്ന, താന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കില്ല എന്ന് തിരഞ്ഞെടുപ്പിനു മുന്‍പേ വ്യക്തമാക്കിയ വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്കു കൊണ്ടുവരണമെന്ന് പറഞ്ഞുനടക്കുന്നവരെ എന്ത് പദം കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയാകണമെന്ന മോഹമുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാമാന്യബോധമെങ്കിലും കാണിക്കേണ്ടതാണ്. നിങ്ങളുടെ വ്യക്തിതാല്പര്യങ്ങള്‍ക്കനുസരിച്ച് നടത്താനുളളതല്ല ഉപതെരഞ്ഞെടുപ്പുകള്‍.

1956-ലെ ജനപ്രാതിനിത്യനിയമത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളുടെ ദുരുപയോഗമാണ് അധികാരവിഭ്രമം ബാധിച്ച നിങ്ങള്‍ നടത്തുന്നത്. തോന്നുമ്പോള്‍ ലോകസഭയിലേക്കും അടുത്ത വെളിപാട് കിട്ടുമ്പോള്‍ ലോകസഭാംഗത്വം രാജിവച്ച് നിയമസഭയിലേക്കും മത്സരിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരുടെ മാനസികനില പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. Attention-Deficit/Hyperactivity Disorder (ADHD) ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് താനുണ്ട് എന്ന് വേണുഗോപാല്‍ നേരിട്ട് വ്യക്തമാക്കാത്ത നിലയ്ക്ക് മന്ത്രിസ്ഥാനത്തേക്ക് തങ്ങളുടെ പേര് പരിഗണിച്ച് കിട്ടാന്‍ വേണ്ടി അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കാനുള്ള അതിബുദ്ധിയാണോ നിയുക്ത എം എല്‍ എ മാരുടെ ഈ കുഴലൂത്തും ചക്കളത്തിപോരാട്ടവും? കേരളത്തിന്റെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് നേരെ പല്ലിളിച്ച് കാണിക്കുന്ന നിങ്ങളുടെ കോമാളിത്തരം ഞങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും. ഞങ്ങളെ നയിക്കുവാന്‍ അറിവും സാമാന്യബോധവും വ്യക്തമായ ബോധ്യങ്ങളുമുള്ള നേതാക്കളെയാണ് ഞങ്ങള്‍ക്കാവശ്യം, കോമാളികളെയും പെട്ടിപിടുത്തക്കാരെയും കുഴലൂത്തുകാരെയുമല്ല. ഓരോ ദേശത്തിനും അവര്‍ അര്‍ഹിക്കുന്ന ഗവൺമെന്റിനെ ലഭിക്കുന്നു (ഫ്രഞ്ച് തത്വശാസ്ത്രജ്ഞനായ ജോസഫ് ദ് മേസ്ത് പറഞ്ഞതായി കരുതപ്പെടുന്നു). വോട്ടര്‍മാരായ ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ മെച്ചപ്പെട്ട പ്രതിനിധികളെ അര്‍ഹിക്കുന്നു എന്നതാണ്.

പാര്‍ശ്വവര്‍ത്തികളെയും ഉപചാപകരെയും അധികാരസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും യഥാര്‍ത്ഥ ജനനേതാക്കളെ ഒതുക്കുകയും ചെയ്ത കോണ്ഗ്രസ് ഹൈകമാന്‍ഡിന്റെ വിവരക്കേടും ദീര്‍ഘദൃഷ്ടിയില്ലായ്മയും താന്‍പോരിമയും കൂടിച്ചേര്‍ന്നുള്ള നടപടികള്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ അന്തമില്ലാതെ എഴുതേണ്ടി വരും. ജനകീയതയുള്ള നേതാക്കളെ മാറ്റിനിറുത്തി മുകളില്‍ നിന്നും അടിച്ചേല്പിക്കപ്പെട്ട നേതാക്കളാണ് ബി ജെ പിയുടെ കോൺഗ്രസ് മുക്തഭാരതമെന്ന ആഗ്രഹത്തിന് വളം വെച്ച് കൊടുത്ത് വളര്‍ത്തിയെടുത്തത്. അവരില്‍ പലരും പിന്നീട് ബിജെപിയിലും ചേര്‍ന്നു. രാജസ്ഥാനും മധ്യപ്രദേശും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങള്‍ കഴിഞ്ഞ് ഇനി കേരളത്തെ കോൺഗ്രസ് മുക്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ ഹൈക്കമാന്റിലെ ഉപചാപകര്‍ക്ക് കൈവന്നിരിക്കുന്നത്. അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടും വീക്ഷണവും എത്രത്തോളമുണ്ടെന്ന് താമസിയാതെ അറിയാം. ഈ പാര്‍ട്ടി നിലനില്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചാലും രാഷ്ട്രീയവിഭ്രാന്തി ബാധിച്ച നേതാക്കള്‍ അതിന് സമ്മതിക്കില്ല.

logo
Sathyadeepam Online
www.sathyadeepam.org