നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കൊച്ചിയിലെ വീടുകളിലൊന്നില്‍ നിന്നും ഒരു രാത്രി ആരെങ്കിലുമൊരാള്‍ എടുക്കപ്പെട്ടാല്‍, ആ നിമിഷം മുതല്‍ നിശ്ചലമാകുന്നതും, നിശ്ശബ്ദമാകുന്നതും ആ വീടും വീട്ടുകാരും മാത്രമല്ല. തീവണ്ടിയുടെ ബോഗികള്‍ പോലെ മുട്ടിയിരുമ്മി ജീവിക്കുന്ന ആ മനുഷ്യരാകമാനം നിലച്ചും നിശ്ശബ്ദവുമായി മാറും. അന്നുവരെ വഴക്കിലും വെറുപ്പിലും അകന്നു നിന്നവരില്‍ ചിലര്‍ നീല ടര്‍പ്പായ വിരിക്കാന്‍ പുരപ്പുറത്ത് കയറും. കുരിശെടുക്കാന്‍ പള്ളിയിലേക്കോടുന്നത് വാസുവും, ചിതയൊരുക്കാന്‍ വിറകന്വേഷിച്ച് ഓടുന്നത് മമ്മദിക്കയുമാകും. കൊച്ചിയിലന്ന് മതങ്ങളേക്കാളേറെ മനുഷ്യരുണ്ടായിരുന്നു.
അധ്യായം 24
ചാവുമണി
അപ്പന്‍ വാങ്ങി ക്കൊണ്ടു വന്നിരുന്ന പൊറോട്ടയ്ക്കും ബിരിയാണിയ്ക്കും പൊറോട്ടയുടേതിനേക്കാളും ബിരിയാണിയുടേതിനേ ക്കാളും കൂടുതല്‍ ചീഞ്ഞ ശവശരീരങ്ങളുടെ നാറ്റവും ദുര്‍ഗന്ധവും തോന്നി തുടങ്ങിയതില്‍ പിന്നെയാണ് കെവിന്‍ അപ്പന്റെ പലഹാര പൊതികളോട് പോലും അറപ്പും വെറുപ്പും ഒളിപ്പിച്ചുവച്ച പരിഭവങ്ങള്‍ കാണിച്ചു തുടങ്ങിയത്. ജലം കൊണ്ട് മുറിവേറ്റ മൃതശരീരത്തില്‍ നിന്നും പുറപ്പെടുന്ന അതിദുര്‍ഗന്ധത്തിന്റെ ആള്‍രൂപമായിരുന്നു അറക്കപ്പറമ്പില്‍ ജോണിയെന്ന ആ അപ്പന്‍ കഥാപാത്രം. അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അപ്പന്റെ വിരലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത നിറത്തിലെ ചോറുകണങ്ങളെപ്പോലും ശവശരീരത്തില്‍ നിന്നും പെരുകിയിറങ്ങുന്ന വെളുത്ത പുഴുക്കളായ് കണ്ട് അടുക്കളപ്പുറത്തു പോയി ഛര്‍ദിച്ചവശനായ ചരിത്രവും കെവിന്റെ ഓര്‍മ്മകളില്‍ രേഖപ്പെട്ടിരിക്കുന്നുണ്ട്.
ചീഞ്ഞ ശവത്തിന്റെ ദുര്‍ഗന്ധം പേറുന്നുവെന്ന പേരില്‍ അകറ്റി നിര്‍ത്താനാഗ്രഹിച്ച അതേ അപ്പന്റെ നനഞ്ഞ ഉടലിന്റെ മേലെ കെവിന്‍ മിഴിനീരോടെ വിരലുകളോടിക്കുകയാണ്. തലേന്ന് രാത്രി പാലത്തിന്റെ മുകളില്‍ നിന്നും 'അപ്പച്ചേ' എന്നലമുറയിട്ട് ആകാശത്തേക്കും, താഴെ നദിയിലേക്കും കെവിന്‍ ചിതറിച്ചുവിട്ട വാക്കു കളും സ്വരങ്ങളുമൊന്നും പകലായിട്ടും മടങ്ങിയെത്താത്തതിനാല്‍ ഒന്നുറക്കെ കരയാന്‍ പോലും കെവിന്റെ സ്വരനാളത്തില്‍ നാദങ്ങളൊന്നും അവ ശേഷിക്കുന്നുണ്ടായില്ല. ശവമെന്നും പ്രേതമെന്നും വിളിച്ചും ഭയന്നും മനുഷ്യരാകമാനം അകറ്റി നിര്‍ത്തിയിരുന്ന ചേതനയറ്റ ശരീരങ്ങള്‍ക്ക് മനുഷ്യനെ കൊല്ലാനോ ഭയപ്പെടുത്തുവാനോ പിന്നാലെ വന്ന് പ്രത്യക്ഷപ്പെട്ട് ഞെട്ടി ക്കാനോ ആവില്ലെന്നും, പകരം ജീവിച്ചിരുന്ന നാളില്‍ അവര്‍ക്കരികില്‍ നിന്നവരുടെ ഓര്‍മ്മകളി ലേക്ക് സങ്കടങ്ങളില്‍ കുതിര്‍ന്ന അനുഭവങ്ങളെ നല്കി അവരെ കരയിപ്പി ക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും കെവിന്‍ തിരിച്ചറിഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ പിടികിട്ടാത്ത മനുഷ്യരെയും അവരുടെ ആനന്ദദുഃഖങ്ങളെയും കുറിച്ച് മൃതശരീരങ്ങള്‍ പാഠം പഠിപ്പിക്കുകയാണ്.
തലേന്ന് രാത്രി ചാരായകുപ്പികളും ബീഡികുറ്റികളും, മീന്‍കറിയും ഇറച്ചി ഒലത്തിയതും, തുപ്പലും ഛര്‍ദിയും വീണ് നനഞ്ഞ അതേ മുറ്റത്ത് മറ്റൊരു മേശ ആരോ നിവര്‍ത്തിയിട്ടിരിക്കുന്നു. ഞായറാഴ്ചകളില്‍ മാത്രം ജോണി പള്ളിയില്‍ പോകാന്‍ നേരം ഉടുത്തിരുന്ന വെള്ള ഡബിള്‍ മുണ്ട് ആ മേശയുടെ മുകളില്‍ വിരിച്ചിട്ടിരിക്കുന്നു. ഇടവകപ്പള്ളിയില്‍ നിന്ന് കപ്യാരും ചെമ്മദോര്‍ മാരും ചുമന്നുകൊണ്ടു വന്ന കറുത്ത കുരിശും തിരിക്കാലും വയലറ്റ് നിറത്തിലെ ഊറാലയും മേശയ്ക്കരികില്‍ വച്ചിട്ടുണ്ട്. അടുപ്പെരിയി ക്കാനുള്ള വിറക് വാങ്ങാനുള്ള കാശ് പോലും അവശേഷിക്കാ തിരുന്ന ആ വീടിന്റെ ഉമ്മറത്ത്, ഒരാള്‍ക്ക് കൃത്യമായി നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകത്തിനുള്ള മരത്തിന്റെ ശവപ്പെട്ടിക്ക് ആരാണ് കാശ് മുടക്കിയ തെന്ന് കെവിന്‍ ചിന്തിച്ചു.
തലേന്ന് രാത്രി അപ്പന്റെയൊപ്പം ചാരായ ഗ്ലാസുകള്‍ക്ക് ചിയേഴ്‌സ് പറഞ്ഞ കൂട്ടുകാരൊക്കെ വേലിയുടെ അരികിലും അപ്പുറത്തെ വളപ്പിലും നിന്നുകൊണ്ട് 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,...' എന്ന പ്രാര്‍ഥന തെറ്റിച്ച് ചൊല്ലിക്കൊണ്ടേയിരുന്നു. ചൊല്ലുന്നത് തെറ്റാണെന്ന് തിരുത്തിക്കൊടുക്കാന്‍ പോലും ആളില്ലാത്തയത്ര ദരിദ്രരായിരുന്നു ആത്മീയതയുടെ കാര്യത്തില്‍ ആ ദേശം മുഴുവനും. വീട്ടുമുറ്റത്തു യര്‍ന്നു നിന്ന ചില്ലിത്തെ ങ്ങിന്റെ പാതിവഴിക്ക് ആരോ കെട്ടിത്തൂക്കിയ കോളാമ്പിയില്‍ നിന്നും കന്യാസ്ത്രീമാരുടെ സങ്കടഗാനങ്ങള്‍ ആകാശത്ത് നിന്നും മനുഷ്യരുടെ കണ്ണുകളി ലേക്കൊഴുകിയിറങ്ങി.
തലേന്ന് രാത്രി, ചാരായത്തുള്ളികള്‍ ചുണ്ടില്‍ നിന്നു തെറിക്കു മാറ് ജോണിയും കൂട്ടു കാരും പാടിത്തീര്‍ത്ത 'അല്ലിയാമ്പല്‍ കടവില ന്നരയ്ക്കു വെള്ളം...' എന്ന പാട്ടിനെയും പാട്ടുപെട്ടികളെയും കണ്ണീരിന്റെ പ്രളയത്തില്‍ മുക്കിക്കൊണ്ട് ജോണി യുടെ അമ്മയും അരികി ലിരുന്ന കന്യാസ്ത്രീ മാരും ആകാശത്ത് നിന്നെത്തി നോക്കിക്കൊ ണ്ടിരുന്ന മാലാഖമാരും ഒരുമിച്ച് പാടി...
'സ്വര്‍ഗകവാടം തുറക്കൂ
നാഥാ, കാരുണ്യ വായ്‌പോടെ നോക്കൂ...
നിന്‍ വിളി കേട്ടങ്ങ് വന്നാ
നിന്റെ ദാസനെ സന്നിധി ചേര്‍ക്കൂ...'
കുന്തിരിക്കത്തിന്റെ മണവും പൊകയും ആകാശത്തേക്കുയരുന്ന ആ പകലില്‍, അപ്പന്റെ അരികിലിരിക്കാന്‍ പോലുമാകാതെ കെവിന്‍ ആ മനുഷ്യക്കൂട്ടങ്ങള്‍ക്കു നടുവില്‍ ഒറ്റത്തുരുത്തു പോലെ നിന്നു.
തലേന്ന് ഉടുത്തിരുന്ന മുഷിഞ്ഞ നൈറ്റി മാറി, കുളിച്ച് മുടിയൊക്കെ ചീകി, ഞായറാഴ്ച കുര്‍ബാനയ്ക്ക് മാത്ര മുടുക്കുന്ന വെളുപ്പില്‍ കറുത്ത പൂക്കളുള്ള സാരിയുടുത്ത് കുട്ടിക്കൂറ പൗഡറുമിട്ടുകൊണ്ട് റീത്ത അകത്തുനിന്നും മുറ്റത്തേക്കിറങ്ങി വന്നു. കെട്ട്യോന്‍ ചത്തുകിട ക്കുന്ന നേരത്ത് പെട്ടി ക്കരികില്‍ വന്നിരുന്ന് പൊട്ടിക്കരേയണ്ട നേരത്ത് ഈ റീത്ത എന്ത് തോന്ന്യവാസമാണ് കാണിക്കുന്നതെന്ന് ഉള്ളാലെ ചിന്തിച്ച പെണ്ണുങ്ങളെല്ലാം വെറുതെ ചന്ദനത്തിരി കളെ നോക്കിനിന്നേ യുള്ളൂ. മുറ്റത്തേക്കിറ ങ്ങിയ റീത്ത വേലിയുടെ അരികിലേക്ക് നടന്നു ചെന്ന് വിരിഞ്ഞു നിന്നിരുന്ന പാരിജാത ത്തിന്റെ ഒന്നു രണ്ടു പൂക്കള്‍ പൊട്ടിച്ചെടുത്ത് ജോണിയുടെ പെട്ടിക്കരികിലേക്ക് വന്നു. രണ്ടു പൂക്കള്‍ ജോണിയുടെ കാലിന്റെ ഭാഗത്തും ബാക്കിയുള്ളവ മുഖത്തിനരികിലുമായി വച്ചു. ആഞ്ഞു കത്തിക്കൊണ്ടിരുന്ന മെഴുകുതിരി നാളത്തെക്കാളും, എരിഞ്ഞ് ഉരുകിയിരുന്ന കുന്തിരിക്ക കരിയെക്കാളും തീവ്രത യില്‍ റീത്ത പറിച്ചെടുത്തു കൊണ്ടുവന്ന പാരിജാത പൂക്കളുടെ പരിമളം അവിടം മുഴുവന്‍ പടര്‍ന്ന് പിടിച്ചു.
അതുവരെ അടക്കി പ്പിടിച്ച കരച്ചിലിന്റെ കടവാവലുകളെ തുറന്നു വിട്ടുകൊണ്ട് ജോണി യുടെ അമ്മ 'എന്റെ മോളെ' എന്നു വിളിച്ചു കൊണ്ട് അലറിക്കരഞ്ഞു. ലാസറിന്റെ കുഴിമാട ത്തിനരികില്‍ നിന്നു കൊണ്ട് കരഞ്ഞതിനു ശേഷം ക്രിസ്തു അന്ന് സ്വര്‍ഗത്തിലിരുന്ന് രണ്ടാമതായ് കരഞ്ഞു; മരിച്ചുപോയ ജോണിയെ ഓര്‍ത്തല്ല, അവശേഷി ക്കുന്ന ആ രണ്ട് സ്ത്രീകളെയും രണ്ട് കുഞ്ഞുങ്ങളെയും ഓര്‍ത്തുകൊണ്ട്.
പള്ളിക്ക് വേണ്ടി യല്ലാതെ ഒരിക്കല്‍ പോലും അമ്മ പറിക്കാതി രുന്ന ആ പാരിജാത പൂക്കളെയും റീത്തയെ യും നോക്കിക്കൊണ്ട് കെവിന്‍ അമ്മയുടെ അരികിലേക്ക് നടന്നു ചെന്നു. അമ്മ കരയുന്നില്ല, കാരണം അമ്മയ്ക്കറിയാം ഇതുവരെ അറുത്തതും കൊടുത്തയച്ചതുമായ ഒരൊറ്റ പാരിജാത പൂക്കളും സ്വര്‍ഗത്തിലെ ത്തിയിട്ടില്ലെങ്കിലും ഇന്നത് ഉറപ്പായും അവിടെ ചെല്ലും. സ്വര്‍ഗരാജ്യത്തേക്ക് ചെല്ലുന്ന നേരത്ത് ജോണി പത്രോസി നോടും മാലാഖമാരോടും പറയും 'ഇത് റീത്ത തന്നതാണെന്ന്.' ചെയ്തുപോയ പിഴവുകളുടെ കണക്കു സൂക്ഷിക്കുന്ന പത്രോസിന്റെ ആ കൈപ്പുസ്തകത്തിലെ ജോണിയുടെ പാതക ങ്ങളുടെ കണക്ക് മായിച്ചുകൊണ്ട് റീത്തയുടെ കരച്ചില്‍ തുള്ളികളും, അമ്മയുടെ ഗദ്ഗദങ്ങളും മക്കളുടെ നിഷ്‌ക്കളങ്ക നിലവിളി കളും പടര്‍ന്ന് പിടിക്കും.
ചെയ്തുപോയ പിഴവുകളുടെ കണക്ക് സൂക്ഷിക്കുന്ന പത്രോസിന്റെ ആ കൈപ്പുസ്തകത്തിലെ 'ജോണിയുടെ പാതകങ്ങളുടെ' കണക്ക് മായിച്ചുകൊണ്ട് റീത്തയുടെ കരച്ചില്‍ കണങ്ങള്‍ പെയ്തിറങ്ങി. ആരും വക്കാലത്ത് പറഞ്ഞ് കയറ്റിവിടാന്‍ സാധ്യതയില്ലാത്ത ജോണിയുടെ സ്വര്‍ഗപ്രവേശനത്തിനുവേണ്ടി വറീത് പുണ്യാളനും അല്‍ഫോന്‍സാമ്മയും ചേര്‍ന്ന് ജോണിയുടെ അമ്മയുടെ നെടുവീര്‍പ്പുകളെ മാധ്യസ്ഥ പ്രാര്‍ഥനകളാക്കി മാറ്റി സ്വര്‍ഗത്തെ ബോധിപ്പിച്ചു. കല്‍ഭരണികള്‍ക്കകത്തെ ശൂന്യത പേറുന്ന കെവിന്റെയും അനിയത്തിയുടെയും നിരാശയുടെ ഇരുട്ടു മുറിയിലേക്ക് അമ്മ മറിയത്തിന്റെ മിഴികളിറങ്ങി ചെന്നു.
മനുഷ്യരുടെ ഭാഷയില്‍ നിലവിളിക്കാനറിയാത്ത കൈസര്‍, ജോണിയുടെ മഞ്ചത്തിലേക്ക് മാത്രം മിഴി പായിച്ചുകൊണ്ട് തറയില്‍ കഴുത്തമര്‍ത്തി കിടന്നു. ചാവുമണിയുടെ ഗീതം മുഴക്കി മനുഷ്യരാരൊക്കെയോ ചേര്‍ന്ന് ജോണിയുടെ ഉടല്‍ ആകാശത്തേക്കുയര്‍ത്തവേ അപ്പൂപ്പന്‍ താടിപോലൊരു പെണ്ണ് ഭൂമിയിലേക്കുതിര്‍ന്ന് വീണു. അപ്പനെന്നൊരു ആല്‍മരം ഉലഞ്ഞുവീണപ്പോള്‍ വീടുടഞ്ഞ് പോയത് എത്ര മനുഷ്യര്‍ക്കാണ്. ജോണി കുടിയനാണെന്നും കുടുംബം നോക്കാത്തവനാണെന്നും സ്‌നേഹിക്കാനറിയാത്തവനാണെന്നും ആരാണ് ആ ദേശത്തോടു കള്ളം പറഞ്ഞത്? ജോണി ഒരു വീടായിരുന്നു. റീത്തയും അമ്മയും മക്കളും കൈസറും പാര്‍ത്തിരുന്ന ആ ചെറിയ വീടാണ് മനുഷ്യരെല്ലാവരും കൂടി തോളില്‍ ചുമന്ന് കൊണ്ടുപോകുന്നത്.
(തുടരും)