വി. ഫ്രാൻസിസ് സേവ്യർ ക്രൂരനും ഭീകരവാദിയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് പൊതുയോഗത്തിൽ പ്രസംഗിച്ച ഗൌതം ഘട്ടർ എന്നയാൾക്കെതിരെ ഗോവയിലെ പോലീസ് കേസെടുത്തു. ക്രൈസ്തവരുടെ മതവികാരങ്ങൾ വ്രണപ്പെടുത്തിയതിനെതിരായ കേസുമായി പോലീസ് മുന്നോട്ടുപോകുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
വാസ്കോ ഡ ഗാമ പട്ടണത്തിൽ ഒരു ഹിന്ദു സംഘടന നടത്തിയ യോഗത്തിലാണ് പ്രശസ്ത യൂട്യൂബറായ ഘട്ടർ സെ.സേവ്യറെ അപമാനിച്ചത്. ഒരു മന്ത്രിയും രണ്ടു നിയമസഭാംഗങ്ങളും വേദിയിലിരിക്കെയായിരുന്നു ഇത്. ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ മൃതദേഹത്തെ കുറിച്ചും ഘട്ടർ അധിക്ഷേപം ചൊരിഞ്ഞു.
പത്തു വർഷം കൂടുമ്പോൾ വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനു വയ്ക്കുകയും 45 ദിവസം നീണ്ടു നിൽക്കുന്ന ഈ ദർശനവേളയിൽ ലക്ഷങ്ങൾ ഗോവയിലെത്തുകയും ചെയ്തുവരുന്നുണ്ട്. അതാണ് ഘട്ടറുടെ നിന്ദാവാക്യങ്ങൾക്ക് വിധേയമായത്.
ഗോവയിലെ ലക്ഷകണക്കിനു വിശ്വാസികൾ ഗോവയുടെ രക്ഷകനായി വന്ദിച്ചു പോരുന്ന വിശുദ്ധനാണ് ഫ്രാൻസിസ് സേവ്യർ. എല്ലാ വർഷവും ഡിസംബർ 3 നു നടക്കുന്ന വിശുദ്ധന്റെ തിരുനാളിൽ മതഭേദമെന്യേ ലക്ഷങ്ങൾ പങ്കെടുത്തുവരുന്നുണ്ട്. അതിനെയും ഘട്ടർ അധിക്ഷേപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഘട്ടർക്കെതിരെ കോൺഗ്രസ് പാർടിയാണ് പോലീസിൽ പരാതി നൽകിയത്. യോഗം സംഘടിപ്പിച്ച സനാതൻ ധർമ്മരക്ഷാസമിതി ക്രൈസ്തവരോടു മാപ്പു പറഞ്ഞിട്ടുണ്ട്.