Kerala

സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം: ബിഷപ്പ് ഡി. സെൽവരാജ്

Sathyadeepam

നെയ്യാറ്റിൻകര: കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് തിരുസഭ നൽകിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ഡി. സെൽവരാജ്. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെ എൽ സി എച്ച് എ ) നെയ്യാറ്റിൻകര രൂപതാ യൂണിറ്റ് രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചും വിവിധ സാമൂഹിക സേവനങ്ങൾ ഏറ്റെടുത്തും കേരളത്തിന്റെ പുരോഗതിയിൽ ലത്തീൻ സഭ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയേറെ സംഭാവനകൾ നൽകിയ ലത്തീൻ സമൂഹത്തിന്റെ ചരിത്രം അർഹിക്കുന്ന രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. സമൂഹത്തിന്റെ അധ്വാനവും ത്യാഗങ്ങളും വിസ്മൃതിയിലായിപ്പോയ ചരിത്രപരമായ ഈ അനീതി തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ചരിത്രം പഠിക്കുകയും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗം. പി. ദേവദാസ് രചിച്ച ചരിത്രവും സംസ്കാരവും എന്ന ഗ്രന്ഥത്തിലൂടെ നെയ്യാറ്റിൻകര രൂപതയുടെ ചരിത്രം സമഗ്രമായി അവതരിപ്പിച്ചിട്ടുണ്ട്. നാടൻപാട്ടുകൾ, ആരാധനാക്രമങ്ങൾ, മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ എന്നിവ വരുംതലമുറയ്ക്കായി ശേഖരിക്കുകയും അമൂല്യമായ ചരിത്രരേഖകളും ഗ്രന്ഥങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുകയും വേണം. യുവതലമുറയിൽ തങ്ങൾ സമ്പന്നമായൊരു ചരിത്രപാരമ്പര്യത്തിന്റെ അവകാശികളാണെന്ന അഭിമാനം വളർത്താൻ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ നിർണായക പങ്കുവഹിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

രൂപതാ വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ചു. കെ എൽ സി എച്ച് എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ, എപ്പിസ്കോപ്പൽ വികാർ മോൺ. ജോണി കെ. ലോറൻസ്, രൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. രാഹുൽ ആന്റോ, സംസ്ഥാന ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഡോ. ജോൺ ബോസ്കോ, കെ എൽ സി എച്ച് എ സംസ്ഥാന ഭാരവാഹികളായ ഡോ. എസ്. റായ് മെൻ, ഇഗ്നേഷ്യസ് തോമസ്, ബേബി ബിതദേവൂസ് ക്രൂസ്, നെൽസൺ എട്ടുരുത്തിൽ, ഡോ. സുരേഷ് ജെ., രൂപതാ അനിമേറ്റർ ഷൈല മാർക്കോസ് എന്നിവർ പ്രസംഗിച്ചു.

മുനമ്പം ഭൂമി വഖഫിൻ്റേതെന്ന പ്രസ്‌താവനയിൽ പ്രതിഷേധം, സമരവുമായി ജനങ്ങൾ വീണ്ടും തെരുവിൽ

'ജീസസ് യൂത്ത് പ്രസ്ഥാനം' യുവത്വത്തിന്റെ പുതുമയും വിശ്വാസത്തോടുള്ള ഉത്സാഹവും അടയാളപ്പെടുത്തണം: പാപ്പാ

കുടുംബ പ്രേഷിതരുടെയും സമര്‍പ്പിത കുടുംബങ്ങളുടെയും സംഗമം

സഹനത്തെ കൃപയാക്കിയ മലയാളി യുവതി അജ്ന ജോർജ്ജിനെ അനുസ്മരിച്ച് ലെയോ പാപ്പ

ചാന്ദാ കത്തോലിക്കാ രൂപതയുടെ നേതൃത്വത്തിൽ ലോകസമാധാന റാലി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു