കൊച്ചി:കുടുംബങ്ങളെ ശക്തിപ്പെടുത്തിയും സാമൂഹിക ബന്ധങ്ങളെ പുനർനിർമ്മിച്ചും നല്ല മാതൃകകൾ സൃഷ്ടിച്ചും യുവാക്കളെ നേതൃത്വത്തിലേക്ക് ഉയർത്തിയുമാണ് ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുകയെന്ന് കേരള കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാനും ഹൈക്കോടതി റിട്ട. ജസ്റ്റിസുമായ കെ .എബ്രഹാം മാത്യു പറഞ്ഞു.
ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "യുവത്വം വഴിത്തിരിവിൽ, പ്രതിസന്ധികളും പ്രതിവിധികളും " എന്ന വിഷയത്തിൽ നടന്ന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകളിൽ നിറയുന്ന, നിയമലംഘനങ്ങളിൽ ഉൾപ്പെടുന്ന യുവജനങ്ങളുടെയും കൗമാരക്കാരുടെയും എണ്ണത്തിലെ വർദ്ധനവ് ആശങ്കയോടെയാണ് സമൂഹം വീക്ഷിക്കുന്നത്. യുവതയുടെ അനുകരണീയമായ നേതൃത്വ മാതൃകകൾ അവരിൽ നിന്ന് തന്നെ ഉയർന്നു വരാനും അത് വഴി അവരുടെ ക്രിയാത്മക ശക്തിയെ സമൂഹ മുന്നേറ്റത്തിൻ്റെ ഊർജ്ജസ്രോതസ്സായി മാറ്റാനും കഴിയും. അർത്ഥവത്തായ സാമൂഹിക മാറ്റം കുടുംബത്തിൽ നിന്നാരംഭിക്കണം.കുട്ടികളുമായി മാതാപിതാക്കൾ നിരന്തരമായ ആശയവിനിമയം നടത്തണം. എന്ത് ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നതിനേക്കാൾ ഉത്തരവാദിത്വത്തോടെ എങ്ങനെ ജീവിക്കണം എന്ന് പോസിറ്റീവായി മാർഗ്ഗനിർദ്ദേശം നല്കണം . കുടുംബങ്ങളിൽ നിന്ന് കരുതൽ, സ്നേഹം, വൈകാരിക സുരക്ഷ, അച്ചടക്കം, മൂല്യബോധം എന്നിവ ലഭിക്കണം. യുവാക്കൾക്ക് ആദരിക്കാനും പിന്തുടരാനും കഴിയുന്ന നല്ല മാതൃകകൾ ഉണ്ടാകണം. യുവാക്കൾ തന്നെ യുവാക്കളെ നയിക്കുന്ന സാഹചര്യം രൂപപ്പെടണമെന്നും ജസ്റ്റീസ് തുടർന്നു പറഞ്ഞു.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ ജോൺ വിഷയാവതരണ പ്രഭാഷണം നടത്തി.നല്ല വളർത്തൽ ശീലങ്ങളുടെ അഭാവം കുട്ടികൾക്കുണ്ട്. ആക്സിലറേറ്റർ ഉണ്ടെങ്കിലും ഫലപ്രദമായ ബ്രേക്ക് ഇല്ലാത്ത വാഹനം പോലെയാണവർ. യുവാക്കളെ നിയന്ത്രിക്കുന്നതിനേക്കാൾ അവർക്ക് ആവശ്യം പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് .കുട്ടികളുടെ കുറ്റ പ്രവണതകൾക്ക് തെറ്റായ രക്ഷാകതൃത്വവും സാമൂഹിക ചുറ്റുപാടും പ്രധാന കാരണമാണ്.മൃദു അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ സാഹചര്യം കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട്. അക്രമത്തെ സ്വാഭാവികമായി പെരുമാറ്റമായി അവർ കാണുന്നു. നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളെ കുറ്റവാളികളായി മാത്രം കാണാതെ അവർക്ക് പരിചരണവും അവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി തിരുത്തലിനുള്ള സാഹചര്യവും സൃഷ്ടിക്കണം - ഡോ .സി .ജെ ജോൺ പറഞ്ഞു.
അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ്, ചാപ്ലിൻ റവ. ഡോ. ഇ. പി മാത്യു, സുപ്രീകോടതി റിട്ട. ജസ്റ്റീസ് സിറിയക് ജോസഫ്, ലിഡാ ജേക്കബ് ഐ എ എസ് , ജോർജ് കാടൻകാവിൽ, ജ്യോതി നാരായണൻ, ഡോ. വിക്ടർ ജോർജ്, ബാബു ജോർജ്, സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ, ഡാനിയേൽ പാപ്പച്ചൻ, ഡോ. കെ.എം മാത്യു, അഡ്വ റോയി ചാക്കോ, ബാബു ജോൺ എന്നിവർ പ്രസംഗിച്ചു.