

‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു’ എന്നാണ് പറയാറ്. എന്നാൽ, അവിടെയൊക്കെ യഥാർത്ഥത്തിൽ ദൈവം ‘ഇരിക്കുന്നുണ്ടോ’? ദൈവം അനാദിയാണെന്നും, അപരിമേയൻ ആണെന്നും സർവ്വവ്യാപിയാണെന്നും പഴയനിയമ തിരുലിഖിതങ്ങൾ പേർത്തും പേർത്തും പ്രഖ്യാപിക്കുന്നുണ്ട്.
ദാവീദ് രാജാവായപ്പോൾ ദൈവത്തിന് ഒരു ആലയം പണിയാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ‘എനിക്ക് ആലയം പണിയേണ്ടത് നീയാണോ?’ എന്നു ചോദിച്ച് ദൈവം ദാവീദിനെ വിലക്കുന്നു. നിന്റെ പുത്രനായിരിക്കും എനിക്കൊരു ആലയം പണിയുക എന്നും ദൈവം പറഞ്ഞു. അതനുസരിച്ച്, ദാവീദിന് ബത്ഷേബായിൽ ജനിച്ച സോളമൻ രാജാവാണ് ദൈവത്തിനായി സുന്ദരമായ ഒരു ആലയം പണിയുന്നത്. പുതിയ ദേവാലയത്തിലേക്ക് ദൈവത്തിന്റെ വാഗ്ദാനപേടകം സംവഹിക്കപ്പെട്ടു. താൻ പണികഴിപ്പിച്ച പുത്തൻ ദേവാലയത്തിൽ നിന്നുകൊണ്ട് സോളമൻ ദൈവികസാന്നിധ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട്. പ്രസ്തുത പ്രാർത്ഥനയിൽ സോളമൻ ‘എ മില്യൺ സ്റ്റേറ്റ്മെന്റ്’ എന്ന് പറയാവുന്ന ഒരു പ്രസ്താവന നടത്തുന്നുണ്ട്. “എന്നാൽ, ദൈവം യഥാർത്ഥത്തിൽ ഭൂമിയിൽ വസിക്കുമോ? അങ്ങയെ ഉൾക്കൊള്ളാൻ സ്വർഗ്ഗത്തിനും സ്വർഗ്ഗാധിസ്വർഗ്ഗത്തിനും അസാധ്യമെങ്കിൽ ഞാൻ നിർമ്മിച്ച ഈ ഭവനം എത്ര അപര്യാപ്തം!” (1 രാജാ. 8:27) എന്നാണ് വിജ്ഞാനിയായ സോളമൻ പറയുന്നത്.
ദൈവം അനാദിയും അനന്തനും ആണ്: ഇൻഫിനിറ്റ്. ഇൻഫിനിറ്റ് ആയ ദൈവത്തിന് ഫൈനൈറ്റ് ആയ ഇടത്തിൽ ഇരിക്കാൻ കഴിയുമോ? സ്പെയ്സിൽ അഥവാ ഇടത്തിൽ ഒതുങ്ങാൻ കഴിയുമോ? ആവില്ലതന്നെ. ദൈവം എല്ലായിടത്തും ഉണ്ട് എന്നുപറയുമ്പോഴും, ദൈവത്തിന് ഒരിടത്തും ആയിരിക്കാനാവില്ല. സ്വർഗ്ഗം ആകാശത്തിൽ എവിടെയോ ആണ് എന്ന് നാം ഭാവന ചെയ്യുന്നു. ഇന്ന് നാം അറിയുന്ന പ്രപഞ്ചത്തിന് 93 ബില്യൺ പ്രകാശ വർഷങ്ങളുടെ വ്യാപ്തിയാണ് പറയപ്പെടുന്നത്. നമുക്ക് ഭാവന ചെയ്യാൻ കഴിയുന്നതിന് അപ്പുറമാണ് ഇപ്പറയുന്ന 93 ബില്യൺ പ്രകാശ വർഷങ്ങൾ എന്നിരിക്കിലും, അതുപോലും ഫൈനൈറ്റ് ആണ്. ദൈവം അതുക്കും മേലെയാണ്. അങ്ങനെ ഇൻഫിനിറ്റ് ആയ ദൈവം ഒരു ചെറിയ ഇടത്തിലേക്ക് ഒതുങ്ങി എന്നുപറയുന്നതാണ് ക്രിസ്റ്റ്യാനിറ്റിയുടെ “ഭോഷത്തം” - സ്കാൻഡൽ. അനന്തത ഒരു മുറിയിലേക്ക് ചുരുങ്ങുകയോ?! ദൈവം ശരീരമെടുക്കുമ്പോൾ സംഭവിക്കുന്നത് അതാണ്.
“നിന്റെ പുത്രൻ എനിക്കൊരു ആലയം തീർക്കും” എന്ന് ദൈവം ദാവീദിനോട് പറയുമ്പോൾ ദാവീദിന് മനസ്സിലാവുന്നത് അയാളുടെ ജഡപ്രകാരമുള്ള സന്തതി അതുചെയ്യും എന്നാണ്. സത്യത്തിൽ, ദൈവത്തിന് ആലയം പണിയാൻ ദാവീദ് പോരെങ്കിൽ, അയാളുടെ പുത്രനായ സോളമനും അതിന് കഴിയില്ലല്ലോ! ആലയം പണിയുന്ന പുത്രൻ ദാവീദിന്റെ വംശപരമ്പരയിൽ ഏറെക്കാലത്തിനു ശേഷം വന്നുപിറന്ന ദൈവം തന്നെയായിരുന്നു എന്നുപറയാനാണ് സുവിശേഷങ്ങൾ ശ്രമിക്കുന്നത്.
സത്യത്തിൽ ദൈവം ഇടത്തെ - സ്പെയ്സിനെ തന്നിലേക്ക് ചേർത്ത് തന്റെ ഭാഗമാക്കുകയാണ് എന്നു പറയാം. അതോടെ സംഭവിക്കുന്നത് എന്താണ്? ഈ ഭൂമി, ഇടം, പ്രദേശം, സ്ഥലം, പരിസരം, ചുറ്റുപാട്, ഭാഷ: എല്ലാം പവിത്രമായി മാറുകയായി. ഇനിമേൽ നാം നമ്മുടെ ഇടത്തെ, പരിസരത്തെ, ചുറ്റുപാടിനെ ആദര വോടെ സമീപിക്കണം. കാരണം, ഇടം പരിശുദ്ധമായി ക്കഴിഞ്ഞു. “ഈ മലയിലോ ജറൂസലേമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം” എന്ന് യേശു സമരിയാക്കാരി സ്ത്രീയോട് പറയുന്നുണ്ട്. ഇനിമേൽ എവിടവും ദേവാലയം ആകാം.
നമ്മുടെ ഇടയിൽ വന്ന; പ്രാദേശികവൽക്കരിക്കപ്പെട്ട ദൈവം, നമ്മുടെ കാലത്തെ മൂർത്തമായ യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ നമ്മെ നിർബന്ധിക്കുകയായി. ‘അതും -ദൈവം- പൂർണ്ണം; ഇതും -പ്രപഞ്ചം- പൂർണ്ണം’ എന്ന ഉപനിഷിദിക് ദർശനത്തിൽനിന്ന് വ്യത്യസ്തമാണ് യാഹൂദിക-ക്രൈസ്തവ ദർശനം എന്നാണ് മനസ്സിലായിട്ടുള്ളത്. അസമത്വങ്ങൾ പരമാവധി ഇല്ലാതാ ക്കാനും അനീതികൾ തുടച്ചുമാറ്റാനും നമ്മുടെ ഇടത്തെ കൂടുതൽ സുന്ദരവും സ്നേഹ സമ്പുഷ്ടവുമാക്കാനും നാം നിർബന്ധിക്കപ്പെടുന്നുണ്ട്, ദൈവം ഇമ്മാനുവൽ (നമ്മോടുകൂടെ) ആകുമ്പോൾ.
പരിമിതത്വത്തെ (finiteness) ഇൻഫിനിറ്റി പുണരുമ്പോൾ, പരിമിതി യുള്ളതിന് ഇൻഫിനിറ്റിയിലേക്കുള്ള ഇടനാഴി തുറക്കുകയാണ്. ഇൻഫിനിറ്റി യിലേക്കുള്ള പാത നമുക്കുമുന്നിൽ വരയപ്പെട്ടിട്ടുണ്ട്. ഹൃദയത്തെ ഉയർ ത്താതെ, മനസ്സിനെ വിശാലമാക്കാതെ ആയിരിക്കാൻ നമുക്കിനി ആവില്ല. മനസ്സിനെ വിശാലമാക്കാനുള്ള ക്ഷണ മാണ് സുവിശേഷം എന്ന് ഒറ്റവാക്കിൽ പറയാം. അടിമയെ വിമോചിപ്പിക്കുന്ന, ബന്ധനത്തിന്റെ കയറുകൾ അരിയുന്ന നിയോഗം നമുക്ക് പുറത്തു മാത്രമല്ല അകത്തും നടക്കണം.
യാത്രകൾ നമ്മുടെ കാലത്തിന്റെ പ്രത്യേകതയാണ്. പുറത്തേക്കുള്ള യാത്രകൾ നല്ലതാണ്. ഒപ്പം അകത്തേ ക്കുകൂടി യാത്ര ചെയ്യാൻ കഴിഞ്ഞാൽ അതിശ്രേഷ്ഠം. ആത്മശോധനകൾ ഏറെ ഉപകാരപ്പെടും. മാറിനിന്ന്, സ്വന്തം വാക്കിനെയും പ്രവൃത്തിയെയും സമീപനത്തെയും നോക്കുകയാണ് അത്. അവകളിലെ ഗൂഢോദ്ദേശ്യങ്ങളെ പതുക്കെ നമുക്ക് പിടികിട്ടാൻ തുടങ്ങും. തൊടിയിലോ, ടെറസ്സിനു മുകളിലോ, വീട്ടുവരാന്ത യിലോ ഓരോ കല്ലിനെയും പുല്ലിനെയും കടാക്ഷിച്ച് നിശ്ശബ്ദമായി ഏതാനും നിമിഷം നടക്കണം; ഒപ്പം നമ്മെ പിന്നിൽനിന്ന് പുണർന്നു കൊണ്ടിരിക്കുന്ന നിത്യ പ്രകാശത്തെക്കുറിച്ച് അവബോധപ്പെടണം.
ദൈവം നമ്മോടുകൂടെ!