കോഴിക്കോട്: തിയോളജിക്കല്‍ സ്റ്റുഡന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കല്ലായി സെന്റ് പാട്രിക്സ് ദേവാലയങ്കണത്തില്‍ വച്ച് തിയോളജിക്കല്‍ സ്റ്റുഡന്‍സ് ഫോറം വിദ്യാർത്ഥികളുടെ സംഗമവും ചര്‍ച്ചാസമ്മേളനവും സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി ആത്മീയവും സാമൂഹികവുമായ വിഷയങ്ങളില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതിനും ദൗത്യബോധം ശക്തിപ്പെടുത്തുന്നതിനും വേദിയായി.
ദൈവശാസ്ത്ര പഠനവും സഭാ ദൗത്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. ‘ക്രൈസ്തവ കുടുംബങ്ങളില്‍ അജപാലനപരമായ ദൗത്യത്തില്‍ എന്റെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച നടത്തി.കുടുംബം വിശ്വാസത്തിന്റെ ആദ്യ പാഠശാലയാണെന്നും കുടുംബബന്ധങ്ങളുടെ വളര്‍ച്ചയിലും വിശ്വാസ ജീവിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിലും അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നിർണ്ണായക സ്ഥാനമുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായപെട്ടു.
കുടുംബം സമൂഹത്തിന്റെയും സഭയുടെയും അടിസ്ഥാന ഘടകമാണെന്നും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും വിശ്വാസബോധത്തിനും ധാര്‍മ്മിക മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും കുടുംബം നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും, എന്നാല്‍ ആധുനിക ജീവിതശൈലി, തിരക്കേറിയ ജീവിതക്രമം, സാങ്കേതിക വിദ്യയുടെ അമിത സ്വാധീനം, കുടുംബബന്ധങ്ങളിലെ അകലം, വര്‍ദ്ധിച്ചു വരുന്ന വ്യക്തികേന്ദ്രീകൃത സമീപനങ്ങള്‍ എന്നിവ കുടുംബങ്ങളുടെ ഐക്യത്തിനും ആത്മീയജീവിതത്തിനും വെല്ലുവിളിയായി മാറുന്നുണ്ടെന്നും ചര്‍ച്ചയില്‍ കണ്ടെത്തി.
ഇത്തരം സാഹചര്യങ്ങളില്‍ അജപാലന പ്രവര്‍ത്തന ങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും സഭാ പ്രവര്‍ത്തകര്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്നും സമ്മേളനം വിലയിരുത്തി. കുടുംബങ്ങളെ സന്ദര്‍ശിച്ച് അവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കുക, കുടുംബ പ്രാർഥനകള്‍ പ്രോത്സാഹിപ്പിക്കുക, ദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ആത്മീയവും മാനസികവുമായ മാർഗനിർദേശങ്ങള്‍ നല്‍കുക, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുക തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
വിശ്വാസ കൈമാറ്റം കുടുംബത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും മാതാപിതാക്കള്‍ കുട്ടികളുടെ ആദ്യ വിശ്വാസ അധ്യാപകരാണെന്നും ചര്‍ച്ച നിരീക്ഷിക്കുക യുണ്ടായി. സാമൂഹിക മാറ്റങ്ങള്‍ അതിവേഗം സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ആത്മീയ മൂല്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചര്‍ച്ച ചെയ്തു. യുവതലമുറയെ സഭയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും കുടുംബങ്ങളിലെ വിശ്വാസാന്തരീക്ഷം വളര്‍ത്തുന്നതിനും തിയോളജിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ സഭാ നേതാക്കളെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍, ക്രൈസ്തവ കുടുംബങ്ങളെ വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനും കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഭയുടെ അജപാലന ദൗത്യത്തില്‍ കൂടുതല്‍ സജീവ പങ്കാളികളാകുമെന്ന് പ്രതിജ്ഞാബദ്ധത അറിയിച്ചു. യോഗം സിസ്റ്റര്‍ ലില്ലി ഉദ്ഘാടനം ചെയ്തു. പ്രകാശ് പീറ്റര്‍ വിഷയാവതരണം നടത്തി. ബിജു, വില്യം, സന്തോഷ്, മേരി, ജിജി പാട്രിക് സ്വാഗതവും ആന്റണി റോമി എന്നിവര്‍ നേതൃത്വം നല്‍കി.