

അസ്സമിലെ ഗുവാഹത്തി അതിരൂപത മുൻ ആർച്ച്ബിഷപ്പ് തോമസ് മേനാമ്പറമ്പിൽ എസ്.ഡി.ബി. (90) അന്തരിച്ചു. നവംബർ 25 ബുധനാഴ്ച പുലർച്ചെ 5.40-ന് ഹൈദരാബാദിലെ എ.ഐ.ജി (AIG) ആശുപത്രിയിലായിരുന്നു അന്ത്യം.
ദിബ്രുഗഡ് ബിഷപ്പ് (1981–1992), ഗുവാഹത്തി ബിഷപ്പ് (1992–1995), ഗുവാഹത്തി ആർച്ച് ബിഷപ്പ് (1995–2012), ജോവായ് രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ (2014–2016) എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
1936 ഒക്ടോബർ 22-ന് കേരളത്തിലെ വാകക്കാടാണ് ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിൽ ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. തമിഴ്നാട്ടിലെ യേർക്കാടിൽ ഒരു വർഷത്തെ സന്യാസ പരിശീലനത്തിന് ശേഷം 1955 മെയ് 24-ന് അദ്ദേഹം ഡോൺ ബോസ്കോ സന്യാസസഭയിൽ ചേർന്നു. 1965 മെയ് 2-ന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിന് ശേഷം 1965-ൽ മേഘാലയയിലെ ഷില്ലോങ്ങിലുള്ള സാവിയോ ജൂനിയറേറ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി. 1969 മുതൽ 1972 വരെ സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റൽ (സ്റ്റീഫൻ ഹാൾ) വാർഡനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1972 മുതൽ 1975 വരെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഡോൺ ബോസ്കോ സൊസൈറ്റിയുടെ വൈസ് പ്രൊവിൻഷ്യലായിരുന്നു. 1981 ജൂലൈ 13-ന് ദിബ്രുഗഡ് ബിഷപ്പായി നിയമിതനായി. 1992 ഏപ്രിൽ 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുതായി രൂപീകരിച്ച ഗുവാഹത്തി രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു.
1995 ഓഗസ്റ്റ് 1-ന് ഗുവാഹത്തി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹം പ്രഥമ ആർച്ച് ബിഷപ്പായി. ലോവർ അസമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റലുകളോടുകൂടിയ നിരവധി സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് 2000-ൽ ബൊംഗൈഗാവ് എന്ന പുതിയ രൂപത നിലവിൽ വന്നത്.
1996-ൽ കൊക്രജാർ മേഖലയിലുണ്ടായ രൂക്ഷമായ വംശീയ കലാപത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും രണ്ടര ലക്ഷത്തോളം ബോഡോകളും ആദിവാസികളും (പ്രത്യേകിച്ച് സന്താളുകൾ) അമ്പതിലധികം അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടുകയും ചെയ്തപ്പോൾ, ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രായോഗിക വൈദഗ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റ് ക്രൈസ്തവ സഭകളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും പിന്തുണയോടെ ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ഒരുമിച്ചിരുത്തി സമാധാന ചർച്ചകൾക്ക് അദ്ദേഹം മുൻകൈയെടുത്തു. ഈ നീക്കം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു.
സമാനമായ രീതിയിൽ 1999-ൽ മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിൽ കുക്കികളും പൈറ്റുകളും തമ്മിലുണ്ടായ സംഘർഷത്തിൽ നാനൂറിലധികം പേർ മരിക്കുകയും അത്രതന്നെ ഗ്രാമങ്ങൾ കത്തിക്കപ്പെടുകയും ചെയ്തപ്പോഴും മറ്റ് സഭാ നേതാക്കളുടെ അഭ്യർത്ഥനപ്രകാരം ആർച്ച്ബിഷപ്പ് ഇടപെട്ടു. ഇരുവിഭാഗം നേതാക്കളുമായും നടത്തിയ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനും അവിടെ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഹാഫ്ലോങ്ങിന് സമീപമുണ്ടായ ദിമാസ-ഹ്മാർ സംഘർഷത്തിലും (100 മരണം) ദിഫുവിന് സമീപമുണ്ടായ കുക്കി-കർബി സംഘർഷത്തിലും (46 മരണം) അദ്ദേഹം വിജയകരമായി ഇടപെട്ടു. രണ്ടിടത്തും സമാധാനം തിരിച്ചെത്തുകയും പുതിയ സമാധാന ശ്രമങ്ങൾ തുടരുകയും ചെയ്തു.
2003 ഓഗസ്റ്റിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ എല്ലാ സഭകളും ചേർന്ന് ഒരു സംയുക്ത സമാധാന സമിതി (Joint Peace Team) രൂപീകരിച്ചപ്പോൾ ആർച്ച്ബിഷപ്പ് തോമസ് മേനാമ്പറമ്പിലായിരുന്നു അതിന്റെ കൺവീനർ. സോഷ്യൽ ഫോറം, ഡോൺ ബോസ്കോ യൂത്ത് സർവീസസ്, നോർത്ത് ഈസ്റ്റ് ഹെൽത്ത് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ മേഖലയിൽ നടന്ന നിരവധി സമാധാന പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് അദ്ദേഹമാണ്.
1998-ൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായി നൽകുന്ന മുംബൈയിലെ പ്രശസ്തമായ 'മാഷിയോ അവാർഡ്' (Maschio Award) ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിലിന് ലഭിച്ചു. മദർ തെരേസയും ബാബ ആംതെയുമാണ് ഇതിനുമുമ്പ് ഈ പുരസ്കാരം നേടിയ പ്രമുഖർ. ജനങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവ്വം 'സമാധാനത്തിന്റെ പ്രവാചകൻ' (Peace Prophet) എന്നാണ് വിളിച്ചിരുന്നത്.
1998-ൽ ആധുനിക കാലഘട്ടത്തിൽ ഏഷ്യൻ സഭയുടെ ഏറ്റവും വലിയ സമ്മേളനമായ റോമിലെ ഏഷ്യൻ സിനഡിന്റെ സ്പെഷ്യൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. റോമിലെ സമർപ്പിത ജീവിതത്തിനായുള്ള കോൺഗ്രിഗേഷനിൽ അംഗമായും സി.ബി.സി.ഐ (CBCI) വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. 2010-ലെ ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടന്ന ചടങ്ങിൽ ഉപയോഗിക്കുന്നതിനായി കുരിശിന്റെ വഴി (Way of the Cross) തയ്യാറാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്കാരം, വിദ്യാഭ്യാസം, സമാധാനം, പ്രാർത്ഥന എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും ലഘുലേഖകളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. വിരമിച്ച ശേഷം, 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അവിടത്തെ മെത്രാനായിരുന്ന ഡോ.വിൻസെന്റ് കിംപാറ്റിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്നായിരുന്നുവിത്.