ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്നും തീക്ഷ്ണതയും പ്രർത്തനങ്ങളും കൊണ്ട് 'കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട മലയാളി കപ്പൂച്ചിൻ വൈദികനായ ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളിയെ, ധന്യൻ പദവിയിലേക്ക് ലിയോ പതിനാലാമൻ പാപ്പാ ഉയർത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള കാര്യാലയം ഫെബ്രുവരി മാസം ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി.
തെയോഫിൻ അച്ചനെ കൂടാതെ, ലെബനൻകാരനായ ബെക്കാര അബു മൊറാദിനെയും, ഫ്രാൻസുകാരനായ ഗബ്രിയേലേ മരിയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും, ഇറ്റാലിയൻകാരായ ഫ്രാഞ്ചെസ്‌കോ ലൊമ്പാർദി, ഫൗസ്തോ ജെയ് എന്നിവരെ ധന്യരുടെ ഗണത്തിലേക്കും ഉയർത്തി.
കപ്പൂച്ചിൻ വൈദികനായ, ധന്യൻ തെയോഫിൻ, 1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ജനിച്ചത്, മൈക്കൾ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപുഴ അതിരൂപതയുടെ മൈനര്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു.
ഫ്രാന്‍സിസ് അസീസിയുടെ തീക്ഷ്ണമായ ജീവിതത്തോടും ആത്മീയതയോടുമുള്ള ആഴമേറിയ ആകർഷണം പിന്നീട് അദ്ദേത്തെ കപ്പൂച്ചിൻ സഭയിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31 ന് അദ്ദേഹം കപ്പൂച്ചിൻ സഭയുടെ അംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, 1941 ഏപ്രില്‍ 20 ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
വളരെ പ്രസിദ്ധിയും ആദരവും നേടിയ കപ്പൂച്ചിൻ ധ്യാനപ്രസംഗകരിൽ ഒരാളായി മാറിയ അദ്ദേഹം ദാരിദ്ര്യത്തിന്റെ ആത്മാവിനെ എപ്പോഴും തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. എറണാകുളം, പൊന്നുരുന്നിയിൽ അദ്ദേഹം സ്ഥാപിച്ച കപ്പുച്ചിൻ സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നത്.
ജീവിതകാലത്ത് വ്യാപകമായിരുന്ന വിശുദ്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രശസ്തി, 1968 ഏപ്രിൽ 4-ന്, മരണശേഷം കൂടുതൽ ശക്തമായി. ധാരാളം ആളുകൾ പൊന്നുരുന്നിയിലുള്ള കബറിടത്തിൽ പതിവായി എത്തുന്നുണ്ട്.