
ഇറ്റലിയിലെ ആല്‍പ്‌സില്‍, അയോസ്ത എന്ന സ്ഥലത്തായിരുന്നു ആന്‍സലമിന്റെ ജനനം. രാജകീയമായ ലൊമ്പാര്‍ഡ് കുടുംബത്തില്‍ ജനിച്ച ആന്‍സലമിന്റെ അമ്മ എര്‍മന്‍ബര്‍ഗ്ഗ വളരെ ഭക്തയായ ഒരു സ്ത്രീയായിരുന്നു. പക്ഷേ, അവരുടെ മരണശേഷം ആന്‍സലമിന്റെ അച്ഛന്‍ ക്രൂരനും നിര്‍ദ്ദയനുമായി മാറി. സഹികെട്ട് ആന്‍സലം വീടുവിട്ട് വര്‍ഷങ്ങളോളം അലഞ്ഞുനടന്നു. ഒടുവില്‍ ഫ്രാന്‍സില്‍ ഒരു ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചെന്നുചേര്‍ന്നു. അങ്ങനെ 1060-ല്‍ ബെക്കി (നോര്‍മണ്ടി)ലുള്ള ബെനഡിക്‌ടൈന്‍ ആശ്രമത്തില്‍ അംഗമായി. അവിടെ തന്റെ നാട്ടുകാരനായ ലാന്‍ഫ്രാങ്ക് സുപ്രസിദ്ധമായ ഒരു സ്‌കൂള്‍ ആരംഭിച്ചിരുന്നു. ബൗദ്ധികമായ മികവുകൊണ്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ ആന്‍സലം ആശ്രമത്തിന്റെ പ്രിയോരായി. 15 വര്‍ഷംകൂടി കഴിഞ്ഞപ്പോള്‍, അദ്ദേഹത്തിനു താല്പര്യമില്ലായിരുന്നെങ്കിലും, ആശ്രമത്തിന്റെ ആബട്ടായി നിയമിതനായി.
ബെക്കില്‍ കഴിയുന്ന കാലത്താണ് ആന്‍സലം തന്റെ സുപ്രസിദ്ധമായ ഗ്രന്ഥങ്ങളുടെ രചന നിര്‍വ്വഹിച്ചത്. തത്വശാസ്ത്ര-ദൈവശാസ്ത്ര കൃതികളായ "Honologium, Prosligium" എന്നിവ ദൈവം ഉണ്ടെന്ന് തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സഹായത്താല്‍ സ്ഥാപിക്കുന്ന രചനകളാണ്. ആബട്ടായിരുന്നതിനാല്‍ ആന്‍സലമിന് സഭാകാര്യങ്ങള്‍ക്കായി അനേകം പ്രാവശ്യം ഇംഗ്ലണ്ടിലൂടെ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. അങ്ങനെയാണ് വിശുദ്ധിയിലും പാണ്ഡിത്യത്തിലും അദ്വിതീയനായ ആന്‍സലമിനെ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പാക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. സഭാസ്വത്തുക്കള്‍ കയ്യടക്കാനുള്ള രാജാവ് വില്യമിന്റെ ശ്രമങ്ങളെ ചെറുത്തുതോല്പിക്കുകയും വേണ്ടിയിരുന്നു.
ആര്‍ച്ചുബിഷപ്പായിരുന്ന ലാന്‍ഫ്രാങ്കിന്റെ മരണശേഷം നാലുവര്‍ഷത്തേക്ക് വില്യം രാജാവ് പുതിയ ആര്‍ച്ചുബിഷപ്പിനെ നിയമിക്കാന്‍ അനുമതി നല്‍കാതെ, സമ്പത്തുക്കള്‍ കൊള്ളയടിച്ചുകൊണ്ടിരുന്നു. സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കാലികമായ പരിവര്‍ത്തനങ്ങള്‍ വരുത്താനുമുള്ള ആന്‍സലമിന്റെ ശ്രമങ്ങളെ ചക്രവര്‍ത്തി എതിര്‍ത്തു. അതോടെ ആന്‍സലമിനെ നാടുകടത്തി. എന്നാല്‍, വില്യം രാജാവിന്റെ പിന്‍ഗാമി ഹെന്‍ട്രി ഒന്നാമന്‍ 1100-ല്‍ ആന്‍സലമിനെ തിരിച്ചുവിളിച്ചു. പക്ഷേ, അദ്ദേഹം മുന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും, എതിര്‍ത്ത ആന്‍സലമിന് വീണ്ടും നാടുവിട്ടുപോകേണ്ടിവരുകയും ചെയ്തു.
1107 വരെ ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യതയൊന്നും തെളിഞ്ഞില്ല. പെട്ടെന്ന് രാജാവ് സഭയുമായുള്ള തര്‍ക്കം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിനു തയ്യാറായി. രണ്ടുവര്‍ഷത്തിനുശേഷം 1109 ഏപ്രില്‍ 21-ന് ആന്‍സലം കാന്റര്‍ബറിയില്‍ വച്ച് ദിവംഗതനായി.
വളരെ വിനയാന്വിതനും സമാധാനപ്രിയനുമായിരുന്നെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശധീരനുമായിരുന്നു ആന്‍സലം. തത്വം ബലി കഴിച്ചുള്ള ഒരൊത്തുതീര്‍പ്പിനും അദ്ദേഹം തയ്യാറായിരുന്നില്ല. അടിമക്കച്ചവടത്തെ ശക്തമായി എതിര്‍ത്തത് ആ ധീരതകൊണ്ടാണ്. പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നുമാണ് പുറപ്പെടുന്നതെന്നുള്ള Filioque എന്ന ദൈവശാസ്ത്രചിന്ത ഫലപ്രദമായി അവതരിപ്പിച്ചത് അദ്ദേഹമാണ്.
സഭയുടെ എക്കാലത്തെയും വലിയ ദൈവശാസ്ത്രജ്ഞരില്‍ പ്രതിഭാശാലിയായിരുന്ന ആന്‍സലം തന്റെ പ്രവാസകാലത്താണ് പ്രധാനപ്പെട്ട ദൈവശാസ്ത്രകൃതികളെല്ലാം എഴുതിത്തീര്‍ത്തത്. "Cur Deus Homo" (ദൈവം എന്തിനു മനുഷ്യനായി) എന്നതാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. ഒരു അക്രൈസ്തവനുമായുള്ള സംവാദമാണിത്. പാപം ചെയ്ത മനുഷ്യന്റെ മേല്‍ സാത്താന് ചില അവകാശങ്ങളുണ്ടെന്നുള്ള വാദമുഖത്തെ ഖണ്ഡിക്കുകയാണ് ഈ കൃതിയുടെ ഉദ്ദേശ്യം. പാപം ദൈവത്തിനെതിരായ കുറ്റകൃത്യമാണെന്നും, അതിന് ഉചിതമായ പശ്ചാത്താപവും പാപപരിഹാരകൃത്യവും വേണമെന്നും, എല്ലാ ജനതകള്‍ക്കുംവേണ്ടി എല്ലാക്കാലത്തേക്കുമായി ദൈവപുത്രനായ ഈശോ കുരിശില്‍ അര്‍പ്പിച്ചത് ആ പരിഹാരബലിയാണെന്നും വാദിച്ചുറപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. സഭയുടെ ചിന്തകളില്‍ ആന്‍സലം ചെലുത്തിയ സ്വാധീനത്തിന്റെ അംഗീകാരമാണ് സഭ പിന്നീട് അദ്ദേഹത്തിന് അംഗീകരിച്ചു നല്‍കിയ "Father Scholasticism", "Doctor of Universal Church" തുടങ്ങിയ ബഹുമതികള്‍.
"ദൈവമേ, പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ ആഗ്രഹിക്കാനുള്ള വരം ഞങ്ങള്‍ക്കു തരണമേ; ആഗ്രഹമുണ്ടെങ്കിലേ ഞങ്ങള്‍ അങ്ങയെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുകയുള്ളു; കണ്ടെത്തിയാലേ ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുകയുള്ളൂ; അങ്ങയെ സ്‌നേഹിച്ചെങ്കിലേ അങ്ങു മോചിപ്പിച്ച പാപങ്ങളെ ഞങ്ങള്‍ വെറുക്കുകയുള്ളു." വി. ആന്‍സലം