Kerala

കെസിബിസി കേരളസഭയില്‍ നവീകരണകാലം പ്രഖ്യാപിച്ചു

Sathyadeepam

2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെ കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കുവാന്‍ കെസിബിസി തീരുമാനിച്ചു. ആഗോള കത്തോലിക്കാസഭയില്‍ 2021 ആഗസ്റ്റ് മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടം സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ ഒരുക്കത്തിന്റെ നാളുകളായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കോവിഡു കാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിച്ച മരവിപ്പും, ഇക്കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മുന്നേറാന്‍ ആന്തരിക നവീകരണത്തിന്റെയും ശക്തീക രണത്തിന്റെയും പുതിയ പാതകള്‍ സഭയില്‍ രൂപപ്പെടണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദേശിക്കുകയും അതിനായി ഒരു കമ്മിറ്റിക്ക് രൂപം നല്കുകയും ചെയ്തു. കെസിബിസിയുടെ കരിസ്മാറ്റിക്,ഡോക്ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

കേരളസഭാനവീകരണത്തിന് കെസിബിസി സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം ''സഭ: ക്രിസ്തുവില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം'' എന്നാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ എഫേസൂസു കാര്‍ക്കെഴുതിയ ലേഖനം 2:20-22 ല്‍ പറയുന്ന കാര്യങ്ങളാണ് ഈ ആപ്തവാക്യത്തിന് ആധാരം.

സഭാംഗങ്ങളെല്ലാവരും വിളി സ്വീകരിച്ചവരും വിളിക്കനുസൃതമായ ദൗത്യം നിര്‍വഹിക്കാന്‍ കടപ്പെട്ടവരുമാണെന്ന് നവീകരണകാലം പ്രഖ്യാപിച്ചുകൊണ്ടു പുറത്തിറക്കിയ സര്‍ക്കുലറില്‍ കെ സി ബി സി വ്യക്തമാക്കുന്നു. നാമെല്ലാവരും സഭയുടെ ഭാഗമാണ്, സ്വന്തമാണ് എന്ന ബോധ്യമുണ്ടാകണം. ''എന്റെ സഭ, എന്റെ ഭവനം''എന്ന വികാരം സഭാംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകണം. എന്റെ സഭയെ സംരക്ഷിക്കാന്‍ എനിക്കും കടമയുണ്ട് എന്ന അവബോധത്തില്‍ ക്രിസ്തുവിശ്വാസികള്‍ വളരുന്നിടത്താണ് പൊതു സമൂഹത്തില്‍ സഭ ക്രിസ്തുവിന്റെ മുഖവും ഗാത്രവുമായി അവതരിക്കപ്പെടുന്നത്.

യഥാര്‍ത്ഥവും സുദൃഢവുമായ മാനസാന്തരമാണ് സമഗ്രനവീകരണത്തിന് അടിസ്ഥാനമായിട്ടുള്ളതെന്നു സര്‍ക്കുലര്‍ വിലയിരുത്തുന്നു. സഭാ ശുശ്രൂഷകളുടെ സമസ്ത മേഖലകളിലും ഈ മാനസാന്തരം സംഭവിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഭയുടെ മിഷനറി സ്വഭാവത്തെ ഏറ്റെടുക്കുക എന്നതാണ്. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ, ' സഭയെ സംബന്ധിച്ച ഒരു ഐച്ഛിക വിഷയമല്ല പ്രേഷിതപ്രവര്‍ത്തനം,കാരണം സഭ പ്രേഷിതയാണ്.' സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അജപാലന ദൗത്യങ്ങളുടെയും മേഖലയില്‍ മാനസാന്തരം സംഭവിക്കണം. -മെത്രാന്മാര്‍ ആവശ്യപ്പെടുന്നു.

സഭയെ സ്ഥാപനവത്കരിക്കുന്ന പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നു മെത്രാന്മാര്‍ നിര്‍ദേശിച്ചു. നിലനില്ക്കുന്ന സംവിധാനങ്ങള്‍ക്കപ്പുറം നമുക്ക് ഒന്നും ചെയ്യാനില്ല എന്ന കാഴ്ച്ചപ്പാടുകള്‍ മാറണം. യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമായ സജീവ സുവിശേഷചൈതന്യം സഭയുടെ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നില്ക്കണം. കാലോചിതവും ക്രിസ്തു സാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കത്തക്കവിധം മതബോധന സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. 'ഹോം മിഷന്‍' ഉള്‍പ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകള്‍ സജീവമാകണം. ദൈവവചനപ്രഘോഷണം കൂദാശ കളുടെ പരികര്‍മ്മം, പ്രാര്‍ത്ഥനകള്‍,ധ്യാനങ്ങള്‍, എന്നിവയിലെല്ലാം സഭാംഗങ്ങളെ മുഴുവന്‍ പങ്കാളികളാക്കുന്നതിന് അവസരങ്ങളൊരുക്കണം. ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും അനാഥരും വിധവകളും രോഗികളും നിരാലംബരും വൃദ്ധജനങ്ങളും ഭവനരഹിതരും പീഡന ങ്ങള്‍ ഏല്ക്കുന്നവരും കുഞ്ഞുങ്ങളുമെല്ലാം എക്കാലവും സഭയുടെ പ്രേഷിത ശുശൂഷകളില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവരാണ്. ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടണം. -മെത്രാന്മാര്‍ വിശദീകരിച്ചു.

കേരള സഭാനവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഒരുക്ക പരിപാടികള്‍ക്ക് സംസ്ഥാന, രൂപതാ, ഇടവക തലങ്ങളില്‍ ടീമുകളെ രൂപപ്പെടുത്തണമെന്നു കെ സി ബി സി നിര്‍ദേശിച്ചു.

ഗാസയില്‍ തന്നെ തുടരുമെന്ന് പള്ളി അധികാരികള്‍

ലൗദാത്തോ സി ഗ്രാമം മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു

അക്യുത്തിസും ഫ്രസാത്തിയും: ലിയോ പതിനാലാമന്‍ പ്രഖ്യാപിച്ച പ്രഥമ വിശുദ്ധര്‍

സൈനിക ചെലവ് വര്‍ധിക്കുന്നതിലും ആണവായുധ വികസനത്തിലും വത്തിക്കാന്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9