

ഈയിടെ കുമ്പളങ്ങിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു. കണ്ടുമുട്ടുന്ന നാലുപേരിലൊരാൾ ഗ്രന്ഥകാരനായിരിക്കുന്ന ഇന്നത്തെ കേരളത്തിൽ പുസ്തക പ്രകാശനചടങ്ങ് ഒരു വാർത്തയേയല്ല. വേറെ പണിയൊന്നുമില്ലാത്തവർക്ക് അതിൽ പങ്കെടുക്കുകയും ചെയ്യാം. ഞാനാകട്ടെ ഒരു പെൻഷൻകാരനുമാണ്. അതുകൊണ്ട് ഞാൻ പോകുന്നതിൽ ഒരു തെറ്റുമില്ല. നമ്മളെപ്പോലുള്ള വൃദ്ധജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണല്ലോ പുസ്തക പ്രകാശനം.
എങ്കിലും എനിക്ക് ആ ചടങ്ങിൽ ചെറിയൊരു കൗതുകം ഉണ്ടായിരുന്നു. ഗ്രന്ഥകാരിക്ക് പ്രായം 37 വയസ്, പേര് നീതു. ഇത് അവരുടെ രണ്ടാമത്തെ പുസ്തകമാണ്. ആദ്യ പുസ്തകം ഒരു കവിതാസമാഹാരം ആയിരുന്നു. ഇപ്പോൾ പ്രകാശിപ്പിക്കുന്നത് നോവലാണ്, 1150 പേജുള്ള ഒരു ബൃഹത് നോവൽ.
‘ആ മരങ്ങളെല്ലാം മഴയെ ഓർത്തിരുന്നു’ എന്ന് നോവലിനു പേര്.
ഗ്രാമീണമായ സദസ്. സാധാരണഗതിയിൽ പ്രകാശനത്തോടൊപ്പം പ്രകാശനം ചെയ്യപ്പെട്ട പുസ്തകവും വിസ്മൃതിയിലേക്ക് പോകാവുന്ന അന്തരീക്ഷം. പ്രകാശനം ചെയ്യുന്ന നോവൽ അടിസ്ഥാനപരമായി കാല്പനികമാണ്. കാല്പനിക കവികളുടെ കവിതകളും ഗാനങ്ങളും മലയാളികൾ ആസ്വദിക്കുമെങ്കിലും, ചങ്ങമ്പുഴ, വയലാർ, പി ഭാസ്കരൻ, ഒഎൻവി തുടങ്ങിയ പ്രതിഭകളോട് അവർക്ക് സ്നേഹമുണ്ടെങ്കിലും, പൊതുവിൽ കാല്പനിക നോവൽ മലയാളിക്ക് പിടിക്കില്ല. നോവലുകളിലും കഥകളിലും പ്രത്യക്ഷപ്പെടുന്ന കാല്പനികത ഇക്കാലത്ത് വിമർശകരുടെ എതിർപ്പും ക്ഷണിച്ചു വരുത്തും. കാല്പനിക സൗന്ദര്യമുള്ള ഗസലുകൾ ആസ്വദിക്കുന്ന പുതുതലമുറ മലയാളിപോലും നോവലിൽ കാല്പനികത കണ്ടാൽ അസ്വസ്ഥരാകും! അതൊന്നും ഒന്നോ രണ്ടോ ലേഖനങ്ങൾകൊണ്ട് മറികടക്കാവുന്ന വിഷയങ്ങളുമല്ല.
ആസ്തികർക്ക് അവരുടേതായ സനാതന സങ്കല്പങ്ങൾ ഉള്ളതുപോലെ നിരൂപകർക്കും അവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങളുണ്ട്. അതിനെ സ്വീകരിക്കാനും നിരാകരിക്കാനുമുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം വായനക്കാർക്കു ണ്ടെന്നുള്ളത് വാസ്തവമാണ്. എങ്കിലും ചില കാലങ്ങളിൽ ചിലതിന് കിട്ടുന്ന അമിതപ്രാധാന്യം മറ്റൊരു കാലത്ത് അതിന് കിട്ടണമെന്നില്ല.
ആസ്തികർക്ക് അവരുടേതായ സനാതന സങ്കല്പങ്ങൾ ഉള്ളതുപോലെ നിരൂപകർക്കും അവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങളുണ്ട്. അതിനെ സ്വീകരിക്കാനും നിരാകരിക്കാനുമുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം വായനക്കാർക്കുണ്ടെന്നുള്ളത് വാസ്തവമാണ്. എങ്കിലും ചില കാലങ്ങളിൽ ചിലതിന് കിട്ടുന്ന അമിതപ്രാധാന്യം മറ്റൊരു കാലത്ത് അതിന് കിട്ടണമെന്നില്ല. ‘തറവാട്ടമ്മ’ എന്ന പേരിൽ പണ്ടിറങ്ങിയ മലയാള സിനിമയിലെ പ്രമേയം ഇന്നത്തെ സിനിമയിൽ കണ്ടാൽ കാണികൾ കയർക്കും. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുന്ന ത്യാഗമൂർത്തികളായ മുത്തശ്ശിമാർ ഇന്നത്തെ തലമുറയുടെ ആദർശമല്ല. സ്ത്രീസ്വാതന്ത്ര്യം വ്യാപകമായി ചർച്ച ചെയ്യുന്ന ഇന്നത്തെ ലോകത്ത് അതൊക്കെ കാലഹരണപ്പെട്ട ആശയങ്ങളായി കണക്കാക്കപ്പെടുന്നു.
കൃതികൾ, അവയുടെ ആവിഷ്കാര സൗന്ദര്യം കൊണ്ടുമാത്രം വായനക്കാരുടെ ആദരവ് നേടുന്ന കാലത്തല്ല നമ്മൾ ജീവിക്കുന്നത്. സംസ്കാര വിമർശനത്തിന്റെ വ്യത്യസ്തമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കൃതികൾ നിരീക്ഷിക്കപ്പെടുന്നു. സംസ്കാര പഠനത്തിന്റെ വിശാലമായ ഭൂമികയിൽ നിന്ന് സാഹിത്യകൃതികൾ വായിക്കാൻ വായനക്കാരും പരിശീലിക്കണം. അല്ലെങ്കിൽ, പുതിയ രചനകൾ സ്വീകരിക്കുന്ന കാര്യത്തിൽ എഴുത്തുകാരും വായനക്കാരും പരാജയപ്പെടും. സംസ്കാര പഠനത്തിന്റെ വിശാലമായ ചരിത്ര ഭൂമികയിൽ നിന്ന് കൃതികൾ പരിശോധിക്കുന്നവർ കൂടുതൽ വ്യത്യസ്തമായ നിരീക്ഷണങ്ങൾക്ക് പ്രാപ്തരാകും. അങ്ങനെ നോക്കുമ്പോൾ, മലയാളത്തിലെ ബൃഹത് നോവലുകളുടെ ചരിത്രത്തിൽ ഓരോ പുതിയ രചനകൾക്കുമുള്ള പ്രാധാന്യവും നമ്മുടെ ശ്രദ്ധയിൽ സ്ഥാനം പിടിക്കും.
കൃതികൾ, അവയുടെ ആവിഷ്കാര സൗന്ദര്യം കൊണ്ടുമാത്രം വായനക്കാരുടെ ആദരവ് നേടുന്ന കാലത്തല്ല നമ്മൾ ജീവിക്കുന്നത്. സംസ്കാര വിമർശനത്തിന്റെ വ്യത്യസ്തമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കൃതികൾ നിരീക്ഷിക്കപ്പെടുന്നു. സംസ്കാര പഠനത്തിന്റെ വിശാലമായ ഭൂമികയിൽ നിന്ന് സാഹിത്യകൃതികൾ വായിക്കാൻ വായനക്കാരും പരിശീലിക്കണം.
ഞങ്ങളൊക്കെ കോളേജ് ക്ലാസിൽ പഠിക്കുമ്പോൾ പ്രത്യക്ഷപ്പെട്ട രണ്ടു ബൃഹത് നോവലുകളാണ് വിലാസിനിയുടെ അവകാശികളും, തകഴിയുടെ കയറും. രണ്ടും ഏറെ ശ്രദ്ധ നേടിയ നോവലുകളാണ്. വിലാസിനി എന്ന പേരു കേട്ട് പുതുതലമുറ കുട്ടികൾ തെറ്റിദ്ധരിക്കരുത്. മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്, ചുരുക്കിപ്പറഞ്ഞാൽ എം.കെ. മേനോൻ. വിലാസിനി എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. തകഴി, ശിവശങ്കരപ്പിള്ള ആണെന്ന് പുതുതലമുറ വായനക്കാർക്കും അറിയാം. തകഴിയും വിലാസിനിയും ആയിരുന്നു ഞങ്ങളുടെ കോളേജ് കാലത്തെ രണ്ട് ബൃഹത് നോവലിസ്റ്റുകൾ. ബൃഹത് നോവലുകളുടെ നിർമ്മിതിയിലേക്ക് അക്കാലം സ്ത്രീകൾ കടന്നിരുന്നില്ല. എഴുതാൻ ആണുങ്ങൾക്ക് എഴുത്തുമുറി ഉണ്ടായിരുന്ന വീടുകളിൽപോലും അക്കാലത്ത് സ്ത്രീകൾക്ക് വീടുകളിൽ എഴുത്തുമുറി ഉണ്ടായിരുന്നില്ല. എന്നിട്ടും എഴുത്തിൽ അത്ഭുതം സൃഷ്ടിച്ച എത്രയോ എഴുത്തുകാരികൾ നമുക്കുണ്ടായി. പക്ഷേ, തകഴിയും വിലാസിനിയുംപോലെ ബൃഹത് നോവലുകളുടെ രചനകളിൽ അവർ വ്യാപരിച്ചില്ല. എഴുത്തുമുറിയുൾപ്പെടെ എത്രയോ പ്രതിബന്ധങ്ങൾ അവർക്ക് നേരിടേണ്ടിയിരുന്നു.
സ്ത്രീയെഴുത്തിന്റെ ജ്വാല സരസ്വതിയമ്മയുടെ കഥകളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അതൊന്നും അവരെ വായനാ സമൂഹത്തിന്റെ പ്രിയങ്കരിയാക്കി മാറ്റിയില്ല, ഗൗരവമുള്ള വായനക്കാർക്കിടയിൽ മാത്രം സരസ്വതിയമ്മയുടെ പ്രശസ്തി ഒതുങ്ങിനിന്നു. സ്ത്രീവാദത്തിന് ആഗോളപ്രശസ്തി ഉണ്ടാക്കിയ ഫ്രഞ്ച് എഴുത്തുകാരിയാണ് സീമോൺ ദ ബുവ്വ.
അവരുടെ എഴുത്തും ജീവിതവുമാണ് വാസ്തവത്തിൽ സ്ത്രീവാദം എന്ന ആശയം ലോകമെമ്പാടും വ്യാപിപ്പിച്ചത്. കോളേജ് ക്ലാസിൽ നല്ല അധ്യാപകർ ഞങ്ങളെ പഠിപ്പിച്ചിരുന്നതുകൊണ്ട്, സീമോൺ ദ ബുവ്വയുടെ ‘ദി സെക്കൻഡ് സെക്സ്’ എന്ന പ്രശസ്തമായ പുസ്തകം വാങ്ങിയത് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഇന്നിപ്പോൾ സ്ത്രീവാദത്തെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടാത്തവർപോലും പരസ്യമായി സ്ത്രീവാദത്തെ തള്ളിപ്പറഞ്ഞ് സമൂഹത്തിൽ ഒറ്റപ്പെടാൻ ആഗ്രഹിക്കില്ല. ഫ്രാൻസിലിരുന്ന് സീമോൺ നടത്തിയ സാംസ്കാരിക യുദ്ധമാണ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗോള ആശയസമരമായി വികസിച്ചത്. അതുകൊണ്ട്, ഇക്കാലത്ത് ഒരു സ്ത്രീയെഴുതിയ ബൃഹത് നോവൽ വായിക്കുമ്പോൾ, കാല്പനിക നോവൽ ആണെങ്കിൽപ്പോലും, അതിന് സാംസ്കാരിക ചരിത്രപരമായ പ്രാധാന്യമുണ്ട്. കേരളീയ സ്ത്രീകളും, അവർ കാണുന്ന കണ്ണിലൂടെ ചുറ്റുമുള്ള വിശാലലോകം ആവിഷ്കരിക്കാൻ തുടങ്ങുകയാണ് എന്നതാണ് അതിന്റെ സാംസ്കാരിക പരിസരം. കൂടുതൽ പ്രതിഭയുള്ളവർ എഴുതുമ്പോൾ മലയാളത്തിലും ബൃഹത് നോവലുകളുടെ മേഖല കൂടുതൽ വികസിക്കും.
കുമ്പളങ്ങിയിൽനിന്നും അധികം ദൂരത്തല്ല ചെല്ലാനം എന്ന തീരദേശ ഗ്രാമം. അതൊരു കടലോര ഗ്രാമമാണ്. പണ്ട് കടലാക്രമണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ നിറയാറുള്ള പ്രദേശമായിരുന്നു ചെല്ലാനം. ടീവിയിലും പത്രങ്ങളിലും അവിടുത്തെ ദാരുണ ദൃശ്യങ്ങൾ പലതവണ വന്നത് നിങ്ങളും കണ്ടിട്ടുണ്ടാകും. ഇപ്പോൾ ആ വിഷയത്തിന് അവിടെ ശാസ്ത്രീയമായ പരിഹാരമൊക്കെ ആയിട്ടുണ്ട്. പഴയ കാലത്തും കലാകാരന്മാരുടെ സാന്നിധ്യംകൊണ്ട് പ്രശസ്തമായിരുന്നു ചെല്ലാനം. പഴയ തലമുറയിലെ അതിപ്രശസ്തനായ നാടക കലാകാരൻ ആയിരുന്നു വി എസ് ആൻഡ്രൂസ്. അദ്ദേഹത്തിന് സ്വീകരണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിരാജാവ് എത്തിയപ്പോഴാണ് തീരപ്രദേശത്തെ കുടിവെള്ളത്തിന്റെ കുഴപ്പം രാജാവ് മനസ്സിലാക്കുന്നത്. കടലോരം മുഴുവൻ മിക്കവാറും ഉപ്പുനിറഞ്ഞ വെള്ളമാണ്, കുടിക്കാൻ പറ്റില്ല. കുടിവെള്ളം ദൂരെനിന്ന് ചുമന്നുകൊണ്ടുവരണം. അടിയന്തര ഘട്ടങ്ങളിൽ അതിഥികൾക്ക് കരിക്ക് കൊടുക്കാം. അവിടത്തെ അവസ്ഥ മനസ്സിലാക്കിയ അന്നത്തെ കൊച്ചി രാജാവ്, കലാകാരനോടുള്ള പരിഗണനയിൽ ചെല്ലാനത്ത് കുടിവെള്ളമെത്തിക്കാൻ ഉത്തരവിട്ടു. അങ്ങനെയാണ് എറണാകുളം നഗരത്തിൽ കുടിവെള്ളം എത്തുംമുമ്പ് ചെല്ലാനത്ത് കുടിവെളളം എത്തിയത്. ആ ചടങ്ങിൽ രാജാവ് പങ്കെടുക്കുന്ന ചിത്രം വി എസ് ആൻഡ്രൂസിന്റെ മകനും കവിയുമായിരുന്ന ചെറിയാൻ ആൻഡ്രൂസിന്റെ കയ്യിൽ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം ആ ഫോട്ടോ സുരക്ഷിതമായി അവിടെ സൂക്ഷിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
ഒരുകാലത്ത് വിസ്മൃതിയിലായ പ്രധാന എഴുത്തുകാരനാണ് ചെല്ലാനത്തെ വാര്യത്ത് ചോറി പീറ്റർ. മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് അദ്ദേഹം രചിച്ച ‘പരിഷ്കാര വിജയം’, മലയാളത്തിലെ പ്രഥമ ക്രൈസ്തവ പരിഷ്കരണ നോവലായി പരിഷ്കാര വിജയം കണക്കാക്കപ്പെടുന്നു. കോട്ടയം സി.എം.എസ് പ്രസ്സിൽ മുദ്രണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1906-ൽ പ്രസിദ്ധീകരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. അക്കാലത്ത് ചെല്ലാനംപോലെ അവികസിതമായ ഒരു പ്രദേശത്തുനിന്ന് ഇങ്ങനെയൊരു നോവലുണ്ടായത് പരാമർശിക്കപ്പെടാതെ പോകുന്നത് ശരിയല്ല. എങ്കിലും ഈ നോവൽ ദീർഘകാലം പ്രിന്റിൽ ലഭ്യമല്ലാതിരുന്നതുകൊണ്ട് വായനക്കാരുടെ ഓർമ്മയിൽ ഇല്ലാതായി. പിന്നീട്, മലയാള നോവലുകളുടെ ചരിത്രം ആഴത്തിൽ ഗവേഷണം ചെയ്ത
വളരാൻ അനുകൂലമല്ലാത്ത സാഹചര്യത്തിൽ ജീവിച്ചിട്ടും എഴുത്തിൽ ഇങ്ങനെ അദ്ഭുതങ്ങൾ ഒരുക്കിയ എഴുത്തുകാർ പലരും നമുക്കിടയിലുണ്ട്. സാഹിത്യത്തിലെ പഴയ മാനദണ്ഡങ്ങൾ മാത്രം കൊണ്ടളന്നാൽ അവരിൽ പലരുടേയും പ്രാധാന്യം നമ്മൾ തിരിച്ചറിഞ്ഞില്ലെന്നു വരും. പക്ഷേ, ആഗോളവ്യാപകമായി സംസ്കാര പഠനം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ കേരളത്തിലെ സാംസ്കാരിക അന്തരീക്ഷത്തേയും സ്വാധീനിക്കും. പഴയ കൃതികളുടെ പുനർവായനകളും ഇപ്പോൾ നടക്കുന്നത് അതുകൊണ്ടാണ്.
ഡോ. ജോർജ് ഇരുമ്പയത്തിന്റെ ശ്രമഫലമായിട്ടായിരിക്കണം ആ നോവലും വെളിച്ചം കണ്ടത്. മലയാള നോവലുകളുടെ ചരിത്ര ഗവേഷണങ്ങൾക്ക് ലോകപ്രശസ്തമായ വിദേശ ലൈബ്രറികൾ കയറിയിറങ്ങിയ അദ്ദേഹം ആദ്യകാല നോവലുകളിൽ പലതും കണ്ടെടുത്ത് പ്രസിദ്ധീകരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പരിഷ്കാര വിജയവും വായനക്കാർക്ക് ലഭ്യമാണ്.
ഓർമ്മയിൽ വരുന്ന മറ്റൊരു എഴുത്തുകാരനാണ് നാരായൻ. മഹാരാജാസ് കോളേജിൽ ഞങ്ങൾ ജോലി ചെയ്യുമ്പോൾ തൊട്ടപ്പുറമുള്ള ഹെഡ് പോസ്റ്റോഫീസിൽ നാരായൻ ജോലി ചെയ്യുന്നുണ്ട്. അങ്ങനെയാണ് അദ്ദേഹം പരിചിതനാകുന്നത്. ഒരു ദിവസം അദേഹം എഴുതിയ ‘കൊച്ചരേത്തി’ നോവൽ ഒരു കോപ്പി എനിക്കുതന്നു. ഞാൻ ദീപിക ദിനപത്രത്തിൽ ‘സംസ്കാര സമീക്ഷ’ എന്ന പംക്തി എഴുതുന്ന കാലമാണ്. ആദിവാസി ജീവിതത്തെ കുറിച്ച് അതിനുമുമ്പ് ചിലർ എഴുതിയിട്ടുണ്ടെങ്കിലും ഒരു ആദിവാസി, ആദിവാസിയുടെ ജീവിതം ആവിഷ്കരിക്കുന്ന ആദ്യ മലയാള നോവലാണ് കൊച്ചരേത്തി. സ്വാഭാവികമായും പുസ്തകത്തിന്റെ സാംസ്കാരിക പ്രാധാന്യം സംസ്കാര സമീക്ഷയിൽ പരിചയപ്പെടുത്തി. പിന്നീട് കൊച്ചരേത്തി നോവലിന് പല ഭാഷകളിലും പരിഭാഷകൾ വരികയും നാരായൻ പ്രശസ്തനാകുകയും ചെയ്തു. നാരായനെ മലയാളി വായനാ സമൂഹത്തിന് ആദ്യം പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാരായൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
വളരാൻ അനുകൂലമല്ലാത്ത സാഹചര്യത്തിൽ ജീവിച്ചിട്ടും എഴുത്തിൽ ഇങ്ങനെ അദ്ഭുതങ്ങൾ ഒരുക്കിയ എഴുത്തുകാർ പലരും നമുക്കിടയിലുണ്ട്. സാഹിത്യത്തിലെ പഴയ മാനദണ്ഡങ്ങൾ മാത്രം കൊണ്ടളന്നാൽ അവരിൽ പലരുടേയും പ്രാധാന്യം നമ്മൾ തിരിച്ചറിഞ്ഞില്ലെന്നുവരും. പക്ഷേ, ആഗോളവ്യാപകമായി സംസ്കാര പഠനം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ കേരളത്തിലെ സാംസ്കാരിക അന്തരീക്ഷത്തേയും സ്വാധീനിക്കും. പഴയ കൃതികളുടെ പുനർവായനകളും ഇപ്പോൾ നടക്കുന്നത് അതുകൊണ്ടാണ്. ഷേക്സ്പിയർ കൃതികളിൽ നീതി നിഷേധിക്കപ്പെട്ട കഥാപാത്രങ്ങൾ പുനർവായനകളിൽ തിരിച്ചറിയപ്പെടുന്നു.
കണ്ടൽ കാടുകളുടെ പേരിൽ ലോകം തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് കല്ലേൻ പൊക്കുടൻ. യുനെസ്കോയും, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ പൊക്കുടനെ അംഗീകരിച്ചിട്ടുണ്ട്. കഴിയാവുന്നിടങ്ങളിലെല്ലാം അദ്ദേഹം കണ്ടൽ കാടുകൾ വച്ചുപിടിപ്പിച്ചു. മരിക്കുംമുമ്പുതന്നെ ആ മേഖലയിൽ അദ്ദേഹം പ്രശസ്തനായിരുന്നു. എങ്കിലും അദ്ദേഹം ആത്മകഥ എഴുതിയപ്പോൾ അതു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി. അതിനുമുമ്പ് ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരാളും കേരളത്തിൽ ആത്മകഥ എഴുതിയിട്ടില്ല. ‘എന്റെ രാഷ്ട്രീയ ജീവിതം’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കപ്പട്ടപ്പോൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രമാണ് പൊക്കുടൻ സൗമ്യമായി തിരുത്തിയത്. പൊതുസമൂഹത്തിന് മുന്നിൽ സംസാരിക്കാൻ അനുവാദമില്ലാതിരുന്ന ദളിതർ പിന്നീട് സംസാരിക്കാൻ ഭരണഘടനാപരമായ അവകാശം കൈവന്നിട്ടും സംസാരിക്കാതെ തുടരുകയായിരുന്നു. ആ അവസ്ഥയ്ക്ക് മാറ്റം കുറിച്ചത് പൊക്കുടന്റെ ആത്മകഥയാണ്.
1934-ൽ നിന്ന് 2026-ൽ എത്തുമ്പോഴും രാജ്യത്തെ ബാധിച്ച മൂടൽമഞ്ഞ് പരിപൂർണ്ണമായും മാറിയിട്ടില്ല. ഗാന്ധിജിയെപ്പോലെ, ശുഭാപ്തി വിശ്വാസത്തോടെ നമുക്കും പറയാം, മൂടൽമഞ്ഞ് പരിപൂർണ്ണമായും മാറിയില്ലെങ്കിലും, ഭാവിയിൽ കൂടാതെങ്കിലുമി രിക്കണം.
ഇതുവരെ സംസാരിച്ചത്, ചില സാഹിത്യകൃതികളുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചു മാത്രമാണ്. പക്ഷേ, സംസ്കാര പഠനം ആ മേഖലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിനുമപ്പുറം അതിന് മാനങ്ങളുണ്ട്. നമ്മുടെ കാഴ്ചകളേയും കേൾവികളേയും സ്വാധീനിക്കുന്ന എല്ലാ വിഷയങ്ങളും സംസ്കാര പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടും.
ഉദാഹരണത്തിന് ഗാന്ധിയും കേരളവും എന്ന ചരിത്രവിഷയം ആലോചിക്കുക. വൈക്കം സത്യാഗ്രഹം തുടങ്ങി എത്രയോ ഗാന്ധിയൻ ഓർമ്മകൾ കേരളത്തിനുണ്ട്. പക്ഷേ, പള്ളുരുത്തിയിൽ 1934-ൽ, ഗാന്ധിജി വന്നതും അവിടത്തെ ശ്രീനാരായണ പ്രസ്ഥാനം അദ്ദേഹത്തിന് മംഗളപത്രം സമർപ്പിച്ചതും അതിന് അദ്ദേഹം നൽകിയ മറുപടിയും ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, കഴിയുന്നതും ആരും അതു സ്പർശിക്കാറില്ല. മംഗളപത്രത്തിൽ, അവർ സ്വാതന്ത്ര്യസമരം ഹിന്ദുമതത്തിന്റെ പേരിൽ നടത്തുന്നതിനോട് പരിപൂർണ്ണമായും വിയോജിച്ചിരുന്നു. ജാതിഭേദം സൃഷ്ടിച്ച മതത്തിന്റെ പേരിൽ സ്വാതന്ത്ര്യസമരം നടത്തി വിജയിച്ച് അധികാരം കിട്ടിയാൽ, ജാതിഭേദം തിരിച്ചുവരുമെന്ന് അവർ ആശങ്കപ്പെട്ടു. സർവമതസ്ഥർക്കും തുല്യനീതി കിട്ടുന്ന സ്വതന്ത്ര ഭാരതമായിരുന്നു ശ്രീനാരായണീയരുടെ മനസിൽ. ബ്രിട്ടീഷുകാർ വട്ടമേശ സമ്മേളനത്തിന് ഒരുക്കം നടത്തുമ്പോൾ ഞങ്ങളെ പ്രതിനിധീകരിക്കുന്നത് ഗാന്ധിയല്ല, അംബേദ്കർ ആണെന്ന് അവർ തുറന്നു പറഞ്ഞു. മൂടൽമഞ്ഞ് മായുമ്പോൾ കുറേക്കൂടി തെളിഞ്ഞ വെളിച്ചത്തിൽ നമുക്ക് പരസ്പരം കാണാനാകും എന്നു പറഞ്ഞുകൊണ്ടാണ് ഗാന്ധിജി കാവ്യാത്മകമായ ആ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
പക്ഷേ, 1934-ൽ നിന്ന് 2026-ൽ എത്തുമ്പോഴും രാജ്യത്തെ ബാധിച്ച മൂടൽമഞ്ഞ് പരിപൂർണ്ണമായും മാറിയിട്ടില്ല. ഗാന്ധിജിയെപ്പോലെ, ശുഭാപ്തി വിശ്വാസത്തോടെ നമുക്കും പറയാം, മൂടൽമഞ്ഞ് പരിപൂർണ്ണമായും മാറിയില്ലെങ്കിലും, ഭാവിയിൽ കൂടാതെങ്കിലുമിരിക്കണം.
ഗ്രന്ഥപ്പുരയുടെ ഭാഗമായി, നൂറുവർഷം തികയുന്ന സത്യദീപത്തിന്റെ ഇതുവരെയുള്ള ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ഒത്തുകൂടുന്നത്. താളിയോലയിൽനിന്ന് അച്ചടിവിദ്യയിലേക്കും അവിടെനിന്ന് ഡിജിറ്റൽ ലോകത്തിലേക്കും അന്തരീക്ഷം മാറിക്കഴിഞ്ഞു. സ്ഥലകാലങ്ങളെ കൈയെത്തിപ്പിടിക്കാൻ ഡിജിറ്റൽ ലോകത്തിന് കഴിയും. ഭൂമിയിൽ എവിടെയിരുന്നും ഡിജിറ്റൽ ലോകം ആക്സസ് ചെയ്യാം. സമൂഹത്തിൽ മൂല്യബോധം ഉണർത്താൻ ഒരു നൂറ്റാണ്ടായി പരിശ്രമിക്കുന്ന സത്യദീപത്തിന് എന്റെ ആശംസകൾ. മാറുന്ന കാലത്തിനൊപ്പം തുടർന്നും സഞ്ചരിക്കുക.
(സത്യദീപം വാരികയുടെ ഡിജിറ്റൈസേഷന്റെയും ഗ്രന്ഥപ്പുര എറണാകുളം സെന്ററിന്റെയും ഉദ്ഘാടനചടങ്ങിൽ നടത്തിയ പ്രഭാഷണം)