PALANOVA FOOD products
Kerala

പാലായില്‍ നിന്നും പറക്കുന്നു പാലനോവ ഉത്പന്നങ്ങള്‍ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ

Sathyadeepam

പാലായുടെ തനതു രൂചി പെരുമ ലോകമെങ്ങും എത്താന്‍ ഇനി പാലനോവ. കര്‍ഷകന്റെ സ്വന്തം നാടായ പാലായില്‍ കര്‍ഷകര്‍ക്കായി പാലാ രൂപതയുടെ കര്‍ഷക ശാക്തീകരണ പദ്ധതിയായ കര്‍ഷക ബാങ്കിന്റെ കാര്‍ഷികമൂല്യ വര്‍ധിത സംരംഭമായി ആരംഭിച്ച പാലാ സാന്തോം ഫുഡ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളാണ് പാലനോവ ഫുഡ്‌സ് എന്ന പേരില്‍ ഇന്ന് ലോകത്തെമ്പാടും എത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും പ്രത്യേകിച്ച് അവിടെയുള്ള പാലാക്കാര്‍ക്കും പാലായുടെ തനതു രുചി ലഭിക്കാന്‍ പാലനോവ ഉത്പന്നങ്ങള്‍ക്ക് സാധിക്കുന്നു. യുകെ, അയര്‍ലന്‍ഡ്, ജര്‍മനി അടക്കമുള്ള പത്തോളം രാജ്യങ്ങളിലേക്ക് കരയും കടലും കടന്ന് ഇന്ന് പാലനോവ ഉത്പന്നങ്ങള്‍ എത്തിക്കഴിഞ്ഞു.

പച്ചക്കപ്പ സംസ്‌കരിച്ചത്, വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്സ്, ചക്ക ചിപ്സ്, കപ്പ ചിപ്സ്, മഞ്ഞള്‍ പൊടി, മീറ്റ് മസാല,ചിക്കന്‍ മസാല, സാമ്പാര്‍ പൗഡര്‍, ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ' പാലനോവ ഫുഡ്സ് ' എന്ന ബ്രാന്റില്‍ ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. രാസവളങ്ങളോ രാസ കീടനാശിനികളോ ഉപയോഗിക്കാത്ത കൃഷിയിടങ്ങളില്‍ നിന്നും നേരിട്ടു സംഭരിച്ച് ഗുണമേന്മ ഉറപ്പു വരുത്തി നൂതന സാങ്കേതിക വിദ്യയിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാലനോവ ഉത്പന്നങ്ങള്‍ യാഥാര്‍ഥ്യമായിട്ടുള്ളത്.

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലെ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് പാലനോവ ഉതപന്നങ്ങള്‍ നിര്‍മിക്കുന്ന സാന്തോം ഫാക്ടറി. നൂതന സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള മൂല്യവര്‍ധിത സംരഭമാണ് അത്യാധുനിക രീതിയിലുള്ള ഫുഡ് ഫാക്ടറി.

നമ്മുടെ നാട്ടില്‍ സുലഭമായിട്ടുള്ള ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുകയാണ് സാന്തോം ഫുഡ് ഫാക്ടറിയുടെ ലക്ഷ്യം. സംസ്ഥാന കൃഷി വകുപ്പിന്റെ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യമെന്ന എസ്എഫഎസിയില്‍ നിന്നും കോട്ടയം ജില്ലയില്‍ അനുവദിച്ച നാല് എഫ്പിഒകളിലൊന്നാണ് സാന്തോം എഫ്പിഒ.

കേവലം കര്‍ഷകര്‍ക്ക് അവരുടെ വിളകളോ ഉത്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റല്ല മറിച്ച് ഉത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പുവരുത്തി വില്‍ക്കാനും അവയെ അവയെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുവരുത്തുന്നത്. രൂപതയുടെ വിവിധ ഇടവകകളിലുള്ള വാല്യൂ ആഡഡ് പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ആയിരക്കണക്കിനു കിലോ കാര്‍ഷിക വിളകളുടെ പ്രാഥമിക സംസകരണം നടന്നു വരുന്നുണ്ട്. ഈ യൂണിറ്റുകളുടെ മദര്‍ യൂണിറ്റായിട്ടാണ് സാന്തോം ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

മീനച്ചില്‍ താലൂക്ക് കാര്‍ഷിക മേഖലയാണ്. പാഴായി കിടക്കുന്ന കൃഷിയിടങ്ങളില്‍ സംഘ കൃഷി സാധ്യതകള്‍ വളര്‍ത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉത്പന്നങ്ങളുമുണ്ടാക്കി പ്രവാസി സമൂഹത്തിന് എത്തിക്കുന്നതിനുമാണ് ഫാക്ടറിയും പാലനോവയും ലക്ഷ്യം വയ്ക്കുന്നത്.

പാലാ രൂപതയിലെ വിവിധ ഇടവകകള്‍ തോറും പ്രവര്‍ത്തിക്കുന്ന കര്‍ഷക ഉത്പാദക സംഘടനകള്‍, കര്‍ഷകദള ഫെഡറേഷനുകള്‍, ഫാര്‍മേഴ്സ് ക്ലബുകള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയവ വഴി ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് സംഭരിക്കും. ഇവയെ ഫാക്ടറിയില്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കും. ആഭ്യന്തര വിപണി മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചു ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തനതുബ്രാന്‍ഡില്‍ എത്തിക്കുന്ന ഉദ്യമമാണ് ഫാക്ടറിയുടെയും പാലനോവയുടെയും ലക്ഷ്യം. ഫാക്ടറി കോമ്പൗണ്ടില്‍ വിശാലമായ സ്ഥലത്ത് കപ്പയും വിവിധ തരം പഴവര്‍ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. ഒന്നേമുക്കാല്‍ ഏക്കറില്‍ കറുത്ത മിക്സ്ചര്‍ കപ്പ വിളവെടുക്കാറായി കഴിഞ്ഞു. രണ്ടര ഏക്കര്‍ സ്ഥലത്താണ് പഴവര്‍ഗ കൃഷി. ഡ്രാഗണ്‍, ദുരിയാന്‍, വിവിധതരം നാരകങ്ങള്‍, ഹൈബ്രീഡ് പേരകള്‍, വിവിധ തരം റംമ്പുട്ടാന്‍, ദുക്കോണ്‍, മംഗ്ഡോവ, ഫിലോസാന്‍, വിവിധ തരം ആഞ്ഞിലി എന്നിവയാണ് പ്രധാന പഴവര്‍ഗങ്ങള്‍. എട്ടാം മാസത്തില്‍ കുല വെട്ടാവുന്ന മഞ്ചേരി കുള്ളന്‍ വാഴത്തോട്ടവും ഫാക്്ടറി കോമ്പൗണ്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് കൃഷി മന്ത്രി പി. പ്രാസാദാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധയ്ക്കു മറ്റുമായുള്ള ലാബ് സൗകര്യവും ഫാക്ടറിയോടു ചേര്‍ന്നുണ്ട്. പാലായുടെയും മീനച്ചില്‍ താലൂക്കിന്റെ കാര്‍ഷിക ഭൂപടത്തിലെ പുതിയ അധ്യായമാണ് സാന്തോം ഫുഡ് ഫാക്ടറിയെന്നും അധ്വാനമഹത്വത്താല്‍ മണ്ണില്‍ പൊന്നു വിളയിക്കുന്ന മീനച്ചില്‍ താലൂക്കിലെ കര്‍ഷകരെ ചേര്‍ത്തു പിടിക്കാന്‍ സാന്തോം ഫുഡ് ഫാക്ടറിക്കും പാലനോവ ഉത്പന്നങ്ങള്‍ക്കും കഴിയുമെന്ന് പാലാ രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ പറഞ്ഞു. പാലാ ടൗണില്‍ സെന്റ് തോമസ് പ്രസിനു സമീപമാണ് പാലനോവ ഔട്ട് ലറ്റ്. ഇവിടെയുള്ള അഗ്രിമ കാര്‍ഷിക മാര്‍ക്കറ്റിലും പാലനോവ ഉത്പന്നങ്ങള്‍ ലഭിക്കും.

പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

വിശുദ്ധ ക്ലാര (1193-1253) : ആഗസ്റ്റ് 11

ശ്രീ. ബിജു ജോസി കരുമാഞ്ചേരി കെസിബിസി ലയ്റ്റി കമ്മീഷന്‍ സെക്രട്ടറി

ലഹരി വിരുദ്ധ പോരാട്ടം : ചികിത്സയും പുനരധിവാസവും പ്രധാനം

കാർഷിക സംസ്കാരം മുറുകെ പിടിക്കണം