കൊച്ചി: ധാര്‍മികമൂല്യങ്ങളിലൂന്നിയ നേതൃത്വനിര സമൂഹത്തിലും സഭയിലും അനിവാര്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് ആന്റണി കരിയില്‍ പറഞ്ഞു. അതിരൂപത വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചുണങ്ങംവേലി നിവേദിതയില്‍ ഒരുക്കിയ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ്് (സ്പര്‍ശ് 2022) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമുക്കു ചുറ്റുമുള്ള മൂല്യച്യുതികള്‍ക്കെതിരേ ശക്തമായി പോരാടുന്ന ധാര്‍മികതയുടെ പ്രശോഭിത നക്ഷത്രങ്ങളാകാന്‍ യുവാക്കള്‍ക്കു സാധിക്കണം. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളിലും കുറവുകളിലും തളരാതെ അതിജീവനത്തിന്റെ പാതയിലൂടെ മുന്നേറണമെന്നും ആര്‍ച്ചുബിഷപ് കരിയില്‍ ആഹ്വാനം ചെയ്തു.
അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കാറ്റെക്കിസം ഡിപ്ലോമ വിദ്യാര്‍ഥികളാണു നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്താനും ധാര്‍മികബോധവും സാമൂഹ്യപ്രതിബദ്ധതയും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു ക്യാമ്പ് ഒരുക്കിയതെന്ന് അതിരൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴയും അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് വടക്കനും പറഞ്ഞു. ക്രിസ്തുസാക്ഷ്യം ഇന്ന് എന്നതായിരുന്നു ക്യാമ്പിന്റെ പ്രമേയം.
റവ.ഡോ. ജോയ് ഐനിയാടന്‍, ജോര്‍ജ് ദേവസി, ബിജു തോമസ്, സിസ്റ്റര്‍ ജീസ് മേരി, സുജമോള്‍ ഇല്ലത്തുപറമ്പില്‍, ഫാ. ജോയ്‌സ് കൈതക്കോട്ടില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.