Kerala

ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്റർ ഉദ്ഘാടനം ചെയ്തു

Sathyadeepam

മലയാളത്തിലെ പുരാതനരേഖകളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും പൊതുജനങ്ങൾക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്ററിൻ്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ പി എഫ് മാത്യൂസ് നിർവഹിച്ചു. നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയ ആയി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റൽ ആർക്കൈവിംഗ് പ്രവർത്തനങ്ങൾ എന്ന് ശ്രീ പി എഫ് മാത്യൂസ് പറഞ്ഞു.

മലയാളത്തിൽ ഇതുവരെ പൊതുജനങ്ങൾക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂർവ ഗ്രന്ഥങ്ങൾ ഗ്രന്ഥപ്പുരയിൽ വായിക്കാം. ഇത് മുഴുവൻ ഭാഷാ സ്നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അർഹിക്കുന്നു. കൊച്ചിയിൽ നിന്നുള്ള ആദ്യത്തെ നോവൽ, 1906 ൽ അച്ചടിക്കപ്പെട്ട പരിഷ്കാര വിജയം ആണെന്ന് കണ്ടെത്തിയത് 2006 ൽ മാത്രമായിരുന്നുവെന്ന് പി. എഫ് മാത്യൂസ് ഓർമ്മിപ്പിച്ചു.

വാര്യത്ത് ചോറി പീറ്റർ എഴുതിയ ഈ നോവൽ കണ്ടെടുത്തത് ഡോ. ജോർജ് ഇരുമ്പയം ആയിരുന്നു. അതുവരെ ആർക്കും ചോറി പീറ്റർ എന്ന കൊച്ചിക്കാരനായ എഴുത്തുകാരനെ അറിയില്ലായിരുന്നു. - ശ്രീ പി എഫ് മാത്യൂസ് വിശദീകരിച്ചു. 1927ൽ സ്ഥാപിതമാവുകയും ശതാബ്ദിയാഘോഷങ്ങൾക്കൊരുങ്ങുകയും ചെയ്യുന്ന സത്യദീപം വാരികയുടെ ആദ്യ ലക്കങ്ങളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു.

സത്യദീപം ഓഫീസിനോടു ചേർന്നാണ് ഗ്രന്ഥപ്പുരയുടെ എറണാകുളം സെൻ്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഗ്രന്ഥപ്പുരയുടെ സ്ഥാപകനും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഡയറക്ടറുമായ ഷിജു അലക്സ് ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതിനകം എട്ടു ലക്ഷത്തോളം പേജുകൾ www.gpura.org ൽ സൗജന്യമായി ലഭ്യമാക്കി കഴിഞ്ഞു. ഇപ്പോൾ പ്രതിദിനം രണ്ടായിരത്തോളം പേജുകൾ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു.

ബംഗളുരു ധർമ്മാരാം കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി, തിരുവനന്തപുരം, കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയാണ് മറ്റു നാലു സെൻ്ററുകൾ. പുരാതന രേഖകളും പുസ്തകങ്ങളും കൈയിലുള്ളവർക്ക് ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയെ ബന്ധപ്പെടാവുന്നതാണ് എന്ന് ഡയറക്ടർ ജിസ്സോ ജോസ് പറഞ്ഞു.

എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റോ ചേരാംതുരുത്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എം വി ബെന്നി, ഫാ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു. സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത് സ്വാഗതവും ഷിജു ആച്ചാണ്ടി നന്ദിയും പറഞ്ഞു.

മാര്‍ പോള്‍ മൂന്നാമന്‍ നോന: കല്‍ദായ പാത്രിയര്‍ക്കീസിന്റെ ഔദ്യോഗികനാമം

സിനിമയിൽ ഒന്നും എളുപ്പം നേടാനാകില്ല: ലാൽജോസ്

വി. ആന്‍സലം (1033-1109) ഏപ്രില്‍ 21

ട്രാൻസ്ജെൻഡേഴ്സ്: ഒരു മനഃശാസ്ത്ര വായന

വി. യോഹന്നാൻ - Chap.6 [1of4]