കൊച്ചി : നല്ല പുസ്തകങ്ങളാണ് ഏറ്റവും നല്ല സുഹൃത്ത് എന്നും വായനയാണ് സൗഹൃദം സൃഷ്ഠിക്കാൻ എളുപ്പമെന്നും എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ എറണാകുളം ശ്രീ രുദ്ര വിലാസം യൂ.പി.സ്‌കൂളിൽ സംഘടിപ്പിച്ച ദേശീയ വായനാദിനം ഉദഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും അസി,ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ. വായനാദിന സന്ദേശം നൽകി. ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം അറിവാണ് , അത് നേടിയെടുക്കേണ്ടത് വായനയിലൂടെയാണെന്ന് ഫാ. എമിൽ പുള്ളിക്കാട്ടിൽ പറഞ്ഞു. സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി കെ.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
എറണാകുളം കരയോഗം ട്രെഷറർ അനിൽകെ നായർ, അധ്യാപികമാരായ രഞ്ജിനി ആർ, ഹരിത, ശ്രീന എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കൊച്ചിയിലെ പ്രധാന വിദ്യാലയമാണ് ശ്രീ രുദ്രവിലാസം സ്കൂൾ.
മലയാളം, ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലായി വായന മത്സരവും, ക്വിസ്സ് , കവിതാപാരായണം മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഫാ. എമിൽ പുള്ളിക്കാട്ടിൽ, കെ.ജനാർദ്ദനൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ വായനയുടെ പ്രാധാന്യത്തെ അധികരിച്ചു സ്‌കിറ്റ് അവതരിപ്പിച്ചു.