വിശുദ്ധ മേരി മക്കില്ലോപ്പ്  (1842-1909) : ആഗസ്റ്റ് 5

വിശുദ്ധ മേരി മക്കില്ലോപ്പ്  (1842-1909) : ആഗസ്റ്റ് 5
ആസ്‌ത്രേലിയായില്‍ മെല്‍ബണ് സമീപമുള്ള ഫിറ്റ്‌സ്‌റോയി എന്ന സ്ഥലമാണ് മരിയ എല്ലെന്റെ ജന്മദേശം. സ്‌കോട്ട്‌ലന്റില്‍ നിന്ന് ആസ്‌ത്രേലിയായില്‍ കുടിയേറിയ മാതാപിതാക്കളില്‍നിന്ന് 1842 ജനുവരി 15 ന് ജനിച്ച മരിയ കുട്ടികള്‍ക്കു ട്യൂഷന്‍ കൊടുത്താണ് ജീവിച്ചിരുന്നത്. 1861-ല്‍ ഫാ. ജൂലിയന്‍ ടെന്‍ഷന്‍ വുഡ്‌സ് എന്ന ഇംഗ്ലീഷ് മിഷണറിയെ പരിചയപ്പെട്ടതാണ് മേരിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആസ്‌ത്രേലിയായിലെ കാത്തലിക്ക് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ശില്പിയാണ് ഫാ. ജൂലിയന്‍. ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി ജീവിതം ഉഴിഞ്ഞുവെക്കാനുള്ള പ്രചോദനം മരിയയ്ക്കു നല്‍കിയത് ഫാ. ജൂലിയനാണ്.

1865-ല്‍ മരിയയും രണ്ടു സഹോദരിമാരും കൂടി, തെക്കന്‍ ആസ്‌ത്രേലിയായിലെ ഉപയോഗശൂന്യമായി കിടന്ന ഒരു കുതിരാലയത്തിലാണ് അവരുടെ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്.

പിന്നീട്, ഫാ. ജൂലിയനും മരിയയും ചേര്‍ന്ന് അഡിലാഡില്‍ "Sisters of St. Joseph of the Scared Heart" എന്ന സ്ഥാപനത്തിന് അടിസ്ഥാനമിട്ടു. തന്റെ സഹപ്രവര്‍ത്തകരുമൊത്ത് വ്രതവാഗ്ദാനങ്ങള്‍ നടത്തിയ മരിയ, മേരി ഓഫ് ദ ക്രോസ് എന്ന നാമധേയം സ്വീകരിച്ചു. അപരിഷ്‌കൃതരായ ആസ്‌ത്രേലിയന്‍ ഗ്രാമവാസികളെ പാശ്ചാത്യ സംസ്‌കാരത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള മേരിയുടെ ശ്രമങ്ങള്‍ തെറ്റിദ്ധാരണകളിലേക്കും എതിര്‍പ്പുകളിലേക്കും വഴിവച്ചു. അങ്ങനെ, 1871-ല്‍ അഡിലാഡ് ബിഷപ്പ് മേരിയെ സഭയില്‍ നിന്നു പുറത്താക്കി; മിഷണറി പ്രവര്‍ത്തങ്ങള്‍ നിരോധിക്കുകയും ചെയ്തു. നിരാശ്രയയായ മേരിയെയും സഹപ്രവര്‍ത്തകരെയും വാടകയില്ലാതെ താമസിക്കാന്‍ ഒരു വീടു നല്‍കി സഹായിച്ചത് ഇവരോട് അനുകമ്പ തോന്നിയ ഒരു യഹൂദനാണ്. 1872-ല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാകുന്നതുവരെ അവിടെ കഴിഞ്ഞുകൂടി.

1874-ല്‍ മേരി റോമിലെത്തി. പോപ്പ് പയസ് IX ന് തന്റെ സ്ഥാപനത്തിന്റെ നിയമാവലി സമര്‍പ്പിച്ചു. അങ്ങനെ പോപ്പിന്റെ അംഗീകാരത്തോടെ ആസ്‌ത്രേലിയായില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. 160 ജോസഫൈറ്റ് ഭവനങ്ങളും 117 സ്‌കൂളുകളും സ്ഥാപിക്കപ്പെട്ടു. പന്തീരായിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരുന്നു.
1909 ആഗസ്റ്റ് 8-ന് സിഡ്‌നിയിലായിരുന്നു മേരിയുടെ അന്ത്യം. വര്‍ഷ ങ്ങളോളം രോഗിയായി കഴിഞ്ഞ ശേഷമായിരുന്നു മരണം. 1995 ജനുവരി 19-ന് സിഡ്‌നി, ന്യൂ സൗത്ത് വെയില്‍സില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മേരി മക്കില്ലോപ്പിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2010 ഒക്‌ടോബര്‍ 17ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മേരി മക്കില്ലോപ്പിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മേരി മരിക്കുമ്പോള്‍ സഭയില്‍ ആയിരത്തോളം സിസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. 1964 ആയപ്പോഴേക്കും 2106 അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി അതു വളര്‍ന്നു. അസ്‌ത്രേലിയായിലെ 22 രൂപതകളിലും ന്യൂസിലാന്റിലെ നാലു രൂപതകളിലും അയര്‍ലന്റിലെ ഒരു രൂപതയിലുമായി അതു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടപ്പോഴും എല്ലാം ക്ഷമയോടെ സഹിച്ച്, ലക്ഷ്യം മാത്രം മുമ്പില്‍ കണ്ടുകൊണ്ട് നിസ്വാര്‍ത്ഥമായി പ്രവര്‍ ത്തിക്കുകയും ജീവിക്കുകയും ചെയ്തതാണ് വാഴ്ത്തപ്പെട്ട മേരിയുടെ വിജയ രഹസ്യം. പ്രതിബന്ധങ്ങളെ മറികടക്കാന്‍ ആത്മാര്‍ത്ഥതയും ബോധ്യവുമുള്ള ധീരമായ ഒരു മനസ്സു വേണം. അജ്ഞത എന്ന അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനലക്ഷങ്ങളില്‍ അനുകമ്പ തോന്നി, അവരെ രക്ഷിക്കേണ്ടത് തന്റെ കടമയായി കരുതിയ ഒരു രക്ഷകയാണ് വാഴ്ത്തപ്പെട്ട മേരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org