കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2025 ലെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യാവതരണം നടത്തിയ നാടകമായിരിക്കണം മത്സരത്തിലേക്ക് അപേക്ഷിക്കേണ്ടത്. ഒരു നാടകസംഘത്തിന്റെ ഒരു നാടകം മാത്രമേ മത്സരത്തിന് പരിഗണിക്കും പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങൾ മത്സരത്തിന് പരിഗണിക്കില്ല.
സ്വതന്ത്രമായ നാടകരചനയല്ലാതെ മറ്റേതെങ്കിലും കൃതിയുടെയോ, ആവിഷ് കാരങ്ങളുടെയോ അഡാപ്റ്റേഷനുകളിലൂടെ തയ്യാറാക്കിയതാണെങ്കിൽ മൂലകൃതിയുടെ രചയിതാവിന്റെ അവകാശിയുടെ സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. സമ്മതപത്രം ലഭിച്ചില്ലെങ്കിൽ പകർപ്പാവകാശം സംബന്ധിച്ച് നിയമപരമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം നാടകസംഘം ഏറ്റെടുക്കുന്നതാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലവും അപേക്ഷയോടൊപ്പം ചേർക്കണം.
ഡി.ടി.പി.ചെയ്ത സ്ക്രിപ്റ്റിന്റെ അഞ്ച് കോപ്പി, 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യാവതരണം നടത്തിയ രേഖ, നാടകത്തിന്റെ പെൻഡ്രൈവ്, നാടകകൃത്തിന്റെ സമ്മത പത്രം, നാടകസംഘത്തിന്റെ അക്കാദമി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം മാർച്ച് 23 വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷ സമർപ്പിക്കണം. അക്കാദമിയുടെ അംഗീകാരമുള്ള പ്രൊഫഷണൽ നാടകസംഘങ്ങൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളു.
2026 മെയ് ഒൻപത് മുതൽ 13 വരെ സംഘടിപ്പിക്കുന്ന നാടകമത്സരത്തിൽ ഒരു ദിവസം രണ്ട് നാടകങ്ങൾ എന്ന വിധത്തിൽ ആകെ 10 നാടകങ്ങൾ ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടുക. തെരഞ്ഞെടുപ്പ് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ആവശ്യം വരികയാണെങ്കിൽ മത്സരം നടത്തുന്ന തിയ്യതി കളിൽ ഭേദഗതി വരുത്തുന്നതാണ് . തപാൽ കൊറിയർ മുഖേനയോ അക്കാദമി ഓഫീസിൽ നേരിട്ടോ നാടക മത്സരത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കാം.
ഇ-മെയിൽ,വാട്സ്ആപ്പ് എന്നിവ മുഖേന അപേക്ഷ സ്വീകരിക്കില്ല.
സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ - 20 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
നിയമാവലിയും അപേക്ഷ ഫോറവും അക്കാദമി വെബ്സെറ്റായ https:/ /keralasangeethanatakaakademi.in ലും ഓഫീസിലും ലഭ്യമാണ്. ഫോൺ 0487 - 2332134,2332548.