Kerala

ആന്റോ അക്കര സിഎംഐ മീഡിയ അവാർഡ് ഏറ്റുവാങ്ങി

Sathyadeepam

സിഎംഐ മീഡിയ അവാർഡ് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പു മന്ത്രി റോജി എം ജോണിൽ നിന്ന് ആന്റോ അക്കര ഏറ്റുവാങ്ങി. സി എം ഐ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിച്ചു. മാധ്യമവർഷാചരണത്തോടനുബന്ധിച്ചു സി എം ഐ സന്യാസസമൂഹം ഏർപ്പെടുത്തിയ മീഡിയ അവാർഡിന് ആന്റോ അക്കരയ്ക്കൊപ്പം സംഗീതജ്ഞൻ അൽഫോൺസ് ജോസഫും ചലച്ചിത്ര സംവിധായകൻ ലിയോ തദേവൂസുമാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 'മദർ തെരേസ - പ്രൊഫറ്റ് ഓഫ് കംപാഷൻ' (Mother Teresa - Prophet of Compassion) എന്ന തന്റെ ഡോക്യുമെന്ററിയ്ക്കു ഹൃദയസ്പർശിയായ സംഗീതം നൽകിയ പ്രശസ്ത മലയാള ചലച്ചിത്ര സംഗീതജ്ഞൻ അൽഫോൺസ് ജോസഫിനൊപ്പം ആദരിക്കപ്പെടുന്നതിൽ അക്കര സന്തോഷം പ്രകടിപ്പിച്ചു.

നിർഭയമായ പത്രപ്രവർത്തനത്തിനും സാമൂഹിക പ്രവർത്തനത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ്, 2026-ലെ സി.എം.ഐ ഇയർ ഓഫ് മീഡിയ അവാർഡ് അക്കരയ്ക്കു സമ്മാനിക്കുന്നതെന്നു പ്രശസ്തിപത്രത്തിൽ സിഎംഐ കോൺഗ്രിഗേഷൻ രേഖപ്പെടുത്തിയിരിക്കുന്നു. “അനന്യമായ സർഗാത്മകതയും സമർപ്പണവും പ്രൊഫഷണൽ മികവും കൊണ്ട് സമൂഹത്തിന് നിർണായക സംഭാവനകളും തലമുറകൾക്ക് പ്രചോദനവും നൽകാൻ സാധിച്ചിട്ടുള്ള പത്രപ്രവർത്തകനാണ് ആൻ്റോ അക്കര." പ്രശസ്തി പത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

2031 ൽ 200 -ആം വാർഷികം ആഘോഷിക്കുന്നതിന് ഒരുങ്ങുന്ന സി എം ഐ സന്യാസമൂഹം അതിനൊരുക്കമായി പ്രഖ്യാപിച്ച മാധ്യമ വർഷാചരണത്തിന്റെ ഭാഗമായാണ് മാധ്യമ പ്രതിഭകൾക്ക് അവാർഡ് ഏർപ്പെടുത്തിയതെന്ന് സി എം ഐ ജനറൽ കൗൺസിലർ (എഡ്യുക്കേഷൻ & കമ്മ്യൂണിക്കേഷൻ മീഡിയ) ഫാ. ബിനോയ് എലവുങ്കൽ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി ദക്ഷിണേഷ്യൻ വാർത്തകൾ കൈകാര്യം ചെയ്തുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് ആന്റോ അക്കര. നിലവിൽ ഇ.ഡബ്ല്യു.ടി.എൻ ന്യൂസിനു വേണ്ടി സേവനം ചെയ്യുന്നു. ഒഡീഷയിലെ കന്ധമാലിൽ ക്രിസ്ത്യാനികൾക്കെതിരെ രക്തരൂക്ഷിതമായ ആസൂത്രിത കലാപങ്ങൾ അരങ്ങേറിയ 2008 മുതൽ 'കാന്ധമാലിലെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള' (Truth & Justice for Kandhamal) പ്രചാരണത്തിനും അക്കര നേതൃത്വം നൽകുന്നു. ഏറെ പ്രശംസ നേടിയ നിരവധി അന്വേഷണാത്മക പുസ്തകങ്ങൾക്ക് പുറമെ, കന്ധമാൽ കൂട്ടക്കൊല മൂടിവെക്കാൻ കള്ളക്കേസിൽ കുടുക്കി ശിക്ഷിക്കപ്പെട്ട ഏഴ് നിരപരാധികളായ ക്രിസ്ത്യാനികളുടെ 2019-ലെ മോചനത്തിനായും അക്കര നിരന്തരമായ നിയമപോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.

കന്ധമാൽ, മണിപ്പൂർ കലാപങ്ങളെക്കുറിച്ച് രണ്ട് ഡസനോളം ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുള്ള അക്കര, 1995-ൽ മദർ തെരേസയുമായി അഭിമുഖസംഭാഷണം നടത്തിയിട്ടുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം നിർമ്മിച്ച 'മദർ തെരേസ - പ്രൊഫറ്റ് ഓഫ് കംപാഷൻ' എന്ന ശക്തമായ ഡോക്യുമെന്ററി, മദർ തെരേസയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 5-ന് കൊൽക്കത്തയിൽ ആദ്യപ്രദർശനം നടത്തി. പിന്നീടത് വ്യാപകമായ പ്രചാരം നേടി.

ഒറീസയിലെ കന്ധമാൽ വനമേഖലകളിൽ മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും കടുത്ത രീതിയിൽ നിഷേധിക്കപ്പെടുന്നത് പുറംലോകത്തെത്തിക്കുന്നതിൽ വഹിച്ച സ്തുത്യർഹമായ പങ്കിന്, ഇന്റർനാഷണൽ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് ദി മീഡിയയുടെ (ICOM) സെന്റ് ടൈറ്റസ് ബ്രാൻഡ്സ്മ ജേണലിസം അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പനാമ സിറ്റിയിൽ നടന്ന വേൾഡ് മീഡിയ ആൻഡ് ജേണലിസം കോൺഗ്രസിൽ വെച്ച് സമ്മാനിച്ച ഈ ത്രിവത്സര പുരസ്കാരം, വിഷം കുത്തിവെച്ച് കൊല്ലപ്പെട്ട ഡച്ച് പത്രപ്രവർത്തകനും കർമ്മലീത്താ വൈദികനുമായിരുന്ന വിശുദ്ധ ടൈറ്റസ് ബ്രാൻഡ്സ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

'ക്രൈസ്തവ ധർമ്മത്തിലെ അദ്വൈതാചാര്യൻ' പ്രകാശനം ചെയ്തു

ഡിജിറ്റല്‍ ലോകത്തെ ദാമ്പത്യ വിശ്വസ്തതയെക്കുറിച്ച് കോണ്‍ഫറന്‍സ്

പൗളിനൂസ് പാതിരിയുടെ പുരാതനഗ്രന്ഥം എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തിനു കൈമാറി

എറണാകുളം അങ്കമാലി അതിരൂപത ബൈബിൾ കലോത്സവം

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 8]