International

ആഗോള യുവജനദിനം ദൈവവിളികള്‍ വളര്‍ത്തുന്നു

sathyadeepam

പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കുമുള്ള ദൈവവിളികള്‍ കുറയുന്ന പ്രവണത പൊതുവെയുള്ളപ്പോഴും ആഗോള യുവജനദിനാഘോഷങ്ങള്‍ ദൈവവിളികള്‍ വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. പോളണ്ടിലെ ക്രാക്കോയില്‍ നടന്ന ആഗോള യുവജനദിനാഘോഷവേദിയില്‍ നിന്നുള്ള സാക്ഷ്യങ്ങളും ഇതു ശരി വയ്ക്കുന്നു. യുവജനദിനാഘോഷങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പൗരോഹിത്യപഠനമാരംഭിച്ചവരും പട്ടം ലഭിച്ചവരുമായ നിരവധി പേര്‍ ക്രാക്കോവില്‍ എത്തിയിരുന്നു.
ഇപ്പോള്‍ അമേരിക്കയിലെ വിവിധ സെമിനാരികളില്‍ വൈദികപഠനം നടത്തുന്നവരില്‍ മൂന്നിലൊരു വിഭാഗവും യുവജനദിനാഘോഷത്തെ ഒരു പ്രധാന പ്രചോദനകാരണമായി പറയുന്നവരാണെന്ന് ലാസ് വേഗാസ് ബിഷപ് ജോസഫ് പെപെ ചൂണ്ടിക്കാട്ടി. മാഡ്രിഡിലെ യുവജനദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം സെമിനാരിയില്‍ ചേരുകയും പട്ടത്തിനു ശേഷം റഷ്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന തന്‍റെ രൂപതയിലെ ഒരു ഡീക്കനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. യുവജനദിനാഘോഷവേദികളില്‍ സന്തുഷ്ടരും സജീവരുമായ വൈദികരെയും കന്യാസ്ത്രീകളെയും കാണുന്നത് യുവജനങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടെ ന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളെ സഭ ഗൗരവത്തിലെടുക്കുന്നുണ്ടെന്നും വില മതിക്കുന്നുണ്ടെന്നും യുവജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് ഇത്തരം ആഘോഷവേദികളിലാണെന്ന് ടാന്‍സാനിയായില്‍ നിന്നുള്ള ബിഷപ് ഗെര്‍വാസ് മ്വാസിക്വാഭില അഭിപ്രായപ്പെട്ടു. തങ്ങളുടെ മതവിശ്വാസം അംഗീകരിക്കപ്പെടുന്നുണ്ടെന്നു മനസ്സിലാക്കുന്ന യുവജനങ്ങള്‍ അതിനെ ഗൗരവമായി കാണുകയും ദൈവവിളികള്‍ സ്വീകരിക്കാന്‍ സന്നദ്ധരാകുകയും ചെയ്യുന്നു. പരിശുദ്ധാത്മാവാണ് ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ആത്മീയ ആഘോഷവേദികളില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തമായ സാന്നിദ്ധ്യമുണ്ടാകുന്നുണ്ട് – അദ്ദേഹം വിശദീകരിച്ചു.
2008-ല്‍ സിഡ്നിയില്‍ നടന്ന ആഗോള യുവജനദിനാഘോഷങ്ങള്‍ ആസ്ത്രേലിയന്‍ സഭയിലെ ദൈവവിളികള്‍ക്കു വലിയ ഉണര്‍വു പകര്‍ന്നതായി അവിടെ നിന്നെത്തിയവര്‍ അറിയിച്ചു. ധാരാളം ആസ്ത്രേലിയന്‍ യുവതികള്‍ അതിനുശേ ഷം കന്യാസ്ത്രീകളാകാന്‍ മു ന്നോട്ടു വരികയുണ്ടായി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം