International

റഷ്യന്‍-കോണ്‍സ്റ്റാന്റിനോപ്പിള്‍ തര്‍ക്കം 2033 ജൂബിലിയെ ബാധിക്കുമെന്ന് ആശങ്ക

Sathyadeepam

യേശുക്രിസ്തുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളുടെ 2000-ാം വാര്‍ഷികം 2033-ല്‍ ജെറുസലേമില്‍ എല്ലാ സഭകളും ഒന്നിച്ച് ആഘോഷി ക്കണമെന്ന നിര്‍ദ്ദേശം ലോകമെങ്ങു മുള്ള ക്രൈസ്തവസഭകള്‍ക്കിടയില്‍ പൊതുവെ സ്വീകാര്യമായിട്ടുണ്ടെങ്കിലും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കേറ്റും കോണ്‍സ്റ്റാന്റി നോപ്പിള്‍ പാത്രിയര്‍ക്കേറ്റും തമ്മിലുള്ള ഭിന്നത ഒരു തടസ്സമായേ ക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ക്രൈസ്തവരുടെ പൂര്‍ണവും ദൃശ്യവുമായ ഐക്യം പ്രകടിപ്പിക്കു ന്നതിനുള്ള ചരിത്രപരമായ ഒരു സന്ദര്‍ഭം ആയിരിക്കും 2033 ലെ ജൂബിലി ആഘോഷം എന്ന പ്രത്യാശയാണ് വത്തിക്കാന് ഉള്ളത്. ഇതിനായി ജെറുസലേമിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം ലിയോ പതിനാലാമന്‍ മാര്‍പാപ്പ നേരത്തെ പ്രകടിപ്പിച്ചിട്ടുള്ളതാണ്.

തുര്‍ക്കിയില്‍ മാര്‍പാപ്പ ഉള്‍പ്പെടെയുള്ള സഭാ പ്രതിനിധികള്‍ പങ്കെടുത്ത യോഗം ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വിവിധ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെയും ക്രൈസ്തവ സമൂഹങ്ങളുടെയും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ആംഗ്ലിക്കന്‍, ലൂതറന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ജലിക്കല്‍ സഭകളുടെ ആഗോള സമിതികളും സഭകളുടെ ലോക കൗണ്‍സിലും ഈ സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

പക്ഷേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പങ്കെടുത്തില്ല. ആതിഥേയത്വം വഹിച്ച കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കേറ്റ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ ഇതിനായി ക്ഷണിച്ചില്ല എന്നാണ് പിന്നീട് വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ കര്‍ട് കോച് വെളിപ്പെടുത്തിയത്.

2018-ൽ ഉക്രൈനിലെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്ത്‌ലോമിയോ ഒന്നാമന്‍ സ്വയം ഭരണാധികാരം നല്‍കിയതാണ് മോസ്‌കോ പാത്രിയര്‍ക്കറ്റിനെ ചൊടിപ്പിച്ചത്. അതുവരെയും ഉക്രൈനിയന്‍ സഭ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായിരുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും യുദ്ധവും സഭാ ബന്ധങ്ങളെയും സങ്കീർണ്ണമാക്കി.

‘ഞാന്‍ നിന്നെ മറക്കുകയില്ല’: അടുത്ത വയോധിക ദിനത്തിന്റെ പ്രമേയം

നോവിക്കുന്ന വാക്കുകള്‍ക്ക് നോമ്പെടുക്കുക

വിശുദ്ധ കൊണ്‍റാഡ് (1290-1351) : ഫെബ്രുവരി 19

ഗലാത്തിയ - Chapter 2 [1of3]

ടെട്രാറ്റേനിയം പൈകടെ; പശ്ചിമഘട്ടത്തിലെ പുതിയ സസ്യത്തിന് വൈദികന്റെ പേര്