2026 ഏപ്രില്‍ 13 മുതല്‍ 23 വരെ, ലിയോ പതിനാലാമന്‍ പാപ്പാ, അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. ഇത് സംബന്ധിച്ച വിവരങ്ങളും, ആപ്തവാക്യങ്ങളും ലോഗോകളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
അള്‍ജീരിയയിലേക്കുള്ള യാത്രയുടെ ലോഗോയില്‍, സമാധാനത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഒരേ പാത്രത്തില്‍ നിന്ന് കുടിക്കുന്ന രണ്ട് പ്രാവുകളും, അള്‍ജീരിയയുടെ ഭൂപടത്തോടൊപ്പം ക്രിസ്ത്യന്‍ ചിഹ്നമായ കുരിശും കാണാം. പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങള്‍ അള്‍ജീരിയന്‍ പതാകയെ പ്രതിധ്വനിപ്പിക്കുന്നു, അതേസമയം മഞ്ഞ നിറങ്ങള്‍ വത്തിക്കാനെ സൂചിപ്പിക്കുന്നു. മധ്യത്തിലും താഴെയുമായി അറബി, അമാസി, ഫ്രഞ്ച് ഭാഷകളില്‍, 'നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ'' എന്ന ആപ്തവാക്യവും ആലേഖനം ചെയ്തിരിക്കുന്നു.
കാമറൂണിലേക്കുള്ള യാത്രയുടെ ലോഗോയില്‍ ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയായ ഒരു തുറന്ന ബൈബിളാണ് കാണിച്ചിരിക്കുന്നത്, അതില്‍ രാജ്യത്തിന്റെ ഭൂപടം അടങ്ങിയിരിക്കുന്നു, ദേശീയ പതാകയുടെ പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളാണ് ഭൂപടത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇടതുവശത്തുള്ള വരയില്‍ നിന്ന് സുവിശേഷ പ്രഖ്യാപനത്തിന്റെ അടയാളമായ കുരിശുരൂപം ഉയര്‍ന്നുവരുന്നു, പരിശുദ്ധ അമ്മയുടെ പ്രതീകമായ ങ എന്ന അക്ഷരവും അവിടെ കാണാം. മധ്യഭാഗത്ത്, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെയും പ്രദേശത്തുടനീളം സുവിശേഷം അറിയിക്കുന്നതിനെയും പ്രതിനിധീകരിക്കുന്ന ഒരു സ്വര്‍ണ്ണ പ്രാവ് തിളക്കമുള്ള കിരണങ്ങള്‍ പ്രസരിപ്പിക്കുന്നു. വലതുവശത്ത് ദൈവജനത്തിന്റെ കൂട്ടായ്മയുടെയും അജപാലന അകമ്പടിയുടെയും അടയാളമായി പ്രാര്‍ത്ഥനയുടെ ഒരു ഭാവത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായെ ചിത്രീകരിച്ചിരിക്കുന്നു. ബൈബിളിന്റെ താളുകളില്‍ 'എല്ലാവരും ഒന്നായിരിക്കട്ടെ' (യോഹന്നാന്‍ 17:21) എന്ന ആപ്തവാക്യവും ഉണ്ട്. ലിയോ പതിനാലാമന്‍ പാപ്പായുടെ 'ഇല്ലൊ യുനോ യുനം' എന്ന മുദ്രാവാക്യവും ആലേഖനം ചെയ്തിരിക്കുന്നു.
അംഗോളയുടെ ചരിത്രത്തിലെ രക്തച്ചൊരിച്ചിലിനെ ഓര്‍മ്മിപ്പിക്കുന്ന ചുവപ്പ് നിറത്തിലുള്ള ലോഗോ, അനുഗ്രഹത്തെയും ആഫ്രിക്കന്‍ സ്വത്വത്തെയും പ്രതീകപ്പെടുത്തുന്ന ഒരു കറുത്ത അലകളുടെ വരയാല്‍ രാജ്യത്തിന്റെ ഭൂപടം പൊതിഞ്ഞിരിക്കുന്നു. മധ്യഭാഗത്ത്, ദളങ്ങള്‍ പോലെയുള്ള ഒരു മഞ്ഞ അര്‍ദ്ധവൃത്തം, കുരിശുമായി സംയോജിപ്പിച്ച്, ദിവ്യകാരുണ്യത്തെ പ്രതിനിധീകരിക്കുന്നു. ദളങ്ങള്‍ രാജ്യത്തിന്റെ പ്രതീകാത്മക വൃക്ഷമായ മുലെംബയെ ഓര്‍മ്മിപ്പിക്കുന്നു, നീല വരകള്‍ രാജ്യത്തെ നദികളെ പ്രതിനിധീകരിക്കുന്നു.
പ്രതീക്ഷയുടെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും തീര്‍ത്ഥാടകനായ ലിയോ പതിനാലാമന്‍ പാപ്പാ എന്ന ആപ്തവാക്യവും രേഖപ്പെടുത്തിയിരിക്കുന്നു.
ഇക്വറ്റോറിയല്‍ ഗിനിയയുടെ ലോഗോയില്‍, വേറിട്ടുനില്‍ക്കുന്നത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും പ്രതീകമായ ഒരു സ്വര്‍ണ്ണ കുരിശാണ്. അതിന്റെ മധ്യഭാഗത്ത് ഒരു വശത്ത് രാജ്യത്തിന്റെ ഭൂപടവും പതാകയും ചിത്രീകരിച്ചിരിക്കുന്നു, മറുവശത്ത് ഒരു കുടുംബത്തിന്റെ മാതൃകയും ചിത്രീകരിച്ചിരിക്കുന്നു.
താഴെ, 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ വഴിയുള്ള ആദ്യത്തെ സുവിശേഷകരുടെ വരവിനെ അനുസ്മരിപ്പിക്കുന്ന ഒരു പുസ്തകം പിടിച്ചു കൊണ്ട് ഒരു മനുഷ്യന്‍ ഒരു ബോട്ടില്‍ ഇരിക്കുന്നത് കാണാം. സ്വര്‍ണ്ണം, പച്ച, വെള്ള, ചുവപ്പ് എന്നീ നിറങ്ങള്‍ യഥാക്രമം ക്രിസ്തുവിന്റെ പ്രകാശത്തെയും, ഭൂമിയെയും, സമാധാനത്തെയും, സ്വാതന്ത്ര്യസമരത്തെയും അനുസ്മരിപ്പിക്കുന്നു.
'ക്രിസ്തു, ഇക്വറ്റോറിയല്‍ ഗിനിയുടെ വെളിച്ചം, പ്രത്യാശയുടെ ഭാവിയിലേക്ക്' എന്നതാണ് ആപ്തവാക്യം.