International

പാക്കിസ്ഥാനിലെ മരിയാമാ ബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം

Sathyadeepam

പാക്കിസ്ഥാനിലെ മരിയാമാബാദിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍, എഴുപത്തിയേഴാമത് ദേശീയ തീര്‍ത്ഥാടനത്തില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍, തോരാത്ത മഴയിലും പങ്കെടുത്തു. സെപ്തംബര്‍ 4 മുതല്‍ 6 വരെയായിരുന്നു തീര്‍ത്ഥാടന ദിനങ്ങള്‍.

‘മഴയും പ്രതികൂല സാഹചര്യങ്ങളും വിശ്വാസികളുടെ ഭക്തിയെ തളര്‍ത്തുന്നില്ല എന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്,’ എന്ന് ലാഹോര്‍ അതിരൂപത വക്താവും കപ്പൂച്ചിന്‍ സന്യാസിയുമായ ഫാ. ഖൈസര്‍ ഫെറോസ് പറഞ്ഞു. കനത്ത മഴ മൂലം പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിലും, മാതാവിനോടുള്ള സ്‌നേഹത്താലും, ഭക്തിയാലും പ്രേരിതരായി വിശ്വാസികള്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നു.

ഏകദേശം അഞ്ച് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം മരിയാമാബാദില്‍ എത്തിയെന്നാണ് കണക്കാക്ക പ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാൽ നടയായും സൈക്കിളിലും ബസ്സുകളിലും ട്രക്കുകളിലുമായി വലിയ സംഘങ്ങളാണ് എത്തിയത്. ലാഹോര്‍ ആർച്ചുബിഷപ് ഖാലിദ് റഹ്മത്ത് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. കത്തോലിക്കര്‍ക്ക് പുറമെ മുസ്ലിം, ഹിന്ദു മതവിഭാഗങ്ങളിൽ പ്പെട്ടവരും മാതാവിന്റെ അനുഗ്രഹം തേടി ഇവിടെ എത്തുന്നു എന്നത് ഈ തീര്‍ത്ഥാടനത്തിന്റെ സവിശേഷതയാണ്.

‘മറിയത്തിന്റെ നഗരം’ എന്നറിയപ്പെടുന്ന മറിയാമാബാദ് പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള കപ്പൂച്ചിന്‍ മിഷനറിമാരാണ് ഈ ഗ്രാമം സ്ഥാപിച്ചത്. അക്കാലത്ത് കടുത്ത വിവേചനവും അടിമത്ത സമാനമായ സാഹചര്യങ്ങളും അനുഭവിച്ചിരുന്ന ക്രൈസ്തവ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫാദര്‍ ഫെലിക്‌സ് വാന്‍ ഡി പുട്ടെ മുന്‍കൈ എടുത്താണ് ഈ സ്ഥലം വാങ്ങിയത്. 1898-ല്‍ ഇവിടെ ആദ്യ ദേവാലയം നിര്‍മ്മിക്കപ്പെട്ടു. 1949-ലാണ് മരിയാമാബാദിനെ പാകിസ്ഥാന്റെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യൂണിഫോം അഴിച്ചുവെച്ചാൽ നേരെ പാടത്തേക്ക്!

വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12

സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

ചിരി

ഇന്ത്യ ഇവിടെത്തന്നെ നിൽക്കട്ടെ, മോദി യാത്ര ചെയ്യട്ടെ...