അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാള ങ്ങളാകാന്‍ സന്യസ്തര്‍ക്ക് സാധിക്കണമെന്ന് വത്തി ക്കാന്‍ സന്യസ്തജീവിത കാര്യാലയം ആവശ്യപ്പെട്ടു. ഫെബ്രുവരി 2 സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള ആഗോള ദിനമായി ആചരിക്കുന്നതിന് മുന്നോടിയായി കാര്യാലയം പുറപ്പെടുവിച്ച ലേഖനത്തില്‍, പരീക്ഷണങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പ്രത്യാശയുടെ അടയാളമായും സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ നന്ദിയോടെ അനുസ്മരിക്കുന്നു.
സംഘര്‍ഷങ്ങള്‍, സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, ദാരിദ്ര്യം, പാര്‍ശ്വവല്‍ക്കരണം, നിര്‍ബന്ധിത കുടിയേറ്റം, മതന്യൂനപക്ഷങ്ങളോടുള്ള എതിര്‍പ്പുകള്‍, വ്യക്തികളുടെ അന്തസ്സ് ഹനിക്കുന്ന പ്രവര്‍ത്തികള്‍ എന്നിവയാല്‍ അടയാളപ്പെട്ട അവസ്ഥകളില്‍ സന്യസ്ത രുടെ പ്രവാചക സാന്നിധ്യം ശക്തമായിരുന്നു എന്ന് ലേഖനം ചൂണ്ടിക്കാട്ടി.
ദുര്‍ബലതയുടെയും പരീക്ഷണ ത്തിന്റെയും സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരോട് ചേര്‍ന്നുള്ള സന്യസ്തരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു സുസ്ഥിര സാന്നിധ്യമായി മാറിയിട്ടുണ്ട്. വിശ്വാസം പരീക്ഷണ വിധേയമാക്കുകയും പ്രത്യാശ തളരുകയും ചെയ്യുന്ന ലോക സാഹചര്യങ്ങളില്‍ സന്യസ്തരുടെ വിശ്വസ്തവും വിനീതവും സര്‍ഗാത്മകവും വിവേക പൂര്‍ണ്ണവുമായ സാന്നിധ്യം ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ അടയാളമായി മാറുന്നു. സന്യസ്തരുടെ വാക്കുകള്‍ മുഴുവന്‍ ലോകത്തിനും സഭയ്ക്കും ഒരു പ്രവാചകശബ്ദമായി മാറുന്നു - ലേഖനം വിശദീകരിക്കുന്നു.