International

മെജുഗോറി തീര്‍ത്ഥാടനത്തിനു മാര്‍പാപ്പയുടെ അനുമതി

Sathyadeepam

മരിയന്‍ പ്രത്യക്ഷങ്ങള്‍ നടക്കുന്നതായി വിശ്വാസികള്‍ പറയുന്ന തീര്‍ത്ഥാടനകേന്ദ്രമായ മെജുഗോറിയിലേയ്ക്കു തീര്‍ത്ഥാടനങ്ങള്‍ നടത്താന്‍ മാര്‍പാപ്പ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക് അനുമതി നല്‍കി. മെജുഗോറിയില്‍ പ. മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നു കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതു സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണെന്നും തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത് പ്രത്യക്ഷത്തിനു അംഗീകാരം നല്‍കിയതിന്‍റെ സൂചനയല്ലെന്നും വത്തിക്കാന്‍ വക്താവ് അലെസ്സാന്ദ്രോ ജിസോറ്റി വ്യക്തമാക്കി.

തീര്‍ത്ഥാടനത്തില്‍ നിന്നു കൃപയുടെ സദ്ഫലങ്ങള്‍ ധാരാളമുണ്ടാകുന്നു എന്ന വസ്തുതയെ അംഗീകരിക്കുകയാണ് തീര്‍ത്ഥാടനാനുമതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. മാര്‍പാപ്പയുടെ അജപാലനപരമായ സവിശേഷ ശ്രദ്ധ ആ തീര്‍ത്ഥാടനകേന്ദ്രത്തിനു നല്‍കാനും ഉദ്ദേശിക്കുന്നു. എന്നാല്‍ ഇതിന്‍റെ പേരില്‍ വിശ്വാസപരമായ വിഷയത്തില്‍ ആശയക്കുഴപ്പമോ അവ്യക്തതയോ ഉണ്ടാക്കാന്‍ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കുന്നവര്‍ ശ്രമിക്കരുത്. അവിടെ ബലിയര്‍പ്പിക്കുന്ന വൈദികരും ഇതു ശ്രദ്ധിക്കേണ്ടതുണ്ട്.

ബോസ്നിയ-ഹെര്‍സഗോവിനായിലാണു മെജുഗോറി. 2018 മെയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെ ഒരു അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിട്ടുണ്ട്. അജപാലനാവശ്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയാണ് ഈ പദവിയിലുള്ള ആര്‍ച്ചുബിഷപ് ഹെന്‍റിക് ഹോസറിന്‍റെ ചുമതല.

1981 ജൂണില്‍ ആറു കുട്ടികള്‍ക്ക് ഇവിടെ പ.മറിയം പ്രത്യക്ഷപ്പെട്ടുവെന്നാണ് അവര്‍ അവകാശപ്പെട്ടത്. ഇതിനെ തുടര്‍ന്ന് നിത്യവും മാതാവ് ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടു സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നതായി ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഇവിടേയ്ക്കു വരാന്‍ തുടങ്ങുകയും അത്ഭുതങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതോടെയാണ് വത്തിക്കാന്‍ ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയതും തുടര്‍ന്ന് അന്വേഷണക്കമ്മീഷനെ നിയോഗിച്ചതും. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബോസ്നിയ സന്ദര്‍ശിച്ചെങ്കിലും മെജുഗോറിയില്‍ എത്തിയില്ല. വത്തിക്കാന്‍റെ അന്തിമ തീരുമാനം വരാത്തതിനാലാണ് മെജുഗോറി ഒഴിവാക്കിയതെന്നു അന്നു വത്തിക്കാന്‍ സൂചിപ്പിക്കുകയും ചെയ്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്