സമാധാനവും നിരായുധീകരണ വുമാണ് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നതെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾക്കു മുന്നില്‍ ലിയോ പതിനാലാമന്‍ പാപ്പാ തന്റെ കാഴ്ച പ്പാടുകളും അഭിപ്രായവും പണയം വയ്ക്കില്ലെന്നും കാര്‍ഡിനല്‍ വ്യക്തമാക്കി. ജര്‍മ്മനിയില്‍ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ആശീർവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ കാര്‍ഡിനല്‍ നിലവില്‍ ഉപരോധങ്ങളെയോ ശിക്ഷാനടപടികളെയോക്കുറിച്ച് സംസാരിക്കാറായിട്ടില്ലെന്ന് വ്യക്തമാക്കി.
ആണവായുധ ഉപയോഗത്തിനെതിരെയാണ് സഭ എന്നും നിലപാടെടുത്തിട്ടുള്ളതെന്നും, ലിയോ പതിനാലാമന്‍ പാപ്പായും സമാധാ നത്തിനായുള്ള പരിശ്രമങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാന്‍ പുസ്തക പ്രസിദ്ധീകരണശാല പുറത്തിറക്കിയ ‘കൃപയ്ക്ക് കീഴില്‍ സ്വതന്ത്രര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മവുമായി ബന്ധപ്പെട്ട് റോമിലെ അഗസ്റ്റീനിയന്‍ ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ എത്തിയ അവസരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാര്‍ഡിനല്‍ പരോളിന്‍.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പരിശുദ്ധ പിതാവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി എത്തുന്നതിന് ഏതാനും ദിവസ ങ്ങൾക്കു മുമ്പ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിശുദ്ധ പിതാവിനെതിരെ നടത്തിയ പ്രതികരണങ്ങള്‍ വിചിത്രമായാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആണവനിരായുധീകരണത്തെക്കുറിച്ചാണ് പരിശുദ്ധ സിംഹാസനം സംസാരിക്കുന്നതും, അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും. ഇതില്‍ അവ്യക്തതയൊന്നുമില്ല. ഇറാനുമായുള്ള പ്രശ്നപരിഹാരത്തിന്, മുമ്പ് തന്നെ അറിയിച്ചിരുന്നതുപോലെ, സംവാദത്തിന്റെ മാർഗമാണ് തങ്ങള്‍ ഇപ്പോഴും മുന്നോട്ടുവയ്ക്കുന്നത്. അമേരിക്കയുമായുള്ള സംവാദങ്ങള്‍ തുടരാനാണ് പരിശുദ്ധ സിംഹാസനം ആഗ്രഹിക്കുന്നത് - അദ്ദേഹം വിശദീകരിച്ചു.
ജര്‍മ്മനിയിലെ മെത്രാൻ സമിതി സ്വവർഗവിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് ആശീര്‍വാദം നല്‍കുന്നതിനുവേണ്ടിയുള്ള പുസ്തകം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, സിനഡാത്മകതയുടെ പ്രാധാന്യം എടുത്തുകാണിക്കുമ്പോൾത്തന്നെ, തീരുമാനങ്ങള്‍ കാനോനികനിയമവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും സഭയുടെ പാരമ്പര്യവും മാനിച്ചുകൊണ്ടുള്ളതാകണമെന്നും, നിലവില്‍ ആര്‍ക്കെതിരെയും ‘ഉപരോധ’, ശിക്ഷാനടപടികള്‍ എടുക്കേണ്ടി വരില്ലെന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും കാര്‍ഡിനല്‍ വ്യക്തമാക്കി.