International

ചൈനയ്ക്കും വത്തിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനാകും -കാര്‍ഡിനല്‍ പരോളിന്‍

Sathyadeepam

ചൈനയും വത്തിക്കാനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സ്വാഗതാര്‍ഹമാണെന്നും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഒരു ലോകം പടുത്തുയര്‍ത്തുവാന്‍ ഇതുകൊണ്ടു സാധിക്കുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. ചൈനീസ് ഭരണകൂടത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് എന്ന പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണു കാര്‍ഡിനലിന്‍റെ വാക്കുകള്‍.

നമ്മുടെ കാലത്തിന്‍റെ ഗൗരവമായ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള പൊതു ഉത്തരവാദിത്വത്തെക്കുറിച്ച് ലോകത്തെ പുരാതനവും മഹത്തും അതിശയകരവുമായ രണ്ടു അന്താരാഷ്ട്ര അസ്തിത്വങ്ങളായ ചൈനയും പ. സിംഹാസനവും കൂടുതല്‍ അവബോധമാര്‍ജിക്കേണ്ടതുണ്ടെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി. വത്തിക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരികാനുരൂപണവും ചൈനീസ് ഭരണകൂടമാഗ്രഹിക്കുന്ന ചൈനാവത്കരണവും പരസ്പരപൂരകമാണെന്നും സംഭാഷണത്തിന്‍റെ പുതിയ മേഖലകള്‍ തുറന്നു നല്‍കാന്‍ പര്യാപ്തമാണവയെന്നും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. സുവിശേഷവത്കരണം ഫലവത്താകുന്നതിനുള്ള ഒരു അവശ്യഘടകമാണ് സാംസ്കാരികാനുരൂപണം. ഓരോ സംസ്കാരത്തിന്‍റെയും ജനതകളുടേയും സവിശേഷാനുഭവങ്ങള്‍ക്കനുസൃതമായിട്ടാണ് സുവിശേഷം അവതരിപ്പിക്കപ്പെടേണ്ടത്. അതുകൊണ്ട് സാംസ്കാരികാനുരൂപണവും ചൈനാവത്കരണവും പരസ്പരവിരുദ്ധമല്ല. ചൈനയില്‍ ഫലപ്രദമായ സാംസ്കാരികാനുരൂപണം നടത്തിയതിനുള്ള മികച്ച മാതൃകയാണ് പതിനാറാം നൂറ്റാണ്ടിലെ ജെസ്യൂട്ട് മിഷണറി മത്തെയോ റിച്ചി. ഭാവിയില്‍ ഈ വിഷയം കൂടുതല്‍ ആഴപ്പെടുത്തേണ്ടതുണ്ട് – കാര്‍ഡിനല്‍ വിശദീകരിച്ചു.

2018-ല്‍ താത്കാലിക ധാരണയില്‍ ഒപ്പു വച്ചതിനു ശേഷം ചൈനയും വത്തിക്കാനും തമ്മിലുള്ള പരസ്പരവിശ്വാസം കൂടുതല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നു കാര്‍ഡിനല്‍ പറഞ്ഞു. മെത്രാന്‍ നിയമനത്തെ സംബന്ധിച്ചുള്ളതായിരുന്നു പ്രധാനമായും ഈ ധാരണ. കാലക്രമത്തില്‍ കൂടുതല്‍ മൂര്‍ത്തമായ ലക്ഷ്യങ്ങളിലേയ്ക്ക് എത്തിച്ചേരാന്‍ ഇതു സഹായിക്കും. ചൈനാ-വത്തിക്കാന്‍ ബന്ധം പുതിയ തലത്തിലേയ്ക്കു കടന്നുവെന്നത് ചൈനയിലെ കത്തോലിക്കാസമൂഹത്തിനും സമൂഹത്തിനാകെയും ഗുണകരമാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു.

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്