മഹാനായ ഗ്രിഗറി പാപ്പ

ചരിത്രത്തിലെ സഭ
മഹാനായ ഗ്രിഗറി പാപ്പ
Published on
  • സേവി പടിക്കപ്പറമ്പിൽ

നമ്മൾ മാർപാപ്പന്മാരെ കുറിച്ച് കേട്ടിട്ടുണ്ട്. നിങ്ങൾക്കറിയാവുന്ന മാർപാപ്പമാർ ആരൊക്കെയാണ്? സഭയെ ഇപ്പോൾ നയിക്കുന്ന ലിയോ പതിനാലാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയുമെല്ലാം നമുക്ക് പ്രിയപ്പെട്ടവരാണ്. എന്നാൽ ഇവർ മാത്രമാണോ മാർപാപ്പമാർ ആയിട്ടുള്ളത്? സഭയിൽ ഇതുവരെ 267 മാർപ്പാപ്പമാരാണ് ഉണ്ടായിട്ടുള്ളത്. ആദ്യ മാർപാപ്പ വിശുദ്ധ പത്രോസ് ശ്ലീഹ ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലഘട്ടത്തിനുശേഷം ഏതാണ്ട് പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള മാർപാപ്പമാരിൽ ഏറ്റവും പ്രധാനിയാണ് ഗ്രിഗറി മാർപാപ്പ എന്ന് പറയാം. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാനായ ഗ്രിഗറി പാപ്പ (ഗ്രിഗറി ദി ഗ്രേറ്റ്) എന്ന് വിളിക്കുന്നത്. എന്തുകൊണ്ടാണ് ഇദ്ദേഹത്തെ മഹാനായ പാപ്പ എന്ന് വിളിക്കുന്നത്?

1) സഭയുടെ പ്രേഷിത ആഭിമുഖ്യം:

റോമിലെ ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ച ഗ്രിഗറി പൊതു ഭരണ ജോലികളിലാണ് ആദ്യം ഏർപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹം ഒരു സന്യാസിയായി മാറി. ആദ്യമായാണ് ഒരു സന്യാസി മാർപാപ്പയായി മാറിയതും. ഇപ്പോഴത്തെ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയുമെല്ലാം ഓരോ സന്യാസ സഭകളിൽ നിന്നാണ് മാർപാപ്പമാർ ആയതെന്നും നിങ്ങൾക്കറിയാമല്ലോ.

ഗ്രിഗറി പാപ്പായുടെ സന്യാസ താല്പര്യത്താൽ റോമാസാമ്രാജ്യത്തിന് പുറത്തുള്ള ജർമാനിക് രാജവംശങ്ങളിലേക്കും ബ്രിട്ടനിലേക്കുമെല്ലാം അദ്ദേഹം സന്യാസികളെ മിഷണറിമാരായി അയച്ചു. ഇത് ജർമാനിക് രാജവംശങ്ങളുടെ മതപരിവർത്തനത്തിന് കാരണമാവുകയും ലൊമ്പാർഡുകൾ, വിസിഗോത്തുകൾ തുടങ്ങിയ ജർമാനിക് വംശങ്ങൾ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും ചെയ്തു. ആംഗ്ലോ - സാക്സൺ ജനതയുടെ മതപരിവർത്തനമാണ് ഗ്രിഗറി പാപ്പായുടെ ഒരു മഹത്തായ നേട്ടം.

596 ൽ 40 മിഷനറിമാരുടെ സംഘത്തെ ലണ്ടനിലേക്ക് അയയ്ക്കുകയും സംഘത്തിന് നേതൃത്വം നൽകിയ അഗസ്റ്റിൻ എന്ന സന്യാസിയെ ഇംഗ്ലണ്ടിലെ സഭയുടെ ആർച്ചുബിഷപായി നിയമിക്കുകയും ചെയ്തു. രാജാവ് അദ്ദേഹത്തിന് കാന്റർബറിയിലെ കൊട്ടാരം വിട്ടു നൽകി. ജർമാനിക്ക് രാജവംശങ്ങൾ ക്രൈസ്തവ മതം സ്വീകരിച്ചത് സഭയുടെ വളർച്ചയ്ക്കും മാർപാപ്പമാരുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും സഹായകരമായി. 

ഗ്രിഗറി മാർപാപ്പയുടെ മറ്റു പ്രധാന സംഭാവനകൾ നമുക്ക് അടുത്ത ലക്കത്തിൽ പരിചയപ്പെട്ടാലോ...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org