-തോമസ് പി.വി., കിഴക്കുംപാട്ടുകര, തൃശൂര്‍
സത്യദീപത്തില്‍ (2.6.2016, ലക്കം 42, 89) ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ "ഭൂമി ഉരുണ്ടതല്ല, പരന്നതാണ്" എന്ന ലേഖനവും ഫാ. ജോഷി മയ്യാറ്റിലിന്‍റെ "മന്ത്രാലയത്തിലെ തന്ത്രികള്‍" എന്ന ലേഖനവും വായിച്ചു. ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ (മേയ് 2016) രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയപരാജയങ്ങളെ പരാമര്‍ശിക്കുന്നതായിരുന്നു രണ്ടും. ആദ്യത്തേതില്‍ കോണ്‍ ഗ്രസ്സ് ജാതിമതാന്ധത ബാധിച്ച കുറേ ആളുകളുടെ കൂട്ടമായി അധഃപതിച്ചിരിക്കുന്നതായും കേരളം ചുവന്നതിന്‍റെ കാരണം കോണ്‍ഗ്രസ്സിന്‍റെ മോശം പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും പറഞ്ഞു വയ്ക്കുന്നു. കോണ്‍ഗ്രസ്സ് നന്നാവാനുള്ള കുറിപ്പടികളും കൊടുത്തിട്ടുണ്ട്. രണ്ടാമത്തേതില്‍, നേമത്തു ബിജെപി ജയിച്ചതിന്‍റെ കാരണക്കാരന്‍ മുന്‍ മുഖ്യമന്ത്രിയാണെന്നും വര്‍ഗീയതയ്ക്കെതിരെ നെഞ്ചുവിരിച്ച എല്‍ഡിഎഫിനു കേരളം കൊടുത്ത സമ്മാനമാണ് അവരുടെ വിജയമെന്നും അഭിപ്രായപ്പെടുന്നു.
മനുഷ്യമഹത്ത്വത്തെ ഉന്നംവച്ചുകൊണ്ട്, വ്യക്തിസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യപ്രക്രിയയെ പിന്താങ്ങേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും "ഞാന്‍ ലോകത്തിന്‍റെ ദീപമാകുന്നു…" എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സത്യദീപത്തിന്‍റെ ഒരു ധര്‍മം തന്നെയാണ്. അതനുസരിച്ചു രാഷ്ട്രീയ സ്പര്‍ശമുള്ള ലേഖനങ്ങള്‍ കൊടുക്കുന്നതു നല്ലതുമാണ്. പക്ഷേ, അത്തരം ലേഖനങ്ങളുടെ ഉള്ളടക്കം വസ്തുനിഷ്ഠമായിരിക്കണം. വസ്തുതകളുടെ പിന്‍ബലത്തോടെ സാധൂകരിക്കത്തക്കതായിരിക്കണം. അല്ലാതെ ലേഖനകര്‍ത്താവിന്‍റെ ആത്മനിഷ്ഠാപരമായ ഇഷ്ടാനിഷ്ടങ്ങളോ തോന്നലുകളോ വിളമ്പു ന്നതാകരുത്. മേല്പറഞ്ഞ രണ്ടു ലേഖനങ്ങളിലെ പല പരാമര്‍ശനങ്ങളും വില കുറഞ്ഞതായി പോയി.