നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

It has been a year since Mar Jacob Thoomkuzhy who cherished only memories of goodness in his heart departed for his eternal reward.
Published on

കോഴിക്കോട്: ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിനായി യാത്രയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) സന്യാസിനി സമൂഹത്തിന്റെ കോഴിക്കോട് ചേവരമ്പലത്തുള്ള  സഭയുടെ ജനറലേറ്റിലെ ചാപ്പലില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിലായാണ് അദ്ദേഹത്തിന്റെ കബറിടം. മാര്‍ ജേക്കബ് തൂങ്കുഴിയുടെ ആഗ്രഹമനുസരിച്ചായിരുന്നു അന്ത്യവിശ്രമത്തിനുള്ള സ്ഥലം നിശ്ചയിച്ചതും. 94-ാം വയസിലായിരുന്നു അദ്ദേഹം യാത്രയായത്.

കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍ ഉണ്ടായിരുന്ന ആത്മബന്ധമാണ് അസൗകര്യങ്ങളുടെ നടുവിലും മലബാറിലേക്ക് പോകാന്‍ ആ സെമിനാരിക്കാരനെ പ്രേരിപ്പിച്ചത്.

1956 ഡിസംബര്‍ 22ന് റോമില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. തിരിച്ചെത്തിയപ്പോള്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ച വള്ളോപ്പിള്ളി പിതാവിന്റെ ജീവിതം ഫാ. ജേക്കബ് തൂങ്കുഴി എന്ന നവവൈദികന് പുതിയൊരു പാഠപുസ്തകമായിരുന്നു. അതുകൊണ്ടായിരിക്കാം കാലംകഴിഞ്ഞപ്പോള്‍ ഫാ. ജേക്കബ് തൂങ്കുഴി, ബിഷപ് തൂങ്കുഴിയും ആര്‍ച്ചുബിഷപ് തൂങ്കുഴിയുമായപ്പോഴും ജീവിതത്തിലും നിലപാടുകളിലും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞുനിന്നത്.

1973 മെയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ട മാര്‍ തൂങ്കുഴി മലബാര്‍ കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകളൂടെ നടുവിലായിരുന്ന ആ നാടിന് പുതിയ ദിശാബോധം പകര്‍ന്ന് 22 വര്‍ഷങ്ങള്‍ രൂപതയെ നയിച്ചു. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളിലും സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1978ല്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹം സ്ഥാപിച്ചു.

1995 ജൂലൈയില്‍ താമരശേരി രൂപതയുടെ അധ്യക്ഷനായി സ്ഥലംമാറ്റം ലഭിച്ചു. 1997ല്‍ തൃശൂര്‍ അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട മാര്‍ തൂങ്കുഴി 75 വയസ് തികഞ്ഞതിനെതുടര്‍ന്ന് 2007 മാര്‍ച്ച് 18ന് സ്ഥാനമൊഴിഞ്ഞു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ പ്രവര്‍ത്തനനിരതനായിരുന്നു.

മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലിയിലേക്ക് പ്രവേശിച്ചപ്പോള്‍ 2022-ല്‍ സണ്‍ഡേ ശാലോമിന് നല്‍കിയ പ്രത്യേക അഭിമുഖം നല്‍കിയിരുന്നു. തന്റെ ഓര്‍മ കുറയുന്നതിനാല്‍ പലരുടെയും പേരുകള്‍ മറന്നുപോകുന്നു എന്ന് പരിഭവംപോലെ അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹം ശുശ്രൂഷ ചെയ്ത രൂപതകളെപ്പറ്റി ചോദിച്ചപ്പോള്‍ അവിടെയുള്ള മനുഷ്യരുടെ നന്മകളെക്കുറിച്ച് അദ്ദേഹം വാചാലനായി. നന്മയുടെ അനുഭവങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഉണ്ടായിരുന്നത്. മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി.

logo
Sathyadeepam Online
www.sathyadeepam.org