ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ സി എം ഐ
തിരുസഭയിലാകെ വളരെയേറെ പരാമര്‍ശിക്കപെടുന്ന നിഖ്യാസൂനഹദോസിന്റെ (Council of Nicea) 1700-ാം ജൂബിലി വര്‍ഷമാണ് 2025. ഈ വര്‍ഷം നവംബറില്‍, ഇസ്താംബുളില്‍ വച്ചു ഇത് ഒരുമിച്ച് ആഘോഷിക്കുവാനാണ് കത്തോലിക്കാസഭയും ഓര്‍ത്തഡോക്‌സ് സഭകളും തീരുമാനിച്ചിരിക്കുന്നത്. എ ഡി 325 ല്‍ നടന്ന ഈ സൂനഹദോസ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഇത് വിളിച്ചു കൂട്ടിയത്.
ആരിയൂസ് പാഷണ്ഡതയെ ശപിച്ചു തള്ളുകയായിരുന്നു ഇതിന്റെ ഉദ്ദേശം. ആരിയൂസ് പരിശുദ്ധ ത്രിത്വത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. 'പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്ന് ഒരു ദൈവമല്ല, വ്യത്യസ്ത ദൈവങ്ങളാണ്' എന്ന് പഠിപ്പിച്ചു. ക്രിസ്തുവിന്റെ സഭ ഇത് സ്വീകരിച്ചില്ല. സഭ പഠിപ്പിച്ചു, 'ഒരു ദൈവം: മൂന്നാളുകള്‍.' നിഖ്യ സൂനഹദോസിന്റെ വലിയ സംഭാവനയായിരുന്നു അത്.
ഇതു പോലെത്തന്നെ എ ഡി 431 ല്‍ നടന്ന വളരെ പ്രാധാന്യമേറിയ ഒരു സൂനഹദോസിന്റെ 1600 ജൂബിലി വര്‍ഷമാണ് ഈ വരുന്ന 2031. സീറോ മലബാര്‍ സഭയുമായി ഇതിന് വലിയ ബന്ധമുണ്ട്. നമ്മുടെ സഭ വി. തോമസ് അപ്പസ്‌തോലന്‍ സ്ഥാപിച്ചതാണെങ്കിലും, 'നെസ്‌റ്റോറിയന്‍' (schismatic) സഭ എന്നാണ് യൂറോപ്പില്‍ അറിയപ്പെട്ടിരുന്നത്.
അതിന് കാരണം പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധമാണ്. 16-ാം നൂറ്റാണ്ടിനു മുമ്പ് ഇവിടെ വന്നു പള്ളിയിലെ കൂദാശ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നത് പേര്‍ഷ്യന്‍ സഭയില്‍നിന്നുള്ള മെത്രാന്മാരായിരുന്നു. പേര്‍ഷ്യയിലെ സഭ നെസ്‌റ്റോറിയന്‍ സഭ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിന് കാരണമെന്താണ്?
എ ഡി 5-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാത്രിയര്‍ക്കീസ് നെസ്‌തോറിയസ് ആയിരുന്നു. വലിയ ദൈവശാസ്ത്ര കേന്ദ്രമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. 'പ. കന്യകമറിയം ദൈവമാതാവല്ല, അവതരിച്ച ക്രിസ്തുവിന്റെ മാത്രം മാതാവാണ്' ഇതായിരുന്നു നെസ്‌തോറിയസിന്റെ പഠനം. പരിശുദ്ധ കന്യക മറിയം ഒരിക്കലും ദൈവത്തിന്റെ അമ്മയല്ല, ക്രിസ്തുവിന്റെ മാത്രം അമ്മ.
നെസ്‌തോറിയസിന്റെ ഈ അബദ്ധസിദ്ധാന്തത്തെ സഭ സ്വീകരിച്ചില്ല. എ ഡി 431-ല്‍ എഫെസോസില്‍ സെലസ്റ്റിന്‍ പാപ്പാ ഒരു സൂനഹാദോസ് വിളിച്ചുകൂട്ടി. നെസ്‌തോറിയസിനെ സഭ ശപിച്ചു തള്ളി (condemn). പക്ഷെ പേര്‍ഷ്യയിലെ സുറിയാനി സഭ നെസ്‌തോറിയസിന്റെ സിദ്ധാന്തങ്ങളെ സ്വീകരിച്ചു. അങ്ങനെ പേര്‍ഷ്യന്‍ സഭ, നെസ്‌റ്റോറിയന്‍ സഭ എന്നറിയപ്പെടാന്‍ തുടങ്ങി.
കേരളത്തിലെ മാര്‍തോമ ശ്ലീഹയുടെ സഭയും നെസ്‌തോറിയന്‍ സഭയായി മാറി. കാരണം പേര്‍ഷ്യയില്‍ നിന്നും മെത്രാന്മാര്‍ ഇവിടെ വന്നിരുന്നല്ലോ.
1599 ലെ 'ഉദയംപേരൂര്‍' സൂനഹദോസ് വരെ ആ സ്ഥിതി തുടര്‍ന്നു. ഉദയംപേരൂര്‍ സൂനഹദോസ് മാര്‍ത്തോമ ക്രിസ്ത്യാനികളുടെ കുര്‍ബാന പുസ്തകങ്ങളെല്ലാം തിരുത്തി. അതില്‍നിന്നും നെസ്‌തോറിയസിന്റെ പേരും, സിദ്ധാന്തങ്ങളുമെല്ലാം തിരുത്തി.
അന്നത്തെ ഗോവ ആര്‍ച്ചുബിഷപ്പ് മെനെസിസാണ് റോമിന്റെ അംഗീകാരത്തോടെ ഇതെല്ലാം നടപ്പിലാക്കിയത്. മാര്‍തോമ ക്രിസ്ത്യാനികളെ വിശ്വാസപരമായി റോം സംശുദ്ധ കത്തോലിക്കരാക്കി.
എങ്കിലും അടുത്ത കാലത്ത് 'നെസ്‌തോറിയസിന്റെ അനാഫറ' എന്ന പേരില്‍ കുര്‍ബാന തക്‌സയില്‍ ഒരു അനാഫറ കൂട്ടി ചേര്‍ത്തിട്ടുണ്ട്. ഇത് ആവശ്യമില്ല. അധികംപേര്‍ ഇത് ഉപയോഗിക്കുന്നില്ല. ഇതിനുപകരം ഒരു ഇന്ത്യന്‍ അനാഫറ കൂടുതല്‍ നല്ലതായിരിക്കും.