Letters

സഭയെ സ്‌നേഹിക്കൂ; വളര്‍ത്തൂ

ഫാ. ലൂക്ക് പൂത്തൃക്കയില്‍

സത്യദീപത്തില്‍ ബിഷപ് വിജയാനന്ദ് എഴുതിയ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് (പുസ്തകം 95, ലക്കം 15). ആത്മാര്‍ത്ഥവും, സത്യസന്ധവും, നീതിപൂര്‍വ്വകവും സഭാകത്മകവുമായ ചിന്തയിലേയ്ക്ക് വഴി തെളിക്കുന്ന ലേഖനമായിരുന്നു അത്. സഭയില്‍ സാരമായ മാറ്റത്തിന് തുടക്കം കുറിക്കാതെ യാഥാസ്ഥിതിക സഭയെ കുളിപ്പിച്ചു മിനിക്കിയെടുത്തതു കൊണ്ടു പ്രയോജനമിെല്ലന്ന് യഥാര്‍ത്ഥ സഭാ സ്‌നേഹികള്‍ക്കു മനസ്സിലാക്കാനാവും. സീറോ മലബാര്‍ സഭയെ അഴിമതി വിമുക്തമാക്കുക, വസ്ത്രങ്ങളിലും ആഘോഷങ്ങളിലും യാത്രകളിലും ലാളിത്യം പാലിക്കുക, മെത്രാന്മാര്‍ക്കു സ്ഥലമാറ്റം പതിവാക്കുക... തുടങ്ങിയ വാക്കുകള്‍ എത്രയോ കാതലായ സത്യങ്ങളാണ്. ഓടിപ്പിടിച്ച് ആരോടും തന്നെ ആലോചനയില്ലാതെ രൂപപ്പെടുത്തിയ പുതിയ കുര്‍ബാന ക്രമം എത്ര വിവാദങ്ങള്‍ക്കും എതിര്‍സാക്ഷ്യങ്ങള്‍ക്കും കാരണമാക്കി.

സഭയിലെ വി. കുര്‍ബാന ഓരോ സഭയുടെയും പ്രത്യേക കുര്‍ബാനയല്ല. കുര്‍ബാന സഭയുടേതാണ്. സഭ എന്നാല്‍ മുഴുവന്‍ വിശ്വാസികളുടേതുമാണ്. 'ചര്‍ച്ച് ഈസ് യൂണിവേഴ്‌സല്‍'. സഭയില്‍ അധികാരി - അധീനര്‍ എന്ന വ്യത്യാസമില്ല. സഭ സഭ എന്ന് ആയിരംവട്ടം പറയുന്നതിലല്ല; ക്രിസ്തു ക്രിസ്തു എന്ന് പത്തുവട്ടം പറയുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ കുര്‍ബാനയില്‍ ക്രിസ്തു ശാസ്ത്രത്തേക്കാള്‍ (Christology) സഭാ ശാസ്ത്രത്തിനാണ് (Ecclesiology) പ്രാധാന്യം കാണുന്നത്. ഒരു കീറ തുണ്ടുതുണിയില്‍ കുരിശില്‍ കിടന്ന് അര്‍പ്പിച്ച ബലിയുടെ പുനരവതരണത്തില്‍ ഇന്ന് ലാളിത്യമോ, സഹനാനുഭാവമോ കാണാനാവില്ല. ഉരുണ്ടതും, കറങ്ങുന്നതുമായ ഈ ഭൂമിയില്‍ ഗോളാന്തര യാത്ര നടത്തുന്ന മനുഷ്യനുവേണ്ടിയുള്ള വി. കുര്‍ബാന ദൈവോന്മുഖവും ദൈവാനുഭവവും ഉള്ളതാകണം, കിഴക്കും പടിഞ്ഞാറുമല്ല പ്രധാനം.

സഭ മിഷനറിയാകാത്തതാണ് ഈ കാലഘട്ടത്തിന് ദുരന്തം. കേരളത്തില്‍ കെട്ടിക്കിടക്കുന്ന വൈദിക സന്യസ്തശക്തിയെ ചാലുകീറി മിഷന്‍ ദേശങ്ങളിലേയ്ക്കു വിടാതെ സഭാ സംവിധാനങ്ങളില്‍ മാത്രം ഒതുങ്ങിയാല്‍ സഭ ഒരു സഹകരണ സംഘം മാത്രമായി പരിമിതപ്പെടും. കേരളത്തിലെ ഓരോ രൂപതകളിലും വൈദിക ശേഷി അമിതമാണ്. പള്ളികളിലും, സ്ഥാപനങ്ങളിലും സംഘടനകളിലും, പ്രസ്ഥാനങ്ങളിലുമായി വൈദികര്‍ വീതിക്കപ്പെട്ടിരിക്കുകയാണ്. മിഷന്‍ പ്രദേശങ്ങള്‍ കേരളത്തിലെ മെത്രാന്മാര്‍ സ്വന്തം രൂപതാ പ്രദേശങ്ങളായി കാണണം.

സന്യാസി(നി)കള്‍ കേരള സഭയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്കിയവരാണ്. എന്നാല്‍ ഇന്നത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തിരുത്തേണ്ടിയിരിക്കുന്നു. നേഴ്‌സറി ടീച്ചറും, സ്‌കൂള്‍ ടീച്ചറും, കോളേജ് അദ്ധ്യാപികയും, ഹോസ്പിറ്റല്‍ നേഴ്‌സും, പൂന്തോട്ടം സൂക്ഷിപ്പുകാരും... ഒക്കെ ആയി ജീവിക്കുന്നത് സന്യാസത്തിന്റെ ഭാഗമല്ല. അവര്‍ അവിടെ നിന്ന് ഇറങ്ങി പുറപ്പെടണം. ഒരു എക്‌സോഡസ് - ഉണ്ടാകേണ്ടിയിരിക്കുന്നു. സ്ഥാപനവത്കരിക്കപ്പെട്ട സഭ ക്രിസ്തുവിന്റെ ഭാവനയിലില്ല. ദൈവരാജ്യ സങ്കല്പം പ്രസ്ഥാനങ്ങളിലൂടെ വളര്‍ത്തപ്പെടുകയില്ല. കോര്‍പറേറ്റ് സ്വഭാവം ബോധപൂര്‍വ്വം മാറ്റാതെ സഭ വളരുകയില്ല.

സഭ സഭ എന്ന് ആയിരംവട്ടം പറയുന്നതിലല്ല; ക്രിസ്തു ക്രിസ്തു എന്ന് പത്തുവട്ടം പറയുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. നമ്മുടെ കുര്‍ബാനയില്‍ ക്രിസ്തു ശാസ്ത്രത്തേക്കാള്‍ (Christology) സഭാ ശാസ്ത്രത്തിനാണ് (Ecclesiology) പ്രാധാന്യം കാണുന്നത്. ഒരു കീറ തുണ്ടുതുണിയില്‍ കുരിശില്‍ കിടന്ന് അര്‍പ്പിച്ച ബലിയുടെ പുനരവതരണത്തില്‍ ഇന്ന് ലാളിത്യമോ, സഹനാനുഭാവമോ കാണാനാവില്ല.

സഭയില്‍ മെത്രാന്മാര്‍ നേതൃത്വശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവരാണ്. അവര്‍ വിശ്വാസപരമായ കാര്യങ്ങളില്‍ അവസാനവാക്കുമാകട്ടെ. എന്നാല്‍ വൈദികരും അല്മായരുമില്ലാതെ സഭ പൂര്‍ണ്ണമാകില്ല. കേരളത്തില്‍ തന്നെ പതിനായിരത്തിലധികം വൈദികരുണ്ട്. അവരുടെ കര്‍മ്മശേഷിയും ബുദ്ധിവൈഭവവും ഒന്നിപ്പിക്കപ്പെടാത്തിടത്ത് സഭ ശിഥിലമാവുകയും ശൂന്യമാവുകയും ചെയ്യുന്നു. ഓരോ ഇടവകകളിലും സ്ഥാപനങ്ങളിലുമായി ഒറ്റപ്പെട്ട് അവിടുത്തെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ സഭയുടെ പൊതുലക്ഷ്യവും പൊതുവളര്‍ച്ചയും നഷ്ടമാകുവാന്‍ സാദ്ധ്യതയുണ്ട്. നാല്പതിനായിരത്തിലധികം വരുന്ന സന്യാസി(നി)കള്‍ കര്‍മ്മശേഷിയും അനുഭവജ്ഞാനമുള്ളവരും പണ്ഡിതരുമൊക്കെയാണ്. അവരുടെ സംഘാത്മക സമ്മേളനം സഭയിലില്ല. സാമൂഹ്യവിഷയത്തോടുള്ള സമീപനങ്ങളില്‍ അവര്‍ ഒറ്റപ്പെട്ട തുരുത്തുകളാണ്. മെത്രാന്മാര്‍ക്കു മാത്രമല്ല, വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും 'സിനഡുകള്‍' ഉണ്ടാകുന്നത് അഭികാമ്യമാണ്. സഭ പ്രതിരോധിക്കപ്പെടാനും സഭയെ വിസ്തൃതമാക്കാനും ഇത് കൂടിയേ തീരൂ.

ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന വി. കുര്‍ബാന തന്നെ, ഭിന്നിപ്പിക്കുന്ന ഘടകമായിരിക്കുകയാണ്. അതിനു കാരണം സഭാ നേതൃത്വങ്ങള്‍ തന്നെയാണ്. കേരളത്തിലെ വിശ്വാസികള്‍ക്കിടയില്‍ ധ്രൂവീകരണത്തിന് കാരണക്കാര്‍ സഭാ നേതൃത്വങ്ങളാണ്. ബിഷപ്പ് വിജയാനന്ദ് പറഞ്ഞതുപോലെ പണകൊ ഴുപ്പും, സുഖലോലുപതയും സംവിധാന സഭയുടെ പര്യായമായിരിക്കുകയാണ്. പണം കൂടുന്നിടത്തു അഴിമതി വ്യക്തമാണ്. യാത്രയിലും, വേഷങ്ങളിലും, ആഘോഷങ്ങളിലും ധൂര്‍ത്തുകൂടി. കൊറോണ കുറച്ചുകൊണ്ടുവന്ന ഇവയെല്ലാം വീണ്ടും തലപൊക്കി തുടങ്ങി.

സഭ ശരിയാകണമെങ്കില്‍ മെത്രാന്മാര്‍ക്ക് സ്ഥലം മാറ്റം വേണം വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ചിന്ത വൈദികര്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോള്‍ അത് ഒരു മെത്രാനും ഏറ്റു പറഞ്ഞു. 75 വര്‍ഷമാകുമ്പോള്‍ റിട്ടയര്‍ ചെയ്യണം. റിട്ടയര്‍മെന്റ് കഴിഞ്ഞാല്‍ മെത്രാസന മന്ദിരത്തില്‍ താമസിക്കുകയുമരുത്. സഭയെന്നു പറഞ്ഞാല്‍ സ്വന്തം രൂപതയല്ല; സാര്‍വ്വത്രിക സഭയാണ്.

ആരാധനക്രമങ്ങളും മെത്രാന്‍ നിയമങ്ങളിലും സെമിനാരി പരിശീലന നിയമങ്ങളിലും മാത്രമല്ല സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളിലും സഭാ നേതൃത്വങ്ങള്‍ ഒന്നിച്ചു ഒരുമയോടെ പ്രവര്‍ത്തിക്കുന്നവരാകണം. പഠിക്കുന്ന കുട്ടികള്‍ക്ക് വിലയില്ലാത്ത അവസ്ഥയാണ് സംവരണ നിയമങ്ങളുടെ പെരുപ്പം കൊണ്ടുവരുക. ന്യൂനപക്ഷാവകാശങ്ങള്‍ മേടിച്ചെടുക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. സര്‍ക്കാരിനെ കൊണ്ടു 60 കഴിഞ്ഞ പാവപ്പെട്ടവര്‍ക്കു വേണ്ടി പെന്‍ഷന്‍ സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിക്കണണം. പെന്‍ഷനും, ശമ്പളത്തിനും പരിധിവയ്ക്കാന്‍ സര്‍ക്കാരിനെ കൊണ്ടു നിയമം രൂപപ്പെടുത്തണം. ന്യൂനപക്ഷാവകാശങ്ങള്‍ എല്ലാ ന്യൂനപക്ഷാര്‍ഹര്‍ക്കും ഒരുപോലെയാക്കണം. സാമ്പത്തിക നീതി നടപ്പിലാക്കുവാന്‍ ബോധവല്‍ക്കരണം നടത്തണം. കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കണം. നീതിയുടെ സല്‍പ്രവര്‍ത്തികളാണ് കര്‍മ്മാനുഷ്ഠാനങ്ങളേക്കാള്‍ മുഖ്യം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം