വിശ്വാസം പാരമ്പര്യമായി ലഭിച്ചത് കൊണ്ടല്ല ജീവിതത്തിൽ അർത്ഥവത്തായ അനുഭവപ്പെട്ടതുകൊണ്ടാണ് ഒരാൾ ഇതിനെ അടുത്ത തലമുറയ്ക്ക് കൈമാറുന്നത്.
ഫ്രഞ്ച് ഈശോസഭാ വൈദികൻ ഐമ ദുവൽ തന്റെ ബാല്യം ഓർമ്മിച്ച് എഴുതുന്നുണ്ട്. പാടത്ത് പണികഴിഞ്ഞ് തളർന്നുവരുന്ന അപ്പൻ അത്താഴശേഷം കസേരയിൽ കൈമുട്ടുകൾ കുത്തും; ആരെയും കൂസാത്ത അപ്പന്റെ മുഖം ക്രൂശിതരൂപത്തിനു മുമ്പിൽ വിനീതമാകും. അമ്മ കുഞ്ഞിനെ മടിയിൽ വച്ച് പ്രാർത്ഥനാപൂർവ്വം നിശ്ശബ്ദമായി ചുണ്ടുകൾ അനക്കും. ഏതൊരു മതഗ്രന്ഥത്തേക്കാളും അപ്പന്റെ കൈമുട്ടുകളും അമ്മയുടെ ചുണ്ടുകളുമാണ് തന്നെ ദൈവത്തിലേക്ക് അടുപ്പിച്ചത് (35).
ഒരുകാലത്ത് വിശ്വാസകൈമാറ്റം കുടുംബങ്ങളിൽ ഭദ്രമായിരുന്നു. വീട്ടിലെ വിശ്വാസ അനുഷ്ഠാനങ്ങളിലൂടെ കുട്ടികൾ വിശ്വാസസമൂഹത്തിന്റെ ഭാഗമായി. ഇന്ന് കുടുംബത്തിലെ ഇത്തരം സ്വാഭാവിക വിശ്വാസ കൈമാറ്റ ങ്ങളുടെ കണ്ണികൾ മുറിയുകയാണ് (38). ഇന്ന് മാതാപിതാക്കൾ വിശ്വാസികൾ ആയതുകൊണ്ട് മക്കൾ അങ്ങനെ ആകുന്നില്ല! ക്രൈസ്തവകുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രം ക്രൈസ്തവവിശ്വാസം എല്ലാവർക്കും സ്വന്തമാകുന്നുമില്ല.
സഭയിൽ സംഭവിക്കുന്ന ഇത്തരം കഠിന യാഥാർ ത്ഥ്യത്തെ തുറന്നു പറയാനും അതിന് അജപാലന സംബന്ധിയായ പരിഹാരങ്ങൾ തേടാനുമുള്ള ധൈര്യമാണ് വിശ്വാസപ്രബോധനത്തിനായുള്ള വത്തിക്കാൻ കാര്യാലയം 2026 ഒക്ടോബർ 22 പ്രസിദ്ധീകരിച്ച Venite ad me (എന്റെ അടുക്കലേക്ക് വരുവിൻ) എന്ന രേഖ സാക്ഷ്യപ്പെടുത്തുന്നത്.
സുവിശേഷം മുന്നോട്ടുവയ്ക്കുന്ന മനുഷ്യദർശനവും ആത്യന്തികമായ മൂല്യങ്ങളും സ്വീകരിക്കപ്പെടുന്നതിനുള്ള പ്രതിസന്ധി ഈ രേഖ തിരിച്ചറിയുന്നു (53). സംവിധാന ങ്ങളെ നിലനിർത്താൻ മാത്രം വൈദികശുശ്രൂഷ നടത്തുന്നവരും (53) മാറിയ സാഹചര്യങ്ങളോടു മുഖം തിരിക്കുന്നവരും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സഭയുടെ പരമ്പരാഗത വിശ്വാസ കൈമാറ്റ സംവിധാന ങ്ങളോട് നിരന്തരം മത്സരിക്കുന്ന ഒരു ആധുനിക സംസ്കാരത്തിന്റെ ശൈലികളെ ഇന്ന് സഭയ്ക്ക് എങ്ങനെ നേരിടാൻ കഴിയുന്നു?
വിശ്വാസം എങ്ങനെ കൈമാറണം എന്നതിനെ സംബന്ധിച്ച് ഈ രേഖയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ക്രിസ്തുവിനെ വീണ്ടും കണ്ടെത്താൻ മനുഷ്യരെ സഹായിക്കുന്ന അടിസ്ഥാന സുവിശേഷ പ്രഘോഷണ ത്തിലേക്ക് തിരികെയെത്താനാണ് ആഹ്വാനം (76-77). യേശുക്രിസ്തു ഇന്നും ജീവിക്കുന്നു, നിന്നെ സ്നേഹിക്കുന്നു, നിനക്കായി ജീവൻ നല്കുന്നു. ഈ സത്യത്തിന്റെ ഹൃദയപൂർവമുള്ള പ്രഘോഷണമാണ് പ്രധാനം.
വിവരങ്ങളുടെ കൈമാറ്റം അല്ല; ഹൃദയത്തെ സ്പർശിക്കുന്ന, ജീവിതപരിവർത്തനത്തിലേക്ക് നയിക്കുന്ന അനുഭവമത്രേ പ്രഘോഷണം. പഠിപ്പിക്കുന്നതിനു മുൻപ് വിശ്വാസം അനുഭവിപ്പിക്കാൻ സാധിക്കണം. എമ്മാവൂസ് ശിഷ്യന്മാരുടെ ഹൃദയം ജ്വലിച്ചതുപോലെ വിശ്വാസ പ്രഘോഷണം മനുഷ്യരിൽ പുതിയ ആത്മീയ അനുഭവ ങ്ങളുടെ ഓളങ്ങൾ ഉളവാക്കണം. ജ്ഞാനസ്നാനം, വിവാഹം, മരണം, കൂദാശ പരികർമ്മം എന്നീ അവസരങ്ങളിൽ ജനഹൃദയങ്ങളെ തൊടുന്ന വാക്കുകൾ നല്കാനാവുക പുതിയ കാലത്ത് സഭയ്ക്ക് നിർണ്ണായകമാണത്.
കാലം മാറിയെന്ന് പരിതപിക്കുന്നില്ല ഈ രേഖ. പുതു സംസ്കാരത്തെ ശപിച്ചു തള്ളുന്നുമില്ല. പുതിയ കാലത്ത് വിശ്വാസകൈമാറ്റങ്ങൾക്ക് വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടാകണമെന്ന്, വിശ്വാസം സ്വതന്ത്രമായ തിരഞ്ഞെടുപ്പാകണമെന്ന് സഭ തിരിച്ചറിയുന്നു (63). ക്രൈസ്തവനായി ജനിക്കുന്നതും ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ കണ്ടെത്തുന്നതും രണ്ടും രണ്ടാണ്. ഈ വ്യത്യാസം തിരിച്ചറിയാതെ സഭയ്ക്കു പുതിയ തലമുറയുമായി അർത്ഥവത്തായ സംവാദം സാധ്യമാകില്ല.
ഇതിന് സഭയുടെ ആശയവിനിമ ശൈലിയിൽ മാറ്റം ആവശ്യമാണ്. പാണ്ഡിത്യപരവും സൈദ്ധാന്തികവും, ധാർമ്മികതയിലോ ഉപദേശത്തിലോ മാത്രം കേന്ദ്രീകരിക്കുന്നതുമായ ഭാഷയിൽ വിശ്വാസപ്രഘോഷണം ഒതുക്കരുതെന്ന ഓർമ്മപ്പെടുത്തൽ ഉണ്ട് (80). അത് വിശ്വാസികളുടെ ഹൃദയങ്ങളോട് സംവദിക്കുന്നതിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്!
ഹൃദയങ്ങളോട് സംവദിക്കുന്ന സ്നേഹത്തിന്റെ ഭാഷയും പരസ്പരബന്ധവുമാണ് ക്രിസ്തുവിനെ കൈമാറുന്നത്. ഹൃദയത്തിന്റെ ഈ ഭാഷ ആദ്യം കേൾവിയിൽ നിന്നാണ് ഉടലെടുക്കുന്നത്. അതിന് ക്രിസ്തുവിനെ കൈമാറാൻ സാധിക്കും (81, 82). പരസ്പരസ്നേഹം, കരുതൽ, ദരിദ്രരോടുള്ള സമീപനം, സന്തോഷം, അതിഥി സൽക്കാരം എന്നിവയുടെ സമൂഹമായിരിക്കണം സഭ. കുട്ടികൾക്കായുള്ള മതബോധന രീതികൾക്ക് അപ്പുറം മുതിർന്നവർക്കുള്ള വിശ്വാസ പരിശീലനവും സഭയുടെ പ്രഥമ പരിഗണനയിൽ ഉണ്ടാവണം (101). മുതിർന്നവർക്ക് ഇല്ലാത്തത് എങ്ങനെയാണ് കുട്ടികൾക്ക് കൊടുക്കാനാവുക?
ഉത്തരങ്ങൾ നല്കുന്ന ഒരു സഭയെക്കുറിച്ചല്ല കേൾക്കാൻ ശ്രമിക്കുന്ന ഒരു സഭയെക്കുറിച്ചാണ് രേഖ സൂചിപ്പിക്കുന്നത്. അത് സുവിശേഷപ്രഘോഷത്തിന്റെ ഭാഗമാണ്. യുവതലമുറയുടെ ചോദ്യങ്ങളെയും ആശങ്കകളെയും സ്വപ്നങ്ങളെയും ജീവിതസമരങ്ങളെയും ഗൗരവത്തോടെ സഭയും സമീപിക്കണം. യുവാക്കൾ ആഗ്രഹിക്കുന്ന സംഗീതോത്സവങ്ങൾ പോലുള്ള കൂട്ടായ അനുഭവങ്ങളെ സുവിശേഷവൽക്കരണത്തിനുള്ള അവ സരങ്ങളായി കാണണമെന്ന് രേഖ ഓർമ്മിപ്പിക്കുന്നുണ്ട് (99, 117). ആരാധനാക്രമത്തിലെ വ്യത്യസ്ത അഭിരുചികളും, തീർത്ഥാടനങ്ങളും, ഭക്തസംഘടനകളും, സന്നദ്ധ പ്രവർത്തനങ്ങളും സഭയിൽ പ്രോത്സാഹിപ്പിക്കപ്പെടണം.
രേഖയുടെ അവസാനം ഈസ്റ്റർ ദിനത്തിലെ ലത്തീൻ ആരാധനാക്രമത്തിലുള്ള ഈസ്റ്റർ തിരിയുടെ ശുശ്രൂഷയെക്കുറിച്ച് പറയുന്നു. ഒരു തിരിയിൽ നിന്ന് മറ്റൊരു തിരിയിലേക്ക് വെളിച്ചം പകരപ്പെടുന്നതുപോലെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വിശ്വാസം കൈമാറ പ്പെടണം. ഇന്ന് സഭയ്ക്ക് ആവശ്യം ക്രിസ്തുവിന്റെ വെളിച്ചം സ്വന്തം ജീവിതത്തിൽ അനുഭവിച്ച മനുഷ്യരാണ്. വിശ്വാസം പാരമ്പര്യമായി ലഭിച്ചതു കൊണ്ടല്ല ജീവിത ത്തിൽ അർത്ഥവത്തായി അനുഭവപ്പെട്ടതുകൊണ്ടാണ് ഒരാൾ ഇതിനെ അടുത്ത തലമുറയ്ക്ക് കൈമാറുന്നത്. അതിനാൽ ഇനി സഭയുടെ കണക്കെടുപ്പ് എത്രപേർ നമ്മുടെ കൂടെയുണ്ട് എന്നതിൽ ആയിരിക്കരുത്, നമ്മിലൂടെ എത്രപേർക്ക് ക്രിസ്തുവിന്റെ സ്നേഹം അനുഭവിക്കാൻ സാധിച്ചു എന്നതാകണം.
ജന്മംകൊണ്ട് ക്രിസ്ത്യാനികൾ എന്ന സുരക്ഷിതത്വം ഇനി മതിയാവാതെ വരും.