Editorial

ജനസംഖ്യ: കേരളത്തെ കാത്തിരിക്കുന്നതെന്ത്?

Sathyadeepam

സാമ്പത്തിക-സ്ഥിതിവിവരക്കണക്കു വകുപ്പ് പുറത്തുവിട്ട പുതിയ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ജനനനിരക്ക് ഒറ്റയക്കത്തിലേക്ക് (പത്തിൽ താഴെ) കൂപ്പുകുത്തിയിരിക്കുന്നു. ഇത് ഭാവികേരളം സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ നേരിടാൻ പോകുന്ന വെല്ലുവിളികളുടെ വ്യക്തമായ സൂചനയാണ്.

കേരളത്തിന്റെ ജനനനിരക്ക് (1000 പേർക്ക്) 2023-ലെ 11.06-ൽ നിന്നും 9.64 ആയി കുത്തനെ കുറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഈ നിരക്ക് 10-ന് താഴെയെത്തുന്നത്. 1992-ൽ ഇത് 17.67 ആയിരുന്നുവെന്നോർക്കുക.

ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത ജനനങ്ങളുടെ എണ്ണത്തിൽ 48,000-ത്തിലധികം കുറവുണ്ടായി. 2023-ൽ 3,93,231 കുട്ടികൾ ജനിച്ച സ്ഥാനത്ത് 2024-ൽ അത് 3,44,766 ആയി കുറഞ്ഞു (ഏകദേശം 12% ഇടിവ്). 2025-ൽ ആകെ ജനിച്ചത് 3,27,125 കുട്ടികൾ മാത്രം.

ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം വ്യക്തമാക്കുന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 1.19 ആയി ചുരുങ്ങി. ജനസംഖ്യ കുറയാതെ നിലനിർത്താൻ ആവശ്യമായ നിരക്ക് 2.1 ആണ് എന്നതോർക്കണം.

ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം വ്യക്തമാക്കുന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 1.19 ആയി ചുരുങ്ങി. ജനസംഖ്യ കുറയാതെ നിലനിർത്താൻ ആവശ്യമായ നിരക്ക് 2.1 ആണ് എന്നതോർക്കണം.

ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ കുട്ടികളുടെയും യുവാക്കളുടെയും എണ്ണം വൻതോതിൽ കുറയും. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കുതിച്ചുയരും. യുവജനങ്ങളുടെ എണ്ണം കുറയുന്നത് ഉത്പാദന-സേവന മേഖലകളെ ബാധിക്കും. നികുതി നൽകുന്ന അധ്വാനിക്കുന്ന വിഭാഗം കുറയുകയും, പെൻഷനും മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെടുന്ന പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഖജനാവിന് കനത്ത ബാധ്യതയാകും.

ഉയർന്ന സാക്ഷരത, സ്ത്രീശാക്തീകരണം, വർധിച്ച ആരോഗ്യാവബോധം, ആരോഗ്യപരിചരണ സംവിധാനങ്ങളുടെ ലഭ്യത എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ ജനനനിരക്കു കുറയുന്നതിനു പിന്നിലുണ്ടെന്നതു വാസ്തവമാണ്. അതേസമയം, കുട്ടികളെ വളർത്താനും അവർക്ക് അന്തസ്സായ വിദ്യാഭ്യാസം നൽകാനുമുള്ള ചെലവ് കുതിച്ചുയരുന്നതും കൂടുതൽ കുട്ടികളെ സ്വീകരിക്കുന്നതിൽ നിന്നു യുവരക്ഷിതാക്കളെ പിന്തിരിപ്പിക്കുന്നുണ്ടാവാം. ഉന്നതവിദ്യാഭ്യാസമുള്ള യുവതീയുവാക്കൾ വിവാഹത്തിനും പ്രസവത്തിനും മുമ്പായി വിദേശരാജ്യങ്ങളിലേക്കു വൻതോതിൽ കുടിയേറുന്നതും കേരളത്തിനകത്തെ ജനനനിരക്കു കുറയുന്നതിനിടയാക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ചൈനയുമൊക്കെ നേരിടുന്ന ഇതേ പ്രതിസന്ധിയിലേക്ക് കേരളവും വഴുതിവീഴുമ്പോൾ, നാം അതിനെ എങ്ങനെയാണു നേരിടേണ്ടത്?

ഒരു പ്രതിരോധമാർഗം കഴിയുന്നത്ര യുവാക്കളെ നാട്ടിൽ തുടരാൻ പ്രേരിപ്പിക്കുന്ന സാഹചര്യമൊരുക്കുക എന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലാനുസൃതമായി നവീകരിക്കുകയും, പഠിച്ചിറങ്ങുമ്പോൾ നാട്ടിൽ തന്നെ അന്തസ്സുള്ള വേതനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വേണം. ഇതു കുടിയേറ്റം കുറയ്ക്കുകയും അടുത്ത തലമുറയുടെ ജനനം കേരളത്തിലാകാൻ ഇടയാക്കുകയും ചെയ്യും. പ്രായോഗികതലത്തിൽ ഇതിന്റെ വിജയസാധ്യത പക്ഷേ, സംശയാസ്പദമായി തുടരുന്നു. സാമ്പത്തികത്തിനപ്പുറമുള്ള കാരണങ്ങൾ കുടിയേറ്റത്തിനുണ്ടുതാനും.

കേരളത്തിൽ കഴിയുന്ന യുവദമ്പതിമാർക്ക് കുട്ടികളെ വളർത്താൻ സഹായകരമാകുന്ന നയങ്ങൾ രൂപീകരിക്കുക എന്നതാണു മറ്റൊരു മാർഗം. സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ശിശുപരിപാലനകേന്ദ്രങ്ങൾ നിർബന്ധമാക്കുക, കൂടുതൽ കുട്ടികൾ ജനിക്കുന്നവർക്ക് സാമ്പത്തിക-വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക തുടങ്ങിയവ ഉദാഹരണമാണ്. ആന്ധ്രസർക്കാർ, ടി എഫ് ആർ 1.7 ലേക്ക് താഴ്ന്നതിനെ തുടർന്ന് (കേരളത്തിൽ ഇത് 1.19 മാത്രം) മൂന്നാമത്തെ കുട്ടിക്ക് 30,000 വും നാലാമത്തെ കുട്ടിക്ക് 40,000 വും രൂപ നേരിട്ട് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത് ഓർക്കുക. മൂന്നാമത്തെ കുട്ടിക്ക് പ്രതിമാസം 1,000 രൂപ 5 വർഷത്തേക്ക് നല്കുന്നതുൾ പ്പെടെയുള്ള ക്ഷേമപദ്ധതിയാണ് ആന്ധ്ര നടപ്പാക്കുന്നത്.

വയോധികരുടെ വലിയൊരു ജനസമൂഹത്തെ കേവലം ആശ്രിതരായി കാണാതെ, അവരുടെ പരിചയസമ്പത്തും ആരോഗ്യവും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പാർട്ട് ടൈം തൊഴിലുകളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക, വാർദ്ധക്യകാല ആരോഗ്യ പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ആവശ്യമാണ്. സംസ്ഥാനസർക്കാർ പുതുതായി സ്ഥാപിച്ചിരിക്കുന്ന വയോജനക്ഷേമവകുപ്പ് ഈ ദിശയിലുള്ള നല്ലൊരു തുടക്കമാണ്.

കേരളകത്തോലിക്കാസഭ കൂടുതൽ കുട്ടികളെ സ്വീകരിക്കുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു. പൊതുസമൂഹത്തിന്റെ ഭാഗമായ പലരും അതിനെ പുച്ഛത്തോടെയും പ്രതിഷേധത്തോടെയുമാണു വീക്ഷിച്ചത്. എന്നാൽ, സഭയുടെ നയസമീപനത്തിന്റെ പ്രസക്തി നാളുകൾ പോകെ അധികരിച്ചുവരികയാണ്. സഭ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പൊതുസമൂഹമാകെ സഭയെ മാതൃകയാക്കുകയുമാണു വേണ്ടതെന്നു പുതിയ സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു.

മീഡിയ കോൺക്ലേവ് 2026'

ശക്തമായ പ്രളയത്തിലും ജീവൻ പണയംവച്ചു തിരുവോസ്തി സംരക്ഷിച്ച് വൈദികൻ

ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി ശതാബ്ദി ആഘോഷം

വി. പയസ് പത്താമന്‍ സമൂഹം വത്തിക്കാന് അപ്പീല്‍ നല്‍കി

വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17