Editorial

ഫ്രാന്‍സിസ് തെളിച്ച വെളിച്ചം

എഡിറ്റോറിയൽ | 29 ഏപ്രിൽ 2026, ബുധന്‍ | സത്യദീപം - പുസ്തകം 99 - ലക്കം 36

Sathyadeepam

ലോകത്തിലും സഭയിലും ഫ്രാന്‍സിസ് മാര്‍പാപ്പ ഇല്ലാത്ത ഒരു വര്‍ഷം ഏപ്രില്‍ 21 നു കടന്നുപോയി. അദ്ദേഹം തെളിച്ച വെളിച്ചം പക്ഷേ, അണഞ്ഞിട്ടില്ല. ആ മാതൃകയും പ്രബോധനങ്ങളും മാനവരാശിയുടെ പ്രയാണപാതകളെ തുടര്‍ന്നും പ്രകാശഭരിതമാക്കുന്നു. ഫ്രാന്‍സിസ് പാപ്പാ എഴുതി തുടങ്ങിയ ‘ദിലെക്‌സി തേ’ എന്ന രേഖ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയതിലൂടെ, ഫ്രാന്‍സിസിനെ പൂരിപ്പിക്കുന്ന പിന്‍ഗാമിയായിരിക്കും ലിയോ പതിനാലാമന്‍ എന്നു വ്യക്തമാകുകയും ചെയ്തു.

ദരിദ്രര്‍ക്കുവേണ്ടിയുള്ള, ദരിദ്രരുടെ, ദരിദ്രമായ സഭയാകുക എന്ന സ്വപ്നം ഫ്രാന്‍സിസ് തന്റെ നാമധേയ സ്വീകരണത്തിലൂടെ തന്നെ പരോക്ഷമായി പ്രഖ്യാപിച്ചിരുന്നു. പിന്നീടതു പ്രത്യക്ഷമായി പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു. യുദ്ധഭൂമിയിലെ ആശുപത്രിയാണു സഭയെന്ന് ഓര്‍മ്മിപ്പിച്ചു. അനുകമ്പയാണു മുഖ്യമെന്നും വൈവിധ്യങ്ങളെ മാനിക്കണമെന്നും വിധിയാളരാകാന്‍ മനുഷ്യര്‍ വിധിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ലോകത്തില്‍ സഭയുടെ സ്വത്വത്തിനും ദൗത്യത്തിനും സമകാലികമായ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തി.

തന്റെ ജനപ്രിയതയെ ഭഞ്ജിച്ചേക്കാമെന്ന അപകട സാധ്യതയേക്കാള്‍ മേലെയാണ് ജീവിക്കാനായി പരക്കം പായുന്ന മനുഷ്യരുടെ സുരക്ഷയെന്നു പോപ്പ് ഫ്രാൻസിസ് കണ്ടു.

ഭൂമി പൊതുഭവനമാണെന്നും ഭാവികാലത്തിനായി അതു സംരക്ഷിക്കപ്പെടുകയും സമ്മാനിക്കപ്പെടുകയും വേണമെന്നുമുള്ള പാഠം ലോകത്തിലാകെ ആഴത്തിലുറപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പയെപ്പോലെ കഴിഞ്ഞവര്‍ ഇക്കാലത്തു വേറെയാരുമില്ല. ലൗദാത്തോ സി എന്ന പാരിസ്ഥിതിക ചാക്രികലേഖനം 2015-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കത്തോലിക്കാസഭ മാത്രമല്ല, ഭൂമിയുടെ ഭാവിയില്‍ താത്പര്യമുള്ള സകലരും അതു സര്‍വാത്മനാ സ്വീകരിച്ചു. ശാസ്ത്രീയവും രാഷ്ട്രീയവുമായ മാനങ്ങളുള്ള പരിസ്ഥിതിസംരക്ഷണമെന്ന വിഷയത്തിന്റെ ധാര്‍മ്മികവും ആത്മീയവുമായ മാനങ്ങളിലേക്കു ഫ്രാൻസിസ് പാപ്പ ചെലുത്തിയ ശ്രദ്ധ അസാധാരണമായിരുന്നു. ആ മാനങ്ങള്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും മുന്‍ഗണനാദൗത്യമായി ഏറ്റെടുക്കാനും അനേകം വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നിമിത്തമായി. സഭ, സ്വാഭാവികമായും ആ മുന്നേറ്റത്തിന്റെ മുന്നണിയിലേക്കു വന്നു.

ലോകസമാധാനസ്ഥാപനവും ആഗോളനയതന്ത്രവും ക്രിസ്തുവിന്റെ വികാരിയുടെ ചുമതലകളിലൊന്നായി ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ചെടുത്തു. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനു 2014-ല്‍ പാപ്പാ രഹസ്യമായും പരസ്യമായും നടത്തിയ നീക്കങ്ങള്‍ ഫലമണിഞ്ഞു. ഇസ്രായേല്‍ - പലസ്തീന്‍ സമാധാനത്തിനായി വത്തിക്കാനില്‍ നടത്തിയ പ്രാര്‍ഥനായോഗത്തില്‍ ഷിമോണ്‍ പെരെസിനെയും മഹമൂദ് അബ്ബാസിനെയും പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തിനായി.

സര്‍വമതസാഹോദര്യത്തിനായി സ്വന്തം സുഖവലയത്തിന്റെ അതിരുകള്‍ വിട്ടിറങ്ങാനും വിവാദസാധ്യതകളുടെ ദുര്‍ഘടപാതകളിലൂടെ സധൈര്യം മുന്നേറാനും ഫ്രാന്‍സിസ് സന്നദ്ധനായി. നാഗരികതകളുടെ സംഘര്‍ഷമെന്ന സൈദ്ധാന്തികതയില്‍ മറച്ചുവച്ച ക്രിസ്ത്യന്‍-മുസ്ലീം വിഭാഗീയതയെ പാപ്പ നേരിട്ട് സംബോധന ചെയ്തു. മുസ്ലീം രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും അല്‍-അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമൊത്ത് മാനവസാഹോദര്യരേഖയില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ലോകത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാക്കാന്‍ ക്രൈസ്തവരും മുസ്ലീങ്ങളും സഹകരിക്കേണ്ടതാവശ്യമാണെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു.

വിപണിയുടെ ആധിപത്യത്തിനും സമത്വമില്ലാത്ത സാമ്പത്തികവ്യവസ്ഥക്കുമെതിരെ ഫ്രാന്‍സിസ് പാപ്പ സഭയുടെയും സമൂഹത്തിന്റെയും മനസാക്ഷിയെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരുന്നു. മനുഷ്യാന്തസ്സിനേക്കാള്‍ ലാഭത്തിനു മുന്‍തൂക്കം കൊടുക്കുന്ന മൂലധനമോഹങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ദുരിതങ്ങളെക്കുറിച്ച് സദാ പര്യാലോചിച്ചു. സഭയുടെ ആസ്ഥാനവും പരമ്പരാഗതപ്രൗഢികളും നിലനില്‍ക്കുന്ന ഉത്തരാര്‍ധഗോളത്തിന്റെ നിക്ഷിപ്തതാത്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നറിയാമെങ്കിലും കുടിയേറ്റക്കാരുടെ സ്വീകാര്യത യ്ക്കായി നിരന്തരം വാദിച്ചു. അതു തന്റെ ജനപ്രിയതയെ ഭഞ്ജിച്ചേക്കാമെന്ന അപകടസാധ്യതയേക്കാള്‍ മേലെയാണ് ജീവിക്കാനായി പരക്കം പായുന്ന മനുഷ്യരുടെ സുരക്ഷയെന്നു കണ്ടു. പരദേശികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന പരിശുദ്ധ മാതാവിന്റെ ലുത്തിനിയയില്‍ ഉള്‍പ്പെടുത്തി.

തന്റെ പാലനത്തിനായി സവിശേഷമായി ഏല്‍പിക്കപ്പെട്ട കത്തോലിക്കാസഭയെ നവീകരിക്കുന്നതിനു നടത്തിയ പരിശ്രമങ്ങളും ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനകളില്‍ മുഖ്യസ്ഥാനത്തുണ്ട്. സകലരേയും ഉള്‍ക്കൊള്ളുന്നതും യൂറോപ്പില്‍ കേന്ദ്രീകരിക്കാത്തതും ഉദ്യോഗസ്ഥദുഷ്പ്രഭുത്വമില്ലാത്തതുമായ ഒരു സഭയെ അദ്ദേഹം വിഭാവനം ചെയ്യുകയും അതിനെ യാഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കുകയും ചെയ്തു. സിനഡാലിറ്റി എന്ന സ്വപ്നം അവതരിപ്പിക്കുകയും അതിലേക്കു വഴി വെട്ടുകയും ചെയ്തു.

ഫ്രാന്‍സിസില്‍ നിന്നു തികച്ചും വ്യത്യസ്തവും തനിമയാര്‍ന്നതുമാണ് തന്റെ വ്യക്തിത്വവും ശൈലിയും ജീവിതവും വീക്ഷണവുമെന്നും ആ തലങ്ങളിലൊന്നും ഫ്രാന്‍സിസിനെ അനുകരിക്കാന്‍ താന്‍ തെല്ലും ഉദ്ദേശിക്കുന്നില്ലെന്നും സ്വന്തം പ്രവൃത്തികളിലൂടെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് ലിയോ പതിനാലാമന്‍. മറ്റൊരു ഫ്രാൻസിസ് ആകാനല്ല, തനിക്കു ലബ്ധമായ തനതു സിദ്ധികളും ദാനങ്ങളും ഉപയോഗിച്ചു സഭയെ നയിക്കാനാണ് ലിയോ പതിനാലാമന്‍ ശ്രമിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പ സഭയ്ക്കും ലോകത്തിനും ഇനിയും പ്രചോദനം പകര്‍ന്നുകൊണ്ടിരിക്കും.

നിലാവിന്റെ വീട് - 03

കുടുംബശാക്തീകരണ പദ്ധതി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും നവീകരിച്ച ചൈതന്യ എസി ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടു

കാലം മായ്ക്കാത്ത സ്മൃതി രേഖ

ജോൺ പോൾ അനുസ്മരണം

ക്രിസ്തു വെറുമൊരു ഗുരുവോ ഭാഗ്യചിഹ്നമോ അല്ല