ഒരു നൂറ്റാണ്ട് പിന്നിടുന്ന സത്യദീപം വാരിക അഭിമാനിക്കു ന്നത് അതിന്റെ പ്രായത്തിൽ അല്ല, ഈ വർഷങ്ങളിൽ അത് സൃഷ്ടിച്ച ബന്ധങ്ങളിലാണ്. ഈ വാരിക ഒരു സംവാദ ഇടമായിരുന്നു. വിശ്വാസം അടച്ചിട്ട മതിലുകൾക്കുള്ളിൽ സംരക്ഷിക്കേണ്ട നിക്ഷേപം അല്ലെന്നും ലോകത്തോടുള്ള തുറന്ന സംഭാഷണത്തിലൂടെയാണ് അതിന് ജീവൻ ലഭിക്കുന്നത് എന്നും ഈ വാരിക ചരിത്രത്തിൽ ഉടനീളം വിശ്വസിച്ചു.
വിശ്വാസിയെ സംബന്ധിച്ചിട ത്തോളം സംവാദം ദൗർബല്യമല്ല. അത് ആത്മവിശ്വാസത്തിന്റെ അടയാളമാണ്. സത്യത്തോടുള്ള പ്രതിബദ്ധതയുടെ പ്രകാശനമാണ്. A clash of doctrines is not a disaster - it is an opportunity എന്നു പറഞ്ഞത് ബ്രിട്ടീഷ് ചിന്തകനായ ആൽഫ്രഡ് നോർത്ത് വൈറ്റ് ഹെഡ് ആണ്. വാരിക വ്യത്യസ്തതകളെ ഭയപ്പെട്ടില്ല. സ്വന്തം വിശ്വാസം നഷ്ടപ്പെടുത്തിയില്ല. കാരണം, സ്വന്തം വിശ്വാസത്തിൽ ആഴപ്പെട്ടവർക്ക് മാത്രമേ മറ്റൊരാളുടെ വിശ്വാസത്തെ ബഹുമാനിക്കാൻ സാധിക്കു. കത്തോലിക്കാ വിശ്വാസത്തെ നേർവഴിയിൽ പകരുമ്പോഴും, വ്യത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ചിന്താ പാരമ്പര്യങ്ങളെയും ആദരിച്ചുകൊണ്ട് അവയുമായി സത്യസന്ധമായി സംവദിക്കാൻ വാരിക വായനക്കാരെ പരിശീലിപ്പിച്ചു.
സത്യദീപത്തിന്റെ പാരമ്പര്യം എന്നത് സംവാദപാരമ്പര്യമാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ബാക്കിയായി ഉണ്ടായ ജീവിത ദുരിതങ്ങൾ, ഉച്ചനീചത്വങ്ങളുടെ തീക്കാറ്റും ക്ഷേത്ര പ്രവേശന വിളംബരവും, സ്വാതന്ത്ര്യസമരത്തിന്റെ മുറിപ്പാടുകൾ, കേരള നവോത്ഥാനത്തിന്റെ മിന്നൽ വെളിപാടുകൾ, കമ്പ്യൂട്ടർ വിപ്ലവം, അക്ഷരങ്ങളെ അപ്രസക്തമാക്കാൻ പോരുന്ന സ്മാർട്ട് സ്ക്രീൻ തരംഗം, എഐ ഭാഷ സംസാരിക്കുന്ന ജെൻ സി തലമുറ, ചരിത്രത്തിൽ ഇവരോടൊക്കെ നിരന്തരമായി സംവദിച്ച, അതിനുള്ള ഭാഷകൾ കാലാകാലം ആർജിച്ചതിന്റെ പാരമ്പര്യം കൂടിയാണ് ഈ ശതാബ്ദി.
ഓരോ പുതിയ കാലഘട്ടത്തിലും സ്വയം പുതുതായി കണ്ടെത്താനും സ്വയം അത്ഭുതപ്പെടുത്താനും കഴിയുന്ന ഭാഷയും സംവാദ സ്വഭാവവുമാണ് യഥാർത്ഥത്തിൽ പത്രത്തിന്റെ ശക്തി. അതിനുവേണ്ടിയാണ് പ്രാർത്ഥന...
ഹന്ന അരന്റിന്റെ ഒരു നിരീക്ഷണം ഉണ്ട്; ഗണിത സത്യങ്ങൾ, ശാസ്ത്രതത്വങ്ങൾ ഇവ മനുഷ്യസഹകരണം ഇല്ലെങ്കിലും താരതമ്യേന നിലനിൽക്കും. എന്നാൽ ഒരു ചരിത്ര സംഭവം നടന്നുവെന്നതോ ഒരു വാഗ്ദാനം ലംഘിക്കപ്പെട്ടു എന്നതോ ഒരു അനീതി സംഭവിച്ചു എന്നതോ ആയ വസ്തുതകൾക്ക് അത്തരമൊരു സ്വാഭാവിക സംരക്ഷണം ഇല്ല. ആരെങ്കിലും അവയ്ക്ക് സാക്ഷ്യം പറയുന്നിടത്തോളം മാത്രമേ അവ ജീവിക്കുകയുള്ളൂ. വിശ്വസ്തരായ സാക്ഷികൾ ഇല്ലെങ്കിൽ അവ തമസ്കരിക്കപ്പെടും. അങ്ങനെയെങ്കിൽ ഒരു പത്രത്തിന്റെ യഥാർത്ഥ പൈതൃകം എന്നത് സാക്ഷ്യം പറയുന്ന ശീലമാണ്. ഓരോ സംഭവത്തിലും സമൂഹത്തിനു മുമ്പിൽ ഹാജരായി എന്താണ് സംഭവിച്ചത് എന്നും അതിന്റെ വില എന്തായിരുന്നു എന്നും പറയാനുള്ള ധാർമിക അച്ചടക്കമാണ്. നൂറുവർഷം നിലനിന്നു എന്നതല്ല. വാരികയ്ക്കുള്ളിൽ സംവാദപാരമ്പര്യം ജീവനോടെ ഉണ്ടായിരുന്നു എന്നതാണ് ധാർമിക നേട്ടം.
ഇന്ത്യ സാംസ്കാരികവും മതപരവുമായി ബഹുസ്വരതയുടെ ഇടമാണ്. ഇവിടെ ക്രൈസ്തവർ ന്യൂനപക്ഷമാണ്. എന്നാൽ ക്രൈസ്തവർ ഒരിക്കലും സാക്ഷ്യത്തിൽ ന്യൂനപക്ഷമായിരുന്നില്ല. ന്യൂനപക്ഷം ആകുക എന്നാൽ അരികിൽ ആകുക എന്നല്ല. സുവിശേഷത്തിന്റെ ആത്മാവ് അനുസരിച്ച് സമൂഹത്തിന്റെ ഹൃദയത്തിൽ സാന്നിധ്യം ആവുക എന്നുള്ളതാണ്. സമൂഹത്തിൽ ഉപ്പാകുവാനും പുളിമാവാകുവാനുമുള്ള വിളി. വാരിക സമൂഹത്തിന്റെ ഹൃദയത്തിൽ ആയിരിക്കാൻ ശ്രമിച്ചു. സത്യദീപം ഈ ദൗത്യം നിർവഹിച്ചത് ഏറ്റുമുട്ടലിന്റെ ഭാഷയിൽ അല്ല. സംവാദത്തിന്റെ ഭാഷയിലാണ്. Dialogue is not born of tactical calculation but of respect for every human person എന്നു പറഞ്ഞത് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ്. വാരിക സാഹിത്യത്തോടും സംസ്കാരത്തോടും തുറന്ന ചർച്ച നടത്തി. എതിർപ്പുകളെ ശത്രുതയായി കണ്ടില്ല. പഠനാവസര മായി ഉപയോഗിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിശാലമായ ദർശനം കേരളത്തിന്റെ സാംസ്കാരിക മണ്ണിൽ ആഴത്തിൽ പാകിയെടുക്കാൻ സത്യദീപം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
വിവരസമ്പന്നരാണ് നമ്മുടെ തലമുറ, എന്നാൽ പരസ്പര വിശ്വാസത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയും. സാമൂഹിക മാധ്യമങ്ങൾ ലക്ഷക്കണക്കിന് അഭിപ്രായങ്ങളെ മുന്നിൽ കൊണ്ടുവന്നുവെങ്കിലും അതിൽ സംഭാഷണങ്ങൾ/സംവാദങ്ങൾ എത്രത്തോളം നടക്കുന്നുണ്ട്? സമൂഹമാധ്യമങ്ങളിലെ അൽഗോരിതങ്ങൾ സമാന സ്വഭാവത്തിലുള്ള അഭിപ്രായങ്ങളും ചിന്തകളും മാത്രം കേൾക്കാൻ മനുഷ്യരെ അനുവദിക്കുന്ന സങ്കേതം ആയിരിക്കുന്നു. നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നതു മാത്രമാണ് നമ്മെ തേടി നമ്മുടെ സ്ക്രീനിൽ എത്തുന്നത്. വ്യത്യസ്ത ചിന്തകളും സംഭാഷണങ്ങളും അരോചകമാകുന്നു, ചിലപ്പോൾ ശത്രുതയുളവാക്കുന്നു! ഫിൽറ്റർ ബബിളുകളും എക്കോ ചേംബറുകളും വ്യത്യസ്തമായ ആശയങ്ങളെ നമ്മളിൽ നിന്ന് അകറ്റുകയാണ്. ഈ അദൃശ്യ മതിലുകൾ ഭേദിച്ച് മനുഷ്യരിലേക്ക് എത്തുക എന്നതാണ് ഇന്ന് മാധ്യമങ്ങളുടെ ധർമ്മം. വ്യത്യസ്ത ശബ്ദങ്ങളിലേക്ക് തുറക്കാൻ പരിശീലിപ്പിക്കുന്ന മാധ്യമങ്ങളെയാണ് സമൂഹത്തിന് ആവശ്യം.
കേൾക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ഭാവി ഉണ്ടെന്ന് 100 വർഷത്തെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഓരോ പുതിയ കാലഘട്ടത്തിലും സ്വയം പുതുതായി കണ്ടെത്താനും സ്വയം അത്ഭുതപ്പെടുത്താനും കഴിയുന്ന ഭാഷയും സംവാദ സ്വഭാവവുമാണ് യഥാർത്ഥത്തിൽ ഒരു മാധ്യമത്തിന്റെ ശക്തി. അതിനുവേണ്ടിയാണ് പ്രാർത്ഥന...