Coverstory

ട്രാൻസ്ജെൻഡേഴ്സ്: ഒരു മനഃശാസ്ത്ര വായന

ഡോ. ഫാ. ജോ പോള്‍ കിരിയാന്തന്‍

ലിംഗ ന്യൂനപക്ഷങ്ങളെ LGBTQ+ എന്ന് പൊതുവേ നാം വിശേഷിപ്പിക്കുന്നു. മുഖ്യധാരയിൽ നിന്നു വ്യത്യസ്തമായ പലേതരം ലൈംഗികാഭിമുഖ്യങ്ങളും ലിംഗത്വങ്ങളും ഉള്ള വിഭാഗങ്ങളെയാണ് നാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിൽ 2014 മുതൽ അംഗങ്ങളുടെ ലിംഗത്വം സൂചിപ്പിക്കാൻ 71 വിഭാഗങ്ങളാണ് അവർ നൽകിയിരുന്നത്. 2016 മുതൽ ഇന്ത്യയിലും ഫേസ്ബുക്കിൽ ചേരുന്നവർക്ക് ഇത് ലഭ്യമാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട് ഇത്രയേറെ വൈജാത്യ അവബോധങ്ങൾ മാനവ സമൂഹത്തിൽ ഉണ്ട് എന്നർത്ഥം. അതുകൊണ്ട് ഇതിനെ ഒരു ചെറിയ കാര്യമായി നാം കണ്ടുകൂടാ. ജന്മനാൽ ലഭിക്കുന്ന ജീവശാസ്ത്രപരമായ ലിംഗത്വത്തോട് ഒട്ടും ചേരാത്ത ലിംഗ സ്വത്വബോധം പുലർത്തുന്നവരെയാണ് നമ്മൾ പൊതുവിൽ ട്രാൻസ്ജെൻഡേഴ്സ് എന്ന് പറയുന്നത്.

ബാഹ്യരൂപത്തിൽ ആണായി ജനിച്ചിരിക്കുന്നുവെങ്കിലും ഒരാൾ സ്വയം തിരിച്ചറിയുന്നത് സ്ത്രീയായിട്ടാണെങ്കിൽ അയാളെ ട്രാൻസ് വുമൺ എന്നും തിരിച്ച് സ്ത്രീയായി ജനിച്ചിരിക്കുന്നുവെങ്കിലും സ്വയം തിരിച്ചറിയുന്നത് പുരുഷനായിട്ടാണെങ്കിൽ അയാളെ ട്രാൻസ് മാൻ എന്നും പറയുന്നു. കഴിഞ്ഞ 10-20 വർഷങ്ങൾ കൊണ്ടാണ് ഇത് സംബന്ധിച്ച പദപ്രയോഗങ്ങൾ രൂപീകൃതമായത്. ഇതുമായി ബന്ധപ്പെട്ട ചിന്തകൾ ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം കൂടി ഇതു സംബന്ധിച്ച ചർച്ചകളിൽ നമ്മൾ മനസ്സിൽ വയ്ക്കണം.

സെക്ഷ്വൽ ഐഡന്റിറ്റിയും സെക്ഷ്വൽ ഓറിയന്റേഷനും പലപ്പോഴും പരസ്പരം മാറിപ്പോകുന്ന രണ്ട് പദപ്രയോഗങ്ങളാണ്. സെക്ഷ്വൽ ഓറിയന്റേഷൻ എന്നത് ലൈംഗിക ആകർഷണത്തെക്കുറിച്ചാണ് പറയുന്നത്. ആകർഷണത്തെക്കാൾ സ്വന്തം ഐഡന്റിറ്റിയെ ആണ് ട്രാൻസ്ജെൻഡേഴ്സ് പ്രതിപാദിക്കുന്നത്. താൻ ആരാണ് എന്നതിനെ സംബന്ധിച്ച മനഃശാസ്ത്രപരവും തത്വചിന്താപരവുമായ ആഴമേറിയ ചോദ്യങ്ങൾ അതിന്റെ പിന്നിലുണ്ട്.

2011ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 3902 ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. ഇന്ത്യയിൽ ഇവരുടെ എണ്ണം 4,87,803 ആണ്. ഈ കണക്കുകൾ കൃത്യമാകണമെന്നില്ല. കാരണം നമ്മുടെ സമൂഹം ഇവരെ ഉൾക്കൊള്ളുന്നില്ല എന്നതുതന്നെ. സ്വന്തം കുടുംബം പോലും ഇവരെ അംഗീകരിക്കുന്നില്ലെങ്കിൽ ലിംഗസ്വത്വം തുറന്നു പറയാൻ സ്വാഭാവികമായും എളുപ്പമായിരിക്കില്ല. അതിനാൽ സെൻസസിലെ കണക്കുകൾ ഒരു സൂചന മാത്രമാണ് തരുന്നത്, അവ കൃത്യമായിരിക്കില്ല.

മനഃശാസ്ത്രം ഇതിനെ എങ്ങനെയാണ് സമീപിക്കുന്നത്? ഈ വിഷയത്തിൽ പൊതുവേ ആധികാരികമായി കണക്കാക്കുന്നത് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കുന്ന ഡയഗ്നോസ്റ്റിക് & സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് ആണ് (DSM). അതിന്റെ ഏറ്റവും പുതിയ പതിപ്പ് 2013-ൽ ആണ് പുറത്തുവന്നത് (DSM-5). അതിനു മുമ്പുള്ളത് 1994-ൽ ആയിരുന്നു (DSM-4). '94-ലെ മാനുവലിൽ ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് പറയാനുപയോഗിച്ചിരിക്കുന്ന പദപ്രയോഗം 'ജെൻഡർ ഐഡന്റിറ്റി ഡിസോർഡർ' എന്നാണ്. മനശാസ്ത്രപരമായ ഒരു രോഗം എന്ന നിലയിലാണ് ഇതിനെ 1994-ൽ കണ്ടിരുന്നതെങ്കിൽ, 2013-ൽ ജെൻഡർ ഡിസ്ഫോറിയ എന്നാണ് അതിനെ മനസ്സിലാക്കുന്നത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ജെൻഡർ ഡിസ്ട്രസ്. ജെൻഡർ സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഉണ്ട്, എന്നാൽ അതൊരു രോഗമല്ല എന്നർത്ഥമാക്കുന്നു.

ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ICD (International Classification of Diseases എന്ന പുസ്തകത്തിന്റെ പത്താം പതിപ്പിൽ (1992) മെന്റൽ ഡിസോർഡർ എന്നാണ് വിളിച്ചതെങ്കിൽ 2019 ലെ ഏറ്റവും പുതിയ പതിനൊന്നാം പതിപ്പിൽ അതിനെ വിളിക്കുന്നത് ജെൻഡർ ഇൻകോൺഗ്രുവൻസ് എന്നാണ്. ഒരു മിസ് മാച്ച് എന്നു പറയാം. ശരീരത്തിൽ ഉള്ളതും യഥാർത്ഥത്തിൽ ഉള്ളതും തമ്മിലുള്ള ചേരായ്ക. ഇങ്ങനെയാണ് ഇപ്പോൾ മനശാസ്ത്രം ഔദ്യോഗികമായി ഈ വിഷയത്തെ കാണുന്നത്. അതുകൊണ്ട് ജെൻഡർ ഐഡൻറിറ്റിയുമായി ബന്ധപ്പെട്ട ഇക്കാര്യത്തെ ഒരു മാനസികരോഗം എന്നു വിളിക്കരുത് എന്നാണ് മനഃശാസ്ത്രം നമ്മളോടു പറയുന്ന സത്യം.

സെക്ഷ്വൽ ഐഡന്റിറ്റിയും സെക്ഷ്വൽ ഓറിയന്റേഷനും പലപ്പോഴും പരസ്പരം മാറിപ്പോകുന്ന രണ്ട് പദപ്രയോഗങ്ങളാണ്. സെക്ഷ്വൽ ഓറിയന്റേ ഷൻ എന്നത് ലൈംഗിക ആകർഷണത്തെ ക്കുറിച്ചാണ് പറയുന്നത്. ആകർഷണത്തെക്കാൾ സ്വന്തം ഐഡന്റിറ്റിയെ ആണ് ട്രാൻസ്ജെൻ ഡേഴ്സ് പ്രതിപാദിക്കുന്നത്. താൻ ആരാണ് എന്നതിനെ സംബന്ധിച്ച മനഃശാസ്ത്രപരവും തത്വചിന്താപരവുമായ ആഴമേറിയ ചോദ്യങ്ങൾ അതിന്റെ പിന്നിലുണ്ട്.

എങ്കിലും ട്രാൻസ്ജെൻഡേഴ്സ് എല്ലാവരും ഒരുപോലെ തന്നെയാണോ ഈ അനുഭവത്തെ ജീവിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എല്ലാവരും പല രീതിയിലാണ് ഇതിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും മൂന്ന് മാതൃകകൾ പറയാം. ഒന്ന്, സോഷ്യൽ ട്രാൻസിഷൻ മോഡൽ ആണ്. അതായത് സാമൂഹ്യമായി ഇവർ വസ്ത്രധാരണം മാറ്റുന്നു, പേരുമാറ്റുന്നു, അഭിസംബോധന രീതികൾ മാറ്റുന്നു. സാമൂഹ്യമായി മാത്രം തങ്ങളുടെ ജെൻഡറിനെ മാറ്റി അവർ ജീവിക്കുന്നു.

രണ്ടാമത്തേത്, മെഡിക്കൽ ട്രാൻസിഷൻ ആണ്. ഹോർമോൺ തെറാപ്പികളിലൂടെയും ജനനേന്ദ്രിയങ്ങൾ മാറ്റിവയ്ക്കുന്ന പ്ലാസ്റ്റിക് സർജറിയിലൂടെയും ഇവർ ജെൻഡർ മാറ്റുന്നു. മൂന്നാമത്തേത്, മനഃശാസ്ത്രപരമായ അനുരൂപണം ആണ്. കൗൺസിലിങ്ങിലൂടെയും തെറാപ്പികളിലൂടെയും തങ്ങളുടെ പുതിയ ഐഡന്റിറ്റികളിലേക്ക് മാറാൻ അവർ മനശാസ്ത്രപരമായി തങ്ങളെത്തന്നെ സജ്ജരാക്കുന്നു.

മെഡിക്കൽ ട്രാൻസിഷൻ സംബന്ധിച്ച് വലിയ വെല്ലുവിളിയായി നിൽക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയാം. ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്, വൈദ്യശാസ്ത്രപരമായ അപകട സാധ്യതകൾ ഉണ്ട്, മതപരമായ പ്രശ്നങ്ങളുണ്ട്, ശാരീരികമായ അസൗകര്യങ്ങളുണ്ട്, പ്രത്യുൽപാദനപരമായ പ്രശ്നങ്ങളുണ്ട്. അതായത് പിന്നീട് ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ സർജറി കഴിഞ്ഞവർക്ക് അത് എളുപ്പമാകില്ല. എന്നിട്ടും ഇത്തരം സർജറിക്ക് ആളുകൾ മുന്നോട്ടു വരുന്നു എന്നതിന്റെ അർഥം അവരുടെ ഉള്ളിന്റെ ഉള്ളിൽ അത്രമാത്രം മെന്റൽ ഡിവിഷൻ അനുഭവിക്കുന്നു എന്നുള്ളതാണ്.

ആദരവ് എന്നൊരു വാക്ക് ഇതിനെ സംബന്ധിച്ച് വളരെ ശക്തമായി പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇവർക്ക് നമ്മുടെ സമൂഹത്തിൽ കിട്ടാതെ പോകുന്ന പരിഗണന ശ്രദ്ധിക്കപ്പെടേണ്ടതാണ്. സോഷ്യൽ മീഡിയയിലും മറ്റും ഇവർ വളരെ ശക്തമായ അധിക്ഷേപങ്ങൾ നേരിടുന്നു. അവഹേളനാപരമായ പേരുകൾ വിളിക്കുക പരിഹാസത്തോടെ നോക്കുക അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കുക എന്നിവയെല്ലാം ഇവരെ വളരെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ഇവരെ പരിഹസിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരു ശൈലി പലയിടങ്ങളിലും കാണാറുണ്ട്. ഇവർ മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതിന് ഇത് കാരണമാകുന്നുണ്ട്. മാനസികാരോഗ്യമുള്ള ഒരു സമൂഹം എടുക്കേണ്ട ആദ്യത്തെ സ്റ്റെപ്പ് അതോടൊപ്പം ഇവരോട് ആദരവ് ഉണ്ടാവുക, ആരോഗ്യകരമായ പെരുമാറ്റം ഉണ്ടാവുക തുല്യത ഉണ്ടാവുക വിധിക്കാതിരിക്കുക, മനസ്സിലാക്കുക, കൂടെയുണ്ടാകുക (അനുകമ്പ) എന്നിവയും പ്രധാനപ്പെട്ട കാര്യങ്ങളാണ്.

വി. യോഹന്നാൻ - Chap.6 [1of4]

വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20

ലിംഗമാറ്റ ശസ്ത്രക്രിയ: സമഗ്ര സമീപനം

ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ലിംഗനീതിയും

ലിംഗമാറ്റ ശസ്ത്രക്രിയ: അജപാലന പരിഗണനകൾ