Coverstory

സത്യം മനോഹരമായി പറയുക

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

സത്യദീപം എന്ന കത്തോലിക്കാ പ്രസിദ്ധീകരണം ഒരു നൂറ്റാണ്ടുകാലം കേരളത്തിൽ തെളിമയോടെ കത്തിനിന്നു എന്നത് ചെറിയ കാര്യമല്ല. ഇക്കാലയളവിൽ എത്രയോ മത, സാംസ്‌കാരിക, രാഷ്ട്രീയ, ആത്മീയ, വിനോദ പ്രസിദ്ധീകരണങ്ങൾ കേരളത്തിൽ വരുകയും പോകുകയും ചെയ്‌തു. എന്നിട്ടും സത്യദീപത്തിനു മലയാളി വായനാ സമൂഹത്തിൽ മാന്യമായ ഇടം നിലനിർത്താൻ കഴിഞ്ഞു. ഇതിനു രണ്ട് കാരണങ്ങൾ എടുത്തുപറയാമെന്ന് തോന്നുന്നു. ഒന്ന്, എന്തു കൊണ്ട് സത്യദീപം വായിക്കണം എന്ന് വായനക്കാരെ കാലാകാല ങ്ങളിൽ ബോധ്യപ്പെടുത്താൻ ഇതിന്റെ എഡിറ്റർമാർക്ക് സാധിച്ചു.

അതായത്, സത്യദീപംതന്നെ സത്യദീപത്തിന്റെ പരസ്യമായി മാറി. രണ്ട്, കഴിഞ്ഞ നൂറു കൊല്ലത്തിനിടയിൽ സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും ഭാഷയിലും സാങ്കേതികവിദ്യ യിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു. ആ മാറ്റങ്ങളോട് ഭാവാത്മകമായി പ്രതികരിക്കാൻ സത്യദീപത്തിനു കഴിഞ്ഞു. സത്യദീപത്തിനു തിരിയിട്ടവർക്കും എണ്ണയൊഴിച്ചവർക്കും കാറ്റുപിടിക്കാതെ കാവലിരുന്നവർക്കും കരിന്തിരി കത്താതെ സൂക്ഷിച്ചവർക്കും സന്തോഷിക്കാം. അവരെപ്രതി നമുക്ക് അഭിമാനിക്കാം.

എണ്ണവിളക്കുകൾ ഒരു മുറി മുഴുവനെയോ ഒരു വീടിനെയോ പ്രകാശിപ്പിച്ചിരുന്ന പഴയ കാലമല്ല ഇപ്പോൾ. ഓരോരുത്തർക്കും സ്വന്തമായി വെളിച്ചമുള്ള കാലമാണിത്. അവരുടെ വ്യക്തിനിഷ്‌ഠമായ വായനാശീലങ്ങളിലേക്കും അഭിരുചികളിലേക്കും എങ്ങനെ പ്രവേശിക്കാൻ സാധിക്കും എന്നതാണ് എല്ലാ മാധ്യമങ്ങളും നേരിടുന്ന വെല്ലുവിളി. പത്രങ്ങളും മാസികകളും, എന്തിന് ഡിജിറ്റൽ മാധ്യമങ്ങൾപോലും, വായനക്കാരെ തേടുന്ന കാലമാണിത്. സത്യം മനോഹരമായി പറയലാണ് കത്തോലിക്കാ മാധ്യമപ്രവർത്തനത്തിന്റെ മർമ്മം. സത്യത്തെ വ്യാജത്തിൽനിന്നും അർദ്ധോക്തികളിൽനിന്നും ഭൂരിപക്ഷ പൊതുബോധത്തിൽനിന്നും കേട്ടുകേൾവികളിൽ നിന്നും സത്യാനന്തരനിർമ്മിതികളിൽനിന്നും ഔദ്യോഗിക നുണകളിൽനിന്നും വേർതിരിക്കാൻ ഒട്ടും എളുപ്പമല്ല.

സത്യം മനോഹരമായി പറയുന്ന പത്രത്തിന് അണയരുതാത്ത മൂല്യങ്ങളെക്കുറിച്ചും പ്രകാശം പരത്തുന്ന മനുഷ്യരെക്കുറിച്ചും പറഞ്ഞേ തീരൂ. അത്തരം മാധ്യമം ശാസ്ത്രവുമായും ഇതര മതങ്ങളുമായും തീക്ഷ്‌ണമായ മനുഷ്യാനുഭവ ങ്ങളുമായും സംവദിക്കും. മറഞ്ഞിരിക്കുന്ന മാണിക്യംപോലെ അറിയ പ്പെടാത്ത പ്രതിഭകളുണ്ട്. അവർക്ക് അവസരം കൊടുത്ത് സത്യത്തിന്റെ പോരാളികളാക്കി മാറ്റുന്നത് ഭാവിയെ തൊടുന്ന പത്രപ്രവർത്തനമാണ്. സത്യസന്ധമായ ഈ അക്ഷരശുശ്രൂഷയിൽ നിരന്തരം തെളിഞ്ഞു വരേണ്ടത് ക്രിസ്‌തുവിന്റെ രൂപമാണ്. പീഠത്തിന്മേൽ ഉയർത്തിയ ദീപം (മത്താ 5:15) എന്ന പ്രഭയേറിയ മാധ്യമ സങ്കല്‌പത്തോട് എന്നും അടുത്തു നില്ക്കാൻ സത്യദീപത്തിന് സാധിക്കട്ടെ. വൃത്തിയായി വ്യാജം പറയുന്നതും വികൃതമായി സത്യം അവതരിപ്പിക്കുന്നതും ഏറെക്കുറെ ഒരേതരം മാധ്യമപാപങ്ങളാണ്. ഇവയിൽനിന്ന് എന്നും അകന്നുനില്ക്കാൻ സത്യദീപത്തിന് കഴിയട്ടെ.

യാനപാത്രം

വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു പുതിയ ഭരണഘടന

സിയോള്‍ യുവജനദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍

വത്തിക്കാന്‍ സമ്പത്ത് ഏകദേശം 300 കോടി ഡോളര്‍

ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ ഭയപ്പെടരുതെന്നു മാര്‍പാപ്പ