പൊതുമണ്ഡലത്തിൽ ഉപയോഗിക്കുന്ന ഭാഷ രാഷ്ട്രീയമായും സാമൂഹികമായും മാത്രമല്ല മതപരമായും കറക്റ്റായിരിക്കണം. എഴുതുന്നവരും പറയുന്നവരും മാതൃകയാക്കേണ്ടത് സെന്റ് പോളിനെയാണ്.
വ്യാകരണത്തിൽ പിഴവില്ലാത്തതുകൊണ്ടുമാത്രം വാക്യം ശരിയാവില്ല. വാക്കിലെ അനൗചിത്യം നാവിന്റെ പിഴയോ ഗ്രാമ്യവഴക്കമോ ആയി തള്ളിക്കളയാനോ ന്യായീകരിക്കാനോ കഴിയില്ല. എല്ലാം ശരിയായിരിക്കുമ്പോഴും പൊളിറ്റിക്കലി കറക്ട് എന്ന പരിശോധനയ്ക്ക് രാഷ്ട്രീയപ്രവർത്തകരുടെ സംസാരം വിധേയമാകുന്നുണ്ട്. രാഷ്ട്രീയഭാഷണത്തിൽ മാത്രമല്ല മതാത്മകസംവാദത്തിലും സംഭാഷണത്തിലും ഈ തത്ത്വം ബാധകമാണ്. മതവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വാക്കുകൾ പൊതുമണ്ഡലത്തിൽ എപ്രകാരം മനസ്സിലാക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സെക്യുലർ ഭാഷയിലും ആശയത്തിന്റെ പൂർണ്ണമായ സംവഹനം വാക്കിലൂടെ നടക്കുന്നില്ല. വാക്കിനും പ്രവൃത്തിക്കും ഈ അപര്യാപ്തതയുണ്ട്. മാനവസേവയാണ് മാധവസേവ എന്ന് സംശയലേശമെന്യേ പറയുന്നവർക്കും മദർ തെരേസയുടെ പ്രവർത്തനത്തെ മനസ്സിലാക്കാനായില്ല. മിഷണറി പ്രവർത്തനത്തെ മതപരിവർത്തനത്തിനുള്ള ആസൂത്രിത ശ്രമമായാണ് ഹിന്ദുത്വവാദികൾ കാണുന്നത്. ഫാദർ ഡാമിയനെ മനസ്സിലാകാത്തവർക്ക് ഗ്രഹാം സ്റ്റെയിൻസിനെയും മനസ്സിലാക്കാനാവില്ല.
വാക്കിന്റെ ശക്തിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. കാലദേശങ്ങളിൽ വാക്കിന്റെ അർഥത്തിൽ വ്യത്യാസം വരുന്നുണ്ട്. അതുകൊണ്ടാണ് ഔപചാരികമായ മതസൗഹാർദ പ്രകടനങ്ങൾക്കപ്പുറം വ്യത്യസ്തരായിരിക്കുന്ന വിശ്വാസികളും അവർക്കൊപ്പം അവിശ്വാസികളും ഒരുമിച്ച് കഴിയുന്ന സെക്യുലർ സമൂഹത്തിൽ ഉപയോഗിക്കുന്ന വാക്കുകൾക്ക് അനർഥമുണ്ടാകരുതെന്നു പറയുന്നത്. ജനാധിപത്യത്തിൽ അവശ്യം വേണ്ടതായ ജാഗ്രതയാണത്. കലഹിക്കുന്നതിന് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരേ ഗ്രന്ഥത്തെയാണ് ആശ്രയമാക്കുന്നതെന്ന കാര്യം മറക്കരുത്. ആധ്യാത്മികതയ്ക്ക് സവിശേഷമായ ഭാഷയുണ്ട്. അതിന് വ്യക്തതയും പൊതുസ്വീകാര്യതയും ഉണ്ടാക്കുകയെന്ന ഉത്തരവാദിത്വം അതിന്റെ പ്രയോക്താക്കൾക്കുണ്ട്. ക്രിസ്റ്റ്യൻ എന്നു കേട്ടാൽ ക്രിസ്തുമതവിശ്വാസി എന്നാണ് പൊതുവെ മനസ്സിലാക്കുന്നത്. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ എന്നു കേട്ടാൽ അത് ഒരു ഡാനിഷ് ഗ്രന്ഥകാരനാണ്. ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന പേരിൽ പ്രസിദ്ധമായ മദ്യത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേസ് കൊടുക്കുന്നതിന് ലോനപ്പൻ നമ്പാടൻ എന്റെ ഉപദേശം തേടിയിട്ടുണ്ട്. ബ്രാൻഡ് ഏതായാലും മദ്യം പൊതുവെ അറിയപ്പെടുന്നത് ക്രിസ്റ്റ്യൻ പേരുകളിലാണ്. ക്രിസ്ത്യാനികൾക്ക് പ്രശ്നമില്ല. പക്ഷേ മറ്റു മതങ്ങളിലെ ദൈവനാമങ്ങൾ അപ്രകാരം സുരക്ഷിതമായി ഉപയോഗിക്കാനാവില്ല. കരഛേദം മാത്രമല്ല ശിരച്ഛേദവും ചിലപ്പോൾ സംഭവിക്കും.
യേശു സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയിരുന്നില്ല. മാതൃകാകഥാപാത്രങ്ങളായി യേശു കണ്ടെത്തിയത് സമരിയാക്കാരെ ആയിരുന്നു. അവരാകട്ടെ യഹൂദരുമായി ശത്രുതയിലായിരുന്നു. യേശു പഠിപ്പിച്ച ഏറ്റവും മനോഹരമായ പ്രാർഥനയിൽ അങ്ങയുടെ രാജ്യം വരണമേ എന്ന ഭാഗം അന്ന് റോമാ സാമ്രാജ്യത്തെ എന്നപോലെ ഇന്ന് ഹിന്ദുത്വശക്തികളെയും സംശയാലുക്കളാക്കുന്നുണ്ട്. മതരാഷ്ട്രവാദികൾ സംശയാലുക്കളാകാൻ കാരണം അന്വേഷിച്ച് നടക്കുന്നവരാണ്. ഉന്മൂലനം ചെയ്യേണ്ടതായ വിഭാഗങ്ങളുടെ കൂട്ടത്തിൽ ക്രിസ്ത്യാനികളെ ഉൾപ്പെടുത്തിയിരിക്കുന്നവർക്ക് അനായാസം സംശയാലുക്കളാകാം. രാജ്യത്തോട് കൂറില്ലാത്തവർ എന്ന ആക്ഷേപം ക്രിസ്ത്യാനികൾക്കെതിരെ അവർ ഉന്നയിക്കുന്നുണ്ട്.
കാലത്തിന്റെ ചുവരെഴുത്തുപോലെയാണ് നമ്മുടെ സ്ഥാപനങ്ങളുടെ ചുവരുകളിലെ ലിഖിതങ്ങൾ. മിക്കവാറും ബൈബിൾ വചനങ്ങളാണ് അപ്രകാരം ആലേഖനം ചെയ്യപ്പെടുന്നത്. സുവിശേഷവാക്യങ്ങൾ അതിന്റെ അവകാശികളായ വിശ്വാസികൾ അർഥമറിഞ്ഞ് വായിക്കണമെന്നില്ല. ഗതാഗതക്കുരുക്കിന്റെ കാലത്ത് റോഡിൽ കെട്ടിക്കിടക്കുന്ന പൊതുസമൂഹം അവ വായിക്കാൻ നിർബന്ധിതരാകുന്നുണ്ട്. നിരവധിയായ സദ്.വചനങ്ങൾ ചേർന്നതാണ് സുവിശേഷം. അവ വായിക്കാനിടയാകുന്ന സെക്യുലർ സമൂഹത്തിലെ പൗരൻ അവയിൽ ആകൃഷ്ടനാകും. പക്ഷേ, അവരെ ഭയപ്പെടുത്തി അകറ്റുന്ന ലിഖിതങ്ങളാണ് ചുവരുകളിൽ കാണുന്നത്. അകറ്റുന്നവയല്ല ആകർഷിക്കുന്നവ ആയിരിക്കണം ചുവരെഴുത്തുകൾ. പൊതുമണ്ഡലത്തിൽ ഉപയോഗിക്കുന്ന ഭാഷ രാഷ്ട്രീയമായും സാമൂഹികമായും മാത്രമല്ല മതപരമായും കറക്റ്റായിരിക്കണം. എഴുതുന്നവരും പറയുന്നവരും മാതൃകയാക്കേണ്ടത് സെന്റ് പോളിനെയാണ്. പൊതുമണ്ഡലത്തിൽ ഉപയോഗിക്കേണ്ടതായ ഭാഷ എവ്വിധമായിരിക്കണമെന്ന് ബോധ്യമുള്ള പ്രഭാഷകൻ ആയിരുന്നതുകൊണ്ടാണ് അരയോപ്പാഗസിലെ പ്രഭാഷണത്തിനുശേഷം ഗ്രീസിൽ അദ്ദേഹത്തിന് അനുയായികളെ കിട്ടിയത്.