ആമുഖം
രൂപാന്തരീകരണത്തിന്റെ മലമുകളാണ് രംഗം. അവിടെ മൂന്നുപേര്‍ - മോശ, ഏലിയാ, ഈശോ. അവര്‍ മൂവരും ആ മലമുകളില്‍ മഹത്വത്തോടെ കാണപ്പെട്ടു. മോശയും ഏലിയായും പഴയനിയമത്തെ പ്രതിനിധാനം ചെയ്യുന്നു. ഈശോയി ലൂടെ പുതിയ നിയമവും അവിടെ സന്നിഹിതമാണ്. ആ മലമുകളില്‍ പഴയനിയമവും പുതിയനിയമവും പരസ്പരം സംവദിക്കുകയാണ്. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നു പോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്”(ലൂക്കാ 9:31). ഈശോമിശിഹാ ജറുസലേമില്‍ പൂര്‍ത്തിയാക്കുന്ന പെസഹായുടെ ഓര്‍മ്മകളിലേക്ക് നോമ്പുകാലം നമ്മെ കൂട്ടികൊണ്ടുപോകുന്നു. ഈജിപ്തിന്റെ അടിമത്തത്തോട് ഇസ്രായേല്‍ ജനം വിടപറഞ്ഞ ആദ്യത്തെ പെസഹായുടെ ഓര്‍മ്മകളും കൂടെയുണ്ട്. പഴയനിയമവും പുതിയ നിയമവും നോമ്പിനെക്കുറിച്ച് പരസ്പരം സംവദിക്കുമ്പോള്‍ മൂന്ന് ഇടങ്ങള്‍ പ്രധാനമാണ്: മലമുകള്‍, മാര്‍ഗം, മരുഭൂമി. മലമുകളിലും, മാര്‍ഗമധ്യേയും, മരുഭൂമിയിലും നോമ്പിന്റെ നോവും പുണ്യവും അനുഭവിച്ചറിഞ്ഞവരായിരുന്നു മോശയും ഏലിയായും ഈശോയും. നാല്പത് ദിനരാത്രങ്ങളുടെ വലിയ നോമ്പുകാലം താണ്ടിയവരായിരുന്നു മൂവരും. ഇവരുടെ കാലടികളെ പിന്തുടര്‍ന്നാല്‍ നമുക്കും നോമ്പിന്റെ കാതല്‍ കണ്ടെത്താം.
മലമുകളിലെ നോമ്പ്
ഉപവാസം എന്നാല്‍ അടുത്തുവസിക്കല്‍ എന്നര്‍ഥം. ദൈവത്തോട് അടുത്തുവസിക്കാന്‍ മലമുകളിലേക്ക് ആരോഹണം ചെയ്യുന്ന മോശയെ തിരുവചനം പരിചയപ്പെടുത്തുന്നുണ്ട്. മോശ മേഘത്തിന്റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്‍പതു രാവും നാല്‍പതു പകലും അവന്‍ മലമുകളിലായിരുന്നു (പുറ. 24:18). മോശ നാല്‍പതു പകലും നാല്‍പതുരാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല (പുറ. 34:28). ദൈവസാന്നിധ്യത്തിന്റെ മലമുകളിലേക്കുള്ള യാത്രയാണ് നോമ്പുകാലം. ദൈവാനുഗ്രഹത്തിന്റെ മേഘം നമ്മെ പൊതിയുന്ന സമയം. ആഴമുള്ള ദൈവാനുഭവം ശരീരത്തിന്റെ അതികാംക്ഷകളെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് (റോമാ 14:17).
ഇസ്രായേലിന്റെ ചരിത്രപഥങ്ങളില്‍ മരുഭൂമി ആഴമേറിയ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടമാണ്. പരീക്ഷണങ്ങളുടെയും പരിദേവന ങ്ങളുടെയും ഇടം. അവിശ്വാസ ത്തിന്റെയും അവിശ്വസ്തതയുടെയും ഇടം. വിഗ്രഹാരാധനയുടെയും അസന്തുഷ്ടിയുടെയും ഇടം. ബലഹീനതയുടെ, വീഴ്ചകളുടെ, പ്രലോഭനങ്ങളുടെ, അധഃപതനത്തിന്റെ, പാപത്തിന്റെ ഇടം. എന്നാല്‍ ഇതേ മരുഭൂമിയില്‍ ഇസ്രായേല്‍ ദൈവജനമായി രൂപാന്തരപ്പെട്ടു.
മലമുകളിലെ നോമ്പുകാലം മോശയെ രൂപാന്തരപ്പെടുത്തി. മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ മുഖം തേജോമയമായി. ഇസ്രായേല്‍ ജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. ഏലിയാ പ്രവാചകന്റെ ജീവിതവും രണ്ടു മലകള്‍ക്കിടയിലുള്ള പ്രയാണമാണ്. കര്‍മ്മലമലയില്‍ നിന്നും ഹോറെബ് മലയിലേക്കുള്ള യാത്ര. ഈശോയുടെ പരസ്യജീവിതത്തില്‍ ഉടനീളം മലകള്‍ സുപ്രധാനമാണ്. അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു (ലൂക്കാ 6:12). രൂപാന്തരീകരണത്തിന്റെ മലമുകളില്‍ നിന്നുമാരംഭിച്ച അവിടത്തെ നോമ്പു കാലയാത്ര പരിസമാപ്തിയിലെത്തുന്നത് കാല്‍വരിമലയിലാണ്. ക്രിസ്തുശിഷ്യന് നോമ്പുകാലം പ്രകാരഭേദത്തിനുള്ള രക്ഷാകരസമയമാണ്. കാഴ്ചയും കാഴ്ചപ്പാടും തേജോമയ മാകുന്ന സമയം. നൈരാശ്യങ്ങളുടെയും യാതനകളുടെയും താഴ്‌വരകളോട് വിടപറയാം. പ്രാര്‍ഥനയുടെ മേഘത്തിന്റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു ആരോഹണം ചെയ്യാം.
മാര്‍ഗമധ്യേയുള്ള നോമ്പ്
മലമുകളില്‍ മാത്രമല്ല വഴിയിലും നോമ്പ് നമ്മെ അനുധാവനം ചെയ്യും. വഴിയില്‍ നോമ്പനുഷ്ഠിച്ച് ദൈവസ്വരം ശ്രവിച്ച പ്രവാചകനായിരുന്നു ഏലിയാ. ജസെബെലിന്റെ വാളില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി നടത്തിയ പലായനം. എലിയാ തനിയെ മരുഭൂമിയിലൂടെ നടന്നു. യാത്ര കഠിനമായ പ്പോള്‍ അവന്‍ ഒരു വാടാമുള്‍ച്ചെടിയുടെ തണലില്‍ അഭയം തേടി. അവിടെ അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു. എന്നാല്‍ കര്‍ത്താവിന്റെ ദൂതന്‍ അവനെ ഉണര്‍ത്തി. ഭക്ഷണം നല്‍കി. യാത്ര തുടരാന്‍ കല്പിച്ചു. അവന്‍ എഴുന്നേറ്റു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി”(1 രാജാ 19:8). മരുഭൂമിയിലൂടെയുള്ള നാല്പത് ദിനരാത്രങ്ങള്‍ നീണ്ടു നിന്ന യാത്രയാണ് ഏലിയാ പ്രവാചകന്റെ നോമ്പ്.
നോമ്പിനെക്കുറിച്ച് പരസ്പരം സംവദിക്കുമ്പോള്‍ മൂന്ന് ഇടങ്ങള്‍ പ്രധാനമാണ്: മലമുകള്‍, മാര്‍ഗ്ഗം, മരുഭൂമി.
വഴിയിലായിരിക്കാനുള്ള ക്ഷണമാണ് നോമ്പ് നല്‍കുന്നത്. യാത്രയ്ക്കിടയില്‍ സ്ഫുടം ചെയ്ത നോമ്പിനൊടുവില്‍ ഏലിയാ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? അവന്‍ പ്രതിവചിച്ചു: സൈന്യ ങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവ തീക്ഷ്ണതയാല്‍ ജ്വലിക്കുകയാണ് (1 രാജാ 19:13-14). സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി അതീവ തീക്ഷ്ണതയാല്‍ ജ്വലിക്കാന്‍ നമ്മെ സജ്ജരാക്കുന്ന ദൈവികസമയ മാണ് നോമ്പുകാലം. ഈജിപ്തില്‍ നിന്നും മരുഭൂമിയിലൂടെ കാനാന്‍ ദേശത്തേക്കു നയിക്കുന്ന പുറപ്പാടിന്റെ വഴിയില്‍ നാല്പത് വര്‍ഷങ്ങള്‍ ഇസ്രായേല്‍ ജനം ഉപവസിച്ചു. ആ മരുഭൂവഴിയാണ് അവരെ സ്ഫുടംചെയ്ത് ദൈവജനമാക്കി രൂപാന്തരപ്പെടു ത്തിയത്. ജീവിതവഴിയില്‍ നമ്മെതന്നെ ശുദ്ധീകരിക്കാനുള്ള സാധ്യതയാണ് നോമ്പുകാലം. നോമ്പിന്റെ ഈ വഴിയില്‍ നാം തനിച്ചല്ല. നമ്മുടെ രാത്രികളില്‍ വെളിച്ചം വിതറി വഴിനടത്താന്‍ അഗ്‌നിസ്തംഭമായും പകല്‍ച്ചൂടില്‍ തളര്‍ന്നുവീഴാതിരിക്കാന്‍ വഴിയില്‍ തണല്‍ വിരിച്ച് മേഘസ്തംഭമായും ദൈവം സഹയാത്രികനായുണ്ട്. മോശയും ഈശോയും യാത്രികരായിരുന്നു. ത്യാഗനിര്‍ഭര മായിരുന്ന കനല്‍വഴികളില്‍, കുരിശിന്റെ വഴിയില്‍ നാം അവരുടെ കാലടികളെ അടുത്തറിയുന്നു. സുഖകരമായ മരുപ്പച്ചകളോട് ഒരു നോമ്പുകാല ദൂരം വിടപറയാം. നോമ്പിന്റെ വഴിയില്‍ ആത്മനവീകരണത്തിന്റെ ചക്രവാളങ്ങള്‍ തേടി യാത്രയാകാം.
മരുഭൂമിയിലെ നോമ്പ്
പുറപ്പാട് വഴിയില്‍ ചെങ്കടല്‍ കടന്ന ഇസ്രായേല്‍ ജനം മരുഭൂമിയില്‍ പരീക്ഷിതരായി. ജോര്‍ദ്ദാനിലെ ജ്ഞാനസ്‌നാന ത്തിനുശേഷം ഈശോയും മരുഭൂമിയിലേക്ക് യാത്രയാകുന്നു. അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു.
യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു”(മത്താ 4:1-2). ദൈവാത്മാവാണ് ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത്. മോശയെ ദൈവം കണ്ടുമുട്ടുന്നത് ഒരു മരുഭൂമിയിലെ മുള്‍പ്പടര്‍പ്പി ലാണ്. ഏലിയാ പ്രവാചകനെ ദൈവം വഴിനടത്തിയതും ഒരു മരുഭൂമിയിലൂടെ തന്നെ. ഇസ്രായേലിന്റെ ചരിത്രപഥങ്ങളില്‍ മരുഭൂമി ആഴമേറിയ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടമാണ്. പരീക്ഷണങ്ങളുടെയും പരിദേവനങ്ങളുടെയും ഇടം. അവിശ്വാസത്തിന്റെയും അവിശ്വസ്തതയുടെയും ഇടം. വിഗ്രഹാരാധനയുടെയും അസന്തുഷ്ടിയുടെയും ഇടം. ബലഹീനതയുടെ, വീഴ്ചകളുടെ, പ്രലോഭനങ്ങളുടെ, അധഃപതന ത്തിന്റെ, പാപത്തിന്റെ ഇടം.
ദൈവസാന്നിധ്യത്തിന്റെ മലമുകളിലേക്കുള്ള യാത്രയാണ് നോമ്പുകാലം. ദൈവാനുഗ്രഹത്തിന്റെ മേഘം നമ്മെ പൊതിയുന്ന സമയം. ആഴമുള്ള ദൈവാനുഭവം ശരീരത്തിന്റെ അതികാംക്ഷകളെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
എന്നാല്‍ ഇതേ മരുഭൂമിയില്‍ ഇസ്രായേല്‍ ദൈവജനമായി രൂപാന്തരപ്പെട്ടു. പുരോഹിതജന മായി വേര്‍തിരിക്കപ്പെട്ടു. സ്വര്‍ഗത്തില്‍ നിന്നുമിറങ്ങിയ അപ്പം അവര്‍ ഭക്ഷിച്ചു. അവര്‍ പാറയില്‍ നിന്നും ജലം പാനം ചെയ്തു. കൂടെ നടക്കുകയും കൂടാരമടി ക്കുകയും കൂടെ വസിക്കുകയും ചെയ്ത ദൈവത്തെ അനുഭവിച്ചറിഞ്ഞു. കാനാന്‍ ദേശം വാഗ്ദത്തഭൂമിയെങ്കില്‍ മരുഭൂമി വാഗ്ദാനങ്ങള്‍ നല്കപ്പെട്ട ദേശമാണ്. മരുഭൂമി ഒരേ സമയം പരീക്ഷണങ്ങളുടെയും പരിരക്ഷയുടെയും ഇടമായിരുന്നു. ചെങ്കടല്‍ കടന്ന് ജനം ഈജിപ്തിന് പുറത്തുകടന്നു. എന്നാല്‍ ആത്മീയമായി അവര്‍ ഈജിപ്തിനോട് വിടപറയുന്നത് മരുഭൂമിയിലാണ്. നോമ്പിന് മരുഭൂമിയേക്കാള്‍ മികച്ച മറ്റൊരു ഭൂമികയില്ല. മരുഭൂമിയില്‍ ഇസ്രായേല്‍ പതറിവീണ് പരാജിതരായ പരീക്ഷകളെ ഈശോ തിരുവചനം കൊണ്ട് അതിജീവിച്ചു. നാം കടന്നുപോകുന്ന ഓരോ മരുഭൂമിയും ഒരു കാനാന്‍ ദേശത്തേക്കുള്ള വഴിയാണ്. മരുഭൂമിയുടെ അതിര്‍ത്തി പിന്നിടാതെ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുക സാധ്യമല്ല.
ഉപസംഹാരം
ഈ നോമ്പുകാലം പറയുന്നു: നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക (1 രാജാ 19:11). മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ജാഗ്രതയോടെ നില്‍ക്കാനുള്ള സമയമാണ് നോമ്പുകാലം. ജീവിതം ചിലപ്പോള്‍ മരുഭൂമിയുടെ ഊഷരതകളിലേക്ക് നമ്മെ നയിക്കും. നമ്മെ വലയം ചെയ്യുന്ന മരുഭൂമിയുടെ പരീക്ഷകളെ തിരുവചനശക്തിയില്‍ അതിജീവിക്കുന്ന സുകൃതകാലമാണ് നോമ്പുകാലം. മരുഭൂമിയിലേക്കുള്ള വഴി ദൈവികമാണ്. നോമ്പ് ദൈവാനുഗ്രഹങ്ങളുടെ പൂക്കാലവും.
മലമുകളില്‍ നിന്നുമാരംഭിച്ച അവിടത്തെ നോമ്പുകാലയാത്ര പരിസമാപ്തിയിലെത്തുന്നത് കാല്‍വരിമലയിലാണ്. ക്രിസ്തുശിഷ്യന് നോമ്പുകാലം പ്രകാരഭേദത്തിനുള്ള രക്ഷാകരസമയമാണ്.
മലമുകളില്‍ പെസഹായെക്കുറിച്ച് സംവദിച്ചുകൊണ്ടിരുന്ന മൂന്നുപേര്‍ക്ക് - മോശ, ഏലിയാ, ഈശോ - നമ്മോട് ചിലത് പറയാനുണ്ട്. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അവര്‍ പറയുന്നത് നാല്പത് ദിനരാത്രങ്ങളുടെ കൃപാസമൃദ്ധിയെക്കുറിച്ചാണ്. മലമുകളിലെ അതിശക്തമായ ദൈവാനുഭവത്തിന്റെ പ്രാര്‍ഥനാനിമിഷങ്ങളെക്കുറിച്ചാണ്. ഇടറിയ വഴികളില്‍ താങ്ങിയ സഹയാത്രികനായ ദൈവത്തെക്കുറിച്ചാണ്. മരുഭൂമിയുടെ ഊഷരതകളില്‍ ആശ്രയമായി വിശ്രമം നല്‍കുന്ന, സിരകളില്‍ ഊര്‍ജം നിറയ്ക്കുന്ന തിരുവചനത്തിന്റെ അരുവികളെക്കുറിച്ചാണ്. നമ്മുടെ ജീവിതത്തിന്റെ മലമുകളിലും, മാര്‍ഗമധ്യേയും, മരുഭൂമിയിലും ഈ നോമ്പുകാലം പുണ്യം നിറയ്ക്കട്ടെ.