അടിയന്തരാവസ്ഥയ്ക്കെതിരെ ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമൊരുക്കിയത് പൊതു തിരഞ്ഞെടുപ്പാണ്. ജനത്തിന് പ്രതികരിക്കാനുള്ള തിരഞ്ഞെടുപ്പ് എന്ന സംവിധാനത്തിന് തന്നെ തുരങ്കം വയ്ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും ഭാരതത്തെ രക്ഷിക്കാൻ തൊമ്മിമാർക്കല്ല, പ്രായഭേദമന്യേ യുവത്വത്തിന്റെ കരുത്തുള്ളവർക്കു മാത്രമേ സാധ്യമാകൂ.
പോൾ സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിലും അതിന്റെ ചലചിത്ര ആവിഷ്കാരമായ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന സിനിമയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രാഷ്ട്രീയ സാമൂഹിക രൂപകമാണ് പട്ടേലരുടെ സെന്റിന്റെ സുഗന്ധം. ദുഷ്ടതയുടെയും അധികാരപ്രമത്തതയുടെയും മനുഷ്യരൂപമായ, സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന, ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തിന്റെ എല്ലാ ദുഷ്പ്രവൃത്തി കൾക്കും സാക്ഷിയും കയ്യാളുമായി, സന്തോഷ സഹചാരിയായി കൂടെയുള്ള കഥാപാത്രമാണ് തൊമ്മി.
ഒരിക്കൽ ഭാസ്കരപട്ടേലർ സ്വന്തം ഭാര്യയെ ലൈംഗികമായി കീഴ്പ്പെടുത്തുമ്പോൾ വാതിലിന് പുറത്ത് കാവൽ നില്ക്കുന്ന തൊമ്മി അധികാരത്തിന് മുൻപിൽ ഓച്ഛാനിച്ചു നില്ക്കുന്ന അടിമവിധേയ മനോഭാവത്തിന്റെ ഏറ്റവും നീചമായ അവസ്ഥയാണ് പ്രകടമാക്കുന്നത്. ഭയമോ അമിതവിധേയത്വമോ മൂലം മരവിച്ചു പോകുന്ന മനഃസാക്ഷി ആ അടിമത്തം ആസ്വദിക്കാൻ തുടങ്ങുന്നതിന്റെ അറപ്പുളവാക്കുന്ന ആവിഷ്കാരമാണ് ഭാര്യയുടെ അടുത്തുചെല്ലുമ്പോൾ പട്ടേലരുടെ സെന്റിന്റെ മണം പിടിച്ചുകൊണ്ട് തൊമ്മി പറയുന്ന വാചകം: “പട്ടേലരുടെ സെന്റിന് എന്തൊരു മണമാണ്.”
തൊമ്മി അധികാരത്തിന്റെ ഭീകരമായ അടിച്ചമർ ത്തൽ കണ്ട് എങ്ങനെയെങ്കിലും, മാനാഭിമാനങ്ങൾ കപ്പൽ കയറിയാലും, ജീവൻ നിലനിർത്തുകയെന്ന ഉദ്ദേശത്തോടെ ജീവിക്കുന്നവനാണ്. അങ്ങനെയുള്ള വരോട് “പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന കുമാരനാശാന്റെ വരികൾ പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയില്ല. പ്രതികരിച്ച് മരിക്കണ്ടാ, ഇങ്ങനെയൊക്കെയെങ്കിലും ജീവിച്ചാൽ മതി എന്നത് അവരുടെ നിവൃത്തികേടിന്റെ ഭാഷയാണ്. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദം ഒന്നും ഇല്ലെങ്കിലും വ്യക്തിപരമായ ലാഭേച്ഛകളും അഭിനവ പട്ടേലന്മാരുടെ നിക്ഷിപ്തതാത്പര്യങ്ങളും മൂലം സെന്റിന്റെ മണം പിടിച്ചും അതിന്റെ ദുർ(സു)ഗന്ധം വിവരിച്ചും രംഗത്ത് വരുന്ന വിദൂഷകവേഷക്കാർ രാജാധികാരകാലത്തേപ്പോലെ ജനാധിപത്യകാലത്തും ധാരാളമുണ്ട്. അക്കാദമിക് യോഗ്യതയേക്കാൾ വാഴ്ത്തുപാട്ടുകൾക്കും, പാർട്ടിക്കൂറിനും മൂല്യമുള്ള കാലത്ത് ഈ “അധിക”യോഗ്യത ഒപ്പിക്കാൻ പാടുപെടുന്നവരെ അനുദിനം നമ്മൾ കാണുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷഭരണകാലത്ത് ഇത്തരം കൊട്ടിപ്പാടലുകാർക്കും പാർട്ടിബന്ധുക്കൾക്കും യോഗ്യതയുള്ളവരെ മറികടന്നു പല സ്ഥാനങ്ങളും കൈവശമാക്കാൻ കഴിഞ്ഞു. അവരിൽ പലരും ഇപ്പോൾ പുതിയ ഭരണകൂടത്തിന്റെ ആളുകളാകാൻ രംഗത്ത് വരാം.
സംസ്ഥാനഭരണകൂടത്തിന് കഴിയുന്നതിലും എത്രയോ മടങ്ങ് സാധ്യതകൾ കേന്ദ്രഭരണകൂടത്തെ സ്തുതിച്ചാൽ ലഭിക്കും എന്നത് കൊണ്ട് ചാനൽ ചർച്ചകളിൽ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ‘ഫണ്ഡിതന്മാർ’ (കടപ്പാട്: സൂരജ് പിട്ടാപ്പിള്ളിൽ, ആകാശത്ത് നോക്കി അടുപ്പിൽ ഊതുന്നവർ) പട്ടേലരുടെ സെൻറിന്റെ സുഗന്ധം പ്രകീർത്തിക്കാൻ എത്തുന്നുണ്ട്. വോട്ട് വിഘടിപ്പിക്കാനും ഏകീകരിക്കാനും വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നത് ഇത്തരം കോമാളികൾക്ക് ചാണക്യതന്ത്രമാണ്. നോട്ട് നിരോധനം എന്ന വങ്കത്തരത്തിലൂടെ അധ്വാനിച്ച് സമ്പാദിച്ച പണത്തിനുവേണ്ടി പൗരന്മാർ വരി നിന്ന് തളർന്ന് വീണപ്പോൾ കള്ളപ്പണക്കാരെ തോല്പിക്കലാണ് എന്ന് വാദിച്ചവരാണവർ. അടിയന്തിരാവസ്ഥ കാലത്ത് “ഇന്ദിരയാണ് ഇന്ത്യ ഇന്ത്യയാണ് ഇന്ദിര” എന്ന് പാടിക്കൊണ്ട് നടക്കാനും ആളുണ്ടായിരുന്നു. ഇപ്പോൾ അത്തരം തൊമ്മിമാർക്ക് പുതിയ പണി കിട്ടിയിരിക്കുകയാണ്. ലക്ഷകണക്കിന് ആളുകളുടെ വോട്ടവകാശം റദ്ദു ചെയ്ത് ജനാധിപത്യ സംവിധാനത്തിന്റെ കടക്കൽ കത്തിവച്ച തിരഞ്ഞെടുപ്പു കമ്മീഷൻ അവർക്കെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും യുക്തിസഹമായ മറുപടി തന്നിട്ടില്ലെങ്കിലും തൊമ്മിമാർക്ക് വാഴ്ത്തുപാട്ട് പാടാതിരിക്കാനാകില്ല. ഒഴിവാക്കപ്പെട്ടവരൊന്നും ഇന്ത്യൻ പൗരന്മാരല്ല, ഇന്ത്യയിൽ ഒരു കാലത്തും വോട്ടർപട്ടിക കൃത്യമായിരുന്നില്ല, പ്രതിപക്ഷപാർട്ടികൾ തോല്ക്കുമ്പോൾ മാത്രമാണ് അവർക്ക് പരാതി എന്നുള്ളതൊക്കെയാണ് ഇവരുടെ വാദങ്ങൾ. ഇതുവരെ കേന്ദ്രസർക്കാർ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള രേഖകൾ പോലും തിരഞ്ഞെടുപ്പു കമ്മീഷൻ പൗരത്വത്തിനുള്ള തെളിവായി സ്വീകരിക്കുന്നില്ല എന്നത് ഉയർന്നു വന്ന പരാതികളിൽ നിന്നും വ്യക്തമാണ്. ആധാർ, സ്കൂൾ സർട്ടിഫിക്കറ്റ് എന്ന് വേണ്ട പാസ്.പോർട്ടു പോലും പൗരത്വരേഖയല്ല എന്ന ചില ‘ഫണ്ഡിതരുടെ’ വ്യാഖ്യാനം കേട്ട് നാണം പോലും തലകുനിച്ചു പോയി. ഇന്ത്യയിൽ പണ്ടും വോട്ടർ പട്ടിക തെറ്റുകൾ ഉള്ളതായി രുന്നു എന്ന വാദം ശരിയാണ്. എന്നാൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകളുടെ കാലത്തും ഉണ്ടായിരുന്ന പോരായ്മകൾ ഇക്കാലത്തും അങ്ങനെതന്നെ ആയിരിക്കുന്നത് ഒരു മേന്മയല്ലല്ലോ.
തോല്ക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് മാത്രമാണ് ഇലക്ഷനെ സംബന്ധിച്ച് പരാതിയുള്ളതെന്നത് പാർട്ടി ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നതനുസരിച്ച് നിലപാട് മാറുന്ന രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ച് ശരിയാണ്. ഒരു ജനാധിപത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാലും, ഇനി അഥവാ തൃണമൂൽ കോൺഗ്രസ് ജയിച്ചിരുന്നു എങ്കിലും SIR വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ എന്ന പേരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ വോട്ട് ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തെ റദ്ദു ചെയ്യാൻ ഉപയോഗിച്ചു എന്ന വിമർശനം നിലനില്ക്കും. കൃത്യമായ കാരണം പോലും രേഖപ്പെടുത്താതെ തിരഞ്ഞെടുപ്പു കമ്മീഷന്റെ സോഫ്റ്റ് വെയർ ഉപയോഗിച്ച് വോട്ടവകാശം നിഷേധിക്കുന്നത് വോട്ടർപട്ടികയുടെ ശുദ്ധീകരണ മായി കാണാനാകില്ല. തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയെ സംബന്ധിച്ച സംശയങ്ങൾ ആരംഭിക്കുന്നത് SIR മുതലല്ല; തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ മാറ്റിമറിച്ചപ്പോൾ മുതലാണ്. പ്രധാനമന്ത്രിയും, പ്രതിപക്ഷനേതാവും, സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതി തിരഞ്ഞെടുപ്പു കമ്മീഷനെ തിരഞ്ഞെടുക്കുന്ന സംവിധാന ത്തിൽ നിന്നും ചീഫ് ജസ്റ്റിസിനെ മാറ്റി പകരം ആഭ്യന്തരമന്ത്രിയെ ഉൾപ്പെടുത്തി. അതോടെ ഭരണകക്ഷി തീരുമാനിക്കുന്ന വ്യക്തി മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറാകുന്ന സാഹചര്യം നിലവിൽ വന്നു. ഇതിനെതിരായുള്ള ഹർജികളിൽ രണ്ട് വർഷം കഴിഞ്ഞിട്ടും തീരുമാന മെടുക്കാതെ സുപ്രീംകോടതിയും ഭരണകൂടത്തിനു മുൻപിൽ നാണിച്ചു നഖം കടിച്ചു നില്ക്കുകയാണ്. സർക്കാരിനെ ബാധിക്കുന്ന പല ഹർജികളിലും കോടതികൾ ഇത്തരം മെല്ലെപോക്കുകൾ കാണിച്ചിട്ടുണ്ട്. 1977-ൽ പ്രസിദ്ധീ കരിക്കപ്പെട്ട ജോൺ ഗ്രിഫിത്തിന്റെ “ജുഡീഷ്യറിയുടെ രാഷ്ട്രീയം” എന്ന പുസ്തകത്തിൽ പറയുന്നതു പോലെ നിഷ്പക്ഷമായ വിധികൾ പുറപ്പെടുവിക്കാൻ പറ്റാത്ത ഒരു സംവിധാനമായി ഇന്ത്യൻ ജുഡീഷ്യറി മാറില്ല, മാറിയിട്ടില്ല എന്നാണ് പ്രതീക്ഷ. ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായി പരസ്പരം ഉള്ള തിരുത്ത ലുകൾക്ക് പകരം ഭരണകൂടത്തിന്റെ തീരുമാനങ്ങളുടെ കൂട്ടിരിപ്പുകാരാ യാൽ പൗരന്മാർക്ക് തെരുവിലിറങ്ങാതെ മാർഗമില്ലാതാകുന്നു. തങ്ങളുടെ പൗരസ്വാതന്ത്ര്യം പോലും അപകടത്തിലാകുന്നു എന്ന് ചിന്തിക്കുന്നവർക്ക് തൊമ്മിമാരായി ഇരിക്കാനാകില്ല. ഭരണകൂടത്തെ തിരുത്തേണ്ടത് അവരുടെ നിലനില്പിന്റെ കൂടി പ്രശ്നമാവുകയാണ്.
ഇങ്ങനെ തെരുവിലിറങ്ങേണ്ടി വരുന്ന പൗരന്മാരെ അടിച്ചൊതുക്കാൻ ഭരണകൂടം എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്നത് ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സമരരംഗത്ത് വരാൻ സാധ്യതയുണ്ട് എന്ന് കരുതുന്നവരെ വിമാനത്തിൽ നിന്നും സ്വന്തം വീട്ടിൽ നിന്നുപോലും കസ്റ്റഡിയിൽ എടുക്കുന്നത് എന്ത് നിയമ സംവിധാനത്തിന്റെ പേരിലാണ്.
ഭരണഘടനയുടെ സത്തക്കെതിരായ പ്രവൃത്തികൾ ഭരണകൂടം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവർ ജനാധിപത്യത്തിന്റെ സംരക്ഷകരാണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകവുമാണ്. പ്രതിഷേധിക്കുന്ന വരെ വ്യക്തിപരമായി ഇകഴ്ത്തിയും പൊളിറ്റിക്കൽ ‘ബിഗ് ബ്രദറിനെ’ പുകഴ്ത്തിയും യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാൻ കഴിയില്ല. പ്രതിഷേധ ത്തിനിടയിൽ പ്രതിപക്ഷനേതാവ് കഴിച്ച ഭക്ഷണം ഇറച്ചിയാണോ പച്ചക്കറിയാണോ എന്നത് ജനങ്ങളുടെ വിഷയമല്ല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ അർബൻ നക്സലുകളാണോ രാജ്യദ്രോഹികളാണോ എന്നതല്ല ജനങ്ങളുടെ ചോദ്യം, അവർ ഉന്നയിക്കുന്ന വിഷയങ്ങൾ യഥാർത്ഥമാണോ എന്നതാണ്. എല്ലാ ജനാധിപത്യ പ്രതിഷേധങ്ങളെയും നേരിടാൻ ഇത്തരം ആഭാസങ്ങളുമായി ഇറങ്ങുന്നത് രാഷ്ട്രീയതന്ത്രമല്ല, ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലായ്മ യാണ് വ്യക്തമാക്കുന്നത്.
പട്ടേലരുടെ സെന്റിന്റെ മണം ലഹരിയാകുന്നവർക്ക് ഓർക്കാവുന്ന ദൃഷ്ടാന്തമാണ് ഗ്രീക്ക് കവിയായി രുന്ന ലൂക്കന്റെ ജീവിതം. ക്രൂരതകൾ കൊണ്ട് പ്രസിദ്ധനായ നീറോ ചക്രവർത്തി AD 60-ൽ സംഘടിപ്പിച്ച ആർട്ട് ഫെസ്റ്റിവലിൽ ചക്രവർത്തിയെ ഗ്രീക്ക് ദേവനായും റോമിന് മീതെ ഉദിച്ചുയരുന്ന സൂര്യനായും പുകഴ്ത്തി കവിതയിൽ ഒന്നാം സമ്മാനം നേടിയ കവിയാണ് ലൂക്കൻ. ഇരുപത്തിയൊന്നാം വയസ്സിൽ 30 വയസ്സ് കുറഞ്ഞ പ്രായപരിധിയായി നിശ്ചയിക്കപ്പെട്ടിരുന്ന Quaestorship എന്ന പദവി നല്കിയാണ് നീറോ ലൂക്കനെ ആദരിച്ചത്. വിധിവിപര്യം എന്ന പോലെ ഏതാനും വർഷങ്ങൾക്കു ള്ളിൽ അതേ നീറോ ചക്രവർത്തി തന്നെ ലൂക്കന്റെ കഴിവിലും പ്രശസ്തിയിലും അസൂയാലുവായി ലൂക്കനെ കവിതകൾ പൊതുമധ്യ ത്തിൽ അവതരിപ്പിക്കുന്നതിൽ നിന്നും വിലക്കി. എഴുത്ത് തുടർന്ന ലൂക്കൻ ഫർസാലിയ എന്ന തന്റെ കൃതി പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ ചക്രവർത്തിയെ വധിക്കാനുള്ള ഗൂഡാലോചനയിൽ പങ്കുചേർന്നു എന്ന ആരോപിക്ക പ്പെട്ട് നിർബന്ധിത ആത്മഹത്യയ്ക്ക് വിധിക്കപ്പെട്ടു.
ലൂക്കൻ നല്കുന്ന പാഠം: പട്ടേലരുടെ തൊമ്മിമാരായി ജീവിക്കാൻ തീരുമാനിച്ചാൽ മരണം വരെ അങ്ങനെ തുടരാൻ കഴിഞ്ഞാൽ മാത്രം പോര, ഇടയ്ക്ക് എപ്പോഴെങ്കിലും പട്ടേലർക്ക് ദാസന്റെ അടിമമനോഭാവത്തിൽ സംശയം തോന്നിയാലും ജീവൻ പോകാം. ജനാധിപത്യകാലത്തിലും ഭരണകൂടനേതൃത്വം ഭാസ്കര പട്ടേലരുടെ ശൈലിയിലേക്ക് മാറുന്ന രീതി അനഭിലഷണീയമാണ്. ഇത്തരം ഫ്യൂഡൽ വ്യവസ്ഥയിലേക്ക് ജനാധിപത്യഭരണകൂടങ്ങൾ മാറാതിരിക്കാനുള്ള ഭരണഘടനാ സംവിധാനങ്ങളാണ് ജുഡീഷ്യറിയും പാർലമെന്റും. പാർലമെന്റിലെ പ്രതിപക്ഷവും തങ്ങളുടെ ഭരണ ഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെടാൻ പാടില്ല. ഇവരുടെ പരാജയമാണ് പട്ടേലർമാരുടെ കെട്ടുപൊട്ടിച്ച് ഓടാനുള്ള ശക്തിയായി മാറുന്നത്. ഭരണകൂടത്തിന്റെ തൊമ്മിമാരാകുന്ന മാധ്യമപ്രവർത്തകരും പട്ടേലർമാരുടെ ശക്തിയാവുകയാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ ജനങ്ങൾക്ക് പ്രതികരിക്കാൻ അവസരമൊരുക്കിയത് പൊതു തിരഞ്ഞെടുപ്പാണ്. ജനത്തിന് പ്രതികരിക്കാനുള്ള തിരഞ്ഞെടുപ്പ് എന്ന സംവിധാനത്തിന് തന്നെ തുരങ്കം വയ്ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും ഭാരതത്തെ രക്ഷിക്കാൻ തൊമ്മിമാർക്കല്ല, പ്രായഭേദമന്യേ യുവത്വത്തിന്റെ കരുത്തുള്ളവർക്കു മാത്രമേ സാധ്യമാകൂ.