Coverstory

ബിഷപ്പ് ഡൊമിനിക് കോക്കാട്ട് : പൂര്‍വാഞ്ചലിന്റെ പ്രകാശം

ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കല്‍ സി എസ് ടി
  • ഫാ. ഫ്രാന്‍സിസ് കിളിവള്ളിക്കല്‍ സി എസ് ടി

    (സി എസ് ടി മുന്‍ സുപ്പീരിയര്‍ ജനറല്‍)

1984 ല്‍ പുതുതായി രൂപീകരിച്ച ഗോരഖ്പൂര്‍ രൂപതയുടെ ആദ്യ അധ്യക്ഷനായി നിയമിതനായ ബിഷപ് ഡൊമിനിക് കോക്കാട്ട് CST വളരെ ദീര്‍ഘദര്‍ശനത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിയത്. രൂപതയുടെ വളര്‍ച്ചയ്ക്ക് അതു വലിയ സഹായമേകി. രൂപതയുടെ കീഴില്‍ സ്ഥാപിതമാകുന്ന എല്ലാ മിഷന്‍ സ്റ്റേഷനുകളിലും ഓരോ സ്‌കൂള്‍, ഡിസ്‌പെന്‍സറി, സാമൂഹ്യസേവന വിഭാഗം, ആത്മീയ-അജപാലന സേവനം എന്നിവ വേണമെന്നു പിതാവ് കരുതി. ഈ രീതിയില്‍ തന്നെയാണ് എല്ലാ മിഷന്‍ സ്റ്റേഷനുകളും രൂപപ്പെട്ടതും വളര്‍ന്നതും.

ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും മറ്റും അതിനു കാരണമായി. അതോടെ ഡിസ്‌പെന്‍സറികളുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യപരിചരണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യസേവനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മിക്കയിടങ്ങളിലും ലയിപ്പിച്ചു. പക്ഷേ ആതുരസേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഫാത്തിമാ റെഫറല്‍ ആശുപത്രി ഗോരഖ്പൂരില്‍ ഇതിനു സമാന്തരമായി സ്ഥാപിതമാകുകയും വലിയ വളര്‍ച്ച നേടുകയും ചെയ്തു. ഇന്ന് ഈ പ്രദേശത്തെ മികച്ച ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആയി ഇതു മാറിയിട്ടുണ്ട്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിപോലെ, നേത്രചികിത്സയ്ക്കായി പ്രത്യേകവിഭാഗം ഇവിടെ ആരംഭിക്കുകയും അത് നേത്രചികിത്സാരംഗത്തെ ഒരു ഉന്നതസ്ഥാപനമായി വളരുകയും ചെയ്തിരിക്കുന്നു.

കോക്കാട്ട് പിതാവിന്റെ ഒരു സ്വപ്നമായിരുന്നു ഫാത്തിമാ ഹോസ്പിറ്റല്‍. തന്റെ മാനസസന്താന മായ ഈ ആശുപത്രിയുടെ ക്യാംപസില്‍ തന്നെയാണ് അദ്ദേഹം വിശ്രമജീവിതം നയിച്ചതും ഒടുവില്‍ നിത്യവിശ്രമത്തിനായി യാത്രയായതും.

ആശുപത്രി കൂടാതെ, ഒരു ഡിഗ്രി കോളേജും കോക്കാട്ട് പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായി സ്ഥാപിതമായി. വേറെ ഏതെങ്കിലും സീറോ മലബാര്‍ മിഷന്‍ രൂപതകള്‍ ഡിഗ്രി കോളേജ് സ്ഥാപിച്ചിട്ടുണ്ടോ എന്നറിയില്ല.

ആളുകളോടുള്ള അലിവും അവരെയെല്ലാം ചേര്‍ത്തു നിര്‍ത്തണമെന്ന ആഗ്രഹവും പിതാവിനുണ്ടായിരുന്നു. അതു രൂപതയുടെ മിഷനും ദര്‍ശനവുമായി പിതാവ് പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

കോക്കാട്ട് പിതാവ് പഠനകാലത്ത് കാനഡയില്‍ സാമൂഹ്യസേവനത്തില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്. അങ്ങനെ ആര്‍ജിച്ച അറിവും വൈദഗ്ധ്യവും ഒപ്പം പിതാവിന്റെ പ്രതിഭയും ഗോരഖ്പൂര്‍ രൂപതയുടെ സാമൂഹ്യസേവനങ്ങളെ മികവാര്‍ജിക്കുന്നതിനു സഹായിച്ചു. ഇന്ത്യയിലെ രൂപതകളില്‍ ഏറ്റവും നല്ല സാമൂഹ്യസേവനവിഭാഗത്തിനുള്ള അംഗീകാരങ്ങള്‍ പല തവണ ഗോരഖ്പൂര്‍ രൂപതയ്ക്കു ലഭിച്ചിട്ടുണ്ട്. കാരിത്താസ്, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍, സീറോ മലബാര്‍ സഭാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ പൊതുവേദിയായ സ്പന്ദന്‍ എന്നിവയ്ക്കു പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെയും അംഗീകാരം ഗോരഖ്പൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്.

സാമൂഹ്യശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കുന്ന പദ്ധതികളും പരിപാടികളുമാണ് ഗോരഖ്പൂര്‍ രൂപത ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ആഗോള വീക്ഷണം എല്ലാ കാര്യങ്ങളിലും പിതാവിനുണ്ടായിരുന്നു. അതുപോലെ തന്നെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനവും. പത്താം വര്‍ഷം ആഘോഷിച്ചപ്പോള്‍ പിതാവിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ ലഘുലേഖയില്‍ ഈശോയുടെ തിരുഹൃദയത്തില്‍ എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ചിത്രമുണ്ടാ യിരുന്നു. അതിനോടു ചേര്‍ന്നൊരു ബൈബിള്‍ വാക്യം എഴുതി (മത്താ. 9:36). ജനക്കൂട്ടത്തെ കണ്ടപ്പോള്‍ 'യേശുവിന് അവരുടെ മേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെ പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു.'

ആളുകളോടുള്ള അലിവും അവരെയെല്ലാം ചേര്‍ത്തു നിര്‍ത്തണമെന്ന ആഗ്രഹവും പിതാവിനുണ്ടായിരുന്നു. അതു രൂപതയുടെ മിഷനും ദര്‍ശനവുമായി പിതാവ് പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശ് പൊതുവെയും കിഴക്കന്‍ യുപി വിശേഷിച്ചും വളരെ പിന്നാക്കമാണ്. കിഴക്കന്‍ യുപിയിലെ ഏഴു ജില്ലകളിലാണ് ഗോരഖ്പൂര്‍ രുപത സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ തകര്‍ച്ചയും വിദ്യാഭ്യാസരാഹിത്യവും ജാതിവിവേചനവും എല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രവികസനമാണ് ഗോരഖ്പൂര്‍ രൂപതയുടെ നേതൃത്വത്തില്‍ പിതാവ് ലക്ഷ്യമിട്ടത്. അതുകൊണ്ട് എല്ലാ മിഷന്‍ സ്‌റ്റേഷനുകളിലും സാമൂഹ്യസേവനം അഭിവൃദ്ധി പ്രാപിച്ചു.

ഗോരഖ്പൂര്‍ രൂപതയുടെ മെത്രാനായശേഷം, അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ആദ്‌ലിമിനാ സന്ദര്‍ശനത്തിന് കോക്കാട്ട് പിതാവ് റോമിലെത്തിയ സമയം. അവിടെ ഒരു ചോദ്യം പിതാവിനു നേരെ ഉന്നയിക്കപ്പെട്ടു. രൂപതയിലെ കത്തോലിക്കരുടെ എണ്ണം മൂവായിരം മാത്രമാണ്. കേരളത്തിലെ ഒരു ഇടവകയുടെ അത്ര പോലും വിശ്വാസികളില്ലാത്ത ഒരു രൂപതയോ എന്നതായിരുന്നു ചോദ്യം. ഇതേ ചോദ്യം ഉന്നയിക്കുന്ന സഭാംഗങ്ങള്‍ ഇപ്പോള്‍ കേരളത്തിലും ഉണ്ടെന്നറിയാം. ഗോരഖ്പൂര്‍ രൂപതയിലെ കത്തോലിക്കരുടെ എണ്ണത്തില്‍ ഇന്നും വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല, 3400 മാത്രമാണ് അത്. പക്ഷേ പിതാവ് അന്നു പറഞ്ഞ മറുപടിയുണ്ട്, ''എന്റെ രൂപതയില്‍ കത്തോലിക്കര്‍ കുറവാണെങ്കിലും 1.3 കോടി ജനങ്ങളാണ് ഈ രൂപതയുടെ അതിര്‍ത്തിയിലുള്ളത്. അവരുടെയെല്ലാം പിതാവായിട്ടാണ് ഞാന്‍ സ്വയം കാണുന്നത്.'' അവരുടെയെല്ലാം ശാരീരികവും ആത്മീയവുമായ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് രൂപത പ്രവര്‍ത്തിക്കുന്നത്. അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമ്പത്തികനിലയും മെച്ചപ്പെടുത്തി ജീവിതനിലവാരം വര്‍ധിപ്പിക്കുക എന്നതാണ് രൂപതയുടെ ലക്ഷ്യം.

സാമൂഹ്യ ശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കുന്ന പദ്ധതികളും പരിപാടികളുമാണ് ഗോരഖ്പൂര്‍ രൂപത ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ആഗോളവീക്ഷണം എല്ലാ കാര്യങ്ങളിലും പിതാവിനുണ്ടായിരുന്നു. അതുപോലെ തന്നെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനവും.

സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനവും പ്രാര്‍ഥനയും മാതൃകാ പരമായ ജീവിതവും സുവിശേഷ വല്‍ക്കരണം തന്നെയാണ്. സുവിശേഷാത്മകമായ ദര്‍ശനങ്ങള്‍ ഒരു ബഹുമത, ബഹുസംസ്‌കാര ലോകത്തില്‍ അവതരിപ്പിക്കുക തന്നെയാണ് പിതാവ് ചെയ്തത്.

1.3 കോടി ജനങ്ങളെക്കുറിച്ചുള്ള ഒരു സ്വപ്നമാണ് പിതാവിനുണ്ടായിരുന്നത്. ആ ദര്‍ശനം ഗോരഖ്പൂരില്‍ ജനങ്ങളെ സ്വാധീനിക്കുകയും പിതാവ് ഇവിടെ ജനസമ്മതനാകുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി ഭരണസംവിധാന ത്തിലും മറ്റും കോക്കാട്ട് പിതാവ് അംഗമായിരുന്നു.

സഭാസ്ഥാപകനായ ഫാ. ബസീലി യൂസ് പാണാട്ടുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നയാളായി രുന്നു കോക്കാട്ട് പിതാവ്.

സ്ഥാപകന്റെ ആശയങ്ങള്‍ പിതാവിനെ സ്വാധീനിച്ചിട്ടുണ്ട്. നല്ല സമരിയാക്കാര നാകുക എന്നതായിരുന്നു ആ ആശയ ത്തിന്റെ സാരാംശം. അതില്‍ ജാതിമത വ്യത്യാസങ്ങള്‍ക്കു സ്ഥാനമില്ലായി രുന്നു.

സിഎസ്ടി സഭാംഗം എന്ന നിലയില്‍, വി. കൊച്ചുത്രേസ്യയോട് അഗാധമായ ഭക്തി കോക്കാട്ട് പിതാവ് പുലര്‍ത്തിയിരുന്നു. 1988-ല്‍ ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് (എല്‍ എസ് ടി) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിനു പിതാവ് തുടക്കമിട്ടു. കോക്കാട്ട് പിതാവിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന കളിലൊന്നാണത്. ഈ സന്യാസിനീ സമൂഹം കേരളത്തിലും ഗോരഖ്പൂരിലും മറ്റു സ്ഥലങ്ങളിലും നിസ്തുലമായ സേവനങ്ങള്‍ ഇന്നു നല്‍കിക്കൊണ്ടിരിക്കുന്നു.

രൂപത സ്ഥാപിതമായി പത്തു വര്‍ഷമായപ്പോഴേക്കും ഇവിടെ രൂപത വൈദികര്‍ അഭിഷിക്തരായി എന്നതു വലിയ നേട്ടമായിരുന്നു. ഇപ്പോള്‍ 59 വൈദികര്‍ ഗോരഖ്പൂര്‍ രൂപതയുടേതാ യിട്ടുണ്ട്. അതും പിതാവിന്റെ ദീര്‍ഘ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തന ഫലമായിരുന്നു. വി. ചെറുപുഷ്പ ത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് പുഷ്പവാണി എന്ന പ്രസിദ്ധീകരണം പിതാവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയുണ്ടായി.

ഗോരഖ്പൂരില്‍ സേവനം ചെയ്യാന്‍ സന്നദ്ധരായ മിഷണറിമാരുടെ കുറവും ഈ പ്രദേശത്തു ശക്തമായ വര്‍ഗീയ വാദവും ആണു പിതാവ് നേരിട്ട രണ്ടു വെല്ലുവിളികള്‍. എങ്കിലും അതിനെ നേരിട്ടുകൊണ്ടു തന്നെ ക്രൈസ്തവ മൂല്യങ്ങളുടെ ശക്തമായ ഒരു സാന്നിധ്യമായും നേതൃത്വമായും ഇവിടെ നീണ്ട കാലം ഉറച്ച നിലപാടുകളോടെ നിലകൊള്ളാന്‍ കോക്കാട്ട് പിതാവിനു സാധിച്ചു.

1984 മുതല്‍ 2006 വരെ 22 വര്‍ഷമാണ് രൂപതാധ്യക്ഷനായി സേവനം ചെയ്തത്. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈക്കം സ്വദേശിയായ അദ്ദേഹം ചെറുപുഷ്പ മിഷനറി സമുഹത്തില്‍ (സിഎസ്ടി) അംഗമായി ചേര്‍ന്നത് 1953 ലാണ്. കാണ്ടി(ശ്രീലങ്ക)യിലും പൂനെയി ലെയും പേപ്പല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും നടത്തി. 1960 ഒക്ടോബര്‍ 4 ന് പൂനെയില്‍ വച്ച് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.

ആലുവയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫിലോസഫി പ്രൊഫ സറും വൊക്കേഷന്‍ പ്രൊമോട്ടറും (1961-1967), ആലുവയിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രിന്‍സിപ്പലും ഡയറക്ടറും (1967-1970), ആലുവയിലെ ലിറ്റില്‍ ഫ്‌ളവര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ (1970-1972), തൃക്കാക്കര യിലെ സ്റ്റഡി ഹൗസ് റെക്ടര്‍ (1972-1973), പഞ്ചാബിലെ ലിറ്റില്‍ ഫ്‌ളവര്‍ മിഷന്റെ മിഷന്‍ സുപ്പീരിയര്‍ (1973-1978), ന്യൂഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ (1978-1982), സി എസ് ടി സന്യാസ സമൂഹത്തിന്റെ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍, മിഷന്‍ സെക്രട്ടറി (1982-1984) എന്നിങ്ങനെ വിവിധ പദവി കളില്‍ സേവനമനുഷ്ഠിച്ചു. 'ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയുമാണ്' എന്നതായിരുന്നു മെത്രാന്‍ ദൗത്യത്തിന്റെ ആപ്തവാക്യം.

സൗജന്യ വിഗ് ദാനത്തോടെ സഹൃദയ കാന്‍സര്‍ ദിനാചരണം

വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുശേഷിപ്പ് കാണാന്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷം പേര്‍

സന്യസ്തര്‍ അനുകമ്പയുള്ള ദൈവത്തിന്റെ അടയാളങ്ങള്‍ ആകണം - വത്തിക്കാന്‍

ഐസിസ് ഭീതി ഭയന്ന് ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവര്‍

ഉത്തരാഖണ്ഡ് മതപരിവര്‍ത്തന നിരോധന നിയമം: കേസുകള്‍ കോടതിയില്‍ പരാജയപ്പെടുന്നു