

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതികദേഹാ വശേഷിപ്പ് ആദ്യമായി പൊതുദര്‍ശനത്തിനു വയ്ക്കു മ്പോള്‍ അത് വണങ്ങുന്നതിന് ഇതുവരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷം പേര്‍. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെയാണ് അസ്സീസിയിലെ ബസിലിക്ക യില്‍ വിശുദ്ധന്റെ മൃതദേഹം പ്രദര്‍ശിപ്പിക്കുക.
രണ്ടാം ക്രിസ്തുവെന്നും സുവിശേഷത്തിന്റെ ജീവിക്കുന്ന കണ്ണാടി എന്നും അറിയപ്പെട്ട വിശുദ്ധന്റെ മൃതദേഹം കാണാന്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ഈ ഇറ്റാലിയന്‍ നഗരത്തിലേക്ക് വിശ്വാസികള്‍ പ്രവഹിക്കും. വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനു ബന്ധിച്ചാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ഈ വാര്‍ഷിക ത്തിന്റെ ചരിത്രപരവും ആത്മീയവുമായ മഹാപ്രാധാന്യം ലോകമെങ്ങും വിശ്വാസികള്‍ തിരിച്ചറിയുന്നു.
ഭൂഗര്‍ഭ ചാപ്പലില്‍ അടക്കം ചെയ്തിരിക്കുന്ന മൃതദേഹം ചരിത്ര ത്തില്‍ ആദ്യമായി ബസിലിക്കയുടെ അള്‍ത്താരയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ 800-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജൂബിലി വര്‍ഷം ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 2027 ജനുവരി 10 നാണ് അവസാനിക്കുക.
1226-ല്‍ മരണമടഞ്ഞ വിശുദ്ധന്റെ മൃതദേഹം മോഷ്ടിക്കപ്പെടാതിരിക്കാന്‍ അള്‍ത്താരയുടെ കീഴില്‍ മറവ് ചെയ്യുകയായിരുന്നു, 1818 ലാണ് ഇത് കണ്ടെടുത്തത്.
1819-ല്‍ കബറിടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും വിശുദ്ധന്റേതു തന്നെയാണ് മൃതദേഹം എന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് 1978-ലും 2015-ലും ഈ കബറിടം തുറന്നിട്ടുണ്ട്.