Coverstory

ഭാഷ

തവിട്ടുപാത - പത്തൊമ്പത്

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ
“Unable to perceive the shape of you, I find you all around me. Your presence fills my eyes with your love, It humbles my heart, for you are everywhere.”

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള പേർഷ്യൻ സൂഫീ കവി ഹക്കിം സനൈയുടെ വരികളാണ്. നേരിന്റെ പറുദീസ എന്നർത്ഥം വരുന്ന Walled Garden of Truth എന്ന പുസ്തകത്തിൽ നിന്നാണ്. അതിൽ നിന്ന് നമ്മുടെ കാലത്തിലെ ഒരു ചലച്ചിത്രത്തിന് പേരുണ്ടായി.മേൽ പറഞ്ഞ ഈ വരികളിലാണ് ചിത്രം അവസാനിക്കുന്നത്.

കാര്യമായ ബന്ധമൊന്നുമില്ല എന്നിട്ടും മാർട്ടിൻ ശങ്കൂരിക്കൽ അച്ചന്റെ “ഫ്രാൻസിസ് ദൈവത്തിന്റെ പോളി ഗ്ലോട്ട്” എന്ന പുസ്തകം വായിച്ചു തീർന്ന പുലരിയിൽ കുറെ കാലത്തിനുശേഷം ആ ചലച്ചിത്രത്തെ ഓർത്തു.ഈയൊരു വർഷത്തിന്റെ പ്രത്യേകതകൊണ്ട് ഒരു ഫ്രാൻസിസ്കൻ ലിറ്ററേച്ചർ മലയാളത്തിലും പെട്ടെന്ന് സജീവമായി. പത്തോളം പുസ്തകങ്ങൾ ഇതിനകം വായിച്ചു. അതിൽ സത്തയിലും പ്രതിപാദനത്തിലും തെല്ല് എറുത്ത് നില്ക്കുന്ന പുസ്തകമാണ് അച്ചന്റേത്.

ഇതൊരു ഉപഹാരഗ്രന്ഥം കൂടിയാണ്.

ക്രിസ്തുവിന്റെ കാൽപ്പാദങ്ങളിൽ ഇരിക്കുക എന്ന ജീവന്റെ നല്ലാംശം തിരഞ്ഞെടുത്ത നേർപെങ്ങൾക്കുവേണ്ടി ഒരു സഹോദരൻ കുറിച്ചു നല്കുന്നത്. അത് അതിൽത്തന്നെ ഹൃദ്യമായൊരു കാരണമാണ്. പഞ്ചക്ഷതന് നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരു പദം എഴുത്തുകാരൻ ഇതിൽ തിരഞ്ഞെടുക്കുന്നുണ്ട്; പദാർത്ഥ ഭേദകൻ!

ചിത്രത്തിലേക്ക് വരുകയാണ് - ഗിയെർമോ ഡെൽ തോറോയുടെ Shape of the Water. വല്ലാത്തയൊരു പടമാണ്. മുതിർന്നവർക്ക് വേണ്ടിയുള്ള ഫെയറി റ്റേയ്‌ൽ എന്ന് അതിനെ വിശേഷിപ്പിച്ചു കണ്ടു. വിചിത്രഭാവനകളെ സാധാരണ ജീവിതത്തിലേക്ക് ഗ്രാഫ്റ്റ് ചെയ്താണ് ചിത്രത്തിന്റെ നിർമിതി. മെക്സിക്കോയിൽ വളർന്നൊരാൾ എന്ന നിലയിൽ കാത്തലിക്ക് ബിംബങ്ങളുടെ ഒരു ലോകം അയാളുടെ ബോധത്തിൽ മയങ്ങുന്നുണ്ട്. പുണ്യവാന്മാർക്കും സത്വങ്ങൾക്കും ഇടയിൽ എന്തോ ചിലത് പിണഞ്ഞു കിടക്കുന്നുണ്ടെന്ന് അയാൾക്കറിയാം. അസ്സീസിയിലെ ഫ്രാൻസിസിനെ നിനവിൽ വരാതെ ഇത്തരം ഒരു ചലച്ചിത്രം അസാധ്യം എന്നു തന്നെ സാരം.

എലിസയുടെ ഒരു സാധാരണ പുലരിയിലാണ് ചിത്രം ആരംഭിക്കുന്നത്. 1960, ശീതയുദ്ധത്തിന്റെ കാലത്ത് ഒരു ആയുധ പരീക്ഷണശാലയിലെ ശുചീകരണത്തൊഴിലാളി യാണവൾ. വലിയ മനുഷ്യരുടെ റെറ്റിനയിൽ പോലും പതിയാത്ത മനുഷ്യർ.സെൽഡായെന്ന അവളുടെ കൂട്ടുതൊഴിലാളി നിരീക്ഷിക്കുന്നതുപോലെ ചിതറിതെറിക്കാതെ മര്യാദയ്ക്ക് മൂത്രം ഒഴിക്കാൻ പോലും ശ്രദ്ധിക്കാത്ത മനുഷ്യർ. മറ്റൊരു മനുഷ്യനത് തുടച്ചു വൃത്തിയാക്കേണ്ടി വരുമെന്ന ഓർമ്മ ഗ്രാമപഞ്ചായത്തിൽ പോലും ഇല്ലാത്ത മനുഷ്യർ. Some of the best minds in the country peein’ all over the floor in this here facility. മിനോരസ്- ശരിയായ അർത്ഥത്തിലെ മിനോരസ്.അവിടെ അവൾ ഒരു മത്സ്യമനുഷ്യനെ സ്നേഹിക്കും. നിസ്സാര മനുഷ്യർക്ക് നിസ്സഹായരായ മനുഷ്യരെ പെട്ടെന്ന് പിടുത്തം കിട്ടും. അവർ വൈകാതെ പിണയും.

When he looks at me, the way he looks at me, he does not know what I lack or how I am incomplete. He sees me for what I am, as I am. He’s happy to see me every time, every day, അങ്ങനെയാണ് അവളതിനെ ഓർത്തെടുക്കുന്നത്.

കടശിയിൽ ആ വിചിത്ര ജീവിയോട് ചേർന്ന് - അസറ്റ് എന്നാണ് അതിനെ സംബോധന ചെയ്യുന്നത് - വെള്ളിത്തിരയിൽ മുങ്ങിപ്പോവും. അയാളോടൊപ്പം ഇറുക്കെ പുണർന്ന് അവളലകളിൽ മാഞ്ഞുപോകുമ്പോൾ അവർ ശ്വാസം മുട്ടി മരിച്ചുപോവില്ലേ എന്നുചോദിക്കുന്ന മണ്ടന്മാർ ഒരു കഥയുമില്ലാതെ കടന്നുപോകും. തനിക്ക് പരിചിതവും അതുകൊണ്ടുതന്നെ സുരക്ഷിതത്വം ഉറപ്പുതരുന്നതുമായ ഇടങ്ങളെ വിട്ട് അപരിചിതദേശങ്ങളുടെ ആകസ്മികതകളുംപ്രതി ക്ലേശങ്ങളും ആശങ്കകളും ബോധപൂർവം തിരഞ്ഞെടുക്കുന്നിടത്താണ് സ്നേഹത്തിന്റെ കാതൽ.

എലീസയിലെവിടെയോ ഫ്രാൻസിസ് സാറ്റു കളിക്കുന്നതായി തോന്നി.ചിത്രത്തിന്റെ പേരിലാണ് താക്കോൽ - shape of the water. സ്‌നേഹത്തിന്റെ രൂപക കഥയാണ്. അത്രയും ദുർബലമായി അനുഭവപ്പെടുമ്പോഴും അതിനോളം ലോകത്തെ രൂപപ്പെടുത്തുന്ന മറ്റൊന്നില്ല. ജലത്തിന്റെ ആകൃതിയെന്താണ്? അതിന്റെ container അല്ലാതെ. അനവധിയായ പാത്രങ്ങളിൽ അയാൾ കവിഞ്ഞൊഴുകുന്നതിന്റെ കാഴ്ചയിലാണ് ഈ പുസ്‌തകം കുതിരുന്നത്.

ചിത്രത്തിലെ എലീസ സ്വരങ്ങളുടെ ആനുകൂല്യം പിറവിയിലെ ഇല്ലാത്ത ഒരുവളാണ്. അതുകൊണ്ട് അവൾക്കൊരു പുതിയ ഭാഷ തേടേണ്ടി വരും. നോട്ടത്തിലൂടെയും സ്പർശത്തിലൂടെയും വെച്ചു നീട്ടുന്ന അന്നത്തിലൂടെയും പുതിയ അക്ഷരങ്ങൾ എഴുതേണ്ടി വരും. Monster എന്ന് മറ്റുള്ളവർ വിശേഷിപ്പിക്കുന്ന ഒന്നിന് മീതെ അഗാധമായ ഒരാത്മബന്ധം രൂപപ്പെടും. മിസ്റ്റിക്കുകൾക്ക് ലഭിക്കുന്ന ഒരു ഭാഷ - Lingua Ingnota - unknown language!

Hildegard of Binge എന്ന യോഗിനിയുടെ ജീവ ചരിത്രത്തിൽ നിന്നാണ് ആ പദം പരിചയപ്പെട്ടത്.ഇരുപത്തിമൂന്ന് അക്ഷരങ്ങളുള്ള ആ പുതിയ ഭാഷ അവൾക്കും ദൈവത്തിനും ഇടയിലെ കോഡായിരുന്നു.

ജീവജാലങ്ങളുടെ ഭാഷ പിടുത്തം കിട്ടിയൊരാൾ എന്ന നിലയിലും ഫ്രാൻസിസ് ഓർമ്മിക്കപ്പെടും. കിളികൾക്കും ചെന്നായ്ക്കും അയാളെ ഒരു പോലെ അറിയാം.

അതിനേക്കാൾ പ്രധാനം അലയുന്നവരുടെയും കൂനിപ്പിടിച്ചിരിക്കുന്നവരുടെയും നിശബ്ദ ഭാഷ അയാൾക്കറിയാമെന്നുള്ളത് തന്നെയാണ്. ദൈവത്തിന്റെ പോളിഗ്ലോട്ട് എന്ന അസാധരണ ചാരുതയുള്ള ഒരു ചാപ്ടർ ഇതിലുണ്ട്. ഒന്നിലധികം ഭാഷകൾ സംസാരിക്കാനോ, എഴുതാനോ, മനസ്സിലാക്കാനോ കഴിയുന്ന വ്യക്തിയെയാണ് പോളിഗ്ലോട്ട് (Polyglot) എന്ന് വിളിക്കുന്നത്. അധികാരഘടനയെ കലഹങ്ങളില്ലാതെ പ്രതിരോധിക്കുന്ന ആത്മബലമാണ് ഫ്രാൻസിസിന്റെ കാതൽ. അതിന്റെ ഉരുക്കുഭിത്തിയിൽ തലയിടിച്ചു ആത്മാഹൂതി ചെയ്യാനല്ല അയാൾ തീരുമാനിച്ചത്. കരുണാദ്രമായ ചില ബദലുകൾ രൂപപ്പെടുത്തിയാണത്. സാന്ദ്രതയില്ലാത്ത മതത്തിനെതിരെയുള്ള സൗമ്യപ്രതിരോധമായിരുന്നു അയാൾ. എല്ലാവർക്കും ആവശ്യം ആചാര്യന്റെ അങ്കിയാണ് ,അപൂർവ്വം ചിലർക്ക് അവന്റെ മജ്ജ കിട്ടുന്നു !

തന്റെ ചെറിയ കാലത്തിലും പരിസരത്തിലും അങ്ങനെ ഒരു തുരുത്ത് സൃഷ്ടിച്ച് അതിൽ തുഴഞ്ഞെത്താനാണ് എലീസയും ശ്രദ്ധിക്കുന്നത്. ആണുങ്ങൾ സൃഷ്‌ടിക്കുന്ന ഹിംസയുടെ ലോകത്തിനെയവർക്ക് നേരിട്ടേ പറ്റൂ. സ്ത്രീകളാണ് ശരിയായ മുറിവേറ്റ വൈദ്യൻമാർ. മുറിവേറ്റ മനുഷ്യർ ലോകത്തിന്റെ ശമനം.

എലീസയെപ്പോലെ അയാൾക്കും സ്‌നേഹം കൊണ്ട് ശ്വാസം മുട്ടും.

സ്‌നേഹമേ സ്‌നേഹിക്കപ്പെടാതെ പോയ സ്നേഹമേ എന്ന് നിലവിളിച്ച് നെഞ്ചത്തടിക്കും. പ്രണയത്തിനും ഉന്മാദത്തിനും ഇടയിൽ അനുമാത്ര നേർത്തുക്കൊണ്ടിരിക്കുന്ന ഒരു വരയുണ്ട്. ദൈവത്തിന്റെ പൈത്യക്കാരൻ എന്ന് മാർട്ടിനച്ചൻ അയാളെ വിളിക്കും. ലോകത്തിന്റെ യുക്തിയെ തലകീഴായി മറിച്ചു കൊണ്ട്, ദൈവത്തിന്റെ സ്നേഹത്തിൽ മുങ്ങി പോയൊരു മനുഷ്യന്റെ ജീവിതത്തെ വിശുദ്ധ ഭ്രാന്ത്‌ എന്നല്ലാതെ മറ്റെന്തു വിളിക്കുമെന്ന് അച്ചൻ കൂട്ടി ചേർക്കുന്നുണ്ട്.

നിഗൂഢമായൊരു മുറിവ് എലീസായുടെ കഴുത്തിലുണ്ട്. ഒരു പക്ഷെ അവളുടെ ശബ്ദം മാഞ്ഞു പോകുവാൻ പോലും കാരണം അതായിരിക്കാം. അതിന് ഒരു പവിത്ര സ്വഭാവം നല്കാൻ ചിത്രം ശ്രദ്ധിക്കുന്നുണ്ട്. ജലത്തിന്റെ അഗാധതയിലേക്ക് പോകുന്നതിനു മുൻപ് അവളുടെ കൂട്ടുകാരൻ ആ മുറിവിനെ തലോടും. മത്സ്യങ്ങൾ ശ്വസിക്കുന്ന ചെകിളയായി അത് രൂപാന്തരപ്പെടും. എങ്ങനെ ഫ്രാൻസിസിനെ ഓർക്കാതിരിക്കും.

നോക്കൂ അയാൾ കിളികളോട് എന്തൊക്കെയാണ് പറയുന്നത്:

കിളികളെ എന്റെ കുഞ്ഞിപെങ്ങൻമാരെ എത്ര മേൽ നിങ്ങൾ ദൈവത്തോട് കടപ്പെട്ടിരിക്കണം. എല്ലായിടത്തും എല്ലായ്‌പ്പോഴും നിങ്ങള്‍ അവിടുത്തെ സ്തുതിക്കണം. കാരണം, എല്ലാ സ്വതന്ത്രമായി പറക്കാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നിങ്ങൾക്ക് നല്കിയിരിക്കുന്നു. നിങ്ങൾക്ക് ഇരട്ടിയും മൂന്നിരട്ടിയുമായി അങ്കി നല്കിയിരിക്കുന്നു. മാത്രമല്ല, നിങ്ങളുടെ വംശം നശിച്ചുപോകാതിരിക്കാൻ നോഹയുടെ പെട്ടകത്തിൽ അവിടുന്ന് നിങ്ങളെ സംരക്ഷിച്ചു. നിങ്ങൾക്കായി അവിടുന്ന് നിശ്ചയിച്ചുനല്കിയ വായു എന്ന മൂലകത്തിന് നിങ്ങൾ അവിടുങ്കൽ കൂടുതൽ കടപ്പെട്ടിരിക്കുന്നു.

എല്ലാത്തിനും മീതെ, നിങ്ങൾ വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല; എങ്കിലും ദൈവം നിങ്ങളെ പോറ്റുന്നു; കുടിക്കാൻ അവിടുന്ന് അരുവികളും നീരുറവകളും നല്കുന്നു; അഭയത്തിനായി മലകളും താഴ്‌വരകളും കൂടുകൂട്ടാൻ ഉയർന്ന മരങ്ങളും നല്കുന്നു. നിങ്ങൾ നൂൽ നൂൽക്കാനോ വിതയ്ക്കാനോ അറിയാത്തതിനാൽ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ദൈവം വസ്ത്രം ധരിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളെ ഏറെ സ്നേഹിക്കുന്നു, കാരണം അവിടുന്ന് നിങ്ങൾക്ക് നിരവധി നന്മകൾ ചെയ്തുതന്നിട്ടുണ്ട്. അതുകൊണ്ട്, എന്റെ കൊച്ചു സഹോദരിമാരേ, നന്ദികേട് എന്ന പാപത്തെക്കുറിച്ച് ജാഗരൂകരായിരിക്കുക, എപ്പോഴും ദൈവത്തെ സ്തുതിക്കാൻ പഠിക്കുക.

ഒടുവിൽ ജല സമാധി ഉണ്ടാവും. ഒരിക്കൽ കൂടി ആ ചിത്രം കാണണം, ഒപ്പം നവീന കാലത്തിനുവേണ്ടി കുറിക്കപ്പെട്ടിട്ടുള്ള ഫ്രാൻസിസിന്റെ ഈ ലുത്തിനിയ പ്രാർത്ഥന വായിച്ച് മിഴി പൂട്ടി ഇരിക്കണം.

വത്തിക്കാന്‍ കാര്യാലയത്തിന്റെ ആദ്യ അൽമായ മേധാവി ഡോ. പൗളോ റുഫീനി വിരമിച്ചു

യുവജനദിനാഘോഷത്തിന്റെ വേദികള്‍ തീരുമാനിച്ചു

നിലാവിന്റെ വീട് - 29

കലയുടെ മരണം

ലോകം കാണുന്നുണ്ട് കേരളയുവത ശ്രദ്ധിക്കണം...