Coverstory

ക്രിസ്തുവിന്റെ “അത്ഭുത വിളക്ക്” നൂറുവർഷങ്ങളുടെ പ്രകാശയാത്ര!

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
പല ക്രൈസ്തവ മാധ്യമങ്ങളും മൂല്യങ്ങളുടെ എണ്ണ വറ്റി കരിന്തിരി കത്തിയപ്പോൾ സത്യദീപം ഓരോ കാലഘട്ടത്തോടും സംവദിച്ചു; ഓരോ പ്രതിസന്ധിയെയും നേരിട്ടു; ഓരോ തലമുറയോടും തന്റെ ഭാഷ പുതുക്കി. ഈ സ്വയം പുതുക്കലാണ് അതിന്റെ ജീവശക്തി.

ഗ്രീക്ക് ദാർശനികനായ ഡയോജനീസ് പകൽവെളിച്ച ത്തിൽ ഒരു വിളക്കുമായി ആഥൻസിലെ നഗരവീഥികളി ലൂടെ നടന്നത് ഒരു മനുഷ്യനെ അന്വേഷിച്ചാണ്. വെറുമൊരു മനുഷ്യനല്ല, സത്യസന്ധനായ മനുഷ്യനെ അന്വേഷിച്ചായി രുന്നു ആ യാത്ര. ആ വിളക്ക് ഒരു പ്രതീകമായിരുന്നു. “സത്യദീപ”ത്തിന്റെ യാത്രയുടെ നൂറുവർഷങ്ങളും അത്തരമൊരു പ്രതീകമാണ്. “സത്യദീപം” എന്ന പേര് ഒരു വാരികയുടെ തലക്കെട്ട് മാത്രമല്ല; അതൊരു ദാർശനിക പ്രഖ്യാപനമാണ്, ഒരു ധാർമ്മിക പ്രതിജ്ഞയാണ്. വാരികയുടെ പേരുതന്നെ അതിന്റെ ദൗത്യപ്രഖ്യാപനമാണ് - സത്യത്തിന്റെ വെളിച്ചം!

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ Metaphysics എന്ന തന്റെ ഗ്രന്ഥത്തിൽ വളരെ ലളിതമായി “സത്യ”ത്തെ ഇങ്ങനെ നിർവചിച്ചു: “ഉള്ളതിനെ ഉണ്ടെന്ന് പറയുന്നതും ഇല്ലാത്തതിനെ ഇല്ലെന്ന് പറയുന്നതുമാണ് സത്യം.” ഈ നിർവചനം “സത്യദീപ”ത്തിൽ അന്വർത്ഥമാകുന്നു. ഇരുട്ട് വർധിച്ചതുകൊണ്ടല്ല ദീപം ആവശ്യമാകുന്നത്. മനുഷ്യർക്ക് വെളിച്ചത്തെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് ദീപത്തിന്റെ ആവശ്യകത ഏറ്റവും കൂടുതലാകുന്നത്. മാധ്യമ അൽഗോരിതങ്ങൾ സൃഷ്ടിക്കുന്ന വിവരപരിമിതി യുടെ Filter bubble കളിൽ കുടുങ്ങുന്നവരും വ്യത്യസ്ത അഭിപ്രായങ്ങൾക്ക് നേരെ കണ്ണടച്ച് സമാനചിന്താഗതി ക്കാരുടെ എക്കോ ചേമ്പറു കളുടെ ഇരുട്ടിൽ (Echo chamber) കുടുങ്ങുന്നവരും ഏറുന്ന സമകാലിക സാമൂഹിക സാഹചര്യത്തിൽ അക്കരയ്ക്കും ഇക്കരയ്ക്കും അപ്പുറം “മൂന്നാംകര” ചൂണ്ടിക്കാണിക്കുന്ന സത്യദീപം എന്ന പേരിന് നൂറാം വർഷത്തിലും അർത്ഥവും പ്രസക്തിയും ലഭിക്കുന്നു.

നൂറുവർഷം പിന്നിടുന്ന ഒരു വാരികയുടെ ഏറ്റവും വലിയ നേട്ടം അതിന്റെ പഴക്കമല്ല, അതിന്റെ പ്രസക്തിയാണ്. നൂറുവർഷം ഈ വാരിക നിലനിന്നത് ഓരോ തലമുറയും അതിനെ സ്വന്തം സംഭാഷണത്തിന്റെ ഭാഗമാക്കിയതുകൊണ്ടാണ്. സത്യദീപത്തിന്റെ ഏറ്റവും വലിയ സംഭാവന പ്രസിദ്ധീകരിച്ച പേജുകളുടെ എണ്ണമല്ല; ഒരു നൂറ്റാണ്ടോളം നിലനിർത്തിയ വിശ്വാസ്യതയാണ്. ഈ വിശ്വാസ്യത സത്യദീപത്തിന് കൈവന്നത് അതിന്റെ ശില്പികൾ നിലപാടും വാർത്താ വിശകലനവും എഴുതിയത് വെറും പേനകൊണ്ടല്ല, മനസ്സാക്ഷികൊണ്ടാണ് എന്നതുകൊണ്ടാണ്.

1927ലാണ് സത്യദീപം തുടങ്ങുന്നത്. ഒരു പ്രസിദ്ധീകരണം ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരവും, രണ്ടാം ലോകമഹായുദ്ധവും, കേരളത്തിന്റെ സാമൂഹിക നവോത്ഥാനവും, വത്തിക്കാൻ കൗൺസിലും, ശീതയുദ്ധവും, ആഗോളവൽക്കരണവും, ഇന്റർനെറ്റും, സ്മാർട്ട്ഫോണും, കൃത്രിമബുദ്ധിയും (AI) കണ്ടിട്ടുണ്ടെങ്കിൽ, അത് വെറുമൊരു പ്രസിദ്ധീകരണമല്ല; ജീവിക്കുന്ന ചരിത്രമാണ്. ഒരു ശതാബ്ധിക്കാലം നിലനിൽക്കുന്ന ഒരു മാധ്യമം, കാലത്തിന്റെ ഒഴുക്കിൽ ഒഴുകിപ്പോയില്ല എന്നതിന്റെ തെളിവാണ്. പല ക്രൈസ്തവ മാധ്യമങ്ങളും മൂല്യങ്ങളുടെ എണ്ണ വറ്റി കരിന്തിരി കത്തിയപ്പോൾ സത്യദീപം ഓരോ കാലഘട്ടത്തോടും സംവദിച്ചു; ഓരോ പ്രതിസന്ധിയെയും നേരിട്ടു; ഓരോ തലമുറയോടും തന്റെ ഭാഷ പുതുക്കി. ഈ സ്വയം പുതുക്കലാണ് അതിന്റെ ജീവശക്തി.

“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതാണ് സത്യദീപത്തിന്റെ ആപ്തവാക്യം. ക്രൈസ്തവ പാരമ്പര്യത്തിൽ ഈ വചനം വെറുമൊരു മതപ്രഖ്യാപനം മാത്രമല്ല; അത് മനുഷ്യ വിമോചനത്തിന്റെ ദാർശനിക സങ്കല്പമാണ്. സത്യം ഒരിക്കലും അധികാരത്തിന്റെ അടിമയാകുന്നില്ല. അത് ജനപ്രിയതയുടെ തടവുകാരനുമല്ല. അധികാര ധാർഷ്ട്യത്തിന്റെ ഉരുക്കുമുഷ്ടികളെയും പോപ്പുലിസത്തിന്റെ പ്രലോഭനങ്ങളെയും ചപലതകളെയും സത്യത്തിന്റെ ഉൾക്കരുത്തുകൊണ്ട് ഇതിന്റെ എഡിറ്റർമാർ അതിജീവിച്ചു. യഥാർത്ഥ മാധ്യമപ്രവർത്തനം അധികാരത്തിന്റെയും വിപണിയുടെയും ഇടയിൽ അല്ല, മനസ്സാക്ഷിയുടെയും സമൂഹത്തിന്റെയും ഇടയിലാണ് നിലകൊള്ളേണ്ടത് എന്ന് ഇതിന്റെ അണിയറ പ്രവർത്തകർ ലോകത്തെ പഠിപ്പിച്ചു. സർക്കുലേഷൻ കുറയുമെന്ന ഭയത്താൽ അതൊരിക്കലും നിശബ്ദത പാലിച്ചില്ല; പറയേണ്ട സത്യം പറയുക തന്നെ ചെയ്തു. പൊതുസമൂഹം ഈ വാരികയെ ആദരിക്കുന്നതും ഇതുകൊണ്ടുതന്നെ!

സത്യദീപത്തിന്റെ ശതാബ്ദി ഒരു മാധ്യമസ്ഥാപനത്തിന്റെ ദീർഘായുസ്സിന്റെ ആഘോഷം മാത്രമല്ല; സാങ്കേതിക വിപ്ലവങ്ങൾക്കിടയിലും മൂല്യങ്ങളുടെ തുടർച്ച സാധ്യമാണെന്നതിന്റെ സാക്ഷ്യം കൂടിയാണ്. ഒരു ദീപം കത്തുമ്പോൾ അത് വെളിച്ചം മാത്രമല്ല നൽകുന്നത്; അത് ദിശയും നൽകുന്നു. നൂറ്റാണ്ട് പിന്നിടുന്ന സത്യദീപം എന്ന ക്രൈസ്തവവാരികയുടെ ചരിത്രം സത്യത്തോടുള്ള മനുഷ്യന്റെ അനന്തമായ പ്രതിബദ്ധതയുടെ ശതാബ്ദിയാണ്. ചരിത്രത്തിലെ മഹത്തായ പത്രങ്ങൾ തങ്ങളുടെ സ്വാധീനം അളന്നത് സർക്കുലേഷൻ സംഖ്യകൊണ്ടല്ല; പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയിൽ സൃഷ്ടിച്ച പ്രകാശംകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് നിഷ്പക്ഷരായ വായനക്കാർ ഈ ശതാബ്ദി വർഷത്തിൽ ആ പഴയ ശതാധിപനെപ്പോലെ പറയുന്നത്: ഈ വാരിക “സത്യത്തിൽ ദീപം തന്നെ.”

നൂറുവർഷങ്ങളുടെ പ്രകാശയാത്ര പിന്നിടുന്ന ക്രിസ്തുവിന്റെ “അത്ഭുത വിളക്കിന്” എല്ലാ ഭാവുകങ്ങളും! “ഭൂതകാലത്തിൻ പ്രഭാവ തന്തുക്കളാൽ ഭൂതിമത്തായൊരു ഭാവിയെ നെയ്ക നാം.”

സംവാദസ്വഭാവം നിലനിർത്തുക

പുതിയ രഥ്യകളിലും സഞ്ചരിക്കട്ടെ

വിശ്വാസം മാത്രം പോരാ

എഴുത്തിന്റെയും വായനയുടെയും ഓർമ്മകൾ

പവിത്രമായ പ്രാർത്ഥനപോലെ