Coverstory

അച്ചടിമാധ്യമങ്ങൾ നിലനിൽക്കണം

റൈറ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
സീറോ മലബാർ സഭയും കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയും തമ്മിലുള്ള പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സ്നേഹബന്ധത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് സത്യദീപം വാരിക അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.

1927 സ്ഥാപിതമായ സത്യദീപം വാരികയുടെ പ്രഥമ ലക്കങ്ങളിൽ തന്നെ അന്നത്തെ വരാപ്പുഴ അതിരൂപതാധ്യക്ഷനായ ആർച്ചുബിഷപ് എയ്ഞ്ചൽ മരിയ ഒ സി ഡിയുടെ ആശംസാ സന്ദേശം ഉൾക്കൊള്ളുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ സന്ദേശം അച്ചടിച്ചതുൾപ്പെടെയുള്ള പ്രഥമ ലക്കങ്ങൾ സത്യദീപത്തിന്റെ ആർക്കൈവ്സിൽ ഉണ്ടാകേണ്ടതാണ്. ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ന് ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുന്ന സത്യദീപം വാരികയ്ക്ക് വരാപ്പുഴ ആർച്ചുബിഷപ് എന്ന നിലയിൽ വീണ്ടും ആശംസകൾ നേരാൻ ഇടയായതിൽ വലിയ സന്തോഷമുണ്ട്.

സീറോ മലബാർ സഭയും കേരളത്തിലെ ലത്തീൻ കത്തോലിക്കാസഭയും തമ്മിലുള്ള പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സ്നേഹബന്ധത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് സത്യദീപം വാരിക അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. കേരള സഭയിൽ അഭിഷിക്തരാകുന്ന എല്ലാ മെത്രാന്മാരെയും റീത്തുഭേദമന്യേ പരിചയപ്പെടുത്തുവാനും അവർക്ക് പറയാനുള്ളത് വായനക്കാരിൽ എത്തിക്കാനും സത്യദീപം പുലർത്തുന്ന നിഷ്ഠ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് പ്രശംസാർഹമാണ്.

1927-ൽ എന്ന പോലെ ഇന്നും ക്രൈസ്തവ മാധ്യമങ്ങളുടെ പ്രസക്തി വളരെയേറെയാണ്. ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾ വലിയ വളർച്ച നേടിയിട്ടുണ്ടെങ്കിലും അച്ചടി മാധ്യമങ്ങൾക്ക് അവയുടേതായ ദൗത്യം നിർവഹിക്കാനുണ്ട്. വിശുദ്ധ പത്രോസിന്റെ പിൻഗാമിമാരും വത്തിക്കാനും ഇത് എപ്പോഴും മനസ്സിലാക്കുകയും മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോരുന്നു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ, കത്തോലിക്കാസഭയുടെ ശബ്ദം പൊതുസമൂഹത്തെ അറിയിക്കുവാൻ സത്യദീപത്തെപ്പോലുള്ള മാധ്യമങ്ങൾ ശക്തമായി നിലനില്ക്കേണ്ടത് ആവശ്യമാണ്. കാലഘട്ടത്തിന്റേതായ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടും വെല്ലുവിളികളെ നേരിട്ടുകൊണ്ടും മുന്നോട്ടു പോകാൻ സത്യദീപത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

പ്രാർത്ഥനകൾ നേരുന്നു.

സത്യദീപം ചരിത്രം

സംവാദങ്ങൾ സാധ്യമാക്കിയ വാരിക

സഭയുടെ അഭിമാനം

യാനപാത്രം

സത്യം മനോഹരമായി പറയുക